വളരുന്ന സമുദായ ബോധം

വളരുന്ന സമുദായ ബോധം

പോള്‍ തേലക്കാട്ട്

കേരളസഭയില്‍ പ്രത്യേകിച്ചും സീറോ-മലബാര്‍ സഭയില്‍ സമുദായബോധം വളരുന്ന സാഹചര്യത്തിലാണ് നാം. ഇത് വൈദിക ശ്രേണികളിലാണ് കൂടുതല്‍ പ്രകടമാകുന്നത്. സഭയെ സമുദായമായി വിവക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍ പഴയ കാലത്തെ വൈദികരിലോ വൈദിക ശ്രേഷ്ഠരിലോ ഇത് അത്ര പ്രകടമായി കണ്ടിട്ടില്ല. ഈ സമുദായബോധം വളരുന്നത് മൗലികവാദ ചിന്തയുടെ ഫലമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രത്തില്‍നിന്ന് ഒരു പാഠം ചൂണ്ടിക്കാണിക്കട്ടെ. ഇസ്രായേലിലെ പ്രസിദ്ധനായ യഹൂദ ചിന്തകനായിരുന്നു ഗര്‍ഷോം ഷോളെം. അതുപോലെ തന്നെ പ്രസിദ്ധ ചിന്തകയായ യഹൂദയായിരുന്ന ഹന്ന ആറന്റിനു ഇങ്ങനെ എഴുതി, "യഹൂദ പാരമ്പര്യത്തില്‍ ഒരു ആശയമുണ്ട്. അതു കൃത്യമായി നിര്‍വചിക്കുക പ്രയാസമാണ്. യഹൂദ-സ്‌നേഹം എന്നതാണ് വിവക്ഷ. പ്രിയ ഹന്ന, നിങ്ങളില്‍, ജര്‍മ്മനിയില്‍നിന്നു വന്ന ഇടതുപക്ഷ യഹൂദചിന്തകരില്‍ എന്ന പോലെ ഈ യഹൂദ-സ്‌നേഹത്തിന്റെ ചെറിയൊരംശം പോലും ഉണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. നിങ്ങള്‍ എഴുതുന്ന പുസ്തകചര്‍ച്ചയില്‍ അതുണ്ടാകും എന്നു ഞാന്‍ വിചാരിച്ചു. അതു പഴഞ്ചനായിരിക്കും; വച്ചുകെട്ടിയതായി തോന്നാം. പക്ഷെ, അതു വളരെ അനിവാര്യമാണ് എന്നു തോന്നുന്നു. നമ്മുടെ ജനതയുടെ മൂന്നില്‍ ഒരു ഭാഗം ഇല്ലാതാക്കപ്പെട്ട പ്രതിസന്ധിയില്‍ ഈ വികാരം ഉണ്ടാകേണ്ടതല്ലേ? ഞാന്‍ നിങ്ങളെ ഇസ്രായേലിന്റെ മകള്‍ എന്ന വിധത്തില്‍ മാത്രം കാണുന്നു. ഈ സാഹചര്യത്തില്‍ ഞാന്‍ പറഞ്ഞ സ്‌നേഹത്തിനു ഒരു ഇടം നിങ്ങളിലുണ്ടോ?"
ഇങ്ങനെ ഒരു ചോദ്യമുണ്ടാകാന്‍ കാരണം ഹന്ന എഴുതിയ "ഐക് മാന്‍ ജറുസലേമില്‍" എന്ന പുസ്തകമാണ്. നാസി നേതാവിനെ ഇസ്രായേല്‍ പിടികൂടി ഇസ്രായേലില്‍ കൊണ്ടുവന്നു വിസ്തരിച്ചു വിധിച്ച് വിധിച്ച കഥയാണ് അവര്‍ എഴുതിയത്. ആ കഥയില്‍ 60 ലക്ഷം യഹൂദരുടെ കൊലയ്ക്കു കാരണക്കാരനെ പിശാചായി ചിത്രീകരിക്കാതെ ചിന്തയില്ലാത്ത സാധാരണ മനുഷ്യനായി അവര്‍ ചിത്രീകരിച്ചു. അതു യഹൂദ സമൂഹത്തോടു ചെയ്ത വലിയ നെറികേടായി യഹൂദസമൂഹം അവരെ വിമര്‍ശിച്ചു. സമുദായ സ്‌നേഹമില്ലാത്ത വ്യക്തിയായി ഹന്നയെ മുദ്രകുത്തി. എന്നാല്‍ ആരോപണത്തിനു മറുപടിയായി അവര്‍ എഴുതി.
"നിങ്ങള്‍ പറയുന്നതു ശരിയാണ്. ഇത്തരത്തിലുള്ള സ്‌നേഹം എ ന്നെ ചലിപ്പിക്കുന്നില്ല. രണ്ടു കാരണങ്ങളാല്‍. എന്റെ ജീവിതത്തിലൊരിക്കലും ഒരു കൂട്ടം ആളുകളെ അവര്‍ ജര്‍മ്മന്‍കാരോ, ഫ്രഞ്ചുകാരോ, അമേരിക്കക്കാരോ, തൊഴിലാളി വര്‍ഗ്ഗമോ, മറ്റേതൊരു കൂട്ടമോ ആകട്ടെ, ഞാന്‍ സ്‌നേഹിച്ചിട്ടില്ല. ഞാന്‍ സുഹൃത്തുക്കളെയാണ് സ്‌നേഹി ക്കുക. ഞാന്‍ അറിയുന്നതും വിശ്വസിക്കുന്നതും വ്യക്തികളെ സ്‌നേഹി ക്കാന്‍ മാത്രമാണ്. രണ്ടാമതായി ഈ യഹൂദ സ്‌നേഹം എനിക്കു സംശയാസ്പദമായി പ്രത്യക്ഷപ്പെടുന്നു, ഞാന്‍ യഹൂദയായതുകൊണ്ട്. എനി ക്ക് എന്നെ സ്‌നേഹിക്കാനാവില്ല എന്റെ വ്യക്തിത്വഭാഗങ്ങളെ സ്‌നേഹിക്കാനാവില്ല." അവര്‍ പിന്നെയും എഴുതി, "ഞാന്‍ ഒരു സംഘടനയിലും ഇല്ല. ഞാന്‍ എനിക്കുവേണ്ടി സംസാരിക്കുന്നു. എന്റെ ചിന്തയ്ക്കു പകരമായി ഒരു പ്രത്യയശാസ്ത്രമോ, പൊതുജനാഭിപ്രായമോ, മറ്റൊരു ബോധ്യമോ ആകില്ല."
ഇതു പാഠമാണ്. പൊതുസമൂഹത്തില്‍നിന്ന് മാറി ഗെറ്റോകളില്‍ കഴിയുന്നത് അപകടമാണ്. എല്ലാവരുമായി ബന്ധപ്പെട്ടു ജീവിക്കാന്‍ കഴിയണം. മതം വര്‍ഗ്ഗബോധമാക്കുന്നതാണ് വര്‍ഗ്ഗീയത, മത മൗലികവാദവും. മതം സ്വന്തം ആന്തരികതയോടുള്ള പ്രതികരണമാണ് അതു ജാതി, വര്‍ഗ്ഗ, ഗോത്ര പ്രശ്‌നമേയല്ല. അതിന് ആന്തരികതയുടെ ചിന്തയും നന്മതിന്മകളുടെ വിവേചനയും വേണം. ആ ചിന്തയില്‍ ഏറെ പ്രധാനം പൊതുബോധമാണ് – സാമാന്യബോധം മനുഷ്യകുടുംബത്തിലെ അംഗത്വമാണ്. ഒരാള്‍ക്കും സ്വന്തം പഴമ ഉപേക്ഷിക്കാനാവില്ല. പക്ഷെ പഴമ യും പാരമ്പര്യവും ഒന്നല്ല. പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ പുരോഗതിയിലും വിശ്വസിക്കും. പഴമയുമായുള്ള ബന്ധത്തിന്റെ ചരട് പഴയ തലമുറകളെ മുന്‍നിശ്ചയത്തിന്റെ വിധിയില്‍ തളച്ചിട്ടുണ്ട് എന്നു മറക്കാനും പാടില്ല. ധര്‍മ്മബോധം വിമര്‍ശനവുമാണ്.
ഗ്രീക്ക് സംസ്‌കാരം മനുഷ്യത്വത്തെ സൗഹൃദത്തില്‍ നിര്‍ബന്ധിക്കുന്നു-അതു സംഭാഷണവുമാണ്. സംഭാഷണത്തിലാണ് മറ്റു മനുഷ്യനുമായി ലോകം പങ്കിടുന്നത്. മരണക്കിടക്കയില്‍ വച്ച് കാള്‍ യുഗ് പറഞ്ഞു "മനുഷ്യാസ്തിത്വത്തിന്റെ ഏകമായ ലക്ഷ്യം? വെറും അസ്തിത്വത്തിന്റെ ഇരുട്ടില്‍ വിളക്കു തെളിക്കുക മാത്രമാണ്." നാം ലോകത്തില്‍ നടക്കുന്നതിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് നാം ലോകത്തെ മാനവമാക്കുന്നത്. മനുഷ്യനാകുക എന്നതില്‍ മനുഷ്യമനസ്സിന്റെ വികാസമാണ് പരമപ്രധാനം അതു സ്വാര്‍ത്ഥ വെടിയലും മറ്റുള്ളവരിലേക്കു വാതില്‍ തുറക്കുന്നതുമാണ്. അത് എല്ലാവരുടെയും സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരും. അതു ഗോത്രത്തിലോ ജാതിയിലോ ഒതുക്കുന്നതാണ് വര്‍ഗ്ഗീയത. ലോകം മാനുഷീകമാകുന്നതു ലോകത്തില്‍ മനുഷ്യനുള്ളതുകൊണ്ടോ മനുഷ്യശബ്ദമുള്ളതുകൊണ്ടോ അല്ല, മറിച്ച് ലോകം മനുഷ്യന്റെ സംഭാഷണമാകുന്നതു കൊണ്ടാണ്.
അപരന്, അത് ആരുമായിക്കൊള്ളട്ടെ, അവന്റെ മുഖം എന്റെ മുമ്പില്‍ വെളിവാക്കുന്നത് ഒരു ലോകമാണ്. ആ ലോകത്തില്‍ ഇടമാണ് അപരന്‍ ചോദിക്കുന്നത്. ധര്‍മ്മം തരണേ. ആ മുഖം സ്വന്തമാക്കലിനെ പ്രതിരോധിക്കുന്നു. അവന്റെ മുഖം ധര്‍മ്മത്തിന്റെ ചോദ്യം ഉന്നയിക്കു ന്നു. ആ മുഖം പ്രതികരിക്കുകയാണോ അതു മൊഴിയുകയാണോ? ഈ മുഖാമുഖമാണ് സര്‍വ്വസാധാരണമായ അത്ഭുതം. ഭാഷയാണ് നീതി. ഒരു ക്രിസ്ത്യാനിയാകുക എന്നാല്‍ അപരന്റെ മുഖത്ത് ക്രിസ്തുവിന്റെ ഛായ കാണുകയാണ്. അപ്പോള്‍ മുഖാമുഖത്തിലാണ് ദൈവം കടന്നുവരുന്നത്. അതുകൊണ്ടാണ് യാക്കോബ് തന്നോട് യുദ്ധം ചെ യ്യാന്‍ വരുന്നു എന്നു തോന്നിയ തന്റെ സഹോദരന്‍ ഏസാവിനെ കെട്ടിപ്പിടിച്ചു പറയുന്നത് "ദൈവത്തിന്റെ മുഖം കണ്ടാല്‍ എന്ന വിധം നിന്റെ മുഖം ഞാന്‍ കാണുന്നു" (ഉല്പത്തി 33:10). ഈ മുഖാമുഖത്തില്‍ ജാതി യോ മതമോ ദേശീയതയോ ഒന്നുമില്ല. വെറം മുഖാമുഖം. അതുണ്ടാക്കുന്നതു ഭാഷണമാണ് – ആതിഥ്യമാണ്. ഞാന്‍ നിന്റെ മുമ്പില്‍ നില്‍ ക്കുന്നു, ഏകനായി, ഞാന്‍ ആരുടെയും പ്രതിനിധിയല്ല, ഞാന്‍ ഒന്നിന്റെയും ബിംബമല്ല – ഞാന്‍ മാത്രം നഗ്നനായി സന്നിഹിതനായിരിക്കുന്നു. എനിക്ക് നിന്നില്‍നിന്നു ഒന്നു മാത്രം മതി: ധര്‍മ്മം. അതു തരാന്‍ മനസ്സാകുമ്പോഴാണ് നീ ഭാഷിക്കുന്നതും, നീ കൈ തരുന്നതും, കൈ കൂപ്പുന്നതും. ഈ ബന്ധത്തിലൂടെയാണ് ദൈവം കടന്നുപോകുന്നത്.
മനുഷ്യനെ കൈകാര്യം ചെയ്യുന്നിടത്തു ദൈവത്തിനു മേല്‍ കൈവവയ്ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org