എനിക്കും കരയണം!

എനിക്കും കരയണം!

ഒരു 'വാണ്ണാ ക്രൈ' ആഴ്ചയാണ് കടന്നുപോയത്. ഏതോ അമേരിക്കക്കാരന് കരയണമെന്നു തോന്നിയാല്‍ നമുക്കെന്തു ചേതം എന്നു ചോദിക്കാനാണ് അതു കേട്ടപ്പോള്‍ ആദ്യം തോന്നിയതെങ്കിലും പിന്നീടാണ് അക്കിടി മനസ്സിലായത്. നമ്മുടെ പഞ്ചായത്താപ്പീസിലെ കമ്പ്യൂട്ടറും അവന്‍റെ നിയന്ത്രണത്തിലായത്രേ! ഇപ്പോള്‍ എനിക്കും കരയാന്‍ തോന്നുന്നു…

വൈറസുകള്‍ ലോകം ഭരിക്കുന്ന കാലമാണിത്. ഉത്തരകൊറിയന്‍ വൈറസാണ് 'വാണ്ണാ ക്രൈ' എന്ന് അമേരിക്കന്‍ വൈറസും കൂട്ടരും പറയാന്‍ തുടങ്ങിയിട്ടുണ്ട്. വൈറസുകള്‍ ലോകം മുച്ചൂടും മുടിക്കുമോ എന്നാണിനി അറിയാനുള്ളത്. ഫാത്തിമാദര്‍ശനത്തിന്‍റെ നൂറാം വര്‍ഷം കാര്യമായെന്തെങ്കിലും നടക്കുമെന്ന പ്രവാചനവൈറസുകളും വല്ലാതെ പരക്കുന്നുണ്ട്. കൂട്ടക്കരച്ചില്‍ മുഴങ്ങുന്ന കാലം എപ്പോഴാണോ?

സ്റ്റേറ്റു ബാങ്ക് ഓഫ് ഇന്ത്യ ഇതിനിടെ മൂന്നു നാലു സര്‍ക്കുലര്‍ വൈറസുകള്‍ ഒന്നിനു പിറകേ ഒന്നായി ഇറക്കിയെന്നു കേള്‍ക്കുന്നു. സര്‍വീസ് ചാര്‍ജുകളുടെ ചാകരക്കൊയ്ത്തു ലക്ഷ്യമിട്ട ആ നീക്കം പൊതുജന പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ വിലപ്പോയില്ലത്രേ. മോദീഭരണത്തിന്‍ കീഴില്‍ പണമിടപാടുമേഖലയില്‍ നിരന്തരം പിണമാകാന്‍ വിധിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ജനതയ്ക്ക് കരയാന്‍ ഇനി കണ്ണീരുണ്ടോ? ഇതിനിടയില്‍ മന്‍ കീ ബാത്തിനെക്കുറിച്ച് ഒന്നും കേള്‍ക്കാനില്ലാതായി. കാഷ്ലെസ്സ് ഇക്കോണമിയെക്കുറിച്ചുള്ള പ്രസംഗങ്ങളും അവസാനിച്ചെന്നു തോന്നുന്നു. റാന്‍സംവെയറിന്‍റെയും എസ്.ബി.ഐ. സര്‍ക്കുലറുകളുടെയും ലോകത്തില്‍ വെറുതെ ഇളിഭ്യനാകേണ്ടാ എന്ന് അദ്ദേഹം കരുതിക്കാണും.

ഇതിനിടയില്‍ അഴിമതി വൈറസിന്‍റെ പേരില്‍ ചിദംബരത്തിന്‍റെയും ലാലുപ്രസാദ് യാദവിന്‍റെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡു നടന്നെന്നു കേള്‍ക്കുന്നു. അധികം വൈകാതെ കേജരിവാളിലേക്കും സിബിഐ എത്തും. എന്നാല്‍, ഇത്തരം അന്വേഷണം തീരെ ആവശ്യമില്ലാത്തവരാണ് ബിജെപി നേതാക്കളെന്ന് സാക്ഷാല്‍ മോദിപോലും കരുതുന്നുണ്ടെന്നു വിശ്വസിക്കാന്‍ വയ്യാ. കോര്‍പ്പറേറ്റുസ്വാമിമാരുടെ കാര്യമോ? ഏതായാലും, ജനം കരയണോ ചിരിക്കണോ എന്ന സന്ദേഹത്തിലാണ്…

ചാരവൈറസെന്ന മട്ടില്‍ പാക്കിസ്ഥാന്‍ മുന്‍ ഇന്ത്യന്‍ നേവല്‍ ഓഫീസര്‍ കുല്‍ഭൂഷണ്‍ യാദവിനെ തടവിലാക്കി വധശിക്ഷയ്ക്കു വിധിച്ചിരിക്കയാണ്. യാദവിനെ രക്ഷിക്കാന്‍വേണ്ടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തുന്ന സമര്‍ത്ഥമായ ശ്രമങ്ങളെ ശ്ളാഘിക്കാതെ വയ്യാ. ഹേഗിലുള്ള അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തില്‍ സത്യം വിജയിക്കട്ടെയെന്നാണ് പ്രാര്‍ത്ഥന. ഇതിനിടെ ടോം ഉഴുന്നാലിലച്ചന്‍റെ സഹായാഭ്യര്‍ത്ഥനയുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയായില്‍ പരന്നു. ഒരു വര്‍ഷത്തിനപ്പുറം നീണ്ട ആ സഹനപര്‍വത്തിനുമുമ്പില്‍ കരഞ്ഞുനില്ക്കാനേ ഭാരതീയനു കഴിയുന്നുള്ളൂ. വിദേശകാര്യമന്ത്രാലയം ഇതു കണ്ട മട്ടില്ല! തെളിഞ്ഞ കണ്ണുണ്ടെങ്കിലല്ലേ കാണാനും കരയാനും ആകൂ!

മുസ്ളീംസ്ത്രീകളെക്കുറിച്ചുള്ള മോദിഗവണ്മെന്‍റിന്‍റെ മുത്തലാഖുകണ്ണീര്‍ (അതോ, മുതലക്കണ്ണീരോ?) ശരിക്കു പ്രയോജനം ചെയ്തെന്നു തോന്നുന്നു. ഇസ്ളാമിലെ മുത്തലാഖുവൈറസ് സുപ്രീം കോടതിവരെയെത്തി. ഭാരതത്തിന്‍റെ മനസ്സ് മുസ്ളീംസ്ത്രീകളുടെ അവകാശങ്ങളോട് അനുഭാവം പുലര്‍ത്തുന്നുണ്ടെന്നതു സത്യംതന്നെ. ഏതായാലും ഇതൊന്നും തങ്ങളുടെ കാലത്തു പറ്റിയില്ലല്ലോ എന്നോര്‍ത്ത് കോണ്‍ഗ്രസ് മഹിതര്‍ ഇപ്പോള്‍ കരയുന്നുണ്ടാവും. ഷാബാനോ ബീഗം കേസില്‍ എടുത്ത നിലപാട് ഒരു റാന്‍സംവെയര്‍ മാത്രമായിരുന്നെന്ന് ആര്‍ക്കാണറിയാത്തത്? പോയബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ.

സുരേന്ദ്രന്‍റെ ശോഭ കെടാനും ഈയിടെ ഒരുതരം വൈറസ് ഇടയാക്കിയെന്നു കേള്‍ക്കുന്നു. പയ്യന്നൂര്‍ വിഷയത്തിനു ദല്‍ഹിയില്‍ പ്രതിഷേധമിരമ്പിയതെന്തിനെന്ന് മലയാളിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെങ്കിലും ആ പ്രതിഷേധയോഗത്തിലാണത്രേ ശോഭ കെട്ടുപോയത്. രമേശേട്ടന്‍റെ മുഖപ്പുസ്തകത്തിലും പ്രതിഷേധം അതിരുകവിഞ്ഞിരമ്പിയെന്നാണ് കേട്ടത്. "സദാശിവത്തോട് ഇങ്ങനെയെങ്കില്‍ സാദാ ശവങ്ങളായ ഞങ്ങളോട് എങ്ങനെയായിരിക്കും സാര്‍?" എന്നു ഷായോടു ചോദിച്ചാല്‍ അമിതമാകുമോ എന്തോ! ഏതായാലും രാജേട്ടന്‍ മിടുക്കനാണ്…

മാണിസാറിന്‍റെ അവസ്ഥ എന്താകുമോ… കേന്ദ്രം പച്ചപ്പരവതാനി വിരിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു. ഇടത്തും വലത്തും ഇങ്ങനെയായ സ്ഥിതിക്ക് നടുക്കു നില്ക്കുന്നതല്ലേ രാഷ്ട്രീയബുദ്ധി? കേരളകോണ്‍ഗ്രസ് ന്യൂനപക്ഷത്തിന്‍റെ പേരുപറഞ്ഞതൊക്കെ വെറുതെയായിരുന്നെന്ന് എല്ലാവര്‍ക്കും (പ്രത്യേകിച്ച്, മുസ്ളീംലീഗിന്) അറിയാവുന്ന സ്ഥിതിക്ക് ഈ നയംമാറ്റം വലിയ വ്യത്യാസമൊന്നും ഉണ്ടാക്കാനുംപോകുന്നില്ല. ഒന്നുമില്ലേലും മോനെങ്കിലും ഗുണമുണ്ടാകുമല്ലോ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org