എല്ലാ വിഷയത്തിനും A+ കിട്ടിയാല്‍

എല്ലാ വിഷയത്തിനും A+ കിട്ടിയാല്‍

സ്കൂളില്‍ നടന്ന ഒരു മോഷണം. ചെയ്തവന്‍ പിടിക്കപ്പെട്ടു. പ്രതിയുടെ മാതാപിതാക്കളെ വരുത്തി. പ്രിന്‍സിപ്പല്‍ അടച്ചിട്ടമുറിയില്‍ വിശദീകരിച്ചു. പുത്രന്‍റെ കുറ്റം എന്തെന്ന് കേട്ടുകഴിഞ്ഞപ്പോള്‍ അമ്മ പ്രിന്‍സിപ്പലിനോട്: "എന്തായാലും എന്‍റെ മകന്‍ സ്കൂളിലെ ഫസ്റ്റാണെന്ന് മറക്കണ്ട."

മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ A+ കിട്ടിയാല്‍ പിന്നെ എന്തുമാകാമെന്ന ഒരു ധാരണയുണ്ട്. അക്കാദമിക് എക്സലെന്‍സ് എന്നു പറയുന്നത് മാര്‍ക്ക് കാര്‍ഡില്‍ ഒതുക്കുന്ന ഒരു ചിന്താഗതി ഇന്നു ശക്തമാണ്. അവന്‍ ഇത്രയും മേടിച്ചില്ലേ? ഇനിയും എന്തു വേണമെന്നാ പറയുന്നത്?

നാട്ടിലെ നല്ല സ്കൂളില്‍ ഒരഡ്മിഷന്‍ തരപ്പെടുത്തിയത് വളരെ ബുദ്ധിമുട്ടിയാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്ന പുത്രന് സ്കൂളില്‍ ഒന്നാം റാങ്കാണെന്നു പറഞ്ഞാല്‍ എല്ലാമായില്ലേ? ഇനിയെന്തു വേണമെന്നു ചോദിക്കുന്നവര്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം വ്യക്തിയുടെ സമ്പൂര്‍ണ്ണ വികസനമാണ്. നല്ല സ്കൂളില്‍ പത്തു വര്‍ഷം പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കി വരുന്നവന് ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് സ്കൂളില്‍ ആരംഭകര്‍ തന്നെ എഴുതിവച്ചിരിക്കുന്നു. അവര്‍ ഈശ്വരവിശ്വാസം ഉള്ളവരായി വളരണം; അവര്‍ മാതാപിതാക്കളേയും ഗുരുഭൂതരേയും ആദരിക്കണം; അവര്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം; സര്‍വ്വോപരി അവര്‍ സത്യം, നീതി, കാരുണ്യം മുതലായ ഗുണങ്ങളില്‍ തൃപ്തികരമായ വളര്‍ച്ച നേടിയിട്ടുണ്ടാകണം.

ഇതെല്ലാം മറന്ന് ഇന്ന്, മക്കളുടെ വിദ്യാഭ്യാസം വിലയിരുത്തുന്ന മാതാപിതാക്കള്‍ അവരുടെ മാര്‍ക്ക് കാര്‍ഡു മാത്രമാണ് പരിഗണിക്കുന്നത്. മാത്സും ഫിസിക്സും കെമിസ്ട്രിയും പഠിച്ചാലും ഒരാള്‍ സത്യസന്ധനാകണമെന്നില്ലല്ലോ. നീതിയോടെ പെരുമാറണമെന്നില്ല. മറ്റുള്ളവരോട് കരുണ കാണിക്കണമെന്നുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org