ഭാഷയുടെ പിന്നിലെ ദൈവികത

ഭാഷയുടെ പിന്നിലെ ദൈവികത

പോള്‍ തേലക്കാട്ട്

"ആദിയില്‍ വചനമുണ്ടായിരുന്നു" എന്നു പറഞ്ഞാണു യോഹന്നാന്‍ സുവിശേഷം തുടങ്ങുന്നത്. ജര്‍മന്‍ സാഹിത്യകാരനായ ഗോഥേ ഇതു മാറ്റി എഴുതി. "ആദിയില്‍ സംവേദനമുണ്ടായിരുന്നു." സൃഷ്ടിയും ഭാഷയും ആദിയുടെ സംവേദന നടപടികളാണ്. രണ്ടിന്റെയും പിന്നില്‍ സംവേദകന്‍ നില്ക്കുന്നു. ഭാഷ ചെയ്യുന്നതു വിവരമറിയിക്കലും ജീവിതമാറ്റമുണ്ടാക്കലുമാണ്. എഴുത്തുകാരനെ എഴുത്തില്‍ നിന്നും പറയുന്നവനെ പറച്ചിലില്‍നിന്നും ഒഴിവാക്കാനാവില്ല. എഴുത്തും പറച്ചിലും എഴുത്തുകാരനും പറയുന്നവനും വായനക്കാരനും കേള്‍ക്കുന്നവനും തമ്മിലുള്ള ഉടമ്പടിയാണ്. ഭാഷ ഈ ഉടനമ്പടി ഉണ്ടാക്കുന്നു. അതു ധാര്‍മികമായ ഒരു സമീപനമാണ്. വേദഗ്രന്ഥം വായിക്കുന്നവന്‍ ദൈവവുമായി ഉടമ്പടിബന്ധത്തിലാണ്. പക്ഷേ, ഇതു വേദഗ്രന്ഥ വായനയുടെ കാര്യത്തില്‍ മാത്രമല്ല, വിശുദ്ധമായ ഏതു ഭാഷണവും ദേവഭാഷയാണ്. പരസ്പരധാരണയ്ക്കായി ദൈവം നല്കിയ ദാനമാണു ഭാഷ.
ഗാംഭീര്യവും വിശ്വാസ്യതയും അടിസ്ഥാനപരമായി മതാത്മകമാണ് എന്നു പറയുന്നതു സാഹിത്യചിന്തകനായ ജോര്‍ജ് സ്റ്റെയിനറാണ്. കാവ്യം, കല, സംഗീതം ഇവ പലപ്പോഴും ലോകത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി എത്തിച്ചേരുന്നതു ലോകത്തിനു പുറത്തേയ്ക്കു വാതില്‍ തുറന്നാണ്. ജീവിതത്തിന്റെ അര്‍ത്ഥപ്രസക്തികളെക്കുറിച്ചാണു സാഹിത്യം പ്രതിപാദിക്കുന്നത്. അതു ജീവിതാഖ്യാനമാണ്. ഈ അര്‍ത്ഥങ്ങളുടെ പിന്നില്‍ എന്ത് എന്ന ചോദ്യമുണ്ട്. അത് അര്‍ത്ഥപ്രസക്തികളുടെ അടിസ്ഥാനവുമായുള്ള ബന്ധഫലമാണ്. അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നതു ലോകത്തില്‍ നിന്നല്ല. അതു മറ്റൊരു മണ്ഡലത്തില്‍ നിന്നാണ്. ആ മണ്ഡലം അതിഭൗതികമാണ്. ആ മണ്ഡലം നമ്മുടെ നിയന്ത്രണങ്ങള്‍ക്കോ മനസ്സിലാക്കലിനോ വിധേയപ്പെടാത്ത ലോകമാണ്. ഇങ്ങനെ ഒരു മണ്ഡലവുമായുള്ള ബന്ധത്തില്‍ നിന്നാണു സാഹിത്യവും കലയും സംഗീതവും ഉണ്ടാകുന്നത്.
കലാകാരന്മാരാ ണു ജീവിതത്തിന്റെ അടിസ്ഥാനങ്ങള്‍ക്കു നാമരൂപങ്ങള്‍ കൊടുക്കുന്നത്. അര്‍ത്ഥത്തിന്റെ സാന്നിദ്ധ്യം വെറുതെ വന്നുഭവിക്കുന്നതല്ല. കലാകാരന്‍ നടത്തുന്ന യാത്ര അര്‍ത്ഥത്തിന്റെ ക ണ്ടെത്തലിനുവേണ്ടിയാണ്. അതു വിശ്വാസയാത്രയായി തോന്നാം. ആ യാത്ര വാക്കുകള്‍ക്കും ഭാഷയ്ക്കും പുറത്തേക്കാണ്. അത് അതിഭൗതികതയിലേക്കു തുറക്കാനുള്ള പുറപ്പാടാണ്. ഈ യാത്ര ഭാഷയുടെ വ്യാകരണത്തിലേക്ക് എന്നതിനേക്കാള്‍ അര്‍ത്ഥത്തി ന്റെ ഘടകത്തിലേ ക്കാണ്. സംഗീതത്തിന്റെ അര്‍ത്ഥം തര്‍ജ്ജമ ചെയ്യുമ്പോള്‍ അതു സംഗീതം വിട്ട് ആ ത്മീയമായ മാനങ്ങള്‍ സ്വീകരിക്കുന്നു – അതാണു ദൈവികതയുടെ കേന്ദ്രം. കലയിലും സംഗീതത്തിലും അപരനാണ്. അപരനില്ലാതെ കല സാദ്ധ്യമല്ല. അപരന്റെ സാന്നിദ്ധ്യമില്ലാതെ സാഹിത്യമില്ല. ഈ അപരനു വരാന്‍ സാധിക്കുന്നതു ഭാഷയുടെ പ്രത്യക്ഷത്തിനു പിന്നില്‍ യഥാര്‍ത്ഥത്തിലുള്ള അതിഭൗതിക അപരന്‍ നിലനില്ക്കുന്നതുകൊണ്ടാണ്. ഈ വാതില്‍ അപരന്റെ ദാനമാണ്.
ഉത്പത്തി, മരണം എന്നീ ജീവിതത്തിന്റെ നിര്‍ണായകമുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള പുരാണങ്ങള്‍ അഥവാ മിത്തുകള്‍ സാദ്ധ്യാകുന്നത് ഈ ദൈവികതയുടെ സാന്നിദ്ധ്യത്തിലൂടെയാണ്. അതിഭൗതികതയും മിത്തുകളും തമ്മിലുള്ള ബന്ധം വിക്ടര്‍ ഹ്യൂഗോ, ഡോസ്റ്റോവിസ്‌കി എന്നിവരുടെ കൃതികളില്‍ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ മരണം അടുത്തകാലത്തു പല ചിന്തകരുടെ പ്രിയവിഷയമാണ്. മനുഷ്യനു മാറ്റിനിര്‍ത്താനാവാത്ത പ്രശ്‌നമാണു "ദൈവികത" എന്നതുതന്നെയാണു ദൈവത്തിന്റെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സ്ഥാപിക്കുന്നത്. ഇതുപോലെതന്നെയാണു ദൈവത്തിന്റെ അസാന്നിദ്ധ്യത്തിന്റെ ചര്‍ച്ചകളും. ദൈവം ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ഒരു ഭാഷയ്ക്കും ദൈവത്തെ ഒഴിവാക്കാനാവില്ല. നല്ല കഥയും കവിതയും ഈ ലോകത്തിലാണു തുടങ്ങുന്നത്. പക്ഷേ, അത് അവി ടെ അവസാനിക്കുന്നില്ല. അതു ലോകത്തിനു പുറത്തേയ്ക്കു തുറക്കുന്നു – എഴുതപ്പെടാത്ത അതിഭൗതികതയിലേക്ക്.
നമ്മുടേതു ശാസ്ത്രലോകമാണ്; വിദ്യാസമ്പന്നത ഒരു സംസ്‌കാര മാണ്. ഇവിടെ ബോധപൂര്‍വകമായ മറവി ദൈവികതയെക്കുറിച്ചും അതിഭൗതികതയെക്കുറിച്ചും ഉണ്ടാകുന്നു. ഇന്ദ്രിയങ്ങള്‍ക്ക് അതീതമായതൊന്നും വേണ്ടാത്ത ലോകം. ഈ നിസ്സംഗതയുണ്ടാക്കുന്നതു വലിയ തളര്‍ച്ചയാണ് – വിശുദ്ധ ഭാഷയുടെ അഭാവം. ഇവിടെ തളരുന്നതു സാഹിത്യവും കലയും സംഗീതവുമാണ്. നമുക്കു സാഹസം, പ്രതീക്ഷ എന്നിവയുടെ സമാശ്വാസങ്ങള്‍ ഉണ്ടാവാന്‍ അതിഭൗതികസങ്കല്പം അനിവാര്യമാണ്. അതു മാത്രമാണു മനുഷ്യന്റെ അതിഭൗതികസംഭവങ്ങള്‍ക്ക് സാദ്ധ്യതകള്‍ ഉണ്ടാക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org