കുട്ടികളെ ‘ഗൂഗിളച്ച’ന്റെ കളിപ്പാട്ടങ്ങളാക്കരുത്

കുട്ടികളെ ‘ഗൂഗിളച്ച’ന്റെ കളിപ്പാട്ടങ്ങളാക്കരുത്

മാണി പയസ്

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാല്‍ മരണനിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്നതാണ്. രണ്ട് ശതമാനത്തില്‍ താഴെ. പൂനയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ്, ചെന്നൈയിലെ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങള്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവ നമുക്ക് അഭിമാനിക്കാന്‍ വക നല്കുന്നതല്ല. ശുചിത്വക്കുറവ്, ശുദ്ധ ജലത്തിന്റെ അഭാവം, വൃത്തിയില്ലായ്മ തുടങ്ങിയ സാഹചര്യങ്ങളിലെ ദീര്‍ഘകാല ജീവിതം ഇന്ത്യക്കാര്‍ക്കു പ്രതിരോധശേഷി നല്കിയതാണു മരണനിരക്കു കുറച്ചതെന്ന് പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ആരൊക്കെ എന്തൊക്കെ അവകാശവാദങ്ങള്‍ ഘോഷിച്ചാലും ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിത സാഹചര്യങ്ങള്‍ പരമദയനീയമാണ്. മഹാമാരിക്കു ശേഷം അതു ദുസഹമായിട്ടുണ്ട്. ദരിദ്ര സമൂഹങ്ങളിലെ കുട്ടികളും ഗര്‍ഭിണികളും അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവ് ഭീതി ഉണര്‍ത്തുന്നതാണ്. അത്തരം കുട്ടികള്‍ ശാരീരികമായും മാനസികമായും വളര്‍ച്ച നേടുന്നില്ല. അവര്‍ ശാരീരികമായി ദുര്‍ബലരും അതിവേഗം രോഗങ്ങള്‍ക്ക് അടിമകളും ആകുന്നു. 2017-ല്‍ ഇന്ത്യയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 10.5 ലക്ഷം കുട്ടികള്‍ മരിച്ചു. അവരില്‍ 68 ശതമാനം പേര്‍ക്കും പോഷകാഹാരക്കുറവു മൂലമാണു ഈലോകം വിട്ടുപോകേണ്ടി വന്നത്. പോഷകപൂര്‍ണമായ ഭക്ഷണം ലഭിക്കുകയെന്ന പൗരന്റെ അവകാശമാണ് ഹനിക്കപ്പെടുന്നത്. പട്ടിണി മരണം സംഭവിക്കാതിരിക്കാനുള്ള ഭക്ഷണം ലഭിച്ചാല്‍ പോരാ. ഭക്ഷണം പോഷക സമൃദ്ധമായാലേ രാഷ്ട്രത്തിനു മികച്ച സംഭാവനകള്‍ അര്‍പ്പിക്കാന്‍ പൗരന്മാര്‍ പ്രാപ്തരാകൂ. ഭക്ഷ്യസുരക്ഷ എന്ന സങ്കല്പത്തില്‍ നിന്ന്, എല്ലാവര്‍ക്കും പോഷണം നിറഞ്ഞ ഭക്ഷണം എന്ന സങ്കല്പത്തിലേക്കു രാഷ്ട്രം വളരണം. 'പോഷകന്‍ അഭിയാന്‍' പദ്ധതി ആയിരം ദിവസം പിന്നിട്ടുവെന്നത് ആശ്വാസകരമാണ്.

മനുഷ്യാവകാശങ്ങളുടെ നിര്‍വചനത്തില്‍ പോഷക
സമൃദ്ധമായ ഭക്ഷണവും ഇരിപ്പിടം നേടണം.

മനുഷ്യാവകാശങ്ങളുടെ നിര്‍വചനത്തില്‍ പോഷക സമൃദ്ധമായ ഭക്ഷണവും ഇരിപ്പിടം നേടണം. ബാലവേല, അടിമപ്പണി, ജോലി സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന വിവേചനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിയുടെയും മറ്റും പേരില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അടിമപ്പണി, മിനിമം കൂലി നിഷേധിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളോടൊപ്പം പോഷക സമൃദ്ധമായ ഭക്ഷണവും പ്രാധാന്യം നേടണം.
മലയാളി സെല്‍ഫോണിനും ഇന്റര്‍നെറ്റ് കണക്ഷനും കൊടുക്കുന്ന പ്രാധാന്യം ഭക്ഷണത്തിലെ പോഷക ഘടകങ്ങള്‍ക്കു കൊടുക്കുന്നുണ്ടോയെന്നു സംശയമാണ്. ഇതിന്റെ പാര്‍ശ്വഫലമായി ഗൂഗിളിനെ, ഗൂഗിളച്ചന്‍ എന്നു വിളിക്കുന്ന രീതിയിലേക്കു മലയാളി കുട്ടികള്‍ മാറിക്കൊണ്ടിരിക്കുന്നു. ഒരു ടിവി ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത കുട്ടി പറഞ്ഞത്. രാവിലെ ജോലിക്കു പോകുന്നന്നതുവരെ എല്ലാ ചോദ്യങ്ങള്‍ക്കും അച്ചന്‍ മറുപടി പറയും, പിന്നെയുള്ള ചോദ്യങ്ങള്‍ 'ഗൂഗിളച്ച'നോട് ചോദിക്കും എന്നാണ്. കുട്ടികള്‍ക്കു സ്വന്തം അച്ചനേക്കാള്‍ സമീപസ്ഥനാണ് 'ഗൂഗിളച്ചന്‍'. ചില ചോദ്യങ്ങളുടെ ഉത്തരം അച്ചനറിയില്ല. ചിലപ്പോള്‍ അച്ചന്‍ മറ്റു തിരക്കുകളിലായിരിക്കും, അപ്പോള്‍ ചോദിക്കാന്‍ പറ്റില്ല. 'ഗൂഗിളച്ചന്‍' അങ്ങനെയല്ല. ഏതു ചോദ്യവും, എപ്പോള്‍ വേണമെങ്കിലും ചോദിക്കാം. റെഡിമണി ഉത്തരം കിട്ടും. കുട്ടികള്‍ സ്വന്തം തലച്ചോര്‍ 'ഗൂഗിളച്ചനു' പണയം വയ്ക്കുന്ന ഈ രീതി അവരുടെയും രാജ്യത്തിന്റെയും ഭാവി ഇരുണ്ടതാക്കുന്നു. മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ ഗൂഗിളച്ചന്‍ കുട്ടികളെ കൂടുതലായി സ്വാധീനിച്ചിട്ടുണ്ട്.
കുട്ടികള്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരാണ്. തങ്ങള്‍ക്കു മനസ്സിലാകാത്ത എന്തിനെക്കുറിച്ചും അവര്‍ മാതാപിതാക്കളോട് ചോദിച്ചു കൊണ്ടിരിക്കും. ഉത്തരം പറയാന്‍ വായനയിലേക്കു തിരിയുന്ന മാതാപിതാക്കളുണ്ട്, ട്യൂഷന് കൊണ്ടുപോയി ശല്യം തീര്‍ക്കുന്നവരുണ്ട്, ദേഷ്യപ്പെട്ട് ചോദ്യം ഉന്നയിക്കുന്നത് ഇല്ലാതാക്കുന്നവരുണ്ട്. കുട്ടികളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കാന്‍ സിലബസിന് അപ്പുറമുള്ള കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്യുന്നവരുമുണ്ട്. സയന്‍സ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കാനാണ് മിക്കവരും അവസരങ്ങള്‍ ഒരുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ കുട്ടികളുടെ പ്രായത്തിനപ്പുറമുള്ള സാങ്കേതികജ്ഞാനം കോരിക്കൊടുക്കാനാണോ ശ്രമിക്കുന്നതെന്ന് ആരും പരിശോധിക്കാറില്ല. പുതിയ അറിവുകള്‍ ധാരയായി പകരുന്നതിന്റെ തിരക്കില്‍ ജീവിതത്തെക്കുറിച്ച് ശരിയായ അറിവുണ്ടാകേണ്ട കാര്യം വിസ്മൃതമാകുന്നു. ഏതറിവും ബാധിക്കുന്നത് ജീവിതത്തെയും സമൂഹത്തെയുമാണ്. അതു രണ്ടിനും ദോഷം ചെയ്യാത്ത രീതിയില്‍ അറിവുകള്‍ കൈകാര്യം ചെയ്യാനുള്ള മനസ്സ് സൃഷ്ടിക്കപ്പെടുന്നില്ല.
മൂല്യങ്ങളില്‍ അധിഷ്ഠിതമായ മനസ്സ് രൂപപ്പെടുത്തുന്നതില്‍ വായനയ്ക്കു വലിയ പങ്കുണ്ട്. എന്നാല്‍ കുട്ടികള്‍ വിരല്‍ത്തുമ്പിലെ 'ഗൂഗിളച്ച'നില്‍ കൂടുതല്‍ ആശ്രയിക്കുമ്പോള്‍ വായന അവഗണിക്കപ്പെടുന്നു. ഫലപ്രദമായ രീതിയില്‍ സംവദിക്കാനും, സ്വാധീനിക്കാനും വായനയുള്ളവര്‍ക്കേ കഴിയൂ. വായിച്ചാലേ സമൂഹത്തിന്റെ നന്മയ്ക്ക് ഉതകുന്ന രീതിയില്‍ ചിന്തിക്കാനാകൂ. ചിന്തകളാണു പ്രവര്‍ത്തന പഥങ്ങള്‍ രൂപപ്പെടുത്തുന്നത്. അങ്ങനെയാണ് ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന നേതാക്കന്മാര്‍ ഉണ്ടാകുന്നത്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ഈ ലോകം 'ഗൂഗിളച്ചന്‍'മാരുടെ കളിപ്പാട്ടമായി മാറും.
ഇന്ന് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന സാങ്കേതിക പദമാണ് അല്‍ഗോരിതം. കണക്കുകൂട്ടലുകളിലോ പ്രശ്‌നപരിഹാരങ്ങളിലോ പടിപടിയായി പിന്തുടരേണ്ട നിയമങ്ങളെന്ന് വളരെ ലഘുവായി അല്‍ഗോരിതത്തെ നിര്‍വചിക്കാം. ഇതിനെ സങ്കേതിക കാര്യങ്ങളുമായി മാത്രം ബന്ധപ്പെടുത്താതെ ജീവിതത്തോടു ചേര്‍ത്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ കുട്ടികളുടെ ലോകം കുറേക്കൂടി പ്രസാദം നിറഞ്ഞതും വിശാലവുമാകും. അങ്ങനെയുള്ള കുട്ടികള്‍ നാളത്തെ ലോകത്തെ നന്മ നിറഞ്ഞതാക്കും.
manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org