Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> എന്‍റെ രക്ഷകന്‍ എന്ന മെഗാഷോയുടെ ബാക്കി പത്രം

എന്‍റെ രക്ഷകന്‍ എന്ന മെഗാഷോയുടെ ബാക്കി പത്രം

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

രണ്ടായിരാമാണ്ടില്‍ ജര്‍മനിയിലെ ബവേറിയ പ്രദേശത്തെ പ്രകൃതിരമണീയമായ ഓബര്‍ അമര്‍ഗാവ് എന്ന ഗ്രാമത്തില്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന കര്‍ത്താവിന്‍റെ പീഡാനുഭവ മെഗാഷോ കണ്ടത് ഇന്നും എന്‍റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. 17-ാം നൂറ്റാണ്ടില്‍ യൂറോപ്പിനെ പിടിച്ചു കുലുക്കിയ പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഗ്രാമം ഏറ്റെടുത്ത നേര്‍ച്ചയാണ് ആല്‍പ്സ് പര്‍വതനിരകളുടെ താഴ്വാരത്തിലുള്ള ഓബര്‍ അമര്‍ഗാവ് ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്ന് അഭിനയിക്കുന്ന “പാസ്സിയോന്‍ ഷ്പീലേ.” ഇനി അടുത്ത മെഗാ ഷോ 2020-ലാണ്. ഈ നാടകത്തില്‍ അഭിനയിക്കുന്നവര്‍ ആ ഗ്രാമത്തില്‍ കഴിഞ്ഞ 20 വര്‍ഷമായെങ്കിലും താമസിക്കുന്നവരായിരിക്കണം. അഭിനയിക്കുന്ന പുരുഷന്മാരെല്ലാവരും 2019 ഓശാന ശനിയാഴ്ച മുതല്‍ താടി വളര്‍ത്തും. ആ ഗ്രാമത്തിലെ പ്രായമേറിയവരും കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെ എല്ലാവരും ഈ നാടകത്തില്‍ അഭിനയിക്കും. പക്ഷേ, ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിലൂടെ അവര്‍ പ്രൊഫഷനല്‍ ആര്‍ട്ടിസ്റ്റുകളെ വെല്ലുന്നവരാകും. അത്രയ്ക്കു സൗന്ദര്യവും വൈഭവവും നിറഞ്ഞ നാടകമാണിത്. ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും ആസ്വാദകര്‍ 2020 മേയ് മാസം മുതല്‍ സെപ്റ്റംബര്‍ വരെ ഓബര്‍ അമര്‍ഗാവിലുണ്ടായിരിക്കും.

എന്താണ് ഇത്രയും കമനീയമായ പീഡാനുഭവ നാടകത്തെക്കുറിച്ച് പറയുവാന്‍ കാരണം എന്ന ചോദ്യം ഉയരുന്നുണ്ടാകും. അങ്കമാലി സെന്‍റ് ജോസഫ്സ് ഗ്രൗണ്ടില്‍ ഈയടുത്തിടെ അരങ്ങേറിയ സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ “എന്‍റെ രക്ഷകന്‍” എന്ന മെഗാ ഷോ തന്നെ. സൂര്യകൃഷ്ണമൂര്‍ത്തിയുടെ സംവിധാനമികവും പ്രൊഫഷനലിസവുമൊക്കെ എല്ലാവരും അംഗീകരിച്ചിരിക്കുന്നതു തന്നെ. ‘എന്‍റെ രക്ഷകന്‍’ എന്ന മെഗാഷോയില്‍ ഇതര മതസ്ഥരടക്കമുള്ള ധാരാളം കാലാകാരന്മാരെ അദ്ദേഹം അണിനിരത്തുകയും ചെയ്തിരിക്കുന്നു. മെഗാഷോയുടെ രംഗപടം അതിവിദഗ്ദ്ധമായി ചെയ്തിരിക്കുന്നു. പക്ഷേ, ഒരു നാടകമെന്ന നിലയില്‍ അതിന്‍റെ നിലവാരം പ്രതീക്ഷച്ചത്ര ഉയര്‍ന്നില്ല എന്നതാണ് സത്യം.

ഒരു സംഗീതനാടകം ആസ്വദിക്കണമെങ്കില്‍ ക്രിസ്തുസംഭവത്തെ ആവാഹിച്ചെടുത്ത കവിതയ്ക്ക് ലളിതമായ ഭാഷയില്‍ പ്രേക്ഷകഹൃദയങ്ങളില്‍ കുളിരായ്, ആനന്ദമായ്, നൊമ്പരമായ് പെയ്തിറങ്ങാനാകണം. ആ നിലവാരത്തിലേയ്ക്ക് ഇതിലെ കവിതകളെത്തിയില്ല.

സാധാരണ, യേശുവിന്‍റെ പീഡാനുഭവത്തിന്‍റെ കാഴ്ച കാണുമ്പോള്‍ വിശ്വാസികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കണ്ണ് നിറയാറുണ്ട്. പക്ഷേ “എന്‍റെ രക്ഷകനിലെ” പീഡാസഹനവും കുരിശുമരണവും പ്രേക്ഷകരില്‍ വേദനയുടെയോ വൈകാരികമായ സ്തോഭത്തിന്‍റെയോ അവസ്ഥ സൃഷ്ടിച്ചില്ല.

രചനാപരവും ചരിത്രപരവുമായ പല തെറ്റുകളും എന്‍റെ രക്ഷകനില്‍ കടന്നു കൂടി. ബൈബിളില്‍ ഹെറോദേസ് ശിശുവായ യേശുവിനെ കൊല്ലാന്‍ ആലോചിച്ചപ്പോള്‍ ദര്‍ശനത്തില്‍ വെളിപാടു ലഭിച്ച യൗസേപ്പിതാവ് ശിശുവിനെയും കൂട്ടി ഈജിപ്തിലേയ്ക്കു പലയാനം ചെയ്യുന്നുണ്ട്. ചരിത്രപരമായി ആ കാലഘട്ടത്തില്‍ പലസ്തീനായില്‍ നിന്നും ഈജിപ്തിലേയ്ക്കു ജനങ്ങള്‍ മുഴുവന്‍ പലായനം ചെയ്യുന്നില്ല. പക്ഷേ മെഗാഷോയില്‍ ഏകദേശം 15-20 മിനിറ്റായിരുന്നു യഹൂദരുടെ പലായനത്തെക്കുറിച്ച് കാണിച്ചത്. ആ രംഗം പ്രേക്ഷകര്‍ക്കു സമ്മാനിച്ചത് വിരസതയുടെ വേലിയേറ്റമാണ്. അന്ത്യഅത്താഴ സമയത്ത് യേശുവില്‍ നിന്നും പാനപാത്രം സ്വീകരിച്ച് കുടിച്ചതിനു ശേഷമാണ് യൂദാസ് ഇറങ്ങിപ്പോകുന്നത്. അതും തെറ്റിപ്പോയി. യേശുവിന് ജ്ഞാനസ്നാനം കൊടുത്തത് ജോര്‍ദ്ദാന്‍ നദിയിലാണ്. പക്ഷേ ആ രംഗവും നിലവാരത്തിലേക്ക് ഉയര്‍ന്നില്ല.

ബൈബിളിലെ യേശുവിനെയും ശിഷ്യന്മാരെയും മറ്റും കുറിച്ച് വിശ്വാസികളുടെ മനസ്സില്‍ വര്‍ഷങ്ങളോളമായി പതിഞ്ഞ ചില മുഖങ്ങളും വ്യക്തിത്വവുമുണ്ട്. പല കഥാപാത്രങ്ങളും അത്തരം വ്യക്തിത്വങ്ങള്‍ക്കു പറ്റിയ ശരീര പ്രകൃതിയോ മുഖപ്രസന്നതയോ ഉള്ളവരായിരുന്നില്ല.

ഫുള്‍സ്റ്റോപ്പ്: രംഗപടത്തിനും അഭിനേതാക്കള്‍ക്കും ഏ.സി. സെറ്റപ്പിനും മറ്റുമായി ലക്ഷങ്ങളാണ് സംഘാടകര്‍ “എന്‍റെ രക്ഷകന്‍” എന്ന മെഗാഷോയ്ക്ക് ചെലവഴിച്ചത്. പണം ആരുടെതായാലും അതു ഫലദായകമായി ഉപയോഗിക്കേണ്ടതുണ്ട്.

Leave a Comment

*
*