കലര്‍പ്പില്ലാത്ത സ്നേഹം

കലര്‍പ്പില്ലാത്ത സ്നേഹം

ഫാ. വര്‍ഗ്ഗീസ് പെരുമായന്‍

"യേശുവിന്‍റെ കലര്‍പ്പില്ലാത്ത സ്നേഹം ധ്യാനിക്കുമ്പോഴാണു നമ്മിലെ മാലിന്യങ്ങളുടെ ആധിക്യം വ്യക്തമാകുന്നത്. യേശുവിന്‍റെ സ്നേഹത്തിലെ കലര്‍പ്പില്ലായ്മ ഏറ്റവും പ്രകടമാകുന്നതു പീഡാസഹനവേളയില്‍ അവന്‍ കാണിക്കുന്ന സഹോദരപരിഗണനയിലാണ്."
ആധുനിക ജീവിതശൈലിയുടെ പരിണതഫലമായി ജലം മലിനമാകുന്നതിനനുസരിച്ച്, ശുദ്ധജലത്തിനായി "വാട്ടര്‍ പ്യൂരിഫയര്‍" വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജീവിതയാത്രയ്ക്കിടെ ബന്ധങ്ങളുടെ സ്നേഹജലത്തില്‍ അടിഞ്ഞുകൂടിയ മാലിന്യമെല്ലാം ശുദ്ധീകരിക്കാനുള്ള "പ്യൂരിഫയര്‍" ആയി നോമ്പുകാലത്തെ കാണാം. മലിനജലം കുടിച്ചാല്‍ ദാഹം മാറുമെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുമെന്നതു തീര്‍ച്ചയാണ്. മറ്റുള്ളവര്‍ നമ്മോടു കാണിക്കുന്ന സ്നേഹത്തില്‍ കലര്‍പ്പുണ്ടെന്നു തിരിച്ചറിയുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്ന അസ്വസ്ഥത എത്രയോ വലുതാണ്. അതുപോലെതന്നെ, നമ്മള്‍ മറ്റുള്ളവര്‍ക്കു നല്കുന്ന സ്നേഹത്തിലും കലര്‍പ്പുണ്ടെങ്കില്‍ നാം അവര്‍ക്കു ഭാരമായിത്തീരുകയാണ്. സൗഹൃദങ്ങളില്‍ "ഹിഡന്‍ അജണ്ട" ദൃശ്യമാകുമ്പോള്‍, സേവനത്തില്‍ അധികാരത്തിന്‍റെ കലര്‍പ്പു പടരുമ്പോള്‍ ദൈവികശുശ്രൂഷയില്‍പ്പോലും ലാഭേച്ഛ കടന്നുകൂടുമ്പോള്‍ ഒരു "പ്യൂരിഫയറി"നുള്ള ആഗ്രഹം ആര്‍ക്കാണ് ഇല്ലാത്തത്?
സ്നേഹബന്ധങ്ങളിലെ കലര്‍പ്പു മനസ്സിലാക്കാന്‍ പഴയ നിയമത്തില്‍ നിന്ന് രണ്ടു സംഭവങ്ങള്‍ ചിന്താവിഷയമാക്കാം. ഒന്ന്, സാംസന്‍റെയും ദലീലയുടെയും സ്നേഹബന്ധം (ന്യായാ. 15). സാംസന്‍റെ ശത്രുക്കളായ ഫിലിസ്ത്യരുടെ നേതാക്കള്‍ ദലീലയെ സ്വാധീനിച്ചു സാംസന്‍റെ ശക്തിയുടെ രഹസ്യം മനസ്സിലാക്കാന്‍ ശ്രമിച്ചു. രഹസ്യം ചോര്‍ത്തിക്കിട്ടാന്‍ അവര്‍ ഓരോരുത്തരും 1100 വെള്ളിനാണയം ദലീലയ്ക്കു വാഗ്ദാനം ചെയ്തു. പല പ്രാവശ്യം ശ്രമിച്ചിട്ടും രഹസ്യം അറിയാന്‍ സാധിക്കാതെ വന്നപ്പോള്‍ ദലീല സാംസനോടു പറഞ്ഞു: "നിന്‍റെ ഹൃദയം എന്നോടുകൂടെയില്ലെങ്കില്‍ എന്നെ സ്നേഹിക്കുന്നുവെന്നു നിനക്ക് എങ്ങനെ പറയുവാന്‍ കഴിയും?" സാംസന്‍ തന്‍റെ ശക്തിയുടെ രഹസ്യം ദലീലയ്ക്കു വെളിപ്പെടുത്തി. അത് അവനിലെ ദൈവിക ശക്തി നഷ്ടപ്പെടുത്തുകയും മരണകാരണമായിത്തീരുകയും ചെ യ്തു. നമ്മിലെ ദൈവികശക്തി നഷ്ടപ്പെടുത്തുന്ന സ്നേഹബന്ധങ്ങളെല്ലാം കലര്‍പ്പുള്ളതുതന്നെ.
രണ്ട്, ഏലീഷാ പ്രവാചകന്‍റെ ഭൃത്യനായിരുന്ന ഗഹസിയുടെ അനുഭവം (2 രാജാ. 5). സിറിയാ രാജാവിന്‍റെ സൈന്യാധിപനായ നാമാന്‍, തന്നെ കഷ്ഠരോഗത്തില്‍ നിന്നും സുഖപ്പെടുത്തിയ ഏലീഷ പ്രവാചകനു സമ്മാനം വാഗ്ദാനം ചെയ്തു. പ്രവാചകന്‍ ഒന്നും സ്വീകരിച്ചില്ല. എന്നാല്‍, പ്രവാചകന്‍റെ ഭൃത്യന്‍ ഗഹസി ഒരു താലന്ത് വെള്ളിയും രണ്ടു വിശേഷവസ്ത്രങ്ങളും നാമാനില്‍നിന്നു രഹസ്യത്തില്‍ സ്വന്തമാക്കി. ഇതറിഞ്ഞ പ്രവാചകന്‍ ഭൃത്യനായ ഗഹസിയോടു ചോദിച്ചു: "പണം, വസ്ത്രം, ഒലിവുതോട്ടങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍, ആടുമാടുകള്‍, ദാസിദാസന്മാര്‍ എന്നിവ സ്വന്തമാക്കാനുള്ള സമയമായിരുന്നോ അത്?" രോഗശാന്തിശുശ്രൂഷകള്‍ക്കു പ്രത്യുപകാരമായി സ്വീകരിക്കുന്ന സ്തോത്രക്കാഴ്ചകള്‍പോലും കലര്‍പ്പുള്ളതാകാമെന്നു സൂചന. കലര്‍പ്പാര്‍ന്ന ദൈവശുശ്രൂഷ ഗഹസിക്കു സമ്മാനിക്കുന്നതു കുഷ്ഠരോഗമാണ്.
യേശുവിന്‍റെ കലര്‍പ്പില്ലാത്ത സ്നേഹം ധ്യാനിക്കുമ്പോഴാണു നമ്മിലെ മാലിന്യങ്ങളുടെ ആധി ക്യം വ്യക്തമാകുന്നത്. യേശുവിന്‍റെ സ്നേഹത്തിലെ കലര്‍പ്പില്ലായ്മ ഏറ്റവും പ്രകടമാകുന്നതു പീഡാസഹനവേളയില്‍ അവന്‍ കാണിക്കുന്ന സഹോദരപരിഗണനയിലാണ്. ഗത്സമെന്‍ തോട്ടത്തില്‍ തന്നെ ബന്ധിക്കാന്‍ വന്നവരോടു ശിഷ്യരെക്കുറിച്ചു യേശു പറഞ്ഞു: "നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്ക്കൊള്ളട്ടെ" (യോഹ. 18:8). പ്രധാന പുരോഹിതന്‍റെ ഭൃത്യന്‍ മാല്‍ക്കോസിന്‍റെ ചെവി പത്രോസ് വാളുകൊണ്ടു ഛേദിച്ചപ്പോള്‍ യേശു അവനെ സുഖപ്പെടുത്തി (ലൂക്കാ 22:51). കുരിശിന്‍റെ വഴിയിലെ കഠിനവേദനയ്ക്കിടയിലും തന്നെയോര്‍ത്തു കരയുന്ന ജെറുസലേം സ്ത്രീകളെ ആശ്വസിപ്പിക്കുന്നതും വെറോനിക്കയുടെ തൂവാലയില്‍ തിരുമുഖം പതിയാന്‍ ഇടയാക്കുന്നതും നല്ല കളളനു പറുദീസ വാഗ്ദാനം ചെയ്യുന്നതും കുരിശിന്‍ താഴെ നിന്നിരുന്ന അമ്മയെയും ശിഷ്യനെയും പരസ്പരം ഏല്പിക്കുന്നതുമെല്ലാം യേശുവിന്‍റെ സ്നേഹത്തിന്‍റെ കലര്‍പ്പില്ലായ്മ വെളിവാക്കുന്നു. വെള്ളിക്കാശിന്‍റെ കലര്‍പ്പില്ലാത്ത ഗുരുസ്നേഹമാണു നമ്മുടെ ലക്ഷ്യം. അല്ലെങ്കില്‍ ചുംബനംപോലും ഒറ്റിക്കൊടുക്കലിന്‍റെ അടയാളമാകും.
നോമ്പിലെ മൂന്നാമത്തെ ആഗ്രഹം ഇതാണ്: "യേശുവിന്‍റെ പീഡാനുഭവമരണത്തില്‍ വെളിപ്പെടുന്ന കലര്‍പ്പില്ലാത്ത സ്നേഹം ധ്യാനിച്ച്, എന്‍റെ സ്നേഹബന്ധങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെല്ലാം അരിച്ചുനീക്കുക." യേശുവേ, ജീവിതയാത്ര എന്‍റെ സ്നേഹബന്ധങ്ങളുടെ ജലത്തെ ഏറെ മലിനമാക്കിയിട്ടുണ്ട്. എന്നില്‍ അടിഞ്ഞുകൂടിയിരിക്കുന്ന സ്വാര്‍ത്ഥതയുടെ കലര്‍പ്പില്‍ നിന്നും എന്‍റെ സ്നേഹബന്ധത്തെ ശുദ്ധീകരിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org