ദൈവത്തിന്റെ യുക്തി പിന്തുടരുക

ദൈവത്തിന്റെ യുക്തി പിന്തുടരുക

വിശക്കുന്ന ജനക്കൂട്ടത്തെ ആഹാരം കണ്ടെത്താന്‍ പറഞ്ഞു വിടുക എന്നതാണ് പ്രയോഗികബുദ്ധിയുള്ള ശിഷ്യര്‍ യേശുവിനു നല്‍കിയ ഉപദേശം. എന്നാല്‍, "അവര്‍ക്കു ഭക്ഷിക്കാന്‍ എന്തെങ്കിലും കൊടുക്കുക" എന്നതായിരുന്നു യേശുവിന്റെ മറുപടി. അന്നത്തേയും ഇന്നത്തേയും. തന്റെ ശിഷ്യരെ പഠിപ്പിക്കാനുള്ള ഒരു സന്ദര്‍ഭമായി അതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ക്രിസ്തു. ദൈവത്തിന്റെ യുക്തിയെക്കുറിച്ചാണ് ആ പഠിപ്പിക്കല്‍. എന്താണു ദൈവത്തിന്റെ യുക്തി? മറ്റുള്ളവര്‍ക്കു വേണ്ടി ഉത്തരവാദിത്വമേറ്റെടുക്കുക എന്നതാണ് ആ യുക്തി. കൈ കഴുകി ഒഴിഞ്ഞുമാറുന്നതിന്റെ യുക്തിയല്ല അത്. "അവരുടെ കാര്യം അവര്‍ നോക്കട്ടെ" എന്ന യുക്തിക്ക് ക്രൈസ്തവനിഘണ്ടുവില്‍ സ്ഥാനമില്ല.

ശിഷ്യര്‍ നല്‍കിയ അപ്പവും മീനും അയ്യായിരം പേര്‍ക്കായി ക്രിസ്തു വര്‍ദ്ധിപ്പിച്ചു. ഇതിലൂടെ ക്രിസ്തു തന്റെ ശക്തി പ്രകടിപ്പിക്കുന്നു. പക്ഷേ പ്രകടനാത്മകമായ വിധത്തിലല്ല അത്. ഉപവിയുടെ അടയാളമായിട്ടാണ് ആ അത്ഭുതത്തെ ക്രിസ്തു കണ്ടത്. പരിക്ഷീണരും വിശക്കുന്നവരുമായ തന്റെ മക്കളോടു പിതാവായ ദൈവത്തിനുള്ള ഉദാരതയുടെ പ്രതീകം. തന്റെ ജനത്തിന്റെ ജീവിതത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുകയാണ് ദൈവം. അവരുടെ ക്ഷീണവും പരിമിതികളും അവിടുന്നു മനസ്സിലാക്കുന്നു. ആരേയും അവിടുന്ന് ഉപേക്ഷിക്കുന്നില്ല. തന്റെ വചനം കൊണ്ട് അവരെ പോഷിപ്പിക്കുന്നു, അവര്‍ക്ക് നിലനില്‍പിനുള്ള ആഹാരം നല്‍കുന്നു.

നിത്യജീവന്റെ പോഷണമായ തിരുവോസ്തിയും ഭൗമികജീവന് അത്യാവശ്യമായ ദൈനംദിന അപ്പവും തമ്മിലുള്ള അടുത്ത ബന്ധവും ശ്രദ്ധേയമാണ്. രക്ഷയുടെ അപ്പമായി പിതാവിനു തന്നെത്തന്നെ സമര്‍പ്പിക്കുന്നതിനു മുമ്പ് തന്നെ അനുഗമിക്കുന്നവര്‍ക്ക് ആഹാരം ലഭിക്കുന്നുവെന്നുറപ്പാക്കാന്‍ അവിടുന്നു ശ്രമിച്ചു. ആത്മീയതയും ഭൗതീകതയും പലപ്പോഴും എതിര്‍ധ്രുവങ്ങളിലാണ്. എന്നാല്‍, ആത്മീയവാദം ഭൗതീകവാദം പോലെ തന്നെ ബൈബിളിന് അന്യമാണ്. അതു ബിബ്ലിക്കല്‍ ഭാഷയല്ല. യേശു ജനക്കൂട്ടത്തോടു കാണിച്ച അനുകമ്പ വെറും വൈകാരികതയല്ല, മറിച്ചു ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു കരുതലേകുന്ന സ്‌നേഹത്തിന്റെ മൂര്‍ത്തമായ ആവിഷ്‌കാരമാണ്.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org