Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> വീട്ടിലടക്കപ്പെട്ടവരുടെ ആത്മശോധനകള്‍

വീട്ടിലടക്കപ്പെട്ടവരുടെ ആത്മശോധനകള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

കൊറോണക്കാലം മുമ്പെങ്ങുമില്ലാത്ത അനുഭവമാണ് നമുക്ക് ഒരുക്കിയിരിക്കുന്നത്. രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാമെല്ലാം വീട്ടിലിരിക്കേണ്ടി വന്നു. വിശുദ്ധ കുര്‍ബാനയും കൂദാശകളും മുടങ്ങി. നമ്മുടെ സാമൂഹികജീവിതം നന്നെ ചുരുങ്ങി. ഇത് നല്ലൊരു പരിധിവരെ നമുക്ക് സ്വയം കണ്ടെത്താനുള്ള അവസരമാണ്. നമ്മുടെ പ്രവൃത്തികള്‍ക്ക് ഉപരിയായി നാമെന്ന വ്യക്തിയെ ആത്മശോധനയിലൂടെ കണ്ടെത്താനുള്ള സുവര്‍ണ്ണാവസരം. പീഡാനുഭവ വാരത്തില്‍ ദൈവത്തോട് നടത്താവുന്ന ഏറ്റുപറച്ചിലിനുള്ള ഒരുക്കംകൂടിയാണിത്. ഇതിനു നമ്മെ സഹായിക്കുന്ന ഏതാനും മേഖലകളാണ് നമ്മുടെ പരിഗണനാവിഷയങ്ങള്‍.

ഒരിക്കലും അവനവനെ നേരിടാത്തവരുണ്ട്; അവര്‍ തങ്ങളെത്തന്നെ ഒഴിവാക്കി തങ്ങളുടെ ജോലിത്തിരക്കുകളില്‍ മുഖംപൂഴ്ത്തുന്നു. അതുപോലെ, മറ്റുള്ളവരെ അഭിമുഖീകരിക്കാത്തവരുമുണ്ട്. അവര്‍ പണികളുടെ പേരില്‍ ബാക്കിയെല്ലാവരെയും ഒഴിവാക്കുന്നു. സ്വന്തം വീട്ടിലിരിക്കുന്നതില്‍ ശ്വാസം മുട്ടുന്നവര്‍ ഇത്തരക്കാരാകാം. സ്വയം നേരിടാനും മറ്റുള്ളവരെ അഭിമുഖീകരിക്കാനും ശീലിക്കാനുള്ള സമയമാണിത്. ടെലവിഷനിലും മൊബൈല്‍ ഫോണിലും കുരുങ്ങിക്കിടക്കുന്നവര്‍ക്ക് സുരക്ഷിതമായ മറ്റൊരു ഒളിത്താവളം കണ്ടെത്തുകയാകാം.

ദേവാലയം കേന്ദ്രീകരിച്ചുള്ള ആത്മീയതയ്ക്ക് ഇക്കാലത്ത് തിരശീല വീണിരിക്കുന്നു. വിശുദ്ധ കുര്‍ബാനയില്ലെങ്കില്‍ ആത്മീയ കൃത്യങ്ങളില്‍ നാം സ്വമേധയാ ചെയ്യുന്നതെന്തെല്ലാം എന്ന ചോദ്യമുണ്ടാകുന്നു. പള്ളിക്ക് പുറത്ത് ദൈവവുമായുള്ള നമ്മുടെ ബന്ധം എന്ത് എന്ന ചോദ്യം അതീവപ്രസക്തമായി മാറുന്ന കാലമാണിത്.

എല്ലാ ദിവസവും ടൗണിലേക്ക് ഇറങ്ങിയിരുന്നവര്‍, ദിനംപ്രതി നാട്ടുകാര്യങ്ങളില്‍ ഇടപെട്ടിരുന്നവര്‍ തീര്‍ച്ചയായും ലോക്ക്ഡൗണില്‍ അസ്വസ്ഥരാകും. ശീലങ്ങള്‍ മനുഷ്യരുടെ ജീവിതം കുറെയൊക്കെ ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, നമ്മുടെതന്നെ ശീലങ്ങള്‍ നമ്മെ എന്തുമാത്രം വരിഞ്ഞുമുറുക്കുന്നുണ്ട് എന്ന് ചിന്തിക്കാനുള്ള സമയംകൂടിയാണിത്. എന്‍റെ ശീലങ്ങളുടെ ആകത്തുകയാണ് ഞാനെന്ന സ്ഥിതി നന്നല്ല.

വീടുകളിലെ പല ആവശ്യങ്ങളുടെയും മുന്നില്‍ പലരുടെയും സ്ഥിരം പ്രതികരണം, എന്ത് ചെയ്യാനാ, തീരെ സമയമില്ല എന്നതാണ്. അടുക്കളയില്‍ സഹായിക്കുന്നതും മകളെ കണക്കുപഠിപ്പിക്കുന്നതും കോഴിക്കൂട് പൊളിച്ചു മേയുന്നതും പൊട്ടിയ പൈപ്പ് ഒട്ടിക്കുന്നതും തട്ടിന്‍പുറം വൃത്തിയാക്കുന്നതും ഒക്കെയാണ് വിഷയങ്ങള്‍. ഇപ്പോള്‍ സമയം സുലഭമായി കിട്ടുമ്പോള്‍ നാം എന്തു ചെയ്യുന്നു എന്നത് ഒരു ചോദ്യമാണ്. സമയമില്ല എന്ന മറുപടി അലസന്‍റെ ഒഴിഞ്ഞുമാറലായിരുന്നോ എന്നാണ് ഇപ്പോള്‍ കണ്ടെത്താനുള്ളത്.

ലോകം മുഴുവന്‍ കൊറോണ ഭീഷണിയില്‍ കഴിയുന്നു. പല നാടുകളിലും മനുഷ്യര്‍ മരണഗന്ധം ശ്വസിക്കുന്നു. അവരുടെ ഭീതി അടുത്തെത്തുന്ന മരണത്തെക്കുറിച്ചാണ്. എന്നാല്‍ വീട്ടിലിരിക്കേണ്ടി വരുന്ന നമ്മുടെ സങ്കടങ്ങള്‍ എന്തിനെക്കുറിച്ചാണെന്ന് ചിന്തിക്കുന്നത് നല്ലതാണ്. ചെറിയ നഷ്ടങ്ങള്‍ നമ്മെ വല്ലാതെ ഭാരപ്പെടുത്തുന്നുണ്ടെങ്കില്‍, അത് നമ്മുടെ ചെറിയ മനസ്സിനെയും ഒരുപക്ഷേ, സ്വാര്‍ഥതയുടെ അളവിനെയും വെളിവാക്കുന്നുണ്ടാകും. കൊറോണ ബാധിതരുടെയിടയില്‍ ആശുപത്രി ചാപ്ലിനായി ജോലിചെയ്യുന്ന അച്ചന്‍റെ ഭീതിയോളം വരില്ല ഈസ്റ്ററിനുള്ള പാതിരാക്കുര്‍ബാന നഷ്ടമായല്ലോ എന്ന സുരക്ഷിതവൈദികന്‍റെ സങ്കടം. അവധിക്കാല യാത്രകള്‍ നഷ്ടമായതിന്‍റെ ഭാരം നാലാഴ്ച്ച നിരീക്ഷണത്തില്‍ കിടക്കേണ്ടി വന്നവന്‍റെ സങ്കടത്തേക്കാള്‍ ചെറുതാണ്.

രാജ്യം മുഴുവന്‍ അടച്ചുപൂട്ടിയിരിക്കുന്ന ഇക്കാലത്ത് പല കാര്യങ്ങളും ഒഴിവാക്കാന്‍ നാം നിര്‍ബന്ധിതരായി. ചില ഭക്ഷണങ്ങള്‍, യാത്രകള്‍, സന്ദര്‍ശനങ്ങള്‍, ആശുപത്രിയില്‍ പോകുന്നതുള്‍പ്പടെ പലതും. അതിനും പുറമേ, വിദ്യഭ്യാസസ്ഥാപനങ്ങളും വ്യാപാരകേന്ദ്രങ്ങളും അടച്ചുപൂട്ടി. ഇവയുടെ പ്രധാന്യം ഒരേ പോലെയല്ല. പക്ഷേ, നാമിപ്പോള്‍ മിനിമംകൊണ്ട് ജീവിക്കാന്‍ ശീലിക്കുന്നു. എല്ലാം ഉപേക്ഷിക്കേണ്ട കാര്യങ്ങളല്ലെങ്കിലും, ചിലതെല്ലാം ആവശ്യമില്ലാത്തവയാണെന്ന് തിരിച്ചറിയുന്നതും നല്ലതാണ്. അത്യാവശ്യമില്ലാത്തവ നാം ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇല്ലാതാകുന്നുണ്ടെന്നും പ്രകൃതി മലിനമാകുന്നുണ്ടെന്നും തിരിച്ചറിയണം. കഴിഞ്ഞ ഒരു മാസക്കാലത്തിനിടയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് അന്തരീക്ഷമലിനീകരണം കുറഞ്ഞതിന്‍റെ റിപ്പോര്‍ട്ടുകളാണ് വരുന്നത്. നമ്മുടെ പ്രകൃതിയെ അല്പംകൂടെ മാലിന്യമുക്തമാക്കാന്‍ നമുക്ക് സാധിക്കും.

ഞാനും എന്‍റെ കുടുംബവും എന്ന ചിന്ത അനേകരില്‍ രൂഢമൂലമാണ്. പക്ഷേ, നാം മറ്റെല്ലാ മനുഷ്യരുമായി ജൈവബന്ധം സൂക്ഷിക്കുന്നവരാണെന്ന് ഒരു വൈറസ്സ് നമ്മെ പഠിപ്പിക്കുന്നു. എല്ലാ മനുഷ്യരുമായും നമുക്ക് അദൃശ്യമായ ബന്ധമുണ്ട്. അതോടൊപ്പം, കൊറോണക്കാലം കൂടുതലായി കൈകഴുകാനും സാമൂഹിക അകലം പാലിക്കാനും വൃത്തിപാഠങ്ങള്‍ ശീലിക്കാനും വഴിനീളെ തുപ്പാതിരിക്കാനും നിര്‍ബന്ധിക്കുന്നു. ഇത് പ്രതിരോധമാര്‍ഗം മാത്രമല്ല; ജീവിതശൈലിയുടെ ഭാഗമാണ്; അങ്ങനെയില്ലാത്തവര്‍ അവ ശീലിക്കണം. ആത്മാവിന്‍റെ ശുദ്ധി മാത്രമല്ല; മനസ്സിന്‍റെയും പരിസരത്തിന്‍റെയും ശരീരത്തിന്‍റെയും വൃത്തി സൂക്ഷിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ഇതും ആത്മശോധനാ വിഷയമാകണം. വീട്ടിലടക്കപ്പെട്ടവര്‍ പുറത്തിറങ്ങുന്ന കാലം വരും. അവര്‍ പുതിയ ശീലങ്ങളിലേക്കും ബോധ്യങ്ങളിലേക്കും ഉയിര്‍ത്തെഴുന്നേല്ക്കട്ടെ.

Leave a Comment

*
*