Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ഹിംസാത്മകമായ യുവത്വത്തിന്‍റെ അഗ്നിജ്വാലകള്‍

ഹിംസാത്മകമായ യുവത്വത്തിന്‍റെ അഗ്നിജ്വാലകള്‍

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

ഇതെഴുതുമ്പോള്‍ കേരളത്തിലെ യുവത്വത്തിന്‍റെ ഭീകരമായ രൂപഭാവങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ സാദാചാര പൊലീസ് ചമഞ്ഞ് ചെറുപ്പക്കാരായ യുവതീയുവാക്കളെ പൊലീസിന്‍റെ മുമ്പില്‍ വച്ച് ചൂരല്‍വടിക്ക് അടിക്കുകയും അസഭ്യം പറഞ്ഞതിന്‍റെയും വാര്‍ത്തകള്‍ വേറെ. പെണ്‍കുട്ടികളും സ്ത്രീകളും എല്ലായിടത്തും വ്യത്യസ്ത രീതിയില്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ദിനംപ്രതി ഇവിടെ അരങ്ങേറുന്നു. നമ്മുടെ നാടിനു ഇതെന്തുപറ്റി എന്നു ചിന്തിക്കുമ്പോഴാണ് അങ്കമാലി പള്ളിയുടെ പരിസരത്ത് അങ്കമാലിക്കാരെ വച്ച് അങ്കമാലി പള്ളിയങ്ങാടിക്കാരനായ ചെമ്പന്‍ വിനോദ് എഴുതി ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത “അങ്കമാലി ഡയറീസ്” വെള്ളമടിയും അസഭ്യസംഭാഷണവുമായി ഏതാനും ചില യുവാക്കളുടെ ക്ഷുഭിതമായ ജീവിതത്തെ അഭ്രപാളിയില്‍ എത്തിച്ചിരിക്കുന്നത്. അങ്കമാലിക്കാര്‍ പയ്യന്മാര്‍ക്ക് അന്നും ഇന്നും വേണ്ട ചെരുവകള്‍കൊണ്ട് പടം നിറഞ്ഞിരിക്കുന്നു. എങ്കിലും, കാരുണ്യവും സത്സ്വഭാവവും കൈമുതലാക്കി ജീവിതം സന്തോഷത്തോടും സമാധാനത്തോടും കാരുണ്യത്തോടും കൂടി നയിക്കുന്ന ധാരാളം അങ്കമാലിയിലെ ചെറുപ്പക്കാര്‍ കാണാമറയത്തുണ്ട് എന്ന വലിയ സത്യത്തെ ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാകില്ല.
ക്ഷുഭിതമായ യുവത്വത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈശോസഭാ വൈദികരുടെ മേല്‍നോട്ടത്തില്‍ പുറത്തിറക്കുന്ന ഏറെ നിലവാരം പുലര്‍ത്തുന്ന “എഴുത്ത്” മാസിക കൈയില്‍ കിട്ടിയത്. താളുകള്‍ മറിച്ചപ്പോള്‍ ‘യു വത്വം ഹിംസിക്കപ്പെടുമ്പോള്‍” എന്ന ഒരു സംഭാഷണം ശ്രദ്ധയില്‍ പ്പെട്ടു. കേരളത്തിലെ സാംസ്കാരിക സാഹിത്യതലങ്ങളില്‍ അറിയപ്പെടുന്ന കെ.എസ്. രാധാകൃഷ്ണന്‍, സി.ജെ. ജോണ്‍, എം. കെ. ജോര്‍ജ്, മ്യൂസ് മേരി എന്നിവരുമായുള്ള സംഭാഷണത്തിന്‍റെ വെളിച്ചത്തിലാണ് റോയ് എം. തോട്ടം ഇന്നത്തെ കേരളത്തിലെ യുവത്വത്തെയും അവരുടെ ജീവിത ആഖ്യാനത്തെയും കുറിച്ച് ഗൗരവമായി എഴുതിയിരിക്കുന്നത് കണ്ടത്. യുവജനങ്ങളില്‍ ഇന്ന് കാണുന്ന പ്രവണതകള്‍ക്ക് അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അവര്‍ ജീവിക്കുന്ന സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും പ്രതിഫലനങ്ങളാണ് അവരുടെ ജീവിതത്തില്‍ തട്ടി പ്രതിബിംബിക്കുന്നതെന്നുമാണ് ഇവര്‍ പറയുന്നത്.
മേല്‍പറഞ്ഞ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ യുവജനങ്ങളുടെ പ്രശ്നങ്ങള്‍ കേവലം രാഷ്ട്രിയപരമോ, സാംസ്കാരികമോ അല്ല, അത് അവരുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതശൈലിയും ഇന്നത്തെ വിദ്യാഭ്യാസ രീതികളും സമൂഹ്യവ്യവസ്ഥിതിയുടെ ഘടകങ്ങളും ഉപഭോഗസംസ്കാരവും എല്ലാമെല്ലാം യുവജനങ്ങളില്‍ വരുത്തുന്ന മാറ്റമാണ്. ഇന്നത്തെ സിനിമകളിലും ജീവിതത്തിന്‍റെ പച്ചയായ പരിസരങ്ങളിലും നാം ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെ പലപ്പോഴും ഹിംസാത്മകമാണ്. ബൈബിളില്‍ ഒരു സുവര്‍ണ നിയമമുണ്ട്: മത്തായി 7:12 “മറ്റുള്ളവര്‍ നിങ്ങളോട് എന്തു ചെയ്യണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, അതുപോലെ നിങ്ങളും മറ്റുള്ളവരോടും ചെയ്യുക.” ഈ സുവര്‍ണനിയമം ഇന്ന് ആരും ഗൗനിക്കുന്നില്ല. എനിക്ക് എന്‍റെ കാര്യം ശരിയാകണം എന്നു മാത്രമാണ് ചിന്ത. കെ.എസ്. രാധാകൃഷ്ണന്‍ പറയുന്നു, “ഉപനിഷത്തില്‍ ഒരു പ്രാര്‍ത്ഥനാ വാക്യമുള്ളത് “അവധൂവക്താരം” എന്നാണ്. വാക്ക് വക്താവിനെ രക്ഷിക്കണം എന്നാണതിന്‍റെ അര്‍ത്ഥം. വക്താവിനെ മാത്രമല്ല വാക്കുകൊണ്ട് പറയുന്നവരും കേള്‍ക്കുന്നവരും രക്ഷിക്കപ്പെടണം എന്നാണ് അതിന്‍റെ വിശാലമായ അര്‍ത്ഥം”. പക്ഷേ ഇന്ന് വാക്ക് പരിഹാസത്തിന്‍റെയും കൊലവിളികളുടെയും ഭാവങ്ങളാണ് ഉണര്‍ത്തുന്നത്. നിയമസഭയിലും ലോകസഭയിലും ജനാധിപത്യത്തിന്‍റെ തെരുവോരങ്ങളിലെ പ്രസംഗങ്ങളിലും തങ്ങളുടെ പക്ഷത്തല്ലാവര്‍ക്കുനേരെ വാക്കുകൊണ്ട് എന്ത് അസഭ്യവും അക്രമവും അഴിച്ചുവിടാന്‍ മടിയില്ലാത്തവരാണ് നാം. ഫെയ്സ് ബുക്കും വാട്സ് ആപ്പും മറ്റും ഉപയോഗിച്ച് അപരനെ ഇല്ലായ്മ ചെയ്യാനും തേജോവധം ചെയ്യാനും ധാരാളം ഇടം കണ്ടെത്തുകയാണ്. അഹിംസ, സ്വാതന്ത്ര്യം എന്നീ പദങ്ങള്‍ പോലും ഇന്നത്തെ യുവതലമുറയ്ക്ക് മനസ്സിലാകാതെ പോകുന്നു. “എനിക്കു കൈവീശി നടക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ എന്‍റെ കൈവീശലിനെ നിയന്ത്രിക്കുക തന്നെ വേണം. അനിയന്ത്രിതമായി പോകുന്ന സ്വാത ന്ത്ര്യം അരാജകത്വമാണ്.”
യുവജനങ്ങള്‍ നോക്കുന്നത് മുതിര്‍ന്നവരുടെ ജീവിതത്തിലേയ്ക്കാണ്. അവരെല്ലാം സ്വാര്‍ത്ഥരായി പെരുമാറുന്നതും സംസാരിക്കുന്നതും കാണുമ്പോള്‍ സമൂഹത്തില്‍ തങ്ങള്‍ക്കുള്ള ഭാവിയെ കുറിച്ച് യുവജനങ്ങള്‍ പ്രത്യാശയില്ലാത്തവരെ പോലെയാകും. “ചെറുപ്പക്കാരായിട്ടല്ല ആരും ജനിക്കുന്നത്. യൗവനത്തിലേയ്ക്കല്ല ഒരാളും ജനിച്ചുവീഴുന്നത്. യൗവനം അക്രമാസക്തമാകുന്നതില്‍ മുതിര്‍ന്നവരായ നമ്മളൊക്കെയും ഉള്‍പ്പെട്ട സമൂഹത്തിനു വലിയ പങ്കുണ്ട്. യഥാര്‍ത്ഥത്തില്‍ ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും ഒരേ തട്ടില്‍ കാണാന്‍ സാധിക്കുകയില്ല. ധാരാളം ഊര്‍ജ്ജം കൈമുതലായുള്ളവരാണ് ചെറുപ്പക്കാര്‍. ഈ ഊര്‍ജ്ജം ക്രിയാത്മകമായി ഉപയോഗിക്കാന്‍ നമ്മുടെ യുവജനങ്ങള്‍ക്കു സാധിച്ചാല്‍ സമൂഹത്തിലും സംസ്കാരത്തിലും കാതലായ മാറ്റങ്ങള്‍ വരുമായിരുന്നു. അതിനുള്ള സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തിലുണ്ടോ? മ്യൂസ് മേരി പറയുന്നത് “ഈ ഊര്‍ജ്ജത്തെ എങ്ങനെ വഴിതിരിച്ചുവിടുന്നു എന്നത് നമ്മുടെ ശീലങ്ങളോട് ബന്ധപ്പെട്ടാണിരിക്കുന്നത്. കുട്ടികള്‍ സ്കൂള്‍ ജീവിതകാലം മുതല്‍ ജനാധിപത്യം ശീലിക്കണം. മനുഷ്യത്വം ശീലിക്കണം. അവരെ മനുഷ്യരായി പരിഗണിച്ച് അവരുടെ അദ്ധ്യാപകന്‍ സ്കൂള്‍കാലം മുതലെ വളര്‍ത്തണം. വീടിനകത്തും മനുഷ്യത്വത്തിന്‍റെ പാഠങ്ങള്‍ കുട്ടികള്‍ക്ക് കിട്ടണം.”
സ്ത്രീകളെ ആദരവോടെ കാണാനുതകുന്ന പരിശീലനം ചെറുപ്പത്തിലേ അവര്‍ക്ക് ലഭിക്കണം. പെട്ടെന്ന് ക്ഷുഭിതമാകുന്ന സ്വഭാവമാണ് ഇന്ന് കേരളത്തിലെ യുവജനങ്ങള്‍ക്കുള്ളത്. ക്ഷോഭിക്കുന്നഒരു കൂട്ടം ചെറുപ്പക്കാര്‍ വളര്‍ന്നുവരാന്‍ കാരണം അവര്‍ക്ക് വ്യക്തമായ ദിശാബോധം ലഭിക്കാത്തതാണ്. സര്‍ഗാത്മകതയുടെ തലം തന്നെ നമ്മുടെ യുവജനങ്ങള്‍ക്ക് ഇന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡോ. സി.ജെ. ജോണ്‍ പരിതപിക്കുന്നുണ്ട്.

ഫുള്‍സ്റ്റോപ്പ്: കുട്ടികളെ ഇന്ന് കയറ്റുമതി ഉല്പന്നങ്ങളാക്കുന്ന തരത്തിലാണ് ചെറുപ്പം മുതലേ വളര്‍ത്തികൊണ്ടുവരുന്നത്. നൈസര്‍ഗികമായ അവരുടെ കഴിവുകള്‍ പോലും ഇല്ലായ്മ ചെയ്യുന്ന തലത്തിലേയ്ക്ക് യുവത്വത്തെ അടിമപ്പെടുത്തുമ്പോള്‍ അവര്‍ അക്രമാസക്തരായിത്തീരുന്നു.

Leave a Comment

*
*