സംശയം നല്ലതാണ്

സംശയം നല്ലതാണ്

ബോബി ജോര്‍ജ്ജ്

കഴിഞ്ഞ കുറെ ആഴ്ചകളില്‍ കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്ത ഒരു തട്ടിപ്പിന്റെ വീരകഥകള്‍ ആയിരുന്നു. തന്റെ കൈയ്യില്‍ അമൂല്യമായ പുരാവസ്തുക്കളുടെ ഒരു ശേഖരം ഉണ്ടെന്നു കാണിച്ചു, സമൂഹത്തില്‍ സമ്പത്തിലും, അധി കാരത്തിലും ഒക്കെ മുന്‍പില്‍ നില്‍ക്കുന്നു എന്ന് കരുതപ്പെടുന്ന അനേകരെ ആണ് മോന്‍സണ്‍ മാവുങ്കല്‍ കബളിപ്പിച്ചത്. ഇതെഴുതുമ്പോഴും, മോന്‍സണിന് എതിരെയുള്ള അനേകം കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കബളിപ്പിക്കപ്പെട്ടവരില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നതും വളരെ വിചിത്രമായി. ഇത്ര നിസ്സാരമായി, ആളുകളെ പറ്റിക്കാമെങ്കില്‍, നമ്മുടെ വിദ്യാഭ്യാസത്തിനും, സാക്ഷരതയ്ക്കും ഒക്കെ എന്തര്‍ത്ഥം എന്നായിരുന്നു ചിലരുടെ ചോദ്യം. നമ്മുടെ പെരു മാറ്റം പലപ്പോഴും വിദ്യാഭ്യാസമുള്ള ഒരു ജനതയുടേതുപോലെ അല്ലെങ്കിലും, ഒരേ സമയം ഒരുപാട് പേരെ കബളിപ്പിക്കാന്‍ സാധിച്ചതിലൂടെ, മോന്‍സണ്‍ നമ്മുടെ മുന്നില്‍ വയ്ക്കുന്നത് കുറെ ചോദ്യങ്ങളാണ്. ഒരുപക്ഷെ ഇവിടെ മോന്‍സണെ മാത്രം തട്ടിപ്പുകാരന്‍ ആയി മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. ഓരോ ദിവസവും ഇതിനു സമാനമായ അനേകം തട്ടിപ്പു വാര്‍ത്തകള്‍ നമ്മുടെ മുന്നില്‍ വരുന്നുണ്ട്. അത് കൂടാതെ ആണ് ഇന്റര്‍നെറ്റിലൂടെ ദിവസവും പ്രചരിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് വ്യാജ വാര്‍ത്തകള്‍. അത് വായിക്കുന്നതും, വിശ്വസിക്കുന്നതും, അനേകം പേര്‍ക്ക് പങ്കുവയ്ക്കുന്നതും വിദ്യാഭ്യാസമുള്ളവര്‍ തന്നെയാണ്. വ്യാജവാര്‍ത്തകളുടെ ഒക്കെ കാര്യമെടുത്താല്‍, അവിടെ കേരളം എന്നോ, സാക്ഷരത കുറഞ്ഞ പ്രദേശങ്ങള്‍ എന്നോ ഉള്ള വ്യത്യാസം ഒന്നും ഇല്ലതാനും. ചുരുക്കത്തില്‍, ഒരു വശത്തു നാം കൂടുതല്‍ വിദ്യാസമ്പന്നര്‍ ആകുന്നു എന്ന് തോന്നുമ്പോഴും, മറു വശത്തു വളരെ എളുപ്പം വഞ്ചിക്കപ്പെടുന്നവര്‍ ആയി മാറുന്നു എന്ന വിചിത്രമായ അവസ്ഥ ഉണ്ട്. വിദ്യാഭ്യാസം എന്ന ആശയത്തെ തന്നെ വേറൊരു രീതിയില്‍ നോക്കിക്കാണാന്‍ ഇത് നമ്മെ നിര്‍ബ്ബന്ധിക്കുന്നു.

നമ്മുടെ മുന്നില്‍ വരുന്ന കാര്യങ്ങള്‍ക്കു വസ്തുതകളുടെ പിന്‍ബലമുണ്ടോ എന്ന് പരിശോധിക്കുവാനുള്ള ഒരു കഴിവ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ശാസ്ത്രം പുരോഗമിച്ചത്, എല്ലാം അറിവും പൂര്‍ണമായി എന്ന വിശ്വാസത്തിലല്ല, മറിച്ചു നമുക്ക്
ഇനിയും പലതും അറിയില്ല എന്നും, നമ്മുടെ അറിവുകള്‍ ചിലപ്പോള്‍ തെറ്റായിരിക്കാം എന്ന ബോധ്യങ്ങളില്‍ നിന്നൊക്കെയാണ്.

'വിശ്വാസം അതല്ലേ, എല്ലാം' എന്നത് വളരെ പ്രശസ്തമായ ഒരു പരസ്യവാചകമാണ്. മനുഷ്യന്റെ നന്മയിലും, ഇച്ഛാശക്തിയിലും, ഒക്കെ വിശ്വാസം ഉണ്ടാകുന്നതു നല്ല കാര്യമാണ്. മനുഷ്യബന്ധങ്ങളെ ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പരസ്പരവിശ്വാസത്തിനു വലിയ പ്രാധാന്യമുണ്ട്. അതുപോലെ തന്നെ, കരുണാമയനായ, സ്‌നേഹമായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നത് അനേകര്‍ക്ക് ആശ്വാസമാണ്. പക്ഷെ ഇവിടെ പ്രശ്‌നം നമ്മള്‍ എന്തിനെയും, ആരെയും അന്ധമായി വിശ്വസിക്കാന്‍ തുടങ്ങുമ്പോഴാണ്. ഒരു ചൊല്ലുണ്ട്. 'ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. മറ്റെല്ലാവരും ഡാറ്റ കൊണ്ടുവരണം' എന്നാണ് അത്. (In God we trust, everyone else should bring data) നമ്മുടെ മുന്നില്‍ വരുന്ന ഏതു കാര്യത്തിനും എന്ത് തെളിവാണുള്ളത് എന്നത് അടിസ്ഥാനപരമായ ഒരു ചോദ്യമാണ്. അതുപോലെ തന്നെ ഏതിനെയും ഒരല്‍പം സംശയദൃഷ്ടിയോടെ വീക്ഷിക്കാനുള്ള ഒരു കഴിവും മനുഷ്യനുണ്ട്. ഈ ശീലങ്ങള്‍ നാം കൈവിട്ടുകളയുമ്പോളാണ്, ആര്‍ക്കും നമ്മെ എളുപ്പം വഞ്ചിക്കാന്‍ സാധിക്കുക. അതോടൊപ്പം മനുഷ്യന്റെ സ്വഭാവത്തിലെ ചില സവിശേഷതകള്‍ കൂടി നമ്മള്‍ തിരിച്ചറിയണം. ഭൂരിഭാഗം മനുഷ്യരും അവരവരുടെ അരക്ഷിതാവസ്ഥകളുടെയും, ദൗര്‍ബല്യങ്ങളുടെയും തടവറയില്‍ ജീവിക്കുന്നവരാണ്. രോഗം, സാമ്പത്തിക ക്ലേശങ്ങള്‍, കുടുംബജീവിത പ്രശ്‌നങ്ങള്‍ എന്നിങ്ങനെ മനുഷ്യനെ അനുദിനം അലട്ടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതുപോലെ തന്നെയാണ് പെട്ടെന്ന് പ്രശസ്തനാകാനും, ധനികനാകാനും ഒക്കെയുള്ള പ്രലോഭനങ്ങള്‍. ഇതിനെല്ലാം കുറുക്കുവഴികള്‍ തേടാന്‍ മനുഷ്യന്‍ സദാ തത്പരന്‍ ആണ് താനും. കഠിനാധ്വാനം ഇല്ലാതെ ഒരു കാര്യം നടക്കുമെന്ന് കണ്ടാല്‍ അത് ഉപേക്ഷിക്കുവാന്‍ മിക്കവര്‍ക്കും മടി ആയിരിക്കും. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നവരും, പലതരം തട്ടിപ്പുകള്‍ക്ക് മനുഷ്യനെ വിധേയരാക്കുന്നവരും ഇതാണ് മുതലെടുക്കുന്നത്.

Oxford dictionary എല്ലാ വര്‍ഷവും ഒരു പുതിയ വാക്കിനെ, ആ വര്‍ഷത്തെ വാക്കായി (word of the year) തിരഞ്ഞെടുക്കാറുണ്ട്. 2016-ല്‍ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട വാക്കായിരുന്നു post-truth എന്നത്. ഒരുപക്ഷെ നാം ഈ കാലത്തു ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒന്നാണ് അത്. പൊതു ജനാഭിപ്രായത്തെ വസ്തുതകളേക്കാളും, യാഥാര്‍ത്ഥ്യങ്ങളെക്കാളും ഉപരിയായി, മനുഷ്യരുടെ വൈകാരികമായ തലങ്ങളും, വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനിക്കുന്ന പ്രത്യേകമായ അവസ്ഥയെ ആണ് പോസ്റ്റ് ട്രൂത് എന്ന് പറയുന്നത്. ഒരുപക്ഷെ നമ്മുടെ രാഷ്ട്രീയത്തെ ഇപ്പോള്‍ ഇതുപോലെ സ്വാധീനിക്കുന്ന മറ്റൊന്നില്ല. വളരെ സമര്‍ത്ഥമായി വാര്‍ത്തകളും, കെട്ടുകഥകളും പ്രചരിപ്പിച്ചു മനുഷ്യരുടെ രാഷ്ട്രീയ/സാമൂഹ്യ ജീവിതത്തെ മാറ്റി മറിക്കുക എന്നത് ഇന്നത്തെ ഏറ്റവും ലാഭമുള്ള ഒരു രാഷ്ട്രീയ പ്രക്രിയയാണ്. വളരെ ബുദ്ധിപൂര്‍വ്വം നടത്തുന്ന ഈ പ്രചാരവേലകള്‍ക്കു, വ്യക്തിഹത്യ നടത്താനും, ഇഷ്ടമുള്ളവരെ ഉയര്‍ത്താനും എളുപ്പം സാധിക്കും. സോഷ്യല്‍ മീഡിയ വളരെ വ്യാപകമായതോടു കൂടി, ഈ പ്രചാരണം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അനേകം പേരില്‍ എത്തിക്കുക എന്നത് എളുപ്പമാണ്. മനുഷ്യന്‍ ഒരിക്കല്‍ ഒരു പ്രത്യേക ആശയത്തിന് വശപ്പെട്ടു കഴിയുമ്പോള്‍, പിന്നീട് ആ ആശയങ്ങള്‍ ശരിവയ്ക്കുന്ന കാര്യങ്ങള്‍ മാത്രം തേടി പോകുന്നു. കുറച്ചു കഴിയുമ്പോള്‍, തന്റെ മുന്നില്‍ വരുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ അവനു സാധിക്കാതെ വരുന്നു.

തട്ടിപ്പുകളുടെയും, പോസ്റ്റ് ട്രൂത്തിന്റെയും ഈ കാലത്തു നമ്മള്‍ എങ്ങനെ സത്യം കണ്ടെത്തും എന്നത് ഒരു വിഷയമാണ്. ഇതിനെ നമ്മുടെ വിദ്യാഭ്യാസവുമായും ബന്ധപ്പെടുത്തേണ്ടത് ഉണ്ട്. നമ്മുടെ മുന്നില്‍ വരുന്ന കാര്യങ്ങള്‍ക്കു വസ്തുതകളുടെ പിന്‍ബലമുണ്ടോ എന്ന് പരിശോധിക്കുവാനുള്ള ഒരു കഴിവ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ശാസ്ത്രം പുരോഗമിച്ചത്, എല്ലാം അറിവും പൂര്‍ണമായി എന്ന വിശ്വാസത്തിലല്ല, മറിച്ചു നമുക്ക് ഇനിയും പലതും അറിയില്ല എന്നും, നമ്മുടെ അറിവുകള്‍ ചിലപ്പോള്‍ തെറ്റായിരിക്കാം എന്ന ബോധ്യങ്ങളില്‍ നിന്നൊക്കെയാണ്. ഈ ഒരു ശീലമാണ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടത്. എത്ര ബിരുദങ്ങള്‍ ഉണ്ടായാലും, എല്ലാറ്റിനെയും കണ്ണടച്ചു വിശ്വസിക്കുന്നവര്‍ ആണ് നമ്മള്‍ എങ്കില്‍ ഇനിയും നമ്മള്‍ നിരന്തരമായി തട്ടിപ്പുകള്‍ക്ക് വിധേയര്‍ ആയിക്കൊണ്ടിരിക്കും. ഇന്ന് നമുക്ക് അറിവിനും, വിവരങ്ങള്‍ക്കും ക്ഷാമം ഇല്ല, പക്ഷെ എന്താണ് വിശ്വസനീയമായ അറിവ്, എങ്ങനെയാണ് നമ്മള്‍ അത് കണ്ടെത്തുന്നത് എന്നാണ് നമ്മള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതും നമ്മള്‍ പഠിക്കേണ്ടതും. ഈ അറിവ് നമുക്ക് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍, നമ്മള്‍ നിരന്തരം വഞ്ചിക്കപ്പെടുന്നത് കൂടാതെ, നമ്മുടെ ജനാധിപത്യ സങ്കല്പങ്ങള്‍ പോലും, അട്ടിമറിക്കപ്പെടും. മനുഷ്യന്റെ ആദിമകാലം മുതലുള്ള സംശയത്തിന്റെ ചരിത്രം അമേരിക്കന്‍ എഴുത്തുകാരി ആയ ജെന്നിഫര്‍ മൈക്കിള്‍ ഹേറ്റ് എഴുതിയിട്ടുണ്ട്. (Doubt: A History by Jennifer Michael Hecht) സംശയിക്കുന്ന തോമയെ ക്രിസ്ത്യന്‍ സംശയത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എഴുത്തുകാരി ചര്‍ച്ച ചെയ്യുന്നുണ്ട്. പുസ്തകത്തിന്റെ അവസാനം, ജെന്നിഫര്‍ ഇങ്ങനെ പറഞ്ഞു വയ്ക്കുന്നു. 'സംശയത്തിന് അതിന്റേതായ ഒരു ചരിത്രമുണ്ട്. ഒരു സംശയാലു ആവുക എന്നത് ബഹുമാനവും, ആദരവും അര്‍ഹിക്കുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗമാവുക എന്നതും കൂടിയാണ്. സംശയിക്കാനുള്ള കഴിവ് മാനവരാശിക്കും, സത്യത്തിന്റെ നിലനില്‍പ്പിനും നല്‍കിയ സംഭാവനകള്‍ ഓര്‍ത്തു ഞാന്‍ അതിന്റെ മഹത്തായ ചരിത്രത്തെ ആശ്ലേഷിക്കുന്നു.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org