ഡെമോക്രസിയുടെ നിറംമാറ്റങ്ങള്‍

ഡെമോക്രസിയുടെ നിറംമാറ്റങ്ങള്‍

മാണി പയസ്

മനുഷ്യന്റെ മനോഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ അതിശയം തോന്നും. 1842-ല്‍ ആദം തോംപ്‌സണ്‍ അമേരിക്കയിലെ ആദ്യത്തെ ബാത്ത് ടബ് നിര്‍മ്മിച്ചു. ഇതിനെതിരേ ആദ്യത്തെ വെടിപൊട്ടിച്ചത് പത്രങ്ങളാണ്. ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമായ ലാളിത്യത്തെ തകര്‍ക്കുന്നതാണ് ബാത്ത് ടബ് എന്നായിരുന്നു പത്രങ്ങളുടെ നിലപാട്. വാതമുണ്ടാക്കും, ശ്വാസകോശങ്ങള്‍ക്കു പ്രശ്‌നമുണ്ടാക്കും എന്നീ മുന്നറിയിപ്പുകളുമായി ഡോക്ടര്‍മാരും രംഗത്തു വന്നു.

സ്വാതന്ത്ര്യത്തിന്റെ പിള്ളത്തൊട്ടില്‍ എന്നു മേനി നടിക്കുന്ന ഫിലാഡെല്‍ഫിയ സംസ്ഥാനം നവംബര്‍ മുതല്‍ മാര്‍ച്ചുവരെ ബാത്ത് ടബ് ഉപയോഗിക്കുന്നതു നിരോധിക്കാന്‍ തുനിഞ്ഞു. 1845-ല്‍ ബോസ്റ്റണ്‍, ഡോക്ടര്‍മാരുടെ നിര്‍േദശപ്രകാരം അല്ലാതെയുള്ള ബാത്ത് ടബ് ഉപയോഗം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പല സംസ്ഥാനങ്ങളും വെള്ളക്കരം അമിതമായി വര്‍ദ്ധിപ്പിച്ചുകൊണ്ട് ബാത്ത് ടബ് ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. വിര്‍ജീനിയ സംസ്ഥാനം അവിടേക്കു കൊണ്ടു വരുന്ന ഓരോ ബാത്ത് ടബിനും പ്രതിവര്‍ഷം 30 ഡോളര്‍ നികുതി ഏര്‍പ്പെടുത്തി. ഇങ്ങനെയൊക്കെ ചെയ്തിട്ടും അമേരിക്കയില്‍ ബാത്ത് ടബ് ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 1922-ല്‍ മാത്രം 8,89,000 ബാത്ത് ടബുകളാണ് നിര്‍മ്മിക്കപ്പെട്ടത്. ഇന്നിപ്പോള്‍ ഓരോ വീട്ടിലും എത്രയെത്ര ബാത്ത് ടബുകളാണ്!

മനുഷ്യന്റെ മനസ്സ് മാറുന്നതിന്റെ കഥകളെടുത്താല്‍ ഇതുപോലെ രസകരങ്ങളായ അനേകം വസ്തുതകള്‍ കണ്ടെത്താം. പണ്ട് തെലങ്കാന എന്നു കേള്‍ക്കുമ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആവേശം കൊണ്ട് രക്തം തിളയ്ക്കുമായിരുന്നു. തെലങ്കാന പ്രക്ഷോഭങ്ങളുടെ നായകനായ പി. സുന്ദരയ്യയ്ക്ക് അവര്‍ ആവേശത്തോടെ ജയ് വിളിച്ചു: "ഇ.എം.എസ്., ഏ.കെ.ജി, സുന്ദരയ്യ സിന്ദാബാദ്." അക്കാലത്ത് നെഹ്‌റുവിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ജയിച്ച മണ്ഡലങ്ങള്‍ തെലങ്കാനയില്‍ ഉണ്ടായിരുന്നു. ഇന്ന് അതൊക്കെ പഴങ്കഥകള്‍. എന്നു മാത്രമല്ല ഇപ്പോള്‍ തെലങ്കാന എന്നു കേട്ടാല്‍ ചൊറിയമ്പുഴു ദേഹമാസകലം ഇഴഞ്ഞ അനുഭവമാണ് സഖാക്കള്‍ക്ക്. തുടക്കത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറായ വ്യവസായിയെ പ്രത്യേക വിമാനത്തില്‍ ക്ഷണിച്ചുകൊണ്ടുപോയതും സൂപ്പര്‍താരത്തിനും മറ്റു താരങ്ങള്‍ക്കും സിനിമാ ഷൂട്ടിംഗ് നടത്താന്‍ സൗകര്യം കൊടുത്തതും തെലങ്കാനക്കാര്‍ ചെയ്ത അവസരവാദ പിന്തിരിപ്പന്‍ കളിയാണത്രെ. ടി വ്യവസായിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന സഖാക്കള്‍ ടി സൂപ്പര്‍ താരത്തിന്റെ സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുമോ? തങ്ങള്‍ ചെയ്യുന്നതും തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ ചെയ്യുന്നതും ശരി, ബാക്കിയെല്ലാം തെറ്റ് എന്ന നിലപാട് ചികിത്സയില്ലാത്ത മനോരോഗമാണ്. ലോകമെമ്പാടും രാഷ്ട്രീയ നേതൃത്വത്തില്‍ മനോരോഗികള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിനു പ്രധാനകാരണം ലിബറല്‍ ഡെമോക്രസി വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗരാജ്യം എത്തിപ്പിടിക്കാന്‍ കഴിയാത്തതാണ്.

സമത്വത്തിലും മനുഷ്യാവകാശങ്ങളിലും ഊന്നിയുള്ള വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു. മുമ്പ് അടിയന്തരാവസ്ഥ കാലത്ത് അനുഭവിച്ചതുപോലെ പൗരാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. ലിബറല്‍ ഡെമോക്രസിയുടെ അന്തഃസത്ത ഇല്ലാതാകുമ്പോള്‍ ഈ സാഹചര്യങ്ങള്‍ ഇനിയും തിരിച്ചുവരാം.

മനുഷ്യന്‍ ഇന്നേവരെ കണ്ടുപിടിച്ചതില്‍ ഏറ്റവും മികച്ച രാഷ്ട്രീയ മാതൃകയാണ് ലിബറല്‍ ഡെമോക്രസി. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി ലിബറല്‍ ഡെമോക്രസിയെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: "A democratic system of government in which individual rights and freedoms are officially recognized and protected, and the exercise of political power is limited by the rule of law." വ്യക്തിയുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ജനാധിപത്യ ഭരണസംവിധാനമാണ് ലിബറല്‍ ഡെമോക്രസി. രാഷ്ട്രീയാധികാരത്തിന്റെ വിനിയോഗം നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. അതിരുകളില്ലാത്ത സ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നുമില്ല.

എന്നാല്‍, ലിബറല്‍ ഡെമോക്രസി ഇന്നു ലോകത്തിന്റെ പല കോണുകളിലും ഭീഷണി നേരിടുകയാണ്. അമേരിക്കയില്‍ ട്രംപിന്റെ രൂപത്തിലും ബ്രിട്ടനില്‍ ബ്രെക്‌സിറ്റിന്റെ വേഷത്തിലും ഭീഷണി ഉണ്ടായി. ചൈന ആഭ്യന്തര രാഷ്ട്രീയത്തില്‍ ലിബറലിസത്തിന് അയിത്തം കല്പിച്ചു മാറ്റി നിര്‍ത്തുകയും ലോകരാഷ്ട്രീയത്തില്‍ അതേക്കുറിച്ച് വാചാലമാകുകയും ചെയ്യുന്നു. റഷ്യയില്‍ ഇപ്പോഴുള്ളത് പ്രഭുവാഴ്ചയാണ്. ലോകത്ത് ഏറ്റവും കടുത്ത അസമത്വം നിലനില്ക്കുന്ന രാജ്യമാണ് റഷ്യ. രാജ്യത്തിന്റെ 87 ശതമാനം ധനം 10 ശതമാനം മാത്രമുള്ള മഹാധനികരുടെ കൈകളിലാണ്.

പുടിന്റെ ഔദ്യോഗിക ദര്‍ശനം റഷ്യന്‍ ദേശീയതയെ പുനര്‍ജ്ജനിപ്പിച്ച് സാര്‍ ചക്രവര്‍ത്തിമാരുടെ കാലഘട്ടത്തിലെ "മഹത്വങ്ങളിലേക്ക്" തിരികെ കൊണ്ടുപോവുകയാണ്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നതായി ഘോഷിക്കപ്പെടുന്ന മഹത്വങ്ങളിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകുകയെന്ന സ്വപ്നം ഇന്ത്യയിലെയും പോളണ്ടിലെയും ടര്‍ക്കിയിലെയും ഭരണകൂടങ്ങള്‍ക്കും ഇസ്‌ലാമിക്, യഹൂദ ഭരണകൂടങ്ങള്‍ക്കുമുണ്ടെന്ന് യുവാല്‍ നോവ ഹരാരി രേഖപ്പെടുത്തിയിട്ടുണ്ട് (21 lessons for the 21st century, page 25).

ഇത്തരം സ്വപനങ്ങള്‍ ലിബറല്‍ ഡെമോക്രസിയെ പലതരം അപചയങ്ങളിലേക്കും ഏകാധിപത്യത്തിലേക്കും നയിക്കുന്നു. സമത്വത്തിലും മനുഷ്യാവകാശങ്ങളിലും ഊന്നിയുള്ള വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു. മുമ്പ് അടിയന്തരാവസ്ഥ കാലത്ത് അനുഭവിച്ചതുപോലെ പൗരാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. അടിയന്തരാവസ്ഥയില്‍ ജയിലില്‍ ഇട്ടിരിക്കുന്നവര്‍ക്ക് മൗലികാവകാശങ്ങളില്ല എന്ന നിയമ വ്യാഖ്യാനമുണ്ടായി. എല്ലാക്കാര്യങ്ങളിലും സര്‍ക്കാരിന്റെ നിയന്ത്രണം വന്നു. ലിബറല്‍ ഡെമോക്രസിയുടെ അന്തഃസത്ത ഇല്ലാതാകുമ്പോള്‍ ഈ സാഹചര്യങ്ങള്‍ ഇനിയും തിരിച്ചുവരാം.

ഈ പശ്ചാത്തലത്തിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124എ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ സുപ്രീംകോടതി പ്രകടിപ്പിച്ച ഉത്കണ്ഠ ശ്രദ്ധേയമാകുന്നത്. വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി കൊളോണിയല്‍ കാലത്തെ നിയമം തുടര്‍ച്ചയായി ദുരുപയോഗിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ നിരീക്ഷിച്ചു.

അടിയന്തരാവസ്ഥയെ സംബന്ധിച്ചും സര്‍ക്കാരിനു ലഭ്യമാകുന്ന പ്രത്യേക അധികാരങ്ങളെ കുറിച്ചും കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ചര്‍ച്ച വന്നപ്പോള്‍ എതിര്‍ത്തയാളാണ് എച്ച്.വി. കാമത്ത്. ഐ.സി.എസ്. വിട്ട് രാഷ്ട്രീയത്തില്‍ വന്ന സോഷ്യലിസ്റ്റുകാരനായ കാമത്ത് അന്നു ചൂണ്ടിക്കാണിച്ചത്, ഇത് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ വഴിയൊരുക്കും എന്നാണ്.

പക്ഷെ, നിയമമായി. പില്‍ക്കാലത്ത് ഈ നിയമം ദുരുപയോഗിക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് കാമത്ത് പാര്‍ലമെന്റംഗം ആയിരുന്നുവെന്നത് ചരിത്രത്തിന്റെ വികൃതി. ജനാധിപത്യം അട്ടിമറിക്കപ്പെട്ടത് പാര്‍ലമെന്റിന്റെ അകത്തളത്തിലിരുന്നു കാണാനുള്ള വിധിയായിരുന്നു അദ്ദേഹത്തിന്.

പണ്ട് ഒരു നേതാവിനെ ഏകാധിപതി എന്നു വിളിച്ചാല്‍ വലിയ അപമാനമായിരുന്നു. ഇപ്പോള്‍ പലരും അതു പൊന്‍തൂവലായി ശിരസിലണിയാന്‍ തുടങ്ങിയിരിക്കുന്നു. സ്വന്തം ശക്തിക്കും കഴിവിനുമുള്ള അംഗീകാരമായാണ് അവര്‍ അതിനെ കാണുന്നത്. അതും മ നോഭാവത്തില്‍ വന്ന മാറ്റം തന്നെ.

യഥാര്‍ത്ഥത്തില്‍ ആരാണ് ശക്തന്‍, ആരാണ് സ്വതന്ത്രന്‍? ആരാണ് അടിമ? ആരാണ് യജമാനന്‍?

നഗ്നനായ ഡയോജനിസ് പുഴക്കരയിലിരുന്നു കാറ്റ് കൊള്ളുകയായിരുന്നു. സുന്ദരനും ആരോഗ്യത്തിന്റെ മൂര്‍ത്തീരൂപവുമായ ഡയോജനിസിനെ കണ്ടപ്പോള്‍ അടിമക്കച്ചവടക്കാരായ നാലുപേര്‍ക്ക് അദ്ദേഹത്തെ പിടിച്ചുകെട്ടി അടിമച്ചന്തയില്‍ വില്ക്കാനുള്ള ആഗ്രഹം തോന്നി, പക്ഷേ സമീപിക്കാന്‍ ഭയമായി. അത്രയ്ക്ക് ഉരുക്കു ശരീരമാണ്.

തന്റെ ആരോഗ്യത്തെപ്പറ്റി അവര്‍ ഉറക്കെപ്പറഞ്ഞത് ഡയോജനിസ് കേട്ടു. അവരുടെ ആവശ്യം മനസ്സിലാക്കിയപ്പോള്‍ തന്നെ അടിമച്ചന്തയില്‍ വിറ്റ് ആവശ്യത്തിനു കാശ് വാങ്ങിക്കൊള്ളാന്‍ പറഞ്ഞു. പക്ഷേ, ഭയംകൊണ്ട് അവര്‍ പിന്‍വാങ്ങാന്‍ തുടങ്ങി.

അപ്പോള്‍ ഡയോജനിസിന്റെ ഭാവം മാറി. താന്‍ പറഞ്ഞതു കേട്ടില്ലെങ്കില്‍ കുഴപ്പത്തിലാകുമെന്ന് അവരെ ഭീഷണിപ്പെടുത്തി. അടിമച്ചന്തയില്‍ വില്ക്കപ്പെടുക, നൂറുകണക്കിനാളുകള്‍ തനിക്കുവേണ്ടി ലേലം വിളിക്കുക എന്നതൊക്കെരസം നിറഞ്ഞ കാര്യമായി അദ്ദേഹം കണ്ടു.

അടിമയായി വില്ക്കപ്പെടാനുള്ള ഡയോജനിസ് മുന്നില്‍ ജേതാവിനെപ്പോലെയും അടിമക്കച്ചവടക്കാര്‍ ശിരസുകുനിച്ച് പിന്നില്‍ അടിമകളെപ്പോലെയും അടിമച്ചന്തയില്‍ കടന്നുചെന്നു. ഡയോജനിസ് പ്ലാറ്റ്‌ഫോമില്‍ കയറി നിന്നപ്പോള്‍ത്തന്നെ അതിശയം നിറഞ്ഞ ബഹളമായി. എന്തൊരു സുന്ദരനും തേജസ്വിയുമായ മനുഷ്യന്‍, എന്ത് ആരോഗ്യമാണ്.

ലേലം വിളി തുടങ്ങുംമുമ്പ് ഡയോജനിസ് പ്രഖ്യാപിച്ചു: 'ഒന്നോര്‍ക്കുക, നിങ്ങള്‍ അടിമയെയല്ല, യജമാനനെയാണ് ലേലം വിളിക്കുന്നത്.' ഭ്രാന്തമായ ആവേശത്തോടെ നിരവധി ആളുകള്‍ ലേലം വിളിയില്‍ പങ്കെടുത്തു. ഒടുവില്‍ അതിശയകരമായ വിലയ്ക്ക് ഒരു രാജാവ് ഡയോജനിസിനെ സ്വന്തമാക്കി. രഥത്തില്‍ ഡയോജനിസുമൊത്ത് പോകുമ്പോള്‍ രാജാവ് ചോദിച്ചു: 'ഞാന്‍ രാജാവാണ്. എന്നിട്ടും ഞാന്‍ അടിമയാണെന്നും, നിങ്ങള്‍ യജമാനനാണെന്നും പറയുന്നു. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ?'

ഡയോജനിസ് പറഞ്ഞു: 'ആരാണ് യജമാനനെന്നു ഞാന്‍ ഇപ്പോള്‍തന്നെ തെളിയിക്കാം.' രഥത്തിന്റെ പിന്നില്‍ രാജാവിന്റെ പത്‌നി ഇരിപ്പുണ്ടായിരുന്നു. അവരെ നോക്കിക്കൊണ്ട് ഡയോജനിസ് പറഞ്ഞു: 'നിങ്ങളുടെ ഭാര്യയ്ക്ക് ഇപ്പോള്‍ത്തന്നെ എന്നില്‍ താത്പര്യം ഉണര്‍ന്നു കഴിഞ്ഞു. ഒരു യജമാനനെ വാങ്ങുന്നത് എത്ര അപകടകരമാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.'

രാജാവ് ഞെട്ടി. അയാള്‍ വാള്‍ ഊരിപ്പിടിച്ച് രാജ്ഞിയോടു ചോദിച്ചു: 'ഇയാള്‍ പറഞ്ഞതു ശരിയാണോ. സത്യം പറഞ്ഞാല്‍ നിന്റെ ജീവന്‍ രക്ഷപ്പെടും. നുണ പറഞ്ഞിട്ട് പിന്നീട് സത്യം വെളിപ്പെട്ടാല്‍ നിന്റെ തല ഞാന്‍ വെട്ടും.'

രാജ്ഞി പറഞ്ഞു: "അദ്ദേഹം പറഞ്ഞതു ശരിയാണ്. അദ്ദേഹത്തിനു മുന്നില്‍ നിങ്ങള്‍ ഒന്നുമല്ല.'

രാജാവ് രഥം നിര്‍ത്തിച്ച് ഡയോജനിസിനെ ഇറക്കിവിട്ട് രാജ്ഞിയുമായി നാട്ടിലേക്കു പോയി. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലില്‍ വഹിക്കുന്ന ഒരാളെ ആര്‍ക്കും അടിമയാക്കാന്‍ പറ്റില്ല. മനുഷ്യനു വേണ്ട ഉത്കൃഷ്ടമായ മനോഭാവം അതാണ്.
ാമിശുശൗ5െ9@ഴാമശഹ.രീാ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org