ദൈവവും നൊമ്പരവും

ദൈവവും നൊമ്പരവും

ഫാ. ഡോ. മാര്‍ട്ടിന്‍ എന്‍. ആന്റണി

തിന്മയുടെ ശക്തികള്‍ സ്വന്തമെന്ന് കരുതിയതെല്ലാം തകര്‍ത്തെറിഞ്ഞ ചരിത്രം. നാസികള്‍ നിര്‍മ്മിച്ച ഔഷ്‌വിറ്റ്‌സിലെ തടവറയില്‍ ഹോമിച്ച ബാല്യം. അതിലുപരി ആന്തരികവും മാനസികവുമായ സംഘര്‍ഷങ്ങള്‍ പേരറിയാത്ത നൊമ്പരങ്ങളായി മാറിയ ദിനങ്ങള്‍. പട്ടാളക്കാരുടെ കാല്‍ചലനങ്ങളുടെ ചെറുസ്വരങ്ങള്‍പോലും മരണനാദമായി അനുഭവപ്പെടുന്ന ഇരുളറ. എന്നിട്ടും ജീവനോടുള്ള ആര്‍ത്തിയാല്‍ വേവുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ് ഏലി വീസല്‍ തന്റെ ആത്മകഥയായ നൈറ്റ് എന്ന കൃതിയില്‍. ദൈവമനുഷ്യബന്ധത്തിന്റെ ആഴമായ ധ്യാനമാണ് ഏലിവീസലിന്റെ എല്ലാ കൃതികളും. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെമേലുള്ള ദൈവശാസ്ത്രപരമായ ഒരു കടന്നാക്രമണം.

ഔഷ്‌വിറ്റ്‌സിലെ നൊമ്പരങ്ങളുടെ ഇടയിലുണ്ടായിരുന്ന പിറു പിറുപ്പായിരുന്നു എവിടെ ദൈവം എന്ന ചോദ്യം. കഴുവിലേറ്റപ്പെട്ട, തൂക്കുകയറില്‍ കിടന്നുപിടയുന്ന ഒരു ബാലനില്‍ അദ്ദേഹം ദൈവത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബൈബിളിലെ വിലാപങ്ങള്‍ എന്ന പുസ്തകത്തിലെ ജെറമിയായെ പോലെ അദ്ദേഹവും വാവിട്ടു കരഞ്ഞു: 'കര്‍ത്താവ് ശത്രുവിനെ പോലെയായി, അവിടുന്ന് ഇസ്രായേലിനെ നശിപ്പിച്ചു' (2:5). സങ്കട പെരുമഴയില്‍ നിന്നുകൊണ്ട് ദൈവത്തിന് ഒരു കൊലയാളിയുടെ മുഖം പ്രവാചകനോടൊപ്പം അദ്ദേഹവും ചാര്‍ത്തിക്കൊടുത്തു.

എന്ത്? ദൈവം ഒരു കൊലയാളിയോ? ക്രൂരതകളുടെ മുന്നില്‍ നിശബ്ദനായി നില്‍ക്കുന്ന ദൈവത്തിനെ പിന്നെ എന്ത് വിളിക്കണം എന്നായിരുന്നു ഔഷ്‌വിറ്റ്‌സിലെ ഇരുളറയില്‍ കഴിഞ്ഞിരുന്നവരുടേയും ചോദ്യം. എങ്കിലും ആ ചോദ്യം ഉച്ചത്തില്‍ ആരായാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു എന്നത് മറ്റൊരു കാര്യം. നൊമ്പരങ്ങളുടെ മുന്നിലാണ് ദൈവം ഒരു വെല്ലുവിളിയാകുന്നത്. അപ്പോഴും ആ മൗനസാന്നിധ്യത്തില്‍ ആശ്രയിക്കുക എന്നത് ആന്തരിക ധൈര്യമുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.

ഏലി വീസലിന്റെ അവസാനത്തെ പുസ്തകമാണ് ഓപ്പണ്‍ ഹാര്‍ട്ട്. അതും ഒരു ആത്മകഥയാണ്. ഇരുളിന്റെ മറയില്‍ പതിഞ്ഞിരിക്കുന്ന മരണത്തിന് പിടികൊടുക്കാതെ ജീവിതത്തെ അള്ളിപ്പിടിച്ച അദ്ദേഹം തന്റെ വാര്‍ദ്ധക്യത്തില്‍, താന്‍ കടന്നുപോകേണ്ട ഒരു ഹൃദയ ശസ്ത്രക്രിയയുടെ പശ്ചാത്തലത്തില്‍ ദയാവധത്തെ കുറിച്ച് ആലോചിച്ചതായി പറയുന്നുണ്ട്. ഭാര്യയാണ് പിന്നീട് അദ്ദേഹത്തെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. ശാരീരിക വേദനകളല്ല അദ്ദേഹത്തെ ആ തീരുമാനത്തിലേക്ക് നയിച്ചത്. ആശുപത്രി വാസത്തെക്കുറിച്ചോര്‍ത്തുള്ള മാനസിക സംഘര്‍ഷമായിരുന്നു. ഔഷ്‌വിസ്റ്റിനെ തരണം ചെയ്തയാള്‍ വിഷാദം പകരുന്ന തമസ്സിനു മുന്നില്‍ തളര്‍ന്നു പോകുന്നു! മരണത്തില്‍ നിന്നും തെന്നിമാറി നിത്യതയെ പ്രഘോഷിച്ചവന്‍ ദയാവധത്തെ ആശ്ലേഷിക്കാന്‍ തുനിയുന്നു! വിരോധാഭാസം എന്നു നമുക്ക് തോന്നാം.

ബാല്യത്തിലെ തടവറ അനുഭവവും വാര്‍ധക്യത്തിലെ ഹൃദയ ശസ്ത്രക്രിയ സംബന്ധമായ മാനസിക സംഘര്‍ഷവും അദ്ദേഹത്തെ കൊണ്ടെത്തിക്കുന്നത് ദൈവത്തിന്റെ മുന്നില്‍ തന്നെയാണ്. വെറും കൈയോടെയല്ല അദ്ദേഹം ദൈവത്തെ നേരിടുന്നത്. ചില ചോദ്യങ്ങളുണ്ട്: 'രോഗങ്ങള്‍ എന്തുകൊണ്ട്? എന്തിന് നൊമ്പരങ്ങള്‍?' ഉത്തരങ്ങളില്ല. ഒരു ദൈവശാസ്ത്ര ഇടര്‍ച്ചയുടെ മുന്നിലാണ് നമ്മളും നില്‍ക്കുന്നത്. അപ്പോഴും മറ്റൊരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്: 'ദൈവത്തെ മാറ്റിനിര്‍ത്തി എങ്ങനെ നൊമ്പരങ്ങളെ അംഗീകരിക്കാന്‍ സാധിക്കും?' അറിയില്ല. സാധിക്കില്ല.

നൊമ്പരം ഒരു പ്രഹേളിക മാത്രമല്ല, മതാത്മക ഇടര്‍ച്ച കൂടിയാണ്. ഓപ്പണ്‍ ഹാര്‍ട്ട് എന്ന രചനയില്‍ ഏലി വീസല്‍ തന്റെ കൊച്ചു മകന്റെ നിഷ്‌കളങ്കത കൊണ്ട് ആ ഇടര്‍ച്ചയെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരിക്കല്‍ കൊച്ചുമകന്‍ വന്ന് വീസലിനോട് ചോദിക്കുന്നു: 'അപ്പൂപ്പാ, അങ്ങേക്ക് അറിയാമല്ലോ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നുവെന്ന്, എനിക്കറിയാം അങ്ങ് എത്രത്തോളം സഹിക്കുന്നുവെന്നും. എന്നോട് പറയൂ; ഞാന്‍ അപ്പൂപ്പനെ ഒത്തിരി സ്‌നേഹിച്ചാല്‍ അപ്പൂപ്പന്റെ സഹനം കുറയുമോ?' ഈ ചോദ്യത്തിന് മുന്നിലുള്ള വീസലിന്റെ ആത്മഗതം വലിയൊരു ദൈവിക സത്യമാണ്. 'ആ നിമിഷം എനിക്ക് ബോധ്യമായി: പുഞ്ചിരിച്ചു കൊണ്ടാണ് ദൈവം തന്റെ സൃഷ്ടിയെ വീക്ഷിക്കുന്നത്.'

യോഹന്നാന്റെ സുവിശേഷത്തിലെ ഒരു വചനം മനസ്സിലേക്ക് വരുന്നു: 'തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു' (3:16).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org