ഫിറ്റായാല്‍ എല്ലാം ശരിയാകുമോ, സര്‍ക്കാരേ?

ഫിറ്റായാല്‍ എല്ലാം ശരിയാകുമോ, സര്‍ക്കാരേ?

മനുഷ്യനെ മയക്കുന്ന മദ്യത്തിന്‍റെ സാന്നിധ്യം എല്ലാ കാലങ്ങളിലും എല്ലാ ദേശങ്ങളിലും ഉണ്ടായിട്ടുണ്ട്. പക്ഷേ, മദ്യം കൊണ്ട് ഏതെങ്കിലും വ്യക്തിയോ രാജ്യമോ പുരോഗമിച്ച ചരിത്രം ഉണ്ടായിട്ടില്ല. ചതിക്കും കൊലപാതകത്തിനും പീഡനത്തിനും മറ്റും മദ്യം എന്നും മനുഷ്യരെ പ്രേരിപ്പിച്ചു കൊണ്ടിരുന്നുവെന്നതാണ് സത്യം. ഈയിടെ കോടികള്‍ കളക്ഷനുണ്ടായ ബാഹുബലി എന്ന സിനിമയുടെ ഒന്നാം ഭാഗത്ത് മഹിള്‍മതി രാജ്യത്തിലെ യുദ്ധരഹസ്യം ചോര്‍ത്തി കടന്നുകളഞ്ഞവനെ അന്വേഷിച്ച് ബാഹുബലിയും ഭല്ലാലദേവനും പോകുന്ന രംഗമുണ്ട്. പുറത്ത് നിന്നും ആര്‍ക്കും കടന്നു ചെല്ലാനാവാത്ത കള്ളന്മാരുടെ ഇടയില്‍ ബാഹുബലി ബുദ്ധി ഉപയോഗിച്ച് എല്ലാവര്‍ക്കും സുഭിക്ഷമായി മദ്യം വാങ്ങികൊടുത്ത് തന്‍റെ ലക്ഷ്യം നേടുന്നു. മദ്യം ഉപയോഗിച്ച് പഴയകാല രാജാക്കന്മാരും ചക്രവര്‍ത്തിമാരും പല ചതികളും നടത്തിയിട്ടുണ്ട്. ഇന്ന് കേരളത്തിലെ ജനാധിപത്യ രാജാക്കന്മാരും മദ്യരാജാക്കന്മാരും ചേര്‍ന്ന് ജനത്തെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു. അതിനുള്ള വലിയ തടസ്സം ജനാധിപത്യത്തിലെ ജൂഡിഷ്യറി സംവിധാനമാണ്. കോടതിയുടെ ചുമലില്‍ കയറിയിരുന്നു വെടിവയ്ക്കേണ്ട എന്ന ഹൈക്കോടതിയുടെ താക്കീത് പിണറായി സര്‍ക്കാരിന് ലഭിച്ച ഉഗ്രശാസനമാണെന്നതില്‍ തര്‍ക്കമില്ല.

യുഡിഎഫ് ഗവണ്‍മെന്‍റ് 2015 മാര്‍ച്ചില്‍ ആരംഭിച്ച പുതിയ മദ്യ നയം കേരള ജനതയ്ക്ക് മൊത്തം ആശ്വാസമായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ ഒഴികെ മറ്റെല്ലാ സ്റ്റാര്‍ ഹോട്ടലുകളിലെയും ബാറുകള്‍ പൂട്ടുകയും കേരള ബിവറിജ് കോര്‍പ്പറേഷന്‍റെ മദ്യ വില്പനശാലകള്‍ ഓരോ വര്‍ഷവും 10 ശതമാനം വച്ച് അടച്ചുപൂട്ടി 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യം വച്ചാണ് യുഡിഎഫ് ഗവണ്‍മെന്‍റ് അങ്ങനെ ഒരു തീരുമാനം എടുത്തത്. പക്ഷേ, എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ മദ്യനയത്തെ എങ്ങനെയെങ്കിലും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അതിന്‍റെ അനന്തരഫലമാണ് ഏറ്റവും ഒടുവില്‍ മദ്യവില്പനശാലകള്‍ തുടങ്ങാന്‍ ഇതുവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമായിരുന്നത് ഒരു ഓര്‍ഡിനന്‍സ് മുഖാന്തിരം എടുത്തുകളഞ്ഞത്. ഇതിനെതിരെ മദ്യവിരുദ്ധ സമിതി ശക്തമായ പ്രതിഷേധം ഗവര്‍ണര്‍ക്ക് നല്കുന്നതിനു മുമ്പു തന്നെ ഈ ഓര്‍ഡിനന്‍സില്‍ അതിബുദ്ധി ഉപയോഗിച്ച് ഗവര്‍ണറെക്കൊണ്ട് ഒപ്പുവപ്പിച്ചത്. മലയാളികളെ എങ്ങനെയെങ്കിലും മദ്യം കഴിപ്പിക്കും എന്ന് തീരുമാനിച്ചുറച്ചതു പോലെയാണ് കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി നേതാക്കന്മാരുടെയും അണികളുടെയും ലോക്കല്‍ ഗുണ്ടകളുടെയും മനോഭാവവും പെരുമാറ്റവും.

കേരളത്തിലെ ഏറ്റവും വലിയ റവന്യൂ മദ്യത്തില്‍ നിന്നാണെന്നും മദ്യക്കച്ചവടം പൊളിഞ്ഞാല്‍ കേരളത്തിന്‍റെ ട്രഷറി കാലിയാവുമെന്നും, സര്‍ക്കാരിന് 'ലാവിഷാ'യി പണം ചെലവാക്കണമെങ്കില്‍ കേരളത്തിലെ മദ്യപന്മാര്‍ സഹായിക്ക ണമെന്നുമാണ് അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ കാര്യത്തില്‍ എന്തെങ്കിലും സത്യമോ യുക്തിയോ ഉണ്ടെന്ന് ചിന്തിക്കു ന്നവര്‍ക്കാര്‍ക്കും തോന്നുകയില്ല. മദ്യം കഴിക്കുന്നവന് ഉണ്ടാകുന്ന രോഗങ്ങള്‍, അതുമൂലം അവന്‍റെ ഭാര്യയ്ക്കും മക്കള്‍ക്കും ഉണ്ടാകുന്ന ശാരീരകവും മാനസികവുമായ രോഗങ്ങള്‍, കടബാധ്യതകള്‍, കൊലപാതകങ്ങള്‍, അക്രമങ്ങള്‍, റോഡപകടങ്ങള്‍, സാമൂഹിക ദ്രോഹങ്ങള്‍, കുടുംബകലഹങ്ങള്‍ തുടങ്ങിയവ മദ്യപാനശീലത്തിന്‍റെ അനുബന്ധമായി ചേര്‍ക്കുമ്പോഴാണ് ഒരാള്‍ മദ്യം കഴിക്കുന്നതു കൊണ്ടു സര്‍ക്കാരിന്‍റെ ഖജനാവിനു കിട്ടുന്നതിനേക്കാള്‍ എത്രയോ ഇരട്ടി പണമാണ് ചികിത്സയ്ക്കും മറ്റുമായി സാധാരണക്കാര്‍ക്ക് നഷ്ടമാകുന്നത് എന്നതിന്‍റെ കണക്ക് ലഭിക്കുന്നത്.

മുകളില്‍ സൂചിപ്പിച്ചതുപോലെ ഏതൊരു രാജ്യത്ത് ചെന്നാലും മദ്യമുണ്ട്. യൂറോപ്പിലും മറ്റും മദ്യം അവരുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. പക്ഷേ, അവിടെയെങ്ങും കാണാത്ത ആസക്തിയാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്. യൂറോപ്പില്‍ മദ്യം കഴിക്കുന്നത് ഒരു സംസ്കാരത്തിന്‍റെ ഭാഗമാണെങ്കിലും കൈയില്‍ കിട്ടുന്ന പണം മുഴുവന്‍ യാതൊരു ഉത്തരവാദിത്വബോധവുമില്ലാതെ കുടിക്കുന്നതു കണ്ടിട്ടില്ല. മദ്യപാനം രോഗാവസ്ഥയിലെത്തിക്കുന്ന രീതിയില്‍ കുടിക്കുന്നവര്‍ ചുരുക്കമാണ്. പക്ഷേ കേരളത്തിലെ സ്ഥിതി അതല്ല. കേരളത്തില്‍ കുടുംബങ്ങളെ ഏറ്റവും അടുത്ത് അനുധാവനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ ഉള്ളത് ക്രൈസ്തവര്‍ക്കാണ്. ഒരിടവക എടുത്താല്‍ ആ ഇടവകയിലെ മഹാഭൂരിപക്ഷം കുടുംബങ്ങളുടെയും തകര്‍ച്ചയ്ക്കു കാരണമാകുന്നത് മദ്യമാണെന്നതില്‍ യാതൊരു സംശയത്തിനും ഇടയില്ലാത്ത വസ്തുതയാണ്. അതിനാല്‍ വൈദികര്‍ക്കും അല്മായ നേതാക്കന്മാര്‍ക്കും മദ്യത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്തേ തീരു. കാരണം മദ്യപന്‍റെ കുടുംബങ്ങളിലെ കുട്ടികള്‍, നാളത്തെ പൗരന്മാര്‍, ശാരീരികമായും മാനസികമായും ബൗദ്ധികമായും തകരുന്നത് നാടിനോ രാജ്യത്തിനോ ഗുണകരമല്ലല്ലോ. മദ്യവിമുക്ത സ്ഥാപനങ്ങള്‍ നടത്തുന്നത് നല്ലൊരു ശതമാനവും കത്തോലിക്കാ സഭയാണെന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്.

മദ്യം കഴിക്കണമോ കഴിക്കണ്ടയോ എന്നു തീരുമാനിക്കുന്നത് ഓരോ വ്യക്തിയുമാണ്. പക്ഷേ, കേരളത്തിലെ എത്ര പേര്‍ക്ക് ഇത്തരം തീരുമാനം നല്ല രീതിയില്‍ എടുക്കുവാന്‍ മാനസികമായ പക്വതയും അറിവും സാഹചര്യവും ഉണ്ട്. അതില്ലാത്തിടത്തോളം കാലം മദ്യമെന്ന വിഷത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ അതിന്‍റെ സംലഭ്യത കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ല. ഇനി മദ്യമില്ലെങ്കില്‍ മയക്കുമരുന്നിന്‍റെ ഉപയോഗം കൂടുമെന്ന ന്യായവും ശരിയല്ല. മയക്കുമരുന്നുകള്‍ക്ക് അടിമകളാകു ന്ന കുട്ടികളുടെ കുടുംബമെടുത്തു നോക്കിയാല്‍ അവരുടെ പിതാക്കന്മാര്‍ നല്ല കുടിയന്മാരായതു കൊണ്ടാണ് കുട്ടികള്‍ മയക്കുമരുന്നിലേയ്ക്കു പോകുന്നത് എന്നു കാണാം. ആവശ്യമില്ലാത്ത വാദഗതികള്‍ നിരത്താതെ ജനക്ഷേമമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കില്‍ സാവധാനം സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരാന്‍ ശ്രമിച്ചേ തീരൂ. അല്ലാതെ സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാന്‍ ബാറുടമകളുടെ കൂടെ മുടന്തന്‍ ന്യായങ്ങള്‍ വെളിവില്ലാതെ വിളിച്ചുപറഞ്ഞ് ദേശീയപാതകളുടെ നിര്‍വചനം പോലും കാറ്റില്‍ പറത്തുകയല്ല ചെയ്യേണ്ടത്.

ഫുള്‍സ്റ്റോപ്പ്: മദ്യം ലഭിക്കാതെ പോയാല്‍ ഏറെ കഷ്ടപ്പെടുന്നത് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളാണ്. മദ്യം ഒഴുക്കാതെ റാലിക്കും സമരത്തിനും കൊടിപിടിക്കാന്‍ ആളെ കിട്ടുകയില്ല. സഖാക്കളെ ഫിറ്റാക്കാതെ പാര്‍ട്ടി രക്ഷപ്പെടുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org