കളഞ്ഞുകിട്ടിയ നാണയം

കളഞ്ഞുകിട്ടിയ നാണയം

ഉയിര്‍പ്പുതിരുനാളിനുശേഷം പന്തക്കുസ്താ തിരുനാളിലേക്കുള്ള യാത്രയിലാണു നാം. നമ്മുടെ വിശ്വാസജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു നല്കുന്ന ബോദ്ധ്യങ്ങള്‍ പങ്കുവയ്ക്കുന്ന ഏഴ് ഒരുക്കചിന്തകള്‍! പ്രാര്‍ത്ഥനാനിര്‍ഭരമായി നമ്മിലെ രോഗങ്ങളെ സമീപിക്കാന്‍ ഈ ചിന്തകള്‍ സഹായിക്കട്ടെ.

ഇന്നു വായിച്ച ലേഖന ഭാഗം വി. പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതിയ 2-ാം ലേഖനം എട്ടാം ഭാഗം 9 മുതല്‍ 12 വരെയുള്ള വാചകങ്ങളായിരുന്നു:
"നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി-തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ. ഒരു വര്‍ഷം മുമ്പേ നിങ്ങള്‍ അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ ഈ കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നു ഞാന്‍ ഉപദേശിക്കുന്നു. നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവനുസരിച്ചു പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍. താത്പര്യത്തോടെയാണു നല്കുന്നതെങ്കില്‍ ഒരുവന്‍റെ കഴിവനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. കഴിവില്ലായ്മ കണക്കാക്കേണ്ടതില്ല."

മറ്റു തിരക്കുകള്‍ മൂലം എന്‍റെ ജീവിതത്തിലെ സമയത്തിന്‍റെയും എളിയ കഴിവുകളുടെയും പത്തു ശതമാനംപോലും ദൈവികകാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. താത്പര്യത്തോടെ അക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന ആലോചന കുറച്ചുകാലമായി ഉണ്ടായിരുന്നു. ഇപ്പോഴിതാ ദൈവശുശ്രൂഷയ്ക്കുള്ള അവസരം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരന്‍ ഒരുക്കിയിരിക്കുന്നു. കര്‍ത്താവിനു സ്തുതി.

കളഞ്ഞുകിട്ടിയ നാണയമാകുന്ന ഈ അവസരം തിളക്കമുള്ളതാകേണ്ടതുണ്ട്. അതിനായി എന്‍റെ മനസ്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകള്‍ തൂത്തെറിയണം. ഒരു ക്ഷണം കൊണ്ട് എല്ലാ ദൗര്‍ബല്യങ്ങളെയും അമര്‍ത്തിച്ചവിട്ടി വിശുദ്ധ ജീവിതം നയിക്കുവാന്‍ മനുഷ്യജന്മങ്ങള്‍ക്കു സാദ്ധ്യമല്ല. കഠിനമായി പരിശ്രമിക്കണം. രോഗക്കിടക്ക അതിനു പരമാവധി സാദ്ധ്യത ഒരുക്കുന്നു. റേഡിയേഷന് ഊഴം കാത്തിരിക്കുമ്പോള്‍ ഒരു രോഗി അയാളുടെ റേഡിയേഷന്‍ കാര്‍ഡ് നേരിട്ടു ചെന്നു വാതിലില്‍ തട്ടി ടെക്നീഷ്യനു കൊടുക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ അക്ഷമനായി. ടെക്നീഷ്യന്‍റെ ശ്രദ്ധ പതറിയാല്‍ ഇനി റേഡിയേഷന്‍ ലഭിക്കേണ്ട എന്‍റെ കാര്യത്തില്‍ തെറ്റ് പറ്റിയാലോ എന്ന ഭയം. ടെക്നോളജിസ്റ്റിന്‍റെ മുറിയില്‍ കയറിയ സംശയം ചോദിച്ച ആളോടും നീരസം തോന്നി. എന്‍റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയമാണ് അതിനു കാരണമായത്. രോഗി ആദ്യം വെടിയേണ്ടത് ഇത്തരം ആകുലതകളും സ്വാര്‍ത്ഥചിന്തകളുമാണ്. സുരക്ഷിതത്വം രോഗിയുടെ കയ്യിലല്ല, സര്‍വേശ്വരനിലാണ്.

പരിശുദ്ധാത്മാവ് ഒപ്പമുള്ള മനുഷ്യന് ഒന്നിനെക്കുറിച്ചും മോശമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല. നന്മ നിറഞ്ഞ കൂട്ടായ്മയുടെ പ്രതീകമാകും ആ വ്യക്തി. അവനവനേക്കാള്‍ അപരനെക്കുറിച്ചു കരുതലുള്ള വ്യക്തി.

തനിക്കു കിട്ടുന്ന ഓരോ സേവനത്തിനും നന്ദി പറയേണ്ടവനാണു രോഗി. കൃതജ്ഞതാഭരിതമായ ഹൃദയത്തില്‍ മാത്രമേ പരിശുദ്ധാത്മാവിനു വന്നു വാഴാന്‍ കഴിയുകയുള്ളൂ. ദൈവത്തോടു കൃതജ്ഞത പ്രകാശിപ്പിക്കുവാനുള്ള ഭൂമിയിലെ മാര്‍ഗമാണു മനുഷ്യരോടു കൃതജ്ഞത പ്രകടിപ്പിക്കുക എന്നത്. ചെറിയവരെന്നോ വലിയവരെന്നോ ഭേദമില്ലാ തെ; എളിയ കാര്യമെന്നോ മഹാകാര്യമെന്നോ വ്യത്യാസമില്ലാതെ; എല്ലാ സേവനങ്ങള്‍ക്കും എല്ലായ്പ്പോഴും എല്ലാവരോടും നന്ദി പറയുക. നന്ദി പറയുന്ന ശീലം ഇല്ലാതിരുന്ന ആളാണു രോഗിയെങ്കില്‍ പണ്ടു പറയേണ്ടിയിരുന്ന നന്ദികൂടി പറഞ്ഞുതീര്‍ക്കുവാനുള്ള അവസരമാണു രോഗശയ്യ.
ഇതുവരെ ചൊല്ലാന്‍ കഴിയാതിരുന്ന പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തീര്‍ക്കാനുള്ള സന്ദര്‍ഭവുമാണ് രോഗകാലം. ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നു കാണിക്കാന്‍ യേശു പറഞ്ഞ ന്യായാധിപന്‍റെയും വിധവയുടെയും ഉപമ നമ്മെ പഠിപ്പിക്കുന്നതു പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചാണ്.

പ്രാര്‍ത്ഥനയുടെ അഗ്നിയില്‍ വിശുദ്ധിയുടെ പത്തര മാറ്റ് തങ്കമായി രോഗി തിളങ്ങണം. അതുവരെയില്ലാത്ത ചൈതന്യത്താല്‍ ആ മുഖം പ്രകാശിക്കണം. രോഗിയെ നോക്കുന്ന ഏതൊരാള്‍ക്കും പ്രത്യാശയുടെ സ്പന്ദനം തിരിച്ചറിയാനാകണം. തന്‍റെ മുന്നിലിരിക്കുന്നതു രോഗിയല്ലെന്നും ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്തിയ യോഗിയാണെന്നുമുള്ള ബോദ്ധ്യം സന്ദര്‍ശകന് ഉണരണം.

രോഗം ഒരു വ്യക്തിക്കു സ്വന്തം ആത്മാവിനെ തിരിച്ചറിയാനുള്ള അവസരമൊരുക്കുന്നു. താന്‍ ആരാണ്, എവിടെ നിന്നു വന്നു, എവിടേക്കു പോകുന്നു എന്നീ ചോദ്യങ്ങള്‍ ശക്തമായി ഉന്നയിക്കാനും വ്യക്തമായ ഉത്തരങ്ങള്‍ക്കുവേണ്ടി അന്വേഷിക്കാനും രോഗിക്ക് അവസരം ലഭിക്കുന്നു. രോഗിയെ വിശുദ്ധനും വിശുദ്ധയുമാക്കുന്ന ഉത്തരങ്ങളായിരിക്കും അവ.

രോഗി എങ്ങനെ പെരുമാറണമെന്നു കര്‍ത്താവു പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. "ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ അര്‍ത്ഥം" (മത്താ. 9:13). രോഗികളും ഉള്‍ക്കൊള്ളണം. കഷ്ടപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടു കാരുണ്യം കാണിക്കാന്‍ രോഗക്കിടക്കയിലും കഴിയും.
രോഗി സ്വന്തം മനസ്സിന്‍റെയും ശരീരത്തിന്‍റെയും ഒന്നാമത്തെ ശുശ്രൂഷകനാകണം. തനിക്കു കഴിയാത്ത കാര്യങ്ങള്‍ മാത്രമേ മറ്റു ശുശ്രഷകരെക്കൊണ്ടു നിര്‍വഹിപ്പിക്കാവൂ. സൗഖ്യം നേടി പുതിയ ജീവിതത്തിലേക്കു പ്രവേശിക്കുമ്പോള്‍ മറ്റു രോഗികളെ ശുശ്രൂഷിക്കുവാന്‍ തയ്യാറാണം. "ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍" (മത്താ. 10:8).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org