ജീവിതം പഠിപ്പിക്കേണ്ട പാഠശാലകള്‍

ജീവിതം പഠിപ്പിക്കേണ്ട പാഠശാലകള്‍

എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തു വന്നു. സംസ്ഥാനം ഒട്ടാകെ ഉജ്ജ്വല വിജയം. പരീക്ഷ എഴുതിയ എല്ലാവരുംത ന്നെ വിജയിച്ചു, ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടിയിരിക്കുന്നു. പക്ഷേ, എത്രപേര്‍ ജീവിതത്തിന്‍റെ സര്‍വ്വകലാശാലയുടെ പടികള്‍ കടക്കാന്‍ പ്രാപ്തരാണ്? ബോധനസമ്പ്രദായത്തെയോ പരീക്ഷാസമ്പ്രദായത്തെയോ കുറ്റപ്പെടുത്തി പറയുകയല്ല, ബിരദാനന്തരബിരുദമുള്ളവര്‍ക്കുപോലും ശരിക്ക് എഴുതാനും വായിക്കാനും സാധിക്കുന്നില്ല. അപ്പോള്‍ എസ്എസ് എല്‍സി പരീക്ഷ പാസ്സായി പുറത്തിറങ്ങുന്നരുടെ കാര്യം പറയേണ്ടതുണ്ടോ? പരീക്ഷകള്‍ പാസ്സായി പുറത്തിറങ്ങുന്നവര്‍ വലിയ ജ്ഞാനികളായിരിക്കണമെന്നു നിര്‍ബന്ധമില്ല. പക്ഷേ സാമാന്യവിവരം ഉണ്ടായിരിക്കണമല്ലോ? പുതിയ തലമുറ ശാസ്ത്ര-സാങ്കേതിക രംഗത്തു വലിയ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ മനുഷ്യരോടു പെരുമാറാന്‍ അറിയാമോ? പരസ്പര ബഹുമാനവും ആദരവും മനസ്സിലെങ്കിലും സൂക്ഷിക്കുന്നുണ്ടോ? ലൈംഗികാരാജകത്വം വര്‍ദ്ധിച്ചു വരുന്നതെന്തുകൊണ്ടാണ്? പൊതുസ്വത്തിനെക്കുറിച്ചു ബോധ്യമുണ്ടോ? പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചു കാഴ്ചപ്പാടുണ്ടോ? എന്തു മൂല്യ സങ്കല്‍പമാണുള്ളത്? സമൂഹത്തെക്കുറിച്ചുള്ള മൊത്തമായ ഒരു കാഴ്ചപ്പാടുണ്ടോ? ഇതൊക്കെ മാതാപിതാക്കളും അദ്ധ്യാപകരും ഭണാധികാരികളും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

മത്സരാധിഷ്ഠിത ജീവിതമല്ല സഹകരണാധിഷ്ഠിത ജീവിതമാണു വേണ്ടത്
1871-ല്‍ ജപ്പാനില്‍ ജനിച്ച ത്സുനേസാബുരോ മാകിഗുഷി വിദ്യാഭ്യാസരംഗത്തു വിപ്ലവാത്മകമായമാറ്റം വരുത്താന്‍ പാകത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുതിയ ദാര്‍ശനിക നിലപാടുകള്‍ അവതരിപ്പിച്ച വ്യക്തിയാണ്. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യനിര്‍ണയത്തിലെ പിഴവാണ് ജപ്പാനിലെ വിദ്യാഭ്യാസരംഗത്തെ ഏറ്റവും വലിയ പ്രശ്നം എന്നദ്ദേഹം വിശ്വസിച്ചു. ദൈനംദിന ജീവിത്തിലെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നകന്ന് അമൂര്‍ത്തചിന്തകളില്‍ വ്യാപരിക്കുന്ന വരേണ്യവര്‍ഗം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതാണു പ്രശ്നം. ബോധനശാസ്ത്ര പഠനങ്ങളുടെ ദിശ യഥാര്‍ത്ഥ പഠന സാഹചര്യങ്ങളുമായി ബന്ധപ്പെടണം. വിദ്യാഭ്യാസപ്രവര്‍ത്തകര്‍ തങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട് അത്തരം സിദ്ധാന്തങ്ങളെ മൂര്‍ത്തമായ പരിഷ്കാരങ്ങളുടെ രൂപത്തില്‍ തങ്ങളുടെ പ്രയോഗത്തില്‍ ഉള്‍ച്ചേര്‍ക്കണം. സാമൂഹിക ബോധത്തോടെ കുട്ടികളെ വളര്‍ത്തിയെടുക്കാനാണു വിദ്യാഭ്യാസം. തങ്ങളെ വളര്‍ത്തുന്നതു സമൂഹമാണെന്നും തങ്ങള്‍ സമൂഹത്തോടു കടപ്പെട്ടിരിക്കുന്നുവെന്നുമുള്ള ബോധ്യത്തില്‍ വേണം കുട്ടികള്‍ വളര്‍ന്നുവരാന്‍. (ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസമേഖല ഇക്കാര്യത്തില്‍ പരാജയപ്പെടുന്നു. നല്ലൊരു സംഘം കാശുകൊടുത്തു പഠിച്ചു വരുമ്പോള്‍ അവര്‍ക്കു സമൂഹത്തോടു കാര്യമായ കടപ്പാടില്ലാതാകുന്നു). മത്സരാധിഷ്ഠിത ജീവിതമല്ല സഹകരണാധിഷ്ഠിത ജീവിതമാണു വിദ്യാഭ്യാസത്തിലൂടെ രൂപപ്പെടേണ്ടത്. സ്വന്തം ബലദൗര്‍ബല്യങ്ങളെപ്പോലെതന്നെ അന്യരുടെ ബലദൗര്‍ബല്യങ്ങളും മനസ്സിലാക്കാന്‍ ഓരോ വ്യക്തിക്കും കഴിവുണ്ടായാല്‍ മാത്രമേ സഹകരണാത്മകജീവിതം സാധിക്കുകയുള്ളൂ. വിദ്യാലയം, വീട്, പ്രാദേശിക സമൂഹം എന്നീ ഘടകങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ഫലപ്രദമായ വിദ്യാഭ്യാസം സാധിക്കുകയുള്ളൂ. പഠനത്തെ ജീവിക്കാനുള്ള തയ്യാറെടുപ്പായിക്കാണരുത്. അതിലുപരി ജീവിക്കുമ്പോള്‍ പഠിക്കുകയും പഠിക്കുമ്പോള്‍ ജീവിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാലയമല്ല പഠിതാവാണ് പഠനപ്രക്രിയയുടെ കേന്ദ്രം. വ്യക്തിയുടെ പ്രകൃതിയും അയാള്‍ ജീവിക്കുന്ന സാമൂഹികസാഹചര്യങ്ങളും ആണ് അടിസ്ഥാന കരിക്കുലത്തിനു രൂപം നല്‍കുന്നത്.

ബുദ്ധിപരമായ വൈവിധ്യതയെ അംഗീകരിക്കുക
മാതാപിതാക്കളില്‍ ബഹുഭൂരിപക്ഷംപേരും ഇപ്പോള്‍ കുട്ടികളെ അവരുടെ ഇഷ്ടംപോലും അന്വേഷിക്കാതെ മെഡിസിനും എന്‍ജിനയറിങ്ങിനും വിടാനുള്ള തത്രപ്പാടിലാണ്. ഹോവാര്‍ഡ് ഗാര്‍ഡനര്‍ എന്ന വിദ്യാഭ്യാസചിന്തകന്‍ പറയുന്നതുപോലെ ബുദ്ധി എന്നത് ഏകമാനസ്വഭാവമുള്ളതല്ല. എല്ലാവര്‍ക്കും ഒരേതരത്തിലുള്ള ബുദ്ധിവിശേഷങ്ങളല്ല ഉള്ളത്. ഒരു കുട്ടിയേയും മറ്റൊരു കുട്ടിയുമായി താരതമ്യംചെയ്ത് വിലയിരുത്താനാവില്ല. കുട്ടിയുടെ തിരിച്ചറിവുകളല്ല, ഓര്‍മ്മശക്തിയാണു പരിശോധിക്കപ്പെട്ടിരുന്നത്. ഉള്ളടക്കത്തിലും ബോധനശാസ്ത്രത്തിലും കാലികമായ മാറ്റം ഉള്‍ക്കൊണ്ടേ മതിയാവൂ. ഏതു വിഷയവും പ്രാദേശിക ബോധനശാസ്ത്രത്തിലൂടെ പഠിക്കാനുള്ള സാഹചര്യമുണ്ടായാല്‍ വിദ്യാഭ്യാസരംഗത്ത് വലിയ വ്യത്യാസമുണ്ടാകും. തീരദേശത്തുള്ള കുട്ടികള്‍ക്ക് തീരദേശ ബോധനശാസ്ത്രവും മലയോരത്തുള്ളവര്‍ക്ക് മലയോരബോധനശാസ്ത്രവും പ്രയോജനപ്പെടുത്താവുന്നതാണ്.

ഭൂമിയുടെ നാഥരാകാന്‍
ലാറ്റിനമേരിക്കന്‍ ചിന്തകനായ പാവ്ളോ ഫ്രയ്റേയുടെ "മര്‍ദ്ദിതരുടെ ബോധനശാസ്ത്രം" എന്ന ഗ്രന്ഥത്തിലുടെ ലാറ്റിനമേരിക്കന്‍ ജനത നിലനിര്‍ത്തിയ നിശ്ശബ്ദസംസ്കാരമാണ് അവരെ അടിമപ്പെടുത്തിയതെന്നു വ്യക്തമാക്കി. എന്തുമേതും വിധിയാണെന്നു വിശ്വസിക്കുകയും ഒന്നിനേയും ചോ ദ്യം ചെയ്യാതെ എല്ലാം സഹിക്കുകയും ചെയ്യുന്ന ഒരു ജനതയ്ക്ക് ഒരു കാലത്തും മോചനമുണ്ടാവില്ലെന്നദ്ദേഹം ജനങ്ങളെ നാടകങ്ങളിലൂടെയും ചിത്രപ്രദര്‍ശനങ്ങളിലൂടെയും ബോധ്യപ്പെടുത്തി. നാം ജീവിക്കുന്ന ഈ ഭൂമി ഒരിക്കലും രക്ഷപ്പെടാനാവാത്തവിധം നാം അകപ്പെട്ടുപോയ ഗുഹയല്ല. മറിച്ച് നമ്മുടെ ഈ ഭൂമിയെ നമുക്കനുകൂലമായി മാറ്റിയെടുക്കാവുന്നതേയുള്ളൂ. നമ്മള്‍ നമ്മുടെ ഭൂമിയെ നമുക്കനുകൂലമായി മാറ്റിയെടുക്കുന്നില്ലെങ്കില്‍ മറ്റാരെങ്കിലും അവര്‍ക്കനുകൂലമായി മാറ്റിയെടുക്കും. അങ്ങനെവന്നാല്‍ അവിടെ നാം അടിമകളാകും എന്നു ജനങ്ങളെ ബോധ്യപ്പെടുത്തി. ജനങ്ങള്‍ അടിമകാളായിത്തീരാനുള്ള മുഖ്യകാരണം അവിടെ നിലനിന്ന ബോധനശാസ്ത്രത്തിലെ പിഴവാണെന്ന് അദ്ദേഹം കണ്ടെത്തി. എല്ലാ അറിവിന്‍റെയും ഉടമ അദ്ധ്യാപകനാണെന്നും കുട്ടി ഒരറിവുമില്ലാത്തവനാണെന്നും വിചാരിച്ചുപോന്ന ഒരു വിദ്യാഭ്യാസസമ്പ്രദായത്തില്‍ അദ്ധ്യപകന്‍റെ അറിവ് കുട്ടിയിലേക്കൊഴുക്കിവിടുന്ന വിദ്യാഭ്യാസസമ്പ്രദായമാണു നിലനിന്നിരുന്നത്. മനുഷ്യന്‍റെ വിളി ഭൂമിയുടെ നാഥനാകാനാണ്. ബൈബിളില്‍, പ്രപഞ്ചസൃഷ്ടി നടത്തിയ ദൈവം സകലത്തിനും പേരിടാന്‍ കൊണ്ടുവരുന്നതു മനുഷ്യന്‍റെയടുത്താണ്. മനുഷ്യനെക്കൊണ്ടു സകലത്തിനും പേരിടീക്കുകവഴി ദൈവം മനുഷ്യനെ സകലത്തിന്‍റെയും നാഥനാക്കുകയായിരുന്നു. മനുഷ്യന്‍ നാഥനാകാന്‍ (സബ്ജക്ടാകന്‍) വിളിക്കപ്പെട്ടവനാണ്. എല്ലാനേരവും വിവരണങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന അദ്ധ്യാപകന്‍ കുട്ടിയെ അടിമയാ(ഓബ്ജക്ട്)ക്കുകയാണ്. ഭൂമിയുടെ നാഥനാകുമ്പോഴേ കുട്ടി ഭൂമിയെ മാറ്റിയെടുക്കാന്‍ പ്രാപ്തനാകുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org