ഇന്നത്തെ വിശ്വാസപരീശിലകര്‍ മാറ്റത്തെ ഇഷ്ടപ്പെടണം

ഇന്നത്തെ വിശ്വാസപരീശിലകര്‍ മാറ്റത്തെ ഇഷ്ടപ്പെടണം

ഈ നാളുകളില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ പോകാന്‍ അവസരമുണ്ടായി. അവിടത്തെ മിഷന്‍ രൂപതകളിലും പള്ളികളിലും പോയി. ആഫ്രിക്കയാണെങ്കിലും യൂറോപ്പാണെങ്കിലും ഏതു രാജ്യത്തു പോകുമ്പോഴും ഒരു വൈദികനെന്ന നിലയില്‍ അവിടങ്ങളിലെ വിശ്വാസ സമൂഹത്തെയും അവരുടെ ജീവിതത്തെയും പഠിക്കുന്നതും നിരീക്ഷിക്കുന്നതും പതിവാണ്. ഒരു കാര്യം പറയാതെ വയ്യ. ഏതു രാജ്യത്തു പോയാലും നമ്മുടെ നാട്ടിലുള്ളതു പോലെ വിശ്വാസ പരിശീലനം ഇത്ര കൃത്യമായും ചിട്ടയായും നടക്കുന്നത് മറ്റൊരിടത്തും കണ്ടിട്ടില്ല. അതിന്‍റെ ഫലമാണ് എവിടെ ചെല്ലുമ്പോഴും മലയാളി വൈദികരെയും സിസ്റ്റേഴ്സിനെയും അവരുടെ തീക്ഷ്ണമായ മിഷനറി ജീവിതത്തെയും കാണാന്‍ സാധിക്കുന്നത്.

വിശ്വാസ പരിശീലനത്തില്‍ ഇത്രമാത്രം ഊന്നല്‍ കൊടുക്കുന്ന ഇടവകകള്‍ നമ്മുടെ ഇടയിലെ ഏറ്റവും മനോഹരവും ഫലവത്തുമായ കാര്യമാണ്. ഓരോ ഞായറാഴ്ചയും തങ്ങളുടെ സമയവും സൗകര്യങ്ങളും ത്യജിച്ച് വിശ്വാസപരിശീലകരായി പ്രവര്‍ത്തിക്കുന്ന ധാരാളം അല്മായരും സിസ്റ്റേഴ്സും ബ്രദേഴ്സും വൈദികരും നമ്മുടെ ഇടയിലുണ്ട്. അവരുടെ പരിത്യാഗത്തിന്‍റെ ഫലമാണ് കേരളത്തില്‍ നിന്നുള്ള ധാരാളം ദൈവവിളികളും കലുഷിതമായ സാമൂഹിക സാഹചര്യത്തിലും തങ്ങളുടെ ക്രിസ്തീയ മൂല്യങ്ങള്‍ കൈവിടാതെ ജീവിക്കുന്ന അല്മായരും. നമ്മുടെ ഓരോ ഇടവകയും വിശ്വാസ പരിശീലനത്തിനായി ക്രിയാത്മകവും ഭാവാത്മകവുമായ പദ്ധതികളും ആവിഷ്കരിക്കാറുണ്ട്. ഇന്ന് ഓരോ രൂപതയുടെയും വിശ്വാസപരിശീലന കേന്ദ്രം വളരെ ഭാവസുന്ദരമായ വിശ്വാസപരിശീലന ശൈലികളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വിശ്വാസ പരിശീലനത്തെക്കുറിച്ച് ഇത്രയും എഴുതുവാന്‍ പ്രേരിപ്പിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പ ഈയിടെ അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സില്‍ നടന്ന പ്രഥമ അന്തര്‍ദ്ദേശീയ വിശ്വാസപരിശീലന സിംപോസിയത്തിനു നല്കിയ സന്ദേശമാണ്. യേശുവിന്‍റെ സന്ദേശം ഏറ്റവും ഹൃദ്യമായ രീതിയില്‍ കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കാന്‍ മാറ്റത്തിനു വിശ്വാസപരിശീലകര്‍ തയ്യാറാകണം എന്നാണ് മാര്‍പാപ്പ പറഞ്ഞത്. എന്താണ് ആ മാറ്റം എന്ന് മാര്‍പാപ്പ വളരെ സുന്ദരമായ വാക്കുകളിലൂടെ അവതരിപ്പിക്കുന്നുണ്ട്. മാര്‍ പാപ്പ മതാദ്ധ്യാപകരെ വിശേഷിപ്പിക്കുന്നത്, "സന്തോഷത്തിന്‍റെ സന്ദേശവാഹകര്‍, ഒരു മിഷനറി ശിഷ്യന്‍റെ വിശ്വസ്തമായ സ്നേഹത്തില്‍ പ്രകാശിതമാകുന്ന സൗന്ദര്യത്തിന്‍റെയും നന്മയുടെയും കാവല്‍ക്കാര്‍" എന്നൊക്കെയാണ്.

മാര്‍പാപ്പയുടെ സന്ദേശത്തിന്‍റെ ഉള്ളടക്കം ഒരു വിശ്വാസപരിശീലകന്‍റെ വിളിയും ചുമതലയും എന്തായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. പലപ്പോഴും മതാദ്ധ്യാപകര്‍ക്ക് ഉണ്ടാകുന്ന സംശയമുണ്ട്; അവര്‍ ഞായറാഴ്ച കുട്ടികളുടെ കൂടെ ക്ലാസ്സില്‍ ആയിരിക്കുമ്പോള്‍ മാത്രമാണോ അവരുടെ ചുമതല നിര്‍വഹിക്കേണ്ടത്, അഥവാ അപ്പോള്‍ മാത്രമാണോ അവര്‍ വിശ്വാസപരിശീലകരായി വര്‍ത്തിക്കേണ്ടത്? എന്തൊക്കെ പ്രവൃത്തികള്‍ ചെയ്യുമ്പോഴാണ് അവര്‍ അവരുടെ ദൗത്യവും ചുമതലയും നിര്‍വഹിക്കുന്നത്? ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിക്കുന്നത് ഫ്രാന്‍സിസ് അസ്സീസിയുടെ ഒരു ഉദ്ധരണികൊണ്ടാണ്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ശിഷ്യന്മാര്‍ തങ്ങളെ പ്രസംഗിക്കാന്‍ പഠിപ്പിക്കണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ അവരോട് പറഞ്ഞു, "ബ്രദര്‍, രോഗികളെ സന്ദര്‍ശിക്കുമ്പോഴും കുട്ടികളെ പഠിപ്പിക്കുമ്പോഴും ദരിദ്രന് ഭക്ഷണം കൊടുക്കുമ്പോഴും നാം പ്രസംഗിക്കുകയാണ്"

മറ്റ് ഉദ്യോഗങ്ങള്‍ പോലെയല്ല വിശ്വാസപരീശിലനം. അത് വി ശ്വാസപരീശിലകന് ബാഹ്യമായ കാര്യമല്ല. അത് അയാളുടെ ഉള്ളില്‍ നിന്നും വരുന്നതാണ്. എന്നുവച്ചാല്‍ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്താതെ വിശ്വാസം പരിശീലിപ്പിക്കാന്‍ സാധിക്കുകയില്ല. അത് പഠിപ്പിക്കുന്നയാളുടെ ബോധ്യങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും കിനിയുന്നതും വിശ്വാസപരിശീലകന്‍റെ ജീവിതത്തില്‍ ആദ്യം ലഭിച്ച വിശ്വാസത്തിന്‍റെ പ്രബോധനങ്ങളില്‍ നിന്നും രൂപപ്പെടുന്നതുമാണ്. അവരുടെ ജീവിതം കൊണ്ടു തന്നെ വിശ്വാസം പ്രഘോഷിക്കേണ്ടവരാണ്. ഇത് ഒരു വിളിയും ദാനവുമാണ്.

ഒരു മതാദ്ധ്യാപകന്‍റെ ആശയങ്ങളും ഭാവനകളും അവനില്‍ നിന്നല്ല ആരംഭിക്കേണ്ടത്. അത് ക്രിസ്തുവില്‍ നിന്നാണ് തുടങ്ങേണ്ടത്. ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിന്‍റെ കൂടെ ആയിരിക്കേണ്ടവരാണ് വിശ്വാസപരിശീലകര്‍. അവരുടെ ജീവിതം മുഴുവനും ക്രിസ്തുവും വചനവും ക്രിസ്തുവിന്‍റെ കൂദാശകളുമായി ബന്ധപ്പെടുത്തിയാണ് നയിക്കേണ്ടത്. അവിടെ സമയമോ സാഹചര്യമോ ഇല്ല. എല്ലായ്പ്പോഴും ക്രിസ്തുവിലായിരിക്കേണ്ടവരാണ് അവര്‍.

വിശ്വാസപരിശീലകന്‍റെ ജീവിതം ക്രിസ്തു ആനന്ദവും സന്തോഷം കൊണ്ടും നിറയ്ക്കുന്നു. അതിനാല്‍ വിശ്വാസപരിശീലകനും കുടുംബത്തിലും സമൂഹത്തിലും മറ്റുള്ളവര്‍ക്ക് ആനന്ദവും സന്തോഷവും കൈമാറുന്നവരായിരിക്കണം. യേശുനാഥന്‍ തന്‍റെ ശ്രോതാക്കളുടെ ഭാവവും രീതിയും അനുസരിച്ച് ദൈവത്തിന്‍റെ വചനം ഭാവാത്മകവും ലളിതവുമായി അവതരിപ്പിച്ചതു പോലെ വിശ്വാസ പരിശീലകരും അവരുടെ മുമ്പില്‍ വരുന്ന കുട്ടികളുടെ ഭാവനയ്ക്കും ഭാഷയ്ക്കും രീതിക്കും പറ്റുന്ന വിധത്തില്‍ ക്രിസ്തുവിനെ പകര്‍ന്നു നല്കണം. അതിന് പരിശീലന രീതയില്‍ മാറ്റം കൊണ്ടുവരണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്. ഇന്നത്തെ സാഹചര്യത്തിനിണങ്ങാത്ത വിധം ക്രിസ്തുവിനെയും പ്രബോധനങ്ങളെയും അവതരിപ്പിച്ചാല്‍ കുട്ടികള്‍ക്കു മനസ്സിലാകില്ല. അവര്‍ക്ക് ഗ്രഹിക്കാന്‍ സാധിക്കാത്തിടത്ത് എന്ത് പ്രഘോഷമാണ് നടക്കുന്നത്? വിശ്വാസ പരിശീലനം എന്നാല്‍ കുട്ടികളുടെ ബുദ്ധിയില്‍ ക്രിസ്തുവിനെക്കുറിച്ച് ഏതാനും "ഡേറ്റ" നിറയ്ക്കലല്ല. അത് അവനിലും അവളിലും ക്രിസ്തുവിനെ രൂപപ്പെടുത്തുന്നതായിരിക്കണം.

ഫുള്‍സ്റ്റോപ്പ്: വിശ്വാസ പരിശീലകന്‍ (മതാദ്ധാപകന്‍) എന്ന വിശേഷണം നമുക്കിഷ്ടമാണ്. പക്ഷേ അതിന് അര്‍ഹരാകുവാന്‍ നാം ക്രിസ്തുവില്‍ പുതിയ മനുഷ്യരായി തീരണം. അതിനു തയ്യാറാകാത്തവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഈ ദൗത്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org