പ്രളയവാര്‍ഷികം

ഏതാണ്ട് ഒരുവര്‍ഷം മുമ്പാണ് കേരളം അപൂര്‍വമായ ജലാക്രമണം നേരിട്ടത്. നഷ്ടക്കോളത്തില്‍ കേരളീയരെ വെള്ളം രണ്ടായി പകുത്തു: പ്രളയത്തില്‍ മുങ്ങിയ ഹതഭാഗ്യരും വെള്ളപ്പൊക്കം ടെലവിഷനിലൂടെ മാത്രം അനുഭവിച്ച ഭാഗ്യവാന്മാരും. പ്രളയം 435 പേരുടെ പ്രാണനെടുത്തു. ഏതാണ്ട് 26,718 കോടി രൂപയുടെ നഷ്ടമുണ്ടായി. പക്ഷേ, പ്രളയത്തെ നേരിടുന്നതില്‍ കേരളീയര്‍ രണ്ടു ഗണമായി ഒന്നിച്ചു: പ്രളയത്തിന്‍റെ ഇരകളും അവരെ പിന്തുണക്കാനെത്തിയവരും. ഒരു സമൂഹമെന്നനിലയില്‍ കേരളം കാണിച്ച അതിജീവ നസാമര്‍ഥ്യം ലോകം വാഴ്ത്തി. വെള്ളത്തില്‍ മുങ്ങിയ ഈ പച്ചത്തുണ്ടിനെ താങ്ങിപ്പിടിക്കാന്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും മനുഷ്യര്‍ ജാതിമതഭേദമെന്യേ ഒന്നിച്ചു. പക്ഷേ, പ്രളയത്തില്‍നിന്ന് കരകയറിയ നാം നമ്മെ സഹായിക്കാന്‍ എന്തു ചെയ്തു എന്നത് പ്രളയവാര്‍ഷികം ഉയര്‍ത്തുന്ന വലിയ ചോദ്യമാണ്.

പ്രളയശേഷം നമുക്കു വേണ്ടത് വെറും കേടുപോക്കലല്ല, മറിച്ച് നവകേരള നിര്‍മ്മിതിയാണെന്ന് പ്രഖ്യാപിച്ച് കേരളസര്‍ക്കാന്‍ നമ്മെ ആഹ്ലാദകരമായി ഞെട്ടിച്ചു. ബോംബാക്രമണത്തെ അതിജീവിച്ച് അതിശക്തമായി പുനരവതരിച്ച ജപ്പാനെപ്പോലെ, വെള്ളക്കെടുതികള്‍ക്കു മുകളില്‍ തലയുയര്‍ത്തി നില്ക്കുന്ന ഹോളണ്ടിനെപ്പോലെ, കേരളം വെള്ളപ്പൊക്കമെന്ന അടിക്ക് സുസ്ഥിരവികസന മാതൃകയൊരുക്കി മധുരപ്രതികാരം ചെയ്യുമെന്ന് നാം വെറുതെ മോഹിച്ചു. എന്നാല്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കാന്‍ പോലും നമുക്കു കഴിഞ്ഞിട്ടില്ല. പ്രളയത്തിന്‍റെ പേരില്‍ പിരിഞ്ഞുകിട്ടിയ കോടികള്‍ എന്തു ചെയ്തു, എന്താണ് ചെയ്യാന്‍ പോകുന്നത്, ഇതിനോടകം എന്തുകിട്ടി, ഇനിയെന്തുവേണം തുടങ്ങിയവയ്ക്കൊന്നും വ്യക്തമായ ഉത്തരമില്ല. മലവെള്ളത്തെ നേരിടുന്നതിനെക്കാളും ദുഷ്കരമാണ് ഭരണകര്‍ത്താക്കളുടെ ഭാവനാശൂന്യതയും പ്രാപ്തിയില്ലായ്മയും നേരിടാന്‍ എന്ന് ജനങ്ങള്‍ പഠിച്ചു. സമരംചെയ്തു തച്ചുതകര്‍ക്കുന്നതു പോലെ എളുപ്പമല്ല, എന്തെങ്കിലും നിര്‍മ്മിച്ചെടുക്കാന്‍ എന്ന് സര്‍ക്കാരും പഠിച്ചിട്ടുണ്ടാകും. പക്ഷേ, ദോഷം പറയരുത്, കൃത്യമായ നിര്‍മ്മാണപദ്ധതികളൊന്നും പരസ്യമാക്കിയിട്ടില്ലെങ്കിലും പ്രളയക്കരം ഏര്‍പ്പെടുത്തി പണം പിരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരാണ് നമുക്കുള്ളത്.

പ്രളയാനന്തര കാലത്ത് പ്രതിപക്ഷത്തിരിക്കുന്ന കക്ഷികള്‍ എന്തു ചെയ്തു എന്നതും നിരാശപ്പെടുത്തുന്നതാണ്. കുറഞ്ഞപക്ഷം, നവകേരളനിര്‍മ്മാണത്തിനുവേണ്ടി പ്രാദേശികമായ പദ്ധതികള്‍ ജനപ്രതിനിധികള്‍വഴി രൂപപ്പെടുത്തുകയും സര്‍ക്കാരിന്‍റെമേല്‍ ജനകീയസമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യാമായിരുന്നു. നിയമസഭയുടെ തണുപ്പില്‍ രണ്ടു ചൂടന്‍പ്രസംഗം പറഞ്ഞാല്‍ തങ്ങളുടെ കടമ തീര്‍ന്നു എന്നു ധരിക്കുന്നതാണ് പ്രശ്നം.

പ്രളയകാലത്ത് മാധ്യമങ്ങള്‍ ജനകീയമായിത്തന്നെ വെള്ളപ്പൊക്കക്കെടുതികള്‍ കൈകാര്യം ചെയ്തു. പ്രളയപ്രതിരോധസമയത്തുണ്ടായ മാധ്യമങ്ങളുടെ സംഭാവന അവഗണിക്കാന്‍ കഴിയില്ല. എന്നാല്‍ നവകേരള നിര്‍മ്മിതിക്കുവേണ്ടി മുഖ്യധാരാമാധ്യമങ്ങള്‍ കാര്യമായി ശബ്ദമുയര്‍ത്തുകയോ ആശയരൂപീകരണം നടത്തുകയോ ചെയ്തില്ല എന്നത് ഖേദകരമാണ്.

പ്രളയക്കെടുതിയില്‍ കുടുങ്ങിയ കേരളത്തിനുനേരെ കേരളസഭ ഔദാര്യത്തിന്‍റെ കരങ്ങള്‍ നീട്ടി. കേരളമൊട്ടാകെ സഹായം എത്തിക്കുന്നതില്‍ സഭാസമൂഹങ്ങള്‍, രൂപതകള്‍, സ്ഥാപനങ്ങള്‍, വ്യക്തിസഭകള്‍, കെസിബിസി എന്നിവ മുന്നിട്ടിറങ്ങി. ആളും അര്‍ഥവുമായി ഭാരതസഭയിലെ വിവിധ ഏജന്‍സികളും കേരളത്തെ പിന്തുണച്ചു. വിദേശസഭാ സമൂഹങ്ങളും ജാതിമതവ്യത്യാസം കൂടാതെ ആലംബമറ്റവരെ തുണക്കാനെത്തി. പക്ഷേ, നവകേരളനിര്‍മ്മിതിയെന്ന വാഗ്ദാനം പൂര്‍ത്തീകരിക്കുന്നതിനു സര്‍ക്കാരിനെ നിര്‍ബന്ധിക്കാനോ പ്രേരിപ്പിക്കാനോ സഭയ്ക്ക് കഴിഞ്ഞതായി തോന്നുന്നില്ല. സഭയുടെ ദൗത്യം കാരുണ്യപ്രവൃത്തികളില്‍ അവസാനിക്കുന്നില്ല; അത് ക്രിയാത്മകമായ ഇടപെടലുകളുടെ ചാലകശക്തിയായി മാറേണ്ടതുണ്ട്.

വെള്ളപ്പൊക്കം അവശേഷിപ്പിച്ചിരിക്കുന്നത് ഭാവിയെക്കുറിച്ചുള്ള തികച്ചും നിരാശജനകമായ ചിത്രമാണെന്ന് പറയുകയല്ല. വെള്ളം അടിച്ചുതകര്‍ത്ത സ്ഥലങ്ങളില്‍ പ്രാദേശികമായി അസാധാരണമായ ഇടപെടലുകള്‍ നടത്തിയ വ്യക്തികളുണ്ട്; നവകേരള നിര്‍മ്മാണത്തെക്കുറിച്ച് സുസ്ഥിരവും സുന്ദരവുമായ ധാരണകള്‍ പങ്കുവയ്ക്കുന്നവര്‍ ഈ നാട്ടിലുണ്ട്. പക്ഷേ, ചരിത്രം ഉറ്റുനോക്കാന്‍ പോകുന്നത് നാം എങ്ങനെ നമ്മുടെ നാടിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഒരുമ്പെടുന്നു എന്നതാണ്. നേതൃസ്ഥാനങ്ങളില്‍ നിന്ന് എല്ലാ നന്മയും വരും എന്ന് പ്രതീക്ഷിക്കുന്നത് വ്യാമോഹമാണെന്ന് തിരിച്ചറിയേണ്ട കാലമായി. സമൂഹത്തെക്കുറിച്ചും മണ്ണിനെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പാവപ്പെട്ടവരെക്കുറിച്ചും സുസ്ഥിരമായ അതിജീവനത്തെക്കുറിച്ചും ആശങ്കപ്പെടുന്നവരിലാണ് നമുക്ക് പ്രതീക്ഷവയ്ക്കാവുന്നത്. അത്തരം ആശങ്കകള്‍ പങ്കിടുന്നവരുടെ ചെറുസമൂഹങ്ങളില്‍ നമ്മളും ഇടംപിടിക്കുന്നത് അതിപ്രധാനമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org