ദൈവത്തിന്റെ സ്വന്തം നാട് എന്ന ഐറണി

ദൈവത്തിന്റെ സ്വന്തം നാട് എന്ന ഐറണി

അജോ രാമച്ചനാട്ട്

ദൈവത്തിന്റെ സ്വന്തം നാട്. ഏറ്റവും കൂടുതല്‍ അഭ്യസ്ത വിദ്യരുള്ള നാട്. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാ നം. ഡിഗ്രിക്കാരും പിജിക്കാരും പി.എച്ച്.ഡിക്കാരും അരങ്ങു തകര്‍ക്കുന്ന ഒരു ലോകം. ജോലി ലഭിക്കാതെ അലയുന്ന ബിടെക്കുകാര്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന നാട്. എന്നിട്ടും…
നോക്കൂ, എന്റെ മനസ്സ് വല്ലാതെ പിടയുന്നുണ്ട്.
ഇത്രയധികം അറിവും സംസ്‌കാരവും പാരമ്പര്യവും മൂല്യബോധവുമൊക്കെ ഉണ്ടായിട്ടും ഈ നാടിന് അതിനൊത്തുള്ള വളര്‍ച്ചയുണ്ടോ? കെട്ടുറപ്പുണ്ടോ?
ഏത് അറിവും സമൂഹനന്മയ്ക്കാവണം. ഏത് കഴിവും സമൂഹ നിര്‍മ്മിതിക്കാവണം.
രാഷ്ട്രീയനേതാക്കന്മാരും സാംസ്‌കാരികനായകര്‍ എന്ന് വിളിക്കപ്പെടുന്നവരും (സ്വയം അഭിമാനിക്കുന്നവരും) ഈ നാട്ടിലെ അഭ്യസ്തവിദ്യരും ഒരുമിച്ച് ചേര്‍ ന്ന് ഈ നാടിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് ഒരു master plan തയ്യാറാക്കിയിട്ടുണ്ടോ ഇത്ര കാലമായിട്ടും?
കേരള സംസ്ഥാനത്തിന്റെ ചരിത്രം നോക്കൂ.
ഓരോ കാലഘട്ടത്തിലും ആരൊക്കെയോ എന്തൊക്കെയോ തുടങ്ങുന്നു, ഫയലിലോ പാതി വഴിയിലോ മുടങ്ങുകയോ, അല്ലെങ്കില്‍ തുടങ്ങിയിടത്തുനിന്ന് തുലോം ചേര്‍ച്ച ഇല്ലാത്ത വിധത്തില്‍ മുടന്തി നടക്കുന്ന എന്തോ ഒന്നിലേയ്ക്ക് എത്തുകയോ ചെയ്യുന്നു.
അപ്പോഴേയ്ക്കും വീണ്ടും പുതിയ പദ്ധതികള്‍.

രാഷ്ട്രീയനേതാക്കന്മാരും സാംസ്‌കാരിക നായകര്‍
എന്ന് വിളിക്കപ്പെടുന്നവരും
(സ്വയം അഭിമാനിക്കുന്നവരും)
ഈ നാട്ടിലെ അഭ്യസ്തവിദ്യരും ഒരുമിച്ച് ചേര്‍ന്ന് 
ഈ നാടിന്റെ
സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് 
ഒരു master plan
തയ്യാറാക്കിയിട്ടുണ്ടോ 
ഇത്ര കാലമായിട്ടും?


ആസൂത്രണങ്ങള്‍ക്കും പഠനത്തിനും, അവയ്ക്ക് വേണ്ടിയുള്ള വന്‍ സാമ്പത്തിക ചെലവുകള്‍ക്കും കണക്കില്ലാത്ത സമയനഷ്ട ത്തിനും ശേഷം അവയില്‍ പലതും വെള്ളത്തില്‍ വരച്ച വരകളാകുന്നു.
നാഗസാക്കി ഹിരോഷിമ ദുരന്തങ്ങള്‍ക്ക് ശേഷം ആ നാടുകളില്‍ ഉണ്ടായ അദ്ഭുതാവഹമായ പുരോഗതിയെക്കുറിച്ച് ഓരോ കേരളീയനും പഠിക്കേണ്ടതുണ്ട്. മൂന്നാം ലോകരാജ്യങ്ങളെന്നും വികസ്വരരാഷ്ട്രങ്ങളെന്നും സാമൂഹ്യപാഠ പുസ്തകങ്ങള്‍ മാറ്റി നിര്‍ത്തിയപ്പോഴും ചൈനയും ജപ്പാനും തായ്‌ലന്‍ഡുമൊക്കെ നടത്തിയ പരിശ്രമങ്ങളുടെ കഥ നമ്മുടെ തല കുനിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധങ്ങളെയും പകര്‍ച്ച വ്യാധികളെയും സാമ്പത്തിക തകര്‍ച്ചകളെയുമൊക്കെ അതിജീവിക്കുന്ന പശ്ചാത്യരാജ്യങ്ങളുടെ ആവേഗം എന്നാണ് ഇനി നമ്മള്‍ സ്വന്തമാക്കുക?
വികസനം നടക്കേണ്ടത് സോഷ്യല്‍ മീഡിയയില്‍ അല്ല. വികസനം പൂവണിയേണ്ടത് ഡിജിറ്റല്‍ സ്‌ക്രീനുകളിലുമല്ല. യഥാര്‍ത്ഥ വികസനമെന്നത്, ഈ രാജ്യത്തെ ഓരോ പൗരന്റെയും ജീവിതനിലവാരവും ആത്മവിശ്വാസവും ഉയരു ന്നിടത്താണ്.
നേതാവും അണിയും, വൈറ്റ് കോളര്‍കാരനും കര്‍ഷകനും, മുതലാളിയും തൊഴിലാളിയും ഒരേ സമാധാനവും ഒരേ സ്വാതന്ത്ര്യവും അനുഭവിച്ചു തുടങ്ങുമ്പോഴാണ്.
മണ്ണില്‍ പണിയുന്ന കര്‍ഷകനും അടുപ്പത്ത് കഞ്ഞിവയ്ക്കുന്ന ഒരു വീട്ടമ്മയും നൂറു രൂപയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ പമ്പിലെത്തുന്ന ഒരു കൂലിപ്പണിക്കാരനും, വഴിയേ തനിയെ നടന്നുപോകുന്ന ഒരു പെണ്‍കുഞ്ഞും സമാധാനം അനുഭവിക്കാത്ത ഒരു നാട്ടില്‍, നാളെയെക്കുറിച്ച് വല്ലാതെ ഉല്‍കണ്ഠപ്പെടുന്ന ഒരു നാട്ടില്‍, സ്വസ്ഥമായി ഉറങ്ങാത്ത ഈ മണ്ണില്‍ നിങ്ങള്‍ എന്ത് വികസനമാണ് കൊണ്ടുവന്നത്? ഈ നാട് വളരുന്നു എന്ന് ആരുടെ മുഖത്ത് നോക്കിയാണ് വീമ്പിളക്കുന്നത്?
ആയുസ്സിന്റെ പാതിയിലധികം വഴി പിന്നിട്ട ഒരു വോട്ടറിന്റെ പരിഭവം മാത്രമല്ലിത്. എവിടേയ്ക്ക് തിരിഞ്ഞ് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലാത്ത കോടിക്കണക്കിനു പൗരന്മാരുടെ സങ്കടമാണിത്.
ആര്‍ത്തിയും അധികാരമോഹവും സ്വജന പക്ഷപാതവും ചിതമല്ലാത്ത കുടുംബജാതിമത സ്‌നേഹങ്ങളും ഒന്ന് മാറ്റിവയ്ക്കാമോ ഒരു 365 ദിവസത്തേയ്ക്ക്?
ഭരണപക്ഷവും പ്രതിപക്ഷവും സാംസ്‌കാരികമതനേതാക്കളും തനിക്ക് വേണ്ടി സംസാരിക്കാതെ, ഈ മണ്ണിന്റെ നന്മയ്ക്കായി സംസാരിച്ചുതുടങ്ങാമോ ഈ വരുന്ന ഡിസംബര്‍ 31 വരെ?
നിങ്ങള്‍ ഈ മണ്ണില്‍ അത്ഭുതങ്ങള്‍ തീര്‍ക്കും!
നിങ്ങളെ ഞങ്ങള്‍ മഹാന്മാരെന്ന് വിളിക്കും!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org