സ്വന്തം പടം പ്രേമിച്ച വിഡ്ഢി

സ്വന്തം പടം പ്രേമിച്ച വിഡ്ഢി

പോള്‍ തേലക്കാട്ട്

റോമന്‍ കവിയായ ഓവിഡ് ഗ്രീക്ക് പുരാണങ്ങളിലെ നാര്‍സ്സിസൂസിനെപ്പറ്റി പറയുന്നത് "അതിദീപ്ത സൗന്ദര്യത്തിന്റെ അവജ്ഞാപാത്രം" എന്നാണ്. ഒരിക്കല്‍ നാര്‍സ്സിസൂസ് കുനിഞ്ഞ് ഒരു പൊയ്കയില്‍ വെള്ളം കുടിക്കാന്‍ ശ്രമിച്ചു. വെള്ളത്തില്‍ തന്റെ പ്രതിച്ഛായ കണ്ട് അതിനെ പ്രേമിച്ചു. ആ പ്രേമവിഷയം ശരീരമില്ലാത്ത പ്രതീക്ഷയായിരുന്നു. വെറും നിഴലിനെ അയാള്‍ യാഥാര്‍ത്ഥ്യമായി പരിഗണിച്ചു. തന്റെ തന്നെ പ്രതിച്ഛായയെ സ്‌നേഹിച്ച വിഡ്ഢിയായി അയാള്‍ മാറി. തന്റെ പ്രേമവിഷയത്തെ പുണരാന്‍ തടാകത്തിലേക്ക് അയാള്‍ വീണുമരിച്ചു. തന്റെതന്നെ പടത്തെ പ്രേമിച്ച ഒരു പൊട്ടന്‍ എന്നു വിളിക്കാം. പക്ഷേ, ഈ അബദ്ധം നമ്മെയെല്ലാം വേട്ടയാടുന്നു. സ്വന്തമായ ഇടമില്ലാത്തവനു പറ്റുന്ന അബദ്ധം. ഒന്നുമല്ലാത്തതിനെ പ്രേമിക്കുന്നവന്‍ ഒന്നുമല്ലാത്തതായിത്തീരുന്നു.

സ്വന്തം പ്രതിച്ഛായയെ വെറും പടവും നിഴലുമായി തിരിച്ചറിയാന്‍ പറ്റാത്ത പ്രതിസന്ധിയുണ്ട്. ഈ അബദ്ധം നോക്കിക്കാണുന്നതില്‍ സംഭവിക്കു ന്നതാണ്. അതിന്റെ അപകടമാണു ഗ്രീക്കു ക്ഷേത്രം പഠിപ്പിച്ചത് – "നിന്നെത്തന്നെ അറിയുക." സോക്രട്ടീസും ഇതേ കാര്യമാണു പഠിപ്പിച്ചത്. സ്വയമറിയാത്തവന്റെ അബദ്ധം. മിഥ്യയിലേക്ക് അയാള്‍ മുങ്ങിത്താഴുന്നു. ഞാന്‍ എന്നെ അറിയാത്തപ്പോള്‍ അറിയുന്നതു മുഴുവന്‍ മിഥ്യയാകും. അതുകൊണ്ടാണു പ്ലോട്ടീനസ് പ്രതിമകളുടെയും ചിത്രങ്ങളുടെയും പൂജയെ എതിര്‍ ത്തത്. പടം പടത്തിന്റെ പടമാണ് എന്ന കാരണത്താല്‍ സ്വന്തം പടം വരയ്ക്കാന്‍പോലും അദ്ദേഹം സമ്മതിച്ചില്ല.
ഈ പ്രശ്‌നം പടം ഉണ്ടാക്കുന്നതല്ല. പടത്തെ പടമായി മനസ്സിലാക്കാന്‍ സാധിക്കാത്തതാണ്. നാര്‍സ്സിസൂസ് സുന്ദരനായിരുന്നു. പക്ഷേ, ആ സൗന്ദ ര്യം അയാളുടെ ദാരിദ്ര്യമായി. സ്വന്തം ശരീരത്തില്‍നിന്നു മാത്രമേ അയാള്‍ക്കു രക്ഷപ്പെടാനുള്ളൂ. രക്ഷപ്പെടാന്‍ മറ്റൊന്നുമില്ല. തനിക്കു തിരിയാന്‍ ശരീരമല്ലാതെ ഒന്നുമില്ലാത്തവന്‍. അയാള്‍ക്ക് ഇല്ലാത്തത് അകമാണ്, ആന്തരികത. അയാള്‍ മടങ്ങിയത് അയാളുടെ പടത്തിലേക്കാണ്, അയാളുടെ ശരീരത്തിന്റെ നിഴലിലേക്ക്. പിന്തിരിയാന്‍ അയാള്‍ക്കുള്ളത് ആകാരം മാത്രം.
നാര്‍സ്സിസൂസ് വെള്ളം കണ്ടോ? വെള്ളം അയാള്‍ കണ്ടില്ല, വെള്ളത്തില്‍ അയാളെ കണ്ടു. ഇതാണു കാഴ്ചയുടെ പിശക്. താനല്ലാതെ മറ്റൊന്നും ഒരിടത്തും അയാള്‍ കാണുന്നില്ല. എല്ലാത്തിലും അയാള്‍ തന്നെത്തന്നെ കാണുന്നു. മറ്റുള്ളതെല്ലാം അതിലേ ക്കു വലിച്ച് ഇല്ലാതാക്കുന്നു. അയാള്‍ക്കു ലോകത്തില്‍ താനല്ലാതെ മറ്റൊന്നുമില്ല. എല്ലാം എന്നെ കാണിക്കുന്ന തട്ടികകള്‍ അഥവാ യവനികകള്‍. ഈ യവനികകളുടെ തട്ടികകളും ശന്യമാണ്, അവ യ്ക്ക് ഒരു അര്‍ത്ഥമേയുള്ളൂ, എന്നെ പ്രദര്‍ശിപ്പിക്കുക. ഇങ്ങനെയുള്ളവന്‍ അപരനെ കാണുന്നില്ല. അപരനെ എന്റെ പ്രതിച്ഛായ മാത്രമായി കാണുന്നു – എല്ലാം എന്റെ പടങ്ങളാ ണ്; അഥവാ എന്റെ പടമൊട്ടിച്ച തട്ടികകള്‍, പടം പ്രദര്‍ശിപ്പിക്കുന്ന യവനികകള്‍. ഇതു വല്ലാത്ത എന്റെ ആവര്‍ത്തനത്തിന്റെ ശൂന്യതാബോധമാണ്. എവിടെയും എന്റെ പ്രതിമ കാണുന്നവന്റെ പൊള്ളത്തരം. ഇത്തരക്കാര്‍ക്കു സ്‌നേഹം ആത്മഹത്യയായി മാറും.
നാര്‍സിസം അസ്തിത്വകാമമാണ്. എന്റെ അസ്തിത്വം നല്ലതാണ്, ഞാന്‍ അതിനെ പ്രേമിക്കുന്നു. ഈ അസ്തിത്വബോധം എന്നെ കേന്ദ്രീകരിച്ചാണ്. എന്റെ അസ്തിത്വത്തിലാണ് എല്ലാ അസ്തിത്വങ്ങളെയും കാണുന്നത്. അത് എല്ലാറ്റിനെയും എന്നിലേക്കു ഒതുക്കുന്ന ഒരു സമഗ്രാധിപത്യമാണ്. ഞാന്‍ ചിന്തിക്കുന്നു. അതുകൊണ്ടു ഞാനുണ്ട് എന്നത് എന്റെ ചിന്തയെ എന്റെ വെട്ടിപ്പിടുത്തമാക്കുന്ന ചിന്തയാണ്. അത് മറ്റെല്ലാറ്റിനെയും എന്റെയാക്കുന്ന ചിന്തയായി മാറും. അസ്തിത്വം എന്റെയാണ് എന്നതാണ് ഏറ്റവും വലിയ മിഥ്യ.
ഞാന്‍ എന്ന ബോധം അപരന്റെ കണ്ണാണ് എന്നില്‍ ഉണ്ടാക്കുന്നത്. അപരന്റെ നോട്ടത്തിലാണ് ഞാന്‍ ഉണ്ടാകുന്നത്. എന്റെ സ്വയംപര്യാപ്തത ഒരു മിഥ്യയാണ്. അപരന്റെ നോട്ടവും അപരന്റെ സ്പര്‍ശവും എന്നെയുണ്ടാക്കുന്നു. എന്റെ വിശപ്പ്, എന്റെ, ദാഹം, എന്റെ കാമം എന്നിവയിലേക്കു മടങ്ങുമ്പോള്‍ അത് എന്റെ അകത്തേയ്ക്കുള്ള മടക്കമാണ്. അകത്തിന്റെ അപര്യാപ്തതയുടെ അറിവിലാണു ഞാന്‍ പുറത്തേക്കു തലനീട്ടുന്നത്. എണീറ്റ് സ്വന്തം കാലില്‍ നില്ക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റും കടമകളും ഉത്തരവാദിത്വങ്ങളും വിളികളും നിറഞ്ഞുനില്ക്കുന്നു. അവിടെ തലതാഴുന്നു, വിനയത്തില്‍, വിശ്വാസത്തില്‍, സ്‌നേഹത്തില്‍, എന്റെ അസ്തിത്വംപോലും ദാനമാണ് എന്നറിയുന്നവന്റെ കൃതജ്ഞതാബോധം. ചിന്തയെ അപരന്റെ സ്പര്‍ശം ഉണ്ടാക്കുന്നത് എന്നില്‍ നിന്ന് ഇറങ്ങിപ്പോകാനാണ്. ജീവിതം പുറപ്പാടു യാത്രയാണ്. എന്നില്‍ നിന്നു നിന്നിലേക്ക്. കാമം അപരനിലേക്കു തിരിയുമ്പോഴാണു സ്‌നേഹമാകുന്നത്. അപരനിലേക്കുള്ള പുറപ്പാടിന്റെ പിന്നില്‍ അകത്തിന്റെ ശ്രവണമുണ്ട്, പുറത്തുനിന്നുള്ള വിളിയുണ്ട്. അപരന്റെ ശരീരം തേടുന്നിടത്താണു ശരീരം കാമത്തില്‍ നിന്നു സ്‌നേഹത്തിലേക്കു വഴിതിരിയുന്നത്. എന്റെ തൊലിക്കുള്ളില്‍ത്തന്നെ അപരനിലേക്കുള്ള പ്രചോദനം ഞാന്‍ കേള്‍ക്കുന്നു. ആ പ്രചോദനത്തിന്റെ ഉറവിടമാണ് എന്നെ അമ്പരപ്പിക്കുന്നതും കൈകൂപ്പിക്കുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org