ആതിഥ്യമോ ആധിപത്യമോ?

ആതിഥ്യമോ ആധിപത്യമോ?

കണ്ണു തുറന്നു നോക്കിയാല്‍ ലോകം കാണുന്നു; അതിലെ ചരാചരങ്ങളും. ഈ കാഴ്ചയില്‍ കാണാതെ കാണുന്നവയാണ് സ്ഥലകാലങ്ങള്‍. എല്ലാം സ്ഥലകാലങ്ങളിലാണ്. പ്ലേറ്റോ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ സ്ഥലകാലങ്ങളുടെ പ്രപഞ്ചകോട്ടയില്‍ എല്ലാംപെടുന്നു. അവ അതില്‍ കിടക്കുന്നു എന്നു പറുയമ്പോള്‍ അവ തമ്മിലുള്ള ബന്ധത്തിന്റെ രണ്ടു മാനങ്ങളാണ്. എന്റെ അടുത്ത് എന്നതു കാലത്തില്‍ അടുത്തതും, സ്ഥലത്തില്‍ അടുത്തതുമാകാം. എന്റെ ശരീരത്തിന്റെ 56 കിലോ ഭാരം സ്ഥലത്തിലാണ് വ്യാപിക്കുന്നതും, ഒപ്പം കാലത്തിലും. ഞാന്‍ സ്ഥലത്തില്‍ സഞ്ചരിക്കാതെ, ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് അതുപോലെ ഇന്നലെയില്‍നിന്നു ഇന്നിലേക്കും നാളെയിലേക്കും നടക്കുന്നു.

പ്രപഞ്ചപ്രത്യക്ഷത്തില്‍ ഞാനും പ്രത്യക്ഷമാകുകയാണ്. പക്ഷെ, എന്റെ പ്രത്യക്ഷം ഞാന്‍ ഉണ്ടാക്കുന്നതാണോ? ഞാന്‍ ഞാനുണ്ടാക്കിയതല്ല. ഞാന്‍ വെറുതെ കണ്ണുതുറന്നു. എനിക്കു പിന്നില്‍ എന്നെ കണ്ണു തുറപ്പിച്ചത് വ്യാഖ്യാനിക്കാന്‍ എന്റെ മാതാപിതാക്കള്‍ പോരാതെ വരുന്നു. അപ്പോള്‍ ഞാന്‍ പ്രത്യക്ഷം മാത്രമല്ല കാണുന്നത്. കാണാത്തതിന് അപ്പുറത്തേക്കും ഞാന്‍ കാണുന്നു. ഭരതമുനി നാട്യശാസ്ത്രത്തില്‍ പറയുന്നതുപോലെ എല്ലാം നാട്യമാണ്. നാം കാണുന്നതു നാടകമാണ്. പക്ഷെ, നാട്യത്തിന്റെ പിന്നില്‍ ആര്? പിന്നിലേക്കു നോട്ടം കാണാത്തത് കാണിക്കുന്നു. നമുക്കു രണ്ടു കണ്ണുണ്ട്, കാണാനും കാണുന്നതിന്റെ പിന്നിലേക്കു നോക്കാനും. വിലാസത്തിന്റെ പിന്നില്‍ ആര് വിലസിക്കുന്നു? വിലസിക്കുന്നത് എന്ത്? വിലാസം എന്ത്?

ഇവിടെ വിലസിക്കുന്നത് ഒന്നും സ്ഥിരമല്ല. എല്ലാം അസ്ഥിരമാണ്. വരുന്നു പോകുന്നു. അതിന്റെ കാലം കഴിഞ്ഞ് രംഗം വിടുന്നു. എന്നാല്‍ ഈ വരവും പോക്കും നിലനില്ക്കുന്നതു പോലെ. അതുകൊണ്ട് കാണുന്നതില്‍ കണ്ണുറപ്പിക്കുമ്പോഴും കാണിക്കലും കാണാതെ വയ്യാ. കാണല്‍ രണ്ടു തരമാണ്. കാണുന്നതും കാണുന്നതിന്റെ പിന്നിലെ കാണലും.
ഒന്ന് പ്രത്യക്ഷമാണ്, മറ്റേതു പരോക്ഷവും. മനുഷ്യനാണ് ഇതു രണ്ടും കാണുന്നത്. രണ്ടാമത്തെ കാണല്‍ "കൂടുതല്‍" കാണലാണ്, "അപ്പുറം" കാണലാണ്. അപ്പുറവും കൂടുതലും കാണുന്നതു കാണലിന്റെ മൗനത്തിലാണ്.
"അപ്പുറം" വേറൊരു ലോകമാണോ? ലോകത്തിനപ്പുറമുള്ളതു അധികലോകം. പ്ലേറ്റോ രണ്ടു ലോകങ്ങള്‍ ക ണ്ടു. ഐന്ദ്രിയ ലോകവും ആദര്‍ശലോകവും, ഭൗതികലോകവും അതിഭൗതികലോകവും. ഈ ലോകവും പരലോകവും. ദൈവത്തിന്റെ ഈ ലോകം വിശദമാക്കാന്‍ പരലോകം വേണമെന്നായി. ഈ ലോകം വ്യാഖ്യാനിക്കാന്‍ പരലോകം വേണ്ടിവന്നു. കവികള്‍ പരലോക കല്പനകള്‍ നടത്തുന്നു. കല്പന സങ്കല്പങ്ങളുമാണ്, പ്രമാണങ്ങളുമാണ്. ഈ ലോകം പരലോകത്തെക്കുറിച്ചും പരോക്ഷമായി പറയുന്നു, ചൂണ്ടുന്നു. പരലോകത്തിന്റെ അസാന്നിദ്ധ്യം ഈ ലോകത്തിന്റെ മുറിവായി വ്രണമായി മാറുന്നു.

തോമസ് അക്വിനാസിന്റെ ദൈവത്തെക്കുറിച്ചു നടത്തുന്ന അഞ്ച് തെളിവുകളും ആരംഭിക്കുന്നത് ഈ ലോകത്തിലെ ഐന്ദ്രിയ വസ്തുക്കളില്‍ നിന്നാണ്. അവയില്‍ കാണാത്തത് അദ്ദേഹം കാണുന്നു – ഭൗതിക. അതിഭൗതികതയുടെ അസാന്നിദ്ധ്യം കാണിക്കുന്നു. ഉള്ളതു കാണാനും തൊടാനും പിടിക്കാനും കഴിയുന്നതും ഇല്ലാത്തതും കാണിക്കുന്നു. ഉള്ളതില്‍ നിന്നു പിന്‍വാങ്ങിയ പരോക്ഷത്തെ കാണിക്കുന്നു. കവികള്‍ക്ക് ഈ ലോകത്തിലെ എല്ലാ ബിംബങ്ങളാണ് – കാണാത്തതിന്റെ ബിംബങ്ങള്‍. കാണുന്നതിന്റെ കടന്നുപോയ കാല്‍പ്പാടുകളായി കാണുന്നവ മാറുന്നു. കഥകളിയിലെ "കളിയച്ചന്‍" പ്രപഞ്ചകേളിയുടെയും ജീവിതലീലയുടെയും ബിംബമായി മാറുന്നു. കാണുന്നതു കാണാത്തതിലേക്കു കൈചൂണ്ടുന്നു. ദൈവത്തിന്റെ ശതകോടി നാമരൂപങ്ങള്‍ കവി കാണുന്നു.

ദൈവത്തിന്റെ ശരീരമെടുക്കല്‍ ദൈവികതയുടെ ശൂന്യവല്‍ക്കരണത്തിലാണ്. ദൈവത്തിന്റെ ശൂന്യം അഥവാ പൂജ്യമാണ് ലോകം. പൂജ്യമോ പൂജ്യത്തിനുള്ളിലെ എന്തെങ്കിലുമോ ദൈവമല്ല. ദൈവം ശൂന്യമാകുന്നതു ദൈവികതയുടെ മരണത്തിലാണ്. ദൈവത്തിന്റെ മരണത്തിലാണ് മനുഷ്യാവതാരം. ദൈവം മാത്രമായ ദൈവം അദൃശ്യനാണ്, അഥവാ അപ്രത്യക്ഷമാണ്. എഴുത്തുകാരന്‍ എഴുത്തില്‍ വിലസിതമാകുന്നു, എഴുത്തില്‍ എഴുത്തുകാരന്‍ മരിക്കുന്നു. ദൈവത്തിന്റെ എഴുത്താണ് ദൈവത്തിന്റെ വിലാസമാണ് ലോകം. ഈ പരിപ്രേക്ഷ്യത്തില്‍ എന്റെ ജീവിതം എന്ത്? പ്രസാദമായി കിട്ടിയ ജീവിതത്തിന്റെ അലഞ്ഞു തിരിയല്‍. എന്നെ വിളിച്ചുണര്‍ത്തി എന്തിന്? അവന്റെ കല്പനയാണ് ഞാന്‍; അവന്റെ വിലാസം അതില്‍ അവന്‍ പിന്‍വലിയുന്നു. അവന്‍ കൊളുത്തിയ വിളക്ക്. കാര്യസ്ഥത ഏല്പിച്ചിട്ട് അവന്‍ പോയി. പ്രകാശം അവനാണ്, എന്റെയല്ല. മുന്‍കൂട്ടി കാണാനാവാത്തതു വരുന്നതു സമ്മാനമായിട്ടാണ്. സമ്മാനം സമ്മാനമായി പ്രത്യക്ഷമാകുന്നില്ല. അപ്പോള്‍ അതു സമ്മാനമല്ലാതാകും. ഞാന്‍ എന്നെ സമ്മാനം എനിക്കു പ്രത്യക്ഷമാകുന്നില്ല. എന്നില്‍ ദൈവം അവന്റെ സാന്നിദ്ധ്യം മായിച്ചുകളഞ്ഞു. ഞാന്‍ ജീവിക്കുന്ന ഒരു ധര്‍മ്മമായി, കാര്യസ്ഥതയുടെ ധര്‍മ്മം. ദൈവമില്ലാത്ത ലോകത്തില്‍ ദൈവത്തിന്റെ പകരമാകാന്‍ വിളിച്ചുണര്‍ത്തപ്പെട്ടു. ജീവിതം മരണത്തിലേക്കാണ്, ജീവിതം എന്നിലേക്കല്ല, അപരനിലേയ്ക്കാണ്. വിരുന്നു നല്കി, വിളമ്പിതീര്‍ത്തുപോകാന്‍. ജീവിതം സമ്മാനമായി ലഭിച്ചവന്‍ മരണം സമ്മാനമായി കൊടുത്തുപോകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org