മതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദൈവം

മതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദൈവം

പോള്‍ തേലക്കാട്ട്

2020 ഒക്‌ടോബര്‍ ആദ്യവാരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച "എല്ലാം സഹോദരന്മാര്‍" എന്ന ചാക്രിക ലേഖനം കാഴ്ചപ്പാടുകളെ അഴിച്ചുപണിയുന്നതാണ്. "നീതിപൂര്‍വ്വകമായ യുദ്ധം" എന്നൊന്നില്ല എന്നും, ഒരുവനെ കൊല്ലാന്‍ ആര്‍ക്കും കോടതികള്‍ക്കും അവകാശമില്ലെന്നും, സ്വകാര്യ സ്വത്തവകാശം പ്രാഥമികാവകാശമല്ലെന്നും മാര്‍പാപ്പ എഴുതി. ഇതൊന്നും വിപ്ലവകരമായിരുന്നില്ല. കാരണം ഇതൊക്കെ ക്രൈസ്തവ പൈതൃകങ്ങളെ വീണ്ടും കണ്ടെത്തിയ ഉള്‍ക്കാഴ്ചകളായിരുന്നു. ഇതോടുകൂടി വായിക്കേണ്ട താണ് മതങ്ങളില്‍ ദൈവം പ്രവര്‍ത്തിക്കുന്നു എന്ന നിലപാട്.
"ദൈവം മതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വഴികള്‍ സഭ ആദരിക്കുന്നു" എന്നത് ഇതുവരെയുള്ള മതങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ നിന്ന് ഒരുപടി മുന്നോട്ടു നടക്കുന്നതാണ്. മതങ്ങളിലെ സത്യവും വിശുദ്ധവുമായ ഒന്നും നിഷേധിക്കുന്നില്ല എന്നു മാത്രമല്ല എല്ലാ മനുഷ്യരേയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മികള്‍ മതങ്ങളില്‍ പ്രതിഫലിക്കുന്നതായി രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള പ്രമാണ രേഖയില്‍ എഴുതി. സത്യത്തിന്റെ രശ്മികള്‍ മതത്തില്‍ കണ്ടുമുട്ടുന്നു എന്നതു മാത്രമാണ് എഴുതിയതിനര്‍ത്ഥം. അതു മതങ്ങളില്‍ ദൈവം പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് എന്നതു പുതിയ കാല്‍വയ്പാണ്. ഈ കാല്‍വയ്പിനു 55 വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു. ദൈവത്തിന്റെ വെളിപാട് ക്രിസ്തുവിലാണ്. ഈ "വെളിപാട്" എന്ന പദം യഹൂദരുടെ പഴയനിയമവുമായി, ബന്ധപ്പെട്ടു മാത്രമേ ക്രിസ്ത്യന്‍ സാഹചര്യത്തിനു പുറത്ത് ഉപയോഗിച്ചു കണ്ടിട്ടുള്ളൂ. സ്വഭാവിക ആവിഷ്‌ക്കരണത്തിന്റെ മണ്ഡലത്തിലാണ് മതങ്ങള്‍ നില്ക്കുന്നത്. എന്നാല്‍ ഏത് സമൂഹത്തിലും സംസ്‌കാരത്തിലും സ്വാതന്ത്ര്യത്തിനും നീതിക്കും ധര്‍മ്മത്തിനും വിശുദ്ധിക്കും വേണ്ടിയുള്ള ശബ്ദങ്ങളെ ദൈവികതയുമായി ബന്ധപ്പെടു ത്തി വെളിപാടിന്റെ പ്രകാശനമായി കാണേണ്ടതില്ലേ? വെളിപാടിനെക്കുറിച്ച് സ്വന്തം മതത്തിനുള്ളില്‍ നിര്‍വചിക്കാം; അത് ആ സമൂഹത്തിനു ബാധകവുമാണ്. പക്ഷെ, അതിനു പുറത്തു സാഹിത്യപരവും മതപരവും ധാര്‍മ്മികവുമായ ഉറവിടങ്ങള്‍ അന്വേഷിക്കുകയും വ്യാഖ്യാനിക്കുകയും വേണമല്ലോ. പാശ്ചാത്യ സംസ്‌കാരത്തിന്റെ മാത്രം വാക്കുകളില്‍ ഇവയെ അളക്കുന്നതും വിലയിരുത്തുന്നതും ക്രൈസ്തവമാകാതെ പോകാന്‍ ഇടയില്ലേ? ഈ കാവ്യസാഹിത്യ സ്രോതസ്സുകളും മതാനുഷ്ഠാനങ്ങളും വ്യാഖ്യാനിക്കുമ്പോള്‍ അവയിലെ ദൈവികതയും ആദരിക്കപ്പെടേണ്ടതല്ലേ?
ക്രൈസ്തവികത മറ്റു മതങ്ങളെക്കുറിച്ചു നടത്തുന്ന പരാമര്‍ശങ്ങളില്‍ നിലനിറുത്തേണ്ടതല്ലേ? അവ മതങ്ങളെ താഴ്ത്തിക്കെട്ടുന്നതോ ആത്മീയമല്ലാത്ത ആധിപത്യ ജ്വരത്തിന്റെ ആകാതെയുമിരിക്കേണ്ടതല്ലേ? എത്ര ബോധ്യമുള്ള കാര്യം പറയുമ്പോഴും ആളുകളെ അധികം നരകത്തിലാക്കാതിരിക്കാനുള്ള മഹത്വം പാലിക്കേണ്ടതല്ലേ? ദൈവത്തിന്റെ വിശുദ്ധിക്കും ദൈവത്തിന്റെ ദാനങ്ങള്‍ക്കും വേലികെട്ടാതിരിക്കാനുള്ള പുണ്യമഹത്വത്തിലേക്കു സഭ ഉയരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവ തനിമയെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് ഈ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നത്. ക്രിസ്തുവില്‍ വെളിവായ "സുവിശേഷത്തിന്റെ സംഗീതം" സകല മനുഷ്യരെയും ആശ്ലേഷിക്കുന്നു. ദൈവവും മനുഷ്യരും പ്രപഞ്ചവുമായുള്ള ബന്ധമാണ് ഇവിടെ പ്രാഥമികം. ആ സദ്‌വാര്‍ത്ത എല്ലാവരേയും ഉള്‍ക്കൊള്ളുന്നത് എന്ന അര്‍ത്ഥമുള്ള കാതോലിക്കമാകുന്നത്. അത് മനുഷ്യകുടുംബത്തിലെ ഒരു പ്രത്യേക സമൂഹത്തിന്റെ മാത്രം വിശേഷണമാക്കപ്പെടുന്നു എന്നതു മറികടക്കാനാണ് മാര്‍പാപ്പ ശ്രമിക്കുന്നത്. ആരേയും പുറത്താക്കാത്ത സുവിശേഷം വേലികളില്ലാത്ത ഒരു ദൈവിക കാഴ്ചപ്പാടിന്റെ തലത്തില്‍ ഉയര്‍ന്നു നിന്നു മതസാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന മാര്‍പാപ്പയെ നാം കാണുന്നു. ദൈവമാണ് നമ്മുടെ അസ്തിത്വത്തിന്റെ പൊതു അടിസ്ഥാനം. ദൈവത്തിന്റെ സാന്നിദ്ധ്യത്തിന്റെയും വിളിയുടെയും അന്വേഷണം എളിമയില്‍ നടത്താനാണ് നാം പഠിക്കേണ്ടത്. മാമ്മോദീസ മുങ്ങിയവരുടെ മാത്രമല്ല എല്ലാവരേയും ഉള്‍ച്ചേര്‍ക്കുന്ന സാര്‍വത്രികതയുടെ ദൈവിക മനുഷ്യനായിട്ടാണ് മാര്‍പാപ്പ നിലകൊള്ളുന്നത്. ഇതാണ് ഏത് ക്രൈസ്തവന്റെയും വിളി.
ബല്‍ത്താസര്‍ എഴുതിയതുപോലെ ദൈവത്തിന്റെ വചനം ദൈവത്തിന്റെ നിശബ്ദതയില്‍ ആണ് അടിസ്ഥാനമിട്ടിരിക്കുന്നത്. സൃഷ്ടി ശൂന്യതയില്‍ നിന്നാണ്. യേശു ഒന്നും എഴുതിയിട്ടില്ല. യേശുവിന്റെ വെളിപാട് അവന്റെ വാക്കുകളെക്കാള്‍ അവന്റെ കര്‍മ്മങ്ങളാണ്. ദൈവിക നിശബ്ദതയാണ് മാംസം ധരിച്ചത്. യേശുവിന്റെ ഏറ്റവും നല്ല പുസ്തകം നിശബ്ദതയുടെ വെളിപാടാണ്. "പരിമിതമായ വാക്കുകളിലും പ്രവര്‍ത്തികളിലും പ്രകാശിതമായ ദൈവം ദൈവമല്ല, വിഗ്രഹമാണ്," ബല്‍ത്താസര്‍ എഴുതി. ക്രിസ്തുവിന്റെ നിശബ്ദത അനന്തമായ സ്‌നേഹനടപടികള്‍ക്ക് സാധ്യത നല്കുന്നു. സ്‌നേഹം മാത്രമാണ് വിശ്വസനീയം, ബല്‍ത്താസര്‍ എഴുതി. സ്‌നേഹത്തെ ക്രൈസ്തവം അക്രൈസ്തവം എന്നു വേര്‍തിരിക്കാന്‍ അദ്ദേഹം സന്നദ്ധനല്ല. അതു ക്രിസ്തുവിന്റെ സ്‌നേഹമല്ല. പ്രകൃതിയും പ്രസാദവും, സ്വാഭാവിക അറിവും പ്രസാദത്തിന്റെ വിശ്വാസവും എന്ന വേര്‍തിരിവുകളും ഇല്ലാതാകുന്നു. സഭയുടെ വേലികള്‍ക്കപ്പുറത്തേക്ക് ആത്മാവിന്റെ കാറ്റടിക്കുന്നു. ലുബാക്ക് എഴുതിയതുപോലെ ക്രിസ്തുെവന്നതു സ്‌നേഹത്തിന്റെ അഗ്നി ജ്വലിപ്പിക്കാനാണ്, ബുദ്ധനാകട്ടെ വെറുപ്പിന്റെ അഗ്നികെടുത്താനും. രണ്ടും പരസ്പരം സമ്പന്നമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org