ജനങ്ങളെ നടുറോഡിലിട്ടു തല്ലിച്ചതയ്ക്കുന്നതോ ഭരണം?

ജനങ്ങളെ നടുറോഡിലിട്ടു തല്ലിച്ചതയ്ക്കുന്നതോ ഭരണം?

കമ്യൂണിസ്റ്റുകാര്‍ ജനപക്ഷത്തു നില്‍ക്കുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. പിണറായി സര്‍ക്കാര്‍ ഏതു പക്ഷത്താണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഏറെക്കുറെ മനസ്സിലായിത്തുടങ്ങി. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന പരസ്യം നല്ലതുതന്നെ. ആരോടൊപ്പമാണ് എന്നാര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല. മാത്രമല്ല ഒപ്പമുള്ളതു തല്ലാനാണെന്നു വന്നാല്‍ ഞങ്ങളോടൊപ്പം വേണ്ടെന്നു പറയാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും. യുഡിഎഫുകാര്‍ പ്രീണിപ്പിച്ചു ഭരിച്ചു. എല്‍ഡിഎഫ് പേടിപ്പിച്ചു ഭരിക്കുന്നു. സമരം ചെയ്തു കരുത്താര്‍ജ്ജിച്ച കമ്യൂണിസ്റ്റുകാര്‍ വൈപ്പിന്‍കരക്കാരോടു കാട്ടിയതു മാപ്പര്‍ഹിക്കാത്ത ക്രൂരതയായിപ്പോയി. ജനങ്ങളെ പട്ടിയെപ്പോലെ തല്ലിച്ചതച്ചിട്ട് മാവോയിസവും ഭീകരപ്രവര്‍ത്തനവും ഭയന്നിരുന്നു എന്ന സ്ഥിരം പൊലീസ് ന്യായീകരണം ഇക്കാര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കില്ല.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വൈപ്പിന്‍പോലൊരു സ്ഥലത്ത്, ഏതു സമയത്തും പൊട്ടിത്തെറിക്കുന്ന ബോംബു കുഴിച്ചിട്ടാല്‍ ജനങ്ങളെതിര്‍ക്കും. ജീവനു ഭീഷണിയായി വരുന്ന എന്തിനേയും എതിര്‍ക്കാന്‍ മാവോയിസ്റ്റും ഭീകരപ്രവര്‍ത്തകരുമൊന്നുമാകേണ്ട. എറണാകുളം വൈപ്പിന്‍ പുതുവയ്പ് ലൈറ്റ്ഹൗസിനു സമീപം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 15450 ടണ്‍ എല്‍.പി.ജി സംഭരിക്കുകയും ദിനംപ്രതി 500 ടാങ്കര്‍ ലോറികളില്‍ വിവിധ പ്രദേശങ്ങളിലേക്കു കൊണ്ടുപോവുകയും ചെയ്യാന്‍ കഴിയുന്ന ഒരു സംഭരണകേന്ദ്രം തീരപരിധിനിയമങ്ങളും പഞ്ചായത്തു ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഇടക്കാല ഉത്തരവും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകളും ലംഘിച്ചുകൊണ്ടാണ് ഐ.ഒ.സി.നിര്‍മ്മാണം നടത്തുന്നത്. ഇതിനെതിരെ ജനങ്ങള്‍ 16.02.2017 മുതല്‍ അനിശ്ചിതകാല ഉപരോധസമരം നടത്തുകയാണ്.പുതുവയ്പ് എല്‍.പിജി. ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണു സമരം. ജനിച്ച മണ്ണില്‍ സ്വസ്ഥമായി ജീവിക്കാനും നിലനില്‍ക്കാനും വേണ്ടിയുള്ള സമരം.

വികസനവിരുദ്ധസമരം എന്നു പറഞ്ഞ് ആക്ഷേപിക്കാറുണ്ട്. വികസനം വേണ്ടതുതന്നെ. വികസനത്തിന് ആരും എതിരല്ല. എറണാകുളം ജില്ലയിലെ വൈപ്പിന്‍ ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ്. ജനങ്ങളുടെ വാസഗൃഹങ്ങളോടു ചേര്‍ന്ന് അങ്ങേയറ്റം അപകടസാധ്യതയുള്ള നിര്‍ മ്മാണമാണു നടന്നുകൊണ്ടിരിക്കുന്നത്. സുരക്ഷാഭയം നീക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. പദ്ധതി നടപ്പായാല്‍ 500-നും 600- നും ഇടയില്‍ ലോഡുകള്‍ ഇവിടെ നിന്നു ദിനംപ്രതി കൊണ്ടുപോകും. ഇതിനിടയില്‍ ഉണ്ടാകുന്ന ചെറിയ ചോര്‍ച്ച മതി ഇവിടെ ജീവിതം ദുരിതപൂര്‍ണമാകാന്‍. വാതകചോര്‍ച്ചകള്‍ ഇതിനകം ഉണ്ടാക്കിയിട്ടുള്ള ദുരന്തങ്ങള്‍ ഭയാനകമാംവിധം ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പിങ്ക് സിറ്റിയെന്നാണ് ജയ്പൂര്‍ അറിയപ്പെടുക. ഇന്ത്യയിലെ മനോഹരമായ നഗരങ്ങളിലൊന്ന്. 2009 ഒക്ടോബര്‍ 29-ന് ജയ്പൂര്‍ കറുത്ത സിറ്റിയായി മാറി. അന്നു രാത്രി ഏഴരയ്ക്കാണ് ഐ.ഒ.സി.യുടെ ഓയില്‍ ഡിപ്പോ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സിതാപുരം വ്യവസായമേഖയിലെ ഐ.ഒ.സി പ്ലാന്‍റില്‍ എണ്ണായിരം കിലോ മീറ്റര്‍ പെട്രോള്‍ സംഭരിച്ചിരുന്ന ഭൂഗര്‍ഭ ടാങ്കിലേക്കാണ് തീ പടര്‍ന്നത്. 12 പേര്‍ തല്‍ക്ഷണം മരിച്ചു. 300 പേര്‍ പൊള്ളലേറ്റും ശ്വാസം മുട്ടിയും പകുതി ജീവനോടെ രക്ഷപ്പെട്ടു. പൊട്ടിത്തെറി കാരണം റിക്റ്റര്‍ സ്കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. തീയണയ്ക്കാന്‍ ഒരാഴ്ചക്കാലം ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഐ.ഒ.സി. മുംബൈയില്‍നിന്നു വിളിപ്പിച്ച സാങ്കേതിക വിദഗ്ദ്ധര്‍ കാഴ്ചക്കാരായി നോക്കി നിന്നു. ആളിപ്പടരുന്ന പെട്രോള്‍ കത്തിയമരുകയേ വഴിയുള്ളൂ. ചുറ്റുവട്ടത്തു താമസിച്ചിരുന്ന അഞ്ചു ലക്ഷം ആളുകളെ ഒഴിപ്പിച്ചു. ജയ്പൂര്‍ ശവക്കോട്ടപോലെ മൂകമായി. അന്നവിടേയും സുരക്ഷാമാനദണ്ഡങ്ങള്‍ പരിപൂര്‍ണമായി പാലിച്ചാണ് പ്ലാന്‍റ് നിര്‍മ്മിക്കുന്നത്, ഒരു അപകടവും ഉണ്ടാവില്ലെന്നും പറഞ്ഞാണ് പ്ലാന്‍റ് നിര്‍മ്മിച്ചത്. പക്ഷേ 2009 ഒക്ടോബര്‍ 29-ന് സകലസുരക്ഷാസംവിധാനങ്ങളും തകര്‍ന്നു. ഓയില്‍ ഡിപ്പോയില്‍നിന്നു പൈപ്പുലൈനിലേക്കു പെട്രോള്‍ മാറ്റിയപ്പോഴുണ്ടായ പിഴവായിരുന്നു കാരണം. തീര്‍ന്നില്ല, മൂന്നു വര്‍ഷം കഴിഞ്ഞ് 2013 ജനുവരി 6-ന് ഗുജറാത്തിലെ ഐ.ഒ.സി. പ്ലാന്‍റിലും സമാനമായ അപകടമുണ്ടായി. നാലു പേര്‍ മരിച്ചു. ഗുജറാത്തിലെ ഹാസിറ പ്ലാന്‍റില്‍ ഐ.ഒ.സി. യുടെ അഞ്ചു ഭൂഗര്‍ഭ പെട്രോള്‍ ടാങ്കുകളാണ് ഒരുമിച്ചു കത്തിയമര്‍ന്നത്. 2014 ജൂണ്‍ 26-ന് ആന്ധ്രാപ്രദേശിലെ ഗയില്‍ഗ്യാസ് പൈപ്പുലൈനില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത് 14 പേരാണ്. ബ്രിട്ടീഷുകാരനായ പെട്രോളിയം-പ്രകൃതിവാതകസാങ്കേതിക സുരക്ഷാ വിദഗ്ദ്ധന്‍ പ്രൊഫ. പീള്‍ക്ത ഡി കാമറൂണിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ ഇത്തരം ടെര്‍മിനലുകളുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ ഭീകരാക്രമണ സാധ്യതകളുള്ള പ്രദേശങ്ങളായി മാറിയിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. ഭീകരര്‍ക്ക് ബോംബെറിയുന്നതിനേക്കാള്‍ എളുപ്പമാണ് ഇത്തരം പ്ലാന്‍റുകളില്‍ ചോര്‍ച്ചയുണ്ടാക്കുന്നത്.

എന്തായാലും ന്യായമായ ആവശ്യവുമായാണ് സമരവുമായി വൈപ്പിന്‍കരക്കാര്‍ രംഗത്തുള്ളത്. പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതും റിപ്പോര്‍ട്ടുവരുംവരെ പണി നിര്‍ത്തിവച്ചതും നല്ല തീരുമാനങ്ങളാണ്. സമരക്കാരെ തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകാതിരുന്നത് ഒട്ടും ശരിയായില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org