Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകള്‍ -> ഈ താരങ്ങള്‍ നമുക്ക് ആരാധനാപാത്രങ്ങളാണോ?

ഈ താരങ്ങള്‍ നമുക്ക് ആരാധനാപാത്രങ്ങളാണോ?

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

ഗൗരവമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിരിക്കുന്ന പ്രമുഖ നടനാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. ഒരു കുറ്റാരോപിതനുവേണ്ടി പത്രങ്ങള്‍ എത്ര പേജുകളാണു മാറ്റിവയ്ക്കുന്നത്! ചാനലുകള്‍ എത്ര സമയമാണു ചെലവഴിക്കുന്നത്! സാമൂഹിക മാധ്യമങ്ങളും ഇയാള്‍ക്കുവേണ്ടി സ്ഥലവും സമയവും ധാരാളമായി ചെലവഴിക്കുന്നു. മാധ്യമങ്ങളുടെ സൂചനകള്‍ സ്വീകരിച്ചിട്ടാവാം, പൊലീസ് പ്രതിയെ കൊണ്ടു ചെല്ലുന്നിടത്തെല്ലാം ആളുകള്‍ തിങ്ങിക്കൂടുന്നു, തെറി വിളിക്കുന്നു. ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്ന രീതികളാണിതെന്നു പറയാന്‍ കഴിയില്ല. കുറ്റവാളികളെ പൊലീസിനും കോടതിക്കും വിട്ടുനല്കുകയാണു വേണ്ടത്. അവരുടെ പിന്നാലെ മാധ്യമങ്ങളും പൊതുജനങ്ങളും പോകുന്നതു രോഗാതുരമായ സമൂഹത്തിന്‍റെ ലക്ഷണമാണ്.

സിനിമാനടന്മാരെയും നടികളെയും താരങ്ങളാക്കുന്നതുതന്നെ മോശം ഏര്‍പ്പാടാണ്. അവരുടെ അഭിനയസിദ്ധിയെ വാഴ്ത്താം, ഇകഴ്ത്താം. അഭിനയ മികവുള്ളതുകൊണ്ട് അവര്‍ ആദരണീയ വ്യക്തിത്വങ്ങളാകണമെന്നില്ല. പലപ്പോഴും മറിച്ചാണു സംഭവിക്കുക. പലരുടെയും വ്യക്തിജീവിതത്തില്‍ പുഴുക്കുത്തുകളുണ്ടാകാം. മേല്പറഞ്ഞ പ്രമുഖ നടന്‍റെ കുടുംബജീവിതം മാതൃകാപരമെന്ന് ആരും പറയില്ല. അങ്ങനെയിരിക്കെ, എല്ലായിടത്തും അവരെ കെട്ടി എഴുന്നള്ളിക്കേണ്ട കാര്യമെന്താണ്? രാഷ്ട്രീയത്തിലും കച്ചവടത്തിലും ഇന്ന് ഇത്തരം താരങ്ങള്‍ അനിവാര്യരാണെന്നു വന്നിരിക്കുന്നു. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വിവരിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും സ്ഥലവും സമയവും കണ്ടെത്തുന്നു. അവര്‍ ഉടുക്കുന്നതെന്ത്, ഉണ്ണുന്നതെന്ത്, എന്തു വ്യായാമമാണു ചെയ്യുന്നത്, അവര്‍ക്ക് ആരോടാണ് ഇഷ്ടങ്ങള്‍ ഇതൊക്കെയാണു മാധ്യമങ്ങള്‍ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും വിളമ്പുന്നത്. നമ്മുടെ കുമാരീകുമാരന്മാര്‍ അതൊക്കെ വായിച്ചിട്ടാണ് ഉണ്ണുന്നതും അണിഞ്ഞൊരുങ്ങുന്നതും. അവരുടെ വേലിചാട്ടങ്ങള്‍ പോലും അവര്‍ക്ക് അനുകരണാര്‍ഹങ്ങളാണ്! സിനിമയിലെ മാത്രമല്ല കായികമേഖലയിലെയും കലാസാഹിത്യ മേഖലകളിലെയും ചിലരെ മാധ്യമങ്ങള്‍ ഇങ്ങനെ താരങ്ങളാക്കുന്നു. കായികതാരങ്ങളോടുള്ള ആരാധന മൂത്ത് പെണ്‍കുട്ടികള്‍ അവര്‍ പാര്‍ക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് ഇടിച്ചുകയറുന്ന സംഭവങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടാകുന്നുണ്ട്. കള്ളും കഞ്ചാവുമടിക്കുന്ന സാഹിത്യകാരന്മാരെ അനുകരിച്ചു നശിച്ചുപോയിട്ടുള്ള ചെറുപ്പക്കാര്‍ കേരളത്തില്‍ വിരളമല്ല. ഒരു തലമുറയെ വഴിതെറ്റിച്ചതില്‍ ചില പ്രമുഖ സാഹിത്യകാരന്മാര്‍ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ട്. അത്രയും നന്ന്.

സിനിമയിലായാലും സ്പോര്‍ട്സിലായാലും കലയിലും സാഹിത്യത്തിലായാലും നാം പ്രതിഭയെ വണങ്ങണം. അതിനപ്പുറം ബന്ധപ്പെട്ട വ്യക്തികളുടെ വ്യക്തിജീവിതത്തിലേക്ക് ഒളികണ്ണിട്ടു നോക്കേണ്ട കാര്യമില്ല. അവര്‍ എങ്ങനെ പ്രതിഭയെ തേച്ചുമിനുക്കിയെടുത്തു എന്നന്വേഷിക്കാം. അവര്‍ തങ്ങള്‍ നേരിട്ട പരാജയങ്ങളെ എങ്ങനെ അതിജീവിച്ചു എന്നു പഠിക്കാം. പുതിയ തലമുറയ്ക്ക് അവയെല്ലാം അനുഭവപാഠങ്ങളാണ്. അവരുടെ ജീവിതത്തിലെ താളപ്പിഴകള്‍ കുട്ടികള്‍ക്കു മുന്നറിയിപ്പാകണം. അവയെ നൊട്ടിനുണയാന്‍ പോകരുത്. അവരുടെ കച്ചവടങ്ങളോ അധോലോകവ്യാപാരങ്ങളോ നമ്മുടെ പരിഗണനാവിഷയങ്ങളാകരുത്. അവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടാല്‍ പൊലീസിനെ അറിയിക്കുകയാണു വേണ്ടത്. അല്ലാതെ ഇവിടത്തെ ചില രാഷ്ട്രീയക്കാര്‍ ചെയ്യുന്നപോലെ അവരുമായി തോളുരുമ്മി നടക്കുകയല്ല വേണ്ടത്. തങ്ങളുടെ ജനസേവനത്തില്‍ ആത്മവിശ്വാസമില്ലാത്ത രാഷ്ട്രീയക്കാര്‍ ജനപിന്തുണ കമ്മിയാണെന്നു തിരിച്ചറിഞ്ഞ് അത്തരം പിന്തുണയുണ്ടെന്നു കരുതുന്ന സിനിമാനടന്മാരെ കൂട്ടത്തില്‍ കൂട്ടുകയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും ചെയ്യുന്ന വിചിത്രമായ ഏര്‍പ്പാട് കേരളത്തിലും വ്യാപകമാകുകയാണ്. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും കൂട്ടുകച്ചവടം നടത്തുന്നുവെന്ന ധാരണയാണ് ഇതു പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നത്.

നമ്മള്‍ മാധ്യമങ്ങളുടെ കാര്യം പറഞ്ഞാണു തുടങ്ങിയത്. നമ്മുടെ സാംസ്കാരികനിലവാരം ഇടിച്ചുതാഴ്ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്. അഭിനേതാക്കളെ താരങ്ങളാക്കി അവരുടെ കലാബാഹ്യമായ പ്രവര്‍ത്തനങ്ങള്‍, കുറ്റകൃത്യങ്ങള്‍പോലും പൊടി പ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുന്നതുവഴി മാധ്യമങ്ങള്‍ ചെറുപ്പക്കാരെ വഴിതെറ്റിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ വിശദമായ അവതരണങ്ങള്‍ വഴി അവര്‍ കുറ്റകൃത്യങ്ങളെ വശ്യങ്ങളാക്കി മാറ്റുന്നു. തങ്ങളുടെ പക്ഷപാതങ്ങളും മുന്‍വിധികളുമനുസരിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചിലരെ അപഹസിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. ചിലപ്പോഴെങ്കിലും അവര്‍ സാമുദായികവിഷം ചീറ്റുന്നുണ്ട്. അത്തരം ഹീനകൃത്യങ്ങളെ അവര്‍ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ മറവില്‍ ഒളിപ്പിക്കുന്നു.

മാധ്യമപ്രവര്‍ത്തകെര ഉപദേശിച്ചു നന്നാക്കാമെന്നു വിചാരിക്കുന്നതു മൗഢ്യമാകും. വായനക്കാരും പ്രേക്ഷകരും പ്രതിരോധം തീര്‍ക്കുക മാത്രമാണു പരിഹാരം. അതിനു മാധ്യമവിദ്യാഭ്യാസം കൂടിയേ തീരൂ. സഭാധികൃതര്‍ അതീവശ്രദ്ധ ചെലുത്തേണ്ട വിഷയമാണിത്. മാധ്യമങ്ങളോടു തര്‍ക്കിക്കാനാണു സഭാനേതാക്കള്‍ പലപ്പോഴും ശ്രമിക്കുന്നത്. മാധ്യമവിചാരണയില്‍ അവര്‍ക്കു പലപ്പോഴും മുഖം നഷ്ടപ്പെടുന്നു. മാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കണം, എങ്ങനെ വിവേചിച്ചറിയണം, അവരുടെ കച്ചവട താത്പര്യങ്ങളെ എങ്ങനെ തിരിച്ചറിയണം എന്ന് ആളുകളെ, പ്രത്യേകിച്ചു വളര്‍ന്നുവരുന്നവരെ പഠിപ്പിക്കുകയാണു സഭയുടെ ഏറ്റവും വലിയ ദൗത്യമെന്ന് അവര്‍ മനസ്സിലാക്കണം.

Leave a Comment

*
*