കോക്കാച്ചിയും മുക്കണ്ണനും

കോക്കാച്ചിയും മുക്കണ്ണനും

മലയാളിക്കുഞ്ഞുങ്ങള്‍ക്കു ചിരപരിചിതമായ പദങ്ങളില്‍ ചിലതാണിവ. ചോറുതിന്നാന്‍ മടിക്കുന്ന കുഞ്ഞുങ്ങളെ തീറ്റിക്കാന്‍ അമ്മമാര്‍ പ്രയോഗിക്കുന്ന സൂത്രമാണ് കോക്കാച്ചിയെയും മുക്കണ്ണനെയും വിളിച്ചുള്ള ഭയപ്പെടുത്തല്‍.

ഇപ്പോള്‍ ഇതു കുറിക്കാന്‍ എന്തു കാര്യം എന്നായിരിക്കും നിങ്ങള്‍ വിചാരിക്കുന്നത്. ഉത്ഥിതന്‍ അപ്പോസ്തലന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ ഭൂതമെന്നു തെറ്റിദ്ധരിച്ചത് (ലൂക്കാ 24,37) എന്തുകൊണ്ട് എന്ന ചോദ്യമാണ് ഇത്തരം ചെറുപ്പകാല ഓര്‍മകള്‍ എന്നില്‍ ഉണര്‍ത്തിയത്. അമ്മൂമ്മമാരും അമ്മമാരും കുഞ്ഞുമനസ്സുകളില്‍ കുടിയിരുത്തുന്ന ഭൂതം ഇറങ്ങിപ്പോകാന്‍ വല്ലാത്ത പാടാണ്. അത്തരം കുഞ്ഞുങ്ങള്‍ എത്ര വളര്‍ന്നാലും, സാക്ഷാല്‍ കര്‍ത്താവിനെപ്പോലും ഭൂതമായേ കാണൂ!

കാറ്റിലും കോളിലും പെട്ട് ഉഴലുകയായിരുന്ന തങ്ങളെ സഹായിക്കാനായി കടലിനുമീതേ നടന്നു വന്ന ഈശോയെയും അവര്‍ മറ്റൊരിക്കല്‍ അപ്രകാരം മുദ്രകുത്തിയിരുന്നു (മത്താ. 14, 26). 'ധൈര്യമായിരിക്കുവിന്‍; ഞാനാണ്; ഭയപ്പെടേണ്ടാ' എന്നു പറഞ്ഞാണ് ഈശോ അവരെ സാന്ത്വനപ്പെടുത്തിയത്. ഇതില്‍ 'ഞാനാണ്' എന്ന പ്രയോഗം അതീവ ശ്രദ്ധയര്‍ഹിക്കുന്നു. 'ഏഗോ എയ്മി' എന്നാണ് ഗ്രീക്കുമൂലത്തില്‍. മോശയ്ക്ക് ദൈവം വെളിപ്പെടുത്തിക്കൊടുത്ത പേരിന്‍റെ സപ്തതിപരിഭാഷയും ഇതുതന്നെ. 'ഞാന്‍ ആകുന്നു' എന്നതിന്‍റെയര്‍ത്ഥം 'ഞാന്‍ കൂടെയുള്ളവനാകുന്നു' എന്നാണ്. കോക്കാച്ചിക്കു മറുമരുന്നാണ് 'ഏഗോ എയ്മി'. കുഞ്ഞുമനസ്സില്‍ കോറിയിടേണ്ടത് കോക്കാച്ചിയെയല്ല, 'ഏഗോ എയ്മി'യെയാണ്.

രാഷ്ട്രീയത്തില്‍ ഇന്ന് കോക്കാച്ചിയുടെ ഉത്സവകാലമാണ്. ഭയപ്പെടുത്തി ഭരിക്കുന്നത് ഒരു നയമായി മാറിയിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അച്ചടി-ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും അക്രഡിറ്റേഷന്‍ എടുത്തുകളയുമെന്ന കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍റെ ഭീഷണി.

'ഏഗോ എയ്മി'ക്കു തീരെ ദൃശ്യതയില്ലാത്ത, 'കോക്കാച്ചിയും മുക്കണ്ണനും' അരങ്ങുവാഴുന്ന മറ്റൊരു മേഖലയായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ് ഇന്ന് മതവും ആത്മീയതയും. ഭയപ്പെടുത്തി ഏവരെയും വിശ്വസിപ്പിക്കാനും വിശുദ്ധരാക്കാനും തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ചിലര്‍. പുണ്യാളനെ 'ഇറക്കി' ഭയപ്പെടുത്തി പണപ്പിരിവു നടത്തുന്ന വൈദികര്‍ കോക്കാച്ചിക്കളിയല്ലേ നടത്തുന്നത്? ഭാരതസംസ്കാരത്തെയും അന്യമതങ്ങളെയും സാത്താന്‍റെ വിക്രിയകളായും തിന്മയുടെ സ്വാധീനസ്രോതസ്സുകളായും ചിത്രീകരിച്ച് മനുഷ്യമനസ്സുകളില്‍ ഭീതി വിതയ്ക്കുന്നതില്‍ കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷം കൊണ്ട് ധ്യാനഗുരുക്കന്മാരും കൗണ്‍സിലര്‍മാരും ദര്‍ശനക്കാരും വിജയിച്ചുകഴിഞ്ഞു. പഴയനിയമ ഉദ്ധരണികള്‍ തലങ്ങും വിലങ്ങും ഇക്കൂട്ടര്‍ ഉദ്ധരിക്കുന്നു – ക്രിസ്തുവിനെ പരിസരത്തെങ്ങും അടുപ്പിക്കാതെ!

ഈ കോക്കാച്ചി മുന്നേറ്റം സഭയുടെ ഔദ്യോഗിക മേഖലകളിലേക്കും കടന്നുകയറുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. യോഗയെക്കുറിച്ച് ഈയിടെ കേരളത്തില്‍ പുറത്തിറങ്ങിയ രേഖ പതഞ്ജലിക്കുമുമ്പും യോഗ ഉണ്ടായിരുന്നെന്ന് ആമുഖത്തില്‍ വ്യക്തമാക്കുന്നു. അതിനുശേഷം, പതഞ്ജലിയോഗയുടെയും ക്രൈസ്തവികതയുടെയും ദര്‍ശനവ്യത്യാസങ്ങള്‍ അതിസുന്ദരമായ ദൈവശാസ്ത്രവിശകലനത്തിനു വിധേയമാക്കിയിരിക്കുന്നു. ഉപസംഹാരമായി, ശാരീരികാഭ്യാസമെന്ന നിലയില്‍ യോഗ ആകാമെന്നും, എന്നാല്‍ ക്രൈസ്തവ ധ്യാനത്തിനോ ആത്മീയ മുന്നേറ്റങ്ങള്‍ക്കോ യോഗ ചേരുന്നതല്ലെന്നും പറഞ്ഞുവച്ചിരിക്കുന്നു. ആമുഖവും ഉപസംഹാരവും തമ്മിലുള്ള യുക്തിഭംഗമൊഴിച്ചാല്‍ നന്നായി ഡ്രാഫ്റ്റ് ചെയ്ത ഒരു രേഖയാണിത്. എന്നാല്‍ ആ യുക്തിഭംഗംതന്നെയാണ് ഇതിന്‍റെ തീരാദൗര്‍ബല്യവും!

യോഗയിലേക്ക് പില്ക്കാലത്ത് പതഞ്ജലി തിരുകിക്കയറ്റിവച്ചെന്ന് ആമുഖംതന്നെ വ്യക്തമാക്കുന്ന ഹൈന്ദവദര്‍ശനം ഒരു ഒഴിയാബാധയാണെന്ന നിഗമനത്തിലെത്താന്‍ ഇതിന്‍റെ കര്‍ത്താക്കളെ നയിച്ച യുക്തിയെന്ത്? പതഞ്ജലിയെ അവഗണിച്ച് ക്രൈസ്തവധാരണകള്‍ക്കു നിരക്കുന്ന ഒരു യോഗ എന്തുകൊണ്ടു സാധ്യമല്ല?

സംസ്കാരത്തിനും മതാന്തരസംവാദത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച താത്കാലികരേഖയിലും (Jesus Christ the Bearer of the Water of Life) യൂ-കാറ്റിലും യൂറോപ്പിലെ അനുഭവം വ്യക്തമായി പഠിച്ച് അവതരിപ്പിച്ചിരിക്കുകയാണ്. അവിടെ യോഗ ഹൈന്ദവദര്‍ശനങ്ങളുടെ വാഹകയായിത്തീര്‍ന്നിരിക്കുന്നു എന്നത് നിസ്തര്‍ക്കമായ സംഗതിയാണ്. യോഗയെ ക്രിസ്തുകേന്ദ്രീകൃതമാക്കാന്‍ ആരും ശ്രമിക്കാതിരുന്നതുകൊണ്ടും ഹൈന്ദവ സന്ന്യാസിമാരെ ഗുരുക്കന്മാരായി അവര്‍ സ്വീകരിച്ചതുകൊണ്ടും യൂറോപ്പില്‍ വന്നുഭവിച്ച ഈ അപകടം ഭാരതസഭയുടെ ഒരു പരാജയത്തെയാണ് വിളിച്ചോതുന്നത്. സുവിശേഷവത്കരണത്തിനുള്ള വലിയൊരു ഭാരതീയമാധ്യമം ഭാരതസഭ ഉചിതമാംവിധം വിനിയോഗിക്കാതെ പോയതാണ് ന്യൂ ഏജ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ യോഗയും വന്നുപെടാനിടയാക്കിയത്. ആ പരാമര്‍ശത്തെ ഇവിടെ ഭാരതത്തില്‍ എങ്ങനെയാണ് ക്രൈസ്തവസഭ വിലയിരുത്തേണ്ടത്? ഭയന്ന് ഓടിയൊളിച്ചുകൊണ്ടാണോ? അതോ, ഇനിയെങ്കിലും യോഗയെ ക്രിസ്തുവിനുള്ള മാധ്യമമായി പരിവര്‍ത്തിപ്പിച്ചുകൊണ്ടോ?

എത്രയോ ക്രൈസ്തവ പുരോഹിതന്മാരും സന്ന്യസ്തരും അല്മായരും ശാരീരികാഭ്യാസമായ യോഗയെ ക്രിസ്തുകേന്ദ്രീകൃതമായ രീതിയില്‍ ക്രൈസ്തവാധ്യാത്മികതയ്ക്കും ധ്യാനസാധനകള്‍ക്കുമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയും ഈ മേഖലയില്‍ പഠനം നടത്തുകയും ചെയ്യുന്നു. ഇവരെ കേള്‍ക്കുകയോ ഇവരുടെ ക്രിസ്തുകേന്ദ്രീകൃത യോഗാരീതികളെ വിശകലനം ചെയ്യുകയോ ചെയ്യാതെ എങ്ങനെയാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് എത്താന്‍ ഒരു ഡോക്ട്രൈനല്‍ കമ്മീഷനു കഴിഞ്ഞത്? യോഗ ചെയ്ത് ക്രിസ്തുവിശ്വാസം വെടിഞ്ഞ ഭാരതീയ ക്രൈസ്തവരുടെ കണക്ക് കമ്മീഷന്‍റെ കൈയിലുണ്ടോ?

അഭിവന്ദ്യ ജേക്കബ് മനത്തോടത്തു പിതാവിന്‍റെ Church, Culture and Dialogue എന്ന പഴയ ഗ്രന്ഥം ഇത്തരുണത്തില്‍ ഒന്നു കൈയിലെടുക്കുന്നത് നമുക്ക് എത്ര നന്നായിരിക്കും! ക്രിസ്തു ഭയന്നു മാറിനില്ക്കേണ്ട ഏതെങ്കിലുമൊരു സംസ്കാരിക മേഖല ഈ ഭൂമിയിലില്ല. ഏതു സംസ്കാരത്തിലേക്കും കടന്നുചെന്ന് അതിലെ നന്മകള്‍ പരിപോഷിപ്പിക്കുകയും തിന്മകള്‍ ശുദ്ധീകരിക്കുകയും ചെയ്യാന്‍ കഴിവുള്ളവനല്ലേ ക്രിസ്തു? 'ഭയപ്പെടേണ്ടാ' എന്നു സാന്ത്വനപ്പെടുത്തുകയും 'യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' എന്ന് ഉറപ്പു നല്കുകയും ചെയ്തവന്‍റെ ജീവദായക വചനങ്ങളും ധൈര്യപ്പെടുത്തുന്ന ആത്മാവുമാണ് സഭയുടെ സുവിശേഷവത്കരണ പരിശ്രമങ്ങളെ നയിക്കേണ്ടത്. സുവിശേഷത്തിനായി ഏതു സാംസ്കാരിക പാരമ്പര്യങ്ങളെയും പുല്കിയിട്ടുള്ള കത്തോലിക്കാസഭയില്‍ ഇന്നു പരക്കുന്ന വിവിധങ്ങളായ ഭൂതഭയങ്ങള്‍ ഉത്ഥിതന്‍റെ സഭയ്ക്കു ഭൂഷണമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org