ജിഎസ്ടി എന്ന നികുതി പരിഷ്കാരം

ജിഎസ്ടി എന്ന നികുതി പരിഷ്കാരം
Published on

പത്തുപതിന്നാലു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ചരക്കുസേവന നികുതിയെന്ന ഏകീകൃത നികുതിഘടന രാജ്യത്തു നിലവില്‍ വന്നിരിക്കുകയാണ്. ഉത്പാദനഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരും വിപണനഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമാണു പൊതുവേ നികുതി പിരിച്ചിരുന്നത്. പല തരത്തിലുള്ള നികുതികളാണ് ഇങ്ങനെ സര്‍ക്കാരുകള്‍ പിരിച്ചിരുന്നത്. സംസ്ഥാന നികുതി നിരക്കുകളില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു. നികുതിയിളവു നല്കുന്ന സംസ്ഥാനങ്ങളിലേക്കു വ്യവസായങ്ങളും ഓഫീസുകളും നീങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. സംസ്ഥാന അതിര്‍ത്തികളില്‍ വാണിജ്യനികുതി വകുപ്പിന്‍റെ ചെക്ക്പോസ്റ്റുകള്‍ അഴിമതി കേന്ദ്രങ്ങളായി മാറി. കാലതാമസത്തിനും അവ കുപ്രസിദ്ധങ്ങളായി. സമീപകാലത്ത് അവതരിപ്പിച്ച സേവനനികുതി കേന്ദ്രമാണു പിരിച്ചിരുന്നത്. കേന്ദ്രഫണ്ടുകള്‍ നീതിപൂര്‍വകമായി വിതരണം ചെയ്തിരുന്നോ എന്നത് ഒരു ചോദ്യമായിരുന്നു. ബഹുതല നികുതിയെന്ന ഒട്ടൊക്കെ അശാസ്ത്രീയവും അസന്തുലിതവും അഴിമതിക്കും കാലതാമസത്തിനും വഴിവച്ചതുമായ നികുതിഘടന മാറ്റി രാ ജ്യത്തെങ്ങും ഏകതാനമായി നികുതിസമ്പ്രദായം വന്നിരിക്കുകയാണ്.

ഇതു നിര്‍ണായകമായ ഒരു നികുതിപരിഷ്കാരംതന്നെയാണ്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ഒരു മഹാസംഭവമായി ഇതിനെ ചിത്രീകരിക്കുന്നതു ശുദ്ധ ഭോഷ്കാണ്. ഇതിലേക്കു പടികള്‍ മുമ്പേ വച്ചിരുന്നു എന്നോര്‍ക്കണം. മൂല്യവര്‍ദ്ധിതനികുതി അങ്ങനെയൊന്നാണ്. അതുപോലെ ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലും ഇതിനോടകം നടപ്പാക്കിയ സമ്പ്രദായമാണിത്. ഇന്ത്യ ഏറെ വൈകിയെന്നതാണു സത്യം. വൈകാന്‍ പ്രധാനപ്പെട്ട ഒരു കാരണം അന്നു പ്രതിപക്ഷത്തായിരുന്ന ബിജെപിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി എതിര്‍പ്പിന്‍റെ മുന്‍നിരയിലുണ്ടായിരുന്നു. ആ നരേന്ദ്രമോദിയാണിപ്പോള്‍ രണ്ടാം സ്വാതന്ത്ര്യമായി ഈ നികുതി പരിഷ്കാരത്തെ കൊണ്ടാടുന്നത്.

നിസ്സാര കാര്യങ്ങളെപ്പോലും പര്‍വതീകരിക്കുകയും നാടകീയമായി അവതരിപ്പിക്കുകയും ചെയ്യുകയെന്നതു ബിജെപിയുടെയും നരേന്ദ്രമോദിയുടെയും ശൈലിയാണ്. മുന്‍ സര്‍ക്കാരുകള്‍ നടപ്പാക്കിയിരുന്ന 23 പരിപാടികളാണു നരേന്ദ്രമോദി പേരുമാറ്റി സ്വന്തം പരിപാടിയെന്നപോലെ അവതരിപ്പിച്ചത്. ജന്‍ധന്‍ യോജന (Basic Savings Bank Deposit Account എന്നു മുന്‍ നാമധേയം), സ്വഛ് ഭാരത് മിഷന്‍ (നിര്‍മല്‍ ഭാരത് അഭിയാന്‍), പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന (ഇന്ദിര ആവാസ് യോജന) Make in India (National Manufacturing Policy) എന്നിവ അവയില്‍ ചിലതു മാത്രമാണ്. ചില പരിപാടികള്‍ക്കു കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ പേരുണ്ടായിരുന്നതു മാറ്റി ആര്‍എസ്എസ്സുമായി ബന്ധപ്പെട്ടവരുടെ പേരു നല്കി. അങ്ങനെയൊരു നാടകമാണു ജൂണ്‍ 30-നു രാത്രി പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ അരങ്ങേറിയത്. 1947 ആഗസ്റ്റ് 14-ന് അര്‍ദ്ധരാത്രിയാണല്ലോ ഭാരത സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായത്. അന്നു നെഹ്റു നടത്തിയ പ്രസംഗം വിശ്രുതമാണ്. നെഹ്റുവിന്‍റെ സ്ഥാനത്തു സ്വയം പ്രതിഷ്ഠിച്ചുകൊണ്ടാണു മോദി ജിഎസ് ടി പ്രഖ്യാപനം നടത്തിയത്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഈ നാടകത്തിനു നിന്നുകൊടുത്തില്ല എന്നത് അഭിനന്ദനീയമാണ്.

ഈ 'രണ്ടാം സ്വാതന്ത്ര്യദിനാഘോഷം' നടത്താന്‍ പറ്റിയ ചുറ്റുപാടല്ല ഇന്നുള്ളത്. കാശ്മീര്‍ കലാപകലുഷിതമാണ്, ചൈനീസ് അതിര്‍ത്തിയിലെ സ്ഥിതി ആശങ്കാജനകവും. നൂറുകണക്കിനു കര്‍ഷകരാണു വിവിധ സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്യുന്നത്. പോത്തിറച്ചിയുടെ പേരിലും മറ്റും ആളുകള്‍ കൂട്ടംകൂടി മനുഷ്യരെ കൊല്ലുന്നു. സംഘപരിവാറിന്‍റെ പിന്തുണയുള്ളതുകൊണ്ടാകാം പൊലീസ് നടപടിയെടുക്കുന്നില്ല. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പോത്തിന്‍റെ തലയുടെ മുഖംമൂടി ധരിച്ചുകൊണ്ടുള്ള സ്ത്രീകളുടെ പ്രതിഷേധം അന്താരാഷ്ട്രതലത്തില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.
അതുപോലെ, ജിഎസ്ടി നടപ്പിലാക്കാനുള്ള മുന്നൊരുക്കങ്ങള്‍ ജൂലൈ 1-നു പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ടു സര്‍വത്ര ആശയക്കുഴപ്പമാണ്. ജൂലൈ ആദ്യവാരത്തില്‍ ബിസിനസ്സ് മന്ദഗതിയിലായി. ഉയര്‍ന്ന നിരക്കില്‍ ജിഎസ്ടിയുള്ള ചില സാധനങ്ങളുടെ വില ആദ്യദിവസംതന്നെ വര്‍ദ്ധിപ്പിച്ചു; കുറവുള്ള ഇനങ്ങളുടെ വില കുറച്ചുമില്ല. പുതിയ നികുതിഘടനയുടെ അനന്തരഫലങ്ങള്‍ പൂര്‍ണമായും അറിയുന്നതിനു മാസങ്ങളെടുക്കും. ചില സാധനങ്ങള്‍ക്കു വില കുറഞ്ഞേക്കാമെങ്കിലും പൊതുവേ വിലകള്‍ കൂടാനാണു സാദ്ധ്യത.

പുതിയ നികുതിസമ്പ്രദായം കള്ളപ്പണം ഇല്ലാതാക്കുമെന്നാണു മോദിയുടെ അവകാശവാദം. ഉയര്‍ന്ന മൂല്യമുള്ള നോട്ട് പിന്‍വലിച്ചപ്പോഴും അദ്ദേഹം ഈ വാദം മുന്നോട്ടുവച്ചു. ഒന്നും സംഭവിച്ചില്ല എന്നു നമുക്കറിയാം. എങ്കിലും പുതിയ സമ്പ്രദായം അഴിമതി കുറയ്ക്കുമെന്നു പ്രതീക്ഷിക്കാം. നിയമാധിഷ്ഠിതവും സത്യസന്ധവുമായ നിര്‍വഹണമുണ്ടെങ്കിലേ അഴിമതി കുറയൂ. ഉദ്യോഗസ്ഥന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഇടമുണ്ടാകുന്നിടത്തോളം അഴിമതിക്കുള്ള പഴുതുകള്‍ തുറന്നുതന്നെ കിടക്കും. സത്യസന്ധവും കാര്യക്ഷമവുമായ നികുതിപിരിവിലൂടെ നികുതിവരുമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അപ്പോള്‍ ജിഎസ്ടി നിരക്കു കുറയ്ക്കുകതന്നെ വേണം. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കുകള്‍ മറ്റേതു രാജ്യത്തുമുള്ളതിനേക്കാള്‍ കൂടുതലാണ്. കാനഡയില്‍ ജിഎസ്ടി വെറും അഞ്ചു ശതമാനമാണെന്നറിയുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org