മാംസത്തിനു മഹത്വം പോയ കാലം

മാംസത്തിനു മഹത്വം പോയ കാലം

പോള്‍ തേലക്കാട്ട്

കൊച്ചി നഗരത്തിലെ ഒരു കൊച്ചുകെട്ടിടത്തില്‍ മുപ്പതു കൊല്ലത്തിലധികമായി ഞാന്‍ ജീവിക്കുന്നു. കാലത്ത് ഓഫീസില്‍ വരുന്നു, വൈകുന്നേരം താമസിക്കുന്നിടത്തേയ്ക്ക് നടക്കുന്നു. ജീവിതം ഇവിടെ ഒരു യന്ത്രത്തില്‍ ആയപോലെ. ഞാന്‍ നിരീക്ഷണത്തിലാണ് എവിടെയും. സഭാ സ്ഥാപനങ്ങളില്‍ ക്യാമറകള്‍ വച്ച് നിരീക്ഷിക്കുന്നതിനെ എതിര്‍ത്തവനാണ് ഞാന്‍. നമ്മുടെ സ്വാതന്ത്ര്യം നിരന്തരം നിരീക്ഷണത്തിലാണ്, കൂട്ടില്‍പ്പെട്ട മൃഗങ്ങള്‍പോലെ. പുറത്ത് എല്ലായിടത്തും നിരീക്ഷണത്തിന്റെ കണ്ണുകളും ക്യാമറകളുമാണ്.
കാലം മാറി. നിയമങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. നിയമ വര്‍ദ്ധനവാണ് പുരോഗതി ചിലര്‍ക്ക്. നിയമം വര്‍ദ്ധിക്കുമ്പോള്‍ നിയമലംഘനങ്ങളും വര്‍ദ്ധിക്കുന്നു. നാം കുറ്റബോധത്തെക്കുറിച്ചു പറയാറില്ല. തെറ്റുകളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും മാത്രം. ഉത്തരവാദിത്വത്തെക്കുറിച്ചും പറയാറില്ലല്ലോ, സാധ്യതകളെക്കുറിച്ചു മാത്രം. നാം ഒരു പൊതുവേദിയിലാണ് എന്നല്ല തോന്നുന്നത്. നാം ഒരു പാനോപ്റ്റിക യന്ത്രത്തിലാണ്. ശരീരം നിരീക്ഷണത്തിലും ആവാസത്തിലുമാണ്. കമ്പോളം ശരീരത്തില്‍ കയറിക്കഴിഞ്ഞു. സ്വകാര്യതൃഷ്ണയുടെ പ്രേതം കൂടാത്തവര്‍ ആരുമില്ല. എല്ലാവര്‍ക്കും കച്ചവടക്കണ്ണായി. എന്റെ അവയവങ്ങള്‍ പോലും എന്റെയല്ലാതായി. എപ്പോള്‍ വേണമങ്കിലും അവയവങ്ങള്‍ പോലും അടിച്ചുമാറ്റപ്പെടാം. കാഴ്ചബംഗ്ലാവില്‍ നില്‍ക്കുന്ന ഒരു ജന്തുവായി മനുഷ്യന്‍. മനുഷ്യമാംസത്തില്‍ ജീവിതവ്യാകരണം അന്തര്‍ലീനമാണ് എന്നു വിശ്വസിക്കാത്തവരുടെ ഭരണം.
പക്ഷെ, ഇവിടെ സ്വാതന്ത്ര്യമുണ്ട്. കറുത്തകാലത്തിന്റെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിനു രണ്ടു വീക്ഷണങ്ങളുണ്ട്. ഒന്നാമത്തേതു ലിബറല്‍ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യമാണ്. ബലപ്രയോഗമില്ല. തടസ്സമില്ലാത്ത സൗകര്യങ്ങള്‍ ഉണ്ട്. സ്വന്തം പരിപാടികള്‍ തുടങ്ങാം, സംരംഭകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ വ്യവസായം തുടങ്ങാം. നിങ്ങള്‍ക്ക് കമ്പോളത്തിന്റെ സ്വാതന്ത്ര്യമുണ്ട് – നിങ്ങളുടെ യുക്തിയുടെ സ്വാതന്ത്ര്യം. കാര്യകാരണങ്ങളുടെ സ്വാതന്ത്ര്യം. ഗണിത ശാസ്ത്രത്തിന്റെ ശാഖയായ കാല്‍ക്കുലിസത്തിന്റെ സ്വാതന്ത്ര്യം. അതു കലന സ്വാതന്ത്ര്യമാണ്, ശാസ്ത്രീയ സ്വാതന്ത്ര്യം. രണ്ടാമത്തെ സ്വാതന്ത്ര്യം സോക്രട്ടീസിനും അതിനു ശേഷവുമുള്ള സ്വാതന്ത്ര്യമാണ്. അതു കണക്കിന്റെ സ്വാതന്ത്ര്യമല്ല. മറിച്ച് അവസാനമില്ലാത്ത ചോദ്യം ചെയ്യലിന്റെ സ്വാതന്ത്ര്യമാണ്. അത് അസ്തിത്വവും ഭാവിയുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം അനുഭവിക്കലല്ല കൊടുക്കലാണ്. മറ്റുള്ളവര്‍ക്ക് അനുവദിച്ചു കൊടുക്കുന്നതാണ്. ദൈവം തന്ന എല്ലാത്തിലും ശ്രേഷ്ഠമായ ദാനം സ്വാതന്ത്ര്യമാണ്. ഈ ദാനം മറ്റുള്ളവര്‍ക്കു കൊടുക്കുക. അതു കലന സ്വാതന്ത്ര്യമല്ല, കാലസ്വാതന്ത്ര്യമാണ്. അത് എന്നെ എനിക്കു ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യത്തില്‍ തുടങ്ങുന്നു.
സമഗ്രാധിപത്യത്തിന്റെ മൃദുവായ പതിപ്പിലാണ് ജീവിക്കുക. ലോകത്തേയും തന്നെത്തന്നെയും വ്യത്യസ്തമായി സങ്കല്പിക്കാനും സൃഷ്ടിക്കാനുമുള്ള സ്വാതന്ത്ര്യം. സ്വാതന്ത്ര്യമാണ് മൂല്യങ്ങള്‍ ഉണ്ടാക്കുന്നത്. ഈ കാലം മൂല്യവ്യവസ്ഥിതിയെയാണ് നശിപ്പിക്കുന്നത്; ജീവിതത്തിന്റെ നിലവാരമാണ് തൂത്തു മാറ്റപ്പെടുന്നത്. സമൂഹത്തില്‍ നിന്ന് അത് ആവിയായിപ്പോയി. അപ്രത്യക്ഷമായി മാറുന്നത് ഈ മൂല്യങ്ങളുടെ നിലവാരമാണ്. ഇന്നു കഴിവില്ലാത്തവരും കഴിവു കുറഞ്ഞവരും ആര്‍ക്കും വേണ്ടാത്തവരാണ്. അങ്ങനെയുള്ളവര്‍ക്ക് മൂല്യമില്ല, എന്നു പറഞ്ഞാല്‍ മാര്‍ക്കറ്റില്‍ ഇടമില്ല. ഫ്രഞ്ചുവിപ്ലവം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്നു മൂല്യങ്ങള്‍ സമൂഹത്തില്‍ പ്രതിഷ്ഠിച്ചു. ഈ മൂന്നു പോരാ. മനുഷ്യത്വത്തിന്റെ നിലവാരം സൃഷ്ടിക്കുന്നതു കുറഞ്ഞവരിലൂടെയാണ്. ലോകം മിടുക്കന്മാരുടെയും മിടുക്കികളുടേയും മാത്രമായി മാറി. ജെയിംസ് ജോയിസിന്റെ യുളീസീസില്‍ ഉന്നയിക്കുന്ന ഒരു ചോദ്യം, എന്താണ് ദൈവം? ഉത്തരവും ഒരു കഥാപാത്രം പറയുന്നു. "തെരുവിലെ നിലവിളി." എല്ലാ രംഗങ്ങളിലും നേതൃത്വം ധാര്‍മ്മികമായി പരാജയപ്പെടുന്നു. മനുഷ്യത്വത്തിന്റ തരിശുഭൂമി ഉണ്ടാകുന്നതു കാണുന്നു. ദൈവെത്തക്കുറിച്ചുള്ള എന്റെ അടിസ്ഥാനവിശ്വാസം വചനം മാംസം ധരിച്ചു എന്നതാണ്. നിത്യമായ വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
മാംസം വചനമായി മാറ്റുന്ന മനുഷ്യന്റെ മഹത്വം ഞാന്‍ കാണുന്നു ചുറ്റിലും. മാംസമാണ് വചനത്തിന്റ വേദമായി ഞാന്‍ വായിക്കുന്നതും മനുഷ്യര്‍ ചരിത്രത്തിലൂടെ വായിച്ചതും. മാംസത്തില്‍ വചനം വസ്തുഭേദം വരുത്തുന്ന ഒരു ജീവിതചര്യയിലായിരുന്നു ഞാന്‍. എത്രയോ നല്ല മനുഷ്യര്‍ തങ്ങളുടെ മാംസം വായിച്ച് വചനത്തിന്റെ വസ്തുഭേദം ജീവിക്കുകയും എഴുതുകുയും ചെയ്യുന്നു. മാംസം വാറ്റി വചനമുണ്ടാക്കുന്ന അത്ഭുതം ചുറ്റുപാടിലും കാണാന്‍ കഴിയുന്നു. ഈ വാറ്റല്‍ പ്രക്രിയയിലാണ് മനുഷ്യന്റെ മഹത്വം ഞാന്‍ കണ്ടിട്ടുള്ളത്. അതു നിശബ്ദമായി നിരന്തരം സമൂഹത്തില്‍ നടക്കുന്ന അത്ഭുതങ്ങളാണ്. മാംസം മഹത്വമണിയുന്നത് ഞാന്‍ ധാരാളം കണ്ടു. ഞാന്‍ ക്രിസ്തുവിലാണ് മാംസത്തിന്റെ രഹസ്യമറിഞ്ഞത്.
മാംസത്തെ വേദമായി വായിക്കുകയും മാംസത്തെ ഭാഷയാക്കുകയും സ്‌നേഹമാക്കുകയും സേവനമാക്കുകയും സത്യമാക്കുകയും ചെയ്യുന്ന മാംസത്തിന്റെ ആയിരം രൂപങ്ങളിലുള്ള പൂക്കലും കായിക്കലും നിറഞ്ഞ ഒരു സംസ്‌കാരത്തിന്റെ ശോഷണമാണ് കാണുന്നത്. മാംസം ഇവിടെ വെറും മാംസമായി അതു കമ്പോള ചരക്കാക്കപ്പെടുന്നു. മാംസത്തെ കാവ്യത്തിന്റെ ഊര്‍ജ്ജവും വേദത്തിന്റെ ഭാഷയുമാക്കുന്നവര്‍ ജനിക്കാതെ പോകുകയാണോ? പ്രാര്‍ത്ഥിക്കാന്‍ ഒരേ ഒരു അടിയന്തിര പ്രശ്‌നമേയുള്ളൂ. ദൈവത്തിന്റെ കഥ പറയുന്ന കവികള്‍ക്കു വേണ്ടി നിലവിളിക്കുക. സ്‌നേഹത്തിന്റെ ദൈവത്തെ ഉപാസിക്കുന്നവരുണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org