ന്യൂ ജെന്‍ തൊട്ടാവാടികള്‍

അജോ രാമച്ചനാട്ട്

അനുദിനം അത്ഭുതാവഹമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ന്യൂ ജനറേഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം പോകാന്‍ പരമാവധി ശ്രമിക്കാറുണ്ട്. കൂട്ടുകാര് പിള്ളേരൊക്കെ ഇടുന്ന വാട്സാപ്പ് സ്റ്റാറ്റസുകള്‍ ഇടയ്ക്ക് നോക്കാറുണ്ട്, സ്റ്റാറ്റസ് ഇടാറുമുണ്ട്. ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ സ്റ്റാറ്റസ് മുഴുവന്‍ കറുപ്പ് നിറമാണ്. ഫോട്ടോയും സ്റ്റാറ്റസും എല്ലാം മുഴുവന്‍ കറുപ്പ്. ഞാന്‍ വിളിച്ചു 'എന്താണ് ഹേ, മുഴുവന്‍ കറുപ്പുനിറം ആണല്ലോ.' 'ഓ ഒന്നുമില്ല' എന്ന് നിസ്സംഗതയോടെ ഉള്ള മറുപടി. പിന്നെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ്, ഇടയ്ക്കൊക്കെ പലരുടേയും സ്റ്റാറ്റസ് ഇങ്ങനെ പ്രത്യക്ഷപ്പെടാറുണ്ട്. മൂഡ് ഓഫ് ആണ്, എന്‍റെ ജീവിതം മുഴുവന്‍ ഇരുട്ടാണ്, പ്രതീക്ഷകള്‍ ഒന്നുമില്ല എന്നൊക്കെ അര്‍ത്ഥം വരുന്ന ഉദ്ധരണികളും ഫോട്ടോകളും സ്റ്റാറ്റസ് വീഡിയോകളും.

ഇങ്ങനെ തങ്ങളെത്തന്നെ മൂഡ് ഓഫ് ആക്കി മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രകടിപ്പിക്കുന്ന പല കുട്ടികളെയും പറ്റി പഠിച്ചപ്പോള്‍ അങ്ങനെ മനസ്സുകെട്ട് പോകാന്‍ മാത്രം കാരണങ്ങള്‍ ഉള്ളവരായി ആരെയും കണ്ടില്ല. ചെറിയ ചെറിയ കാരണങ്ങളാണ്. കൂട്ടുകാര്‍ ആരെങ്കിലും പിണങ്ങി ഇരിക്കുന്നു എന്നോ, അവധിദിവസം വിചാരിച്ച സ്ഥലത്ത് യാത്ര പോകാന്‍ പറ്റിയില്ല എന്നോ, പഴയത് മാറി പുതിയ ടൂവീലര്‍ വാങ്ങുന്നതിന് വീട്ടുകാര്‍ ഉടനടി പണം കൊടുത്തില്ല എന്നോ, മൊബൈല്‍ താഴെ വീണു എന്നോ ഒക്കെ ആണ് കാരണങ്ങള്‍.

ഫലം എന്താണെന്നോ? ഒന്നോ രണ്ടോ മക്കളുള്ള കുടുംബങ്ങളില്‍ ഈ മൂഡ്മാറ്റം അവര്‍ ആയിരിക്കുന്ന കുടുംബത്തെയും സംവിധാനങ്ങളെയും മുഴുവന്‍ ബാധിക്കുകയാണ്. എന്താണ് കാരണം എന്നൊന്നും ആരോടും പറയാന്‍ പോലും കൂട്ടാക്കാതെ ജീവിതത്തില്‍നിന്നും മാതാപിതാക്കളില്‍ നിന്നും ഊട്ടുമേശയില്‍ നിന്നും പ്രാര്‍ത്ഥനാമുറിയില്‍ നിന്നും ഒക്കെ ഓടിയൊളിക്കുന്ന നമ്മുടെ കുട്ടികള്‍. പിന്നെ സ്വന്തം മുറി – കമ്പ്യൂട്ടര്‍ – മൊബൈല്‍ സ്ക്രീന്‍ എന്ന ചെറു ലോകത്തിലേയ്ക്ക് ഒതുങ്ങുകയാണ്. ഇങ്ങനെ Moody ആകുന്നവര്‍ ഒക്കെയും ഈ സ്വഭാവസവിശേഷതകള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നതായി കാണാം.

ഇത്രമാത്രം തളര്‍ന്നു പോകാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കുണ്ടോ? ടൂവീലര്‍ ഇപ്പോള്‍ ഇപ്പോള്‍ മാറ്റേണ്ടതില്ല എന്ന് മാതാപിതാക്കള്‍ തീരുമാനമെടുത്തത് കൊണ്ടോ, കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ പറ്റിയില്ല എന്നതുകൊണ്ടോ, അതുപോലുള്ള ഏതെങ്കിലും നിസ്സാരകാരണങ്ങള്‍ കൊണ്ടോ തളര്‍ന്ന് അവശരാകാന്‍ മാത്രം ദുര്‍ബലരാണോ നമ്മുടെ കുഞ്ഞുങ്ങള്‍?

ഇത് വായിക്കുന്ന മാതാപിതാക്കളും പുതുതലമുറയും വളരെ ഗൗരവത്തില്‍ എടുക്കേണ്ട ഒരു വിഷയമാണ് ഇത് എന്നെനിക്ക് തോന്നുകയാണ്. എന്താണെന്നോ? വളരെ നിസ്സാരപ്പെട്ട കാര്യങ്ങളെ പ്രതി ഊര്‍ജം ചോര്‍ന്നു പോവുകയും ജോലിയിലും പഠനത്തിലും ബന്ധങ്ങളിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന മാനസികദൗര്‍ബല്യം ഇന്ന് പുതുതലമുറയില്‍ ഏറെ പ്രബലമാണ് എന്നത് ഗൗരവമുള്ളത് തന്നെ.

സ്വാതന്ത്ര്യം ഉള്ളവരോട് ഞാന്‍ നേരിട്ട് ചോദിച്ചിട്ടുണ്ട്. ഇങ്ങനെ തളരാന്‍ മാത്രം നിന്‍റെ ജീവിതത്തില്‍ എന്ത് കുറവാണ് ഉണ്ടായിട്ടുള്ളത് എന്ന്. മൊബൈല്‍ ഫോണോ വാഹനസൗകര്യമോ സാമ്പത്തിക ഉയര്‍ച്ചയോ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത് വളര്‍ന്നു വന്ന ഇപ്പോഴത്തെ മാതാപിതാക്കളുടെ തലമുറ കടന്നുപോയ ജീവിതപ്രതിസന്ധികളെ കുറിച്ച് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അന്നൊക്കെ മിക്കവീടുകളിലും ദാരിദ്ര്യം ഉണ്ടായിരുന്നു. ഒത്തിരി പേരുള്ള ഒരു കുടുംബത്തിന്‍റെ ഊണുമേശയില്‍ മാതാപിതാക്കളും മക്കളും ഒരിക്കലും വയറുനിറയെ ഭക്ഷിച്ചിരുന്നില്ല. സ്വകാര്യത എന്നത് കേട്ടുകേള്‍വി പോലുമല്ലാതിരുന്ന പഴയ ചെറിയ വീടുകള്‍. പഠിക്കാന്‍ ഏറെ ഉണ്ടായിട്ടും ട്യൂഷനെ ആശ്രയിക്കാത്ത കാലം. പുല്ലുവെട്ടും പാലുവാങ്ങലും പത്രം എടുക്കലും പറമ്പില്‍പണിയും തുണി അലക്കലും ഇളയ കുട്ടികളെ നോക്കലും എല്ലാം കഴിഞ്ഞു മാത്രം പുസ്തകം എടുത്തിരുന്ന നാളുകള്‍. ബസ് ഉണ്ടെങ്കിലും നടന്നു മാത്രം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോയിരുന്ന കാലം. സ്കൂളിലേക്കും കോളേജിലേക്കും കിലോമീറ്ററുകള്‍ പുസ്തക ഭാരവുമായി നടന്നു മാത്രം പോയിരുന്ന കാലം. മാതാപിതാക്കളുടെ സാമ്പത്തികക്ലേശം കൊണ്ട് മക്കളില്‍ പലരും പഠിക്കാനോ നല്ല ഉദ്യോഗങ്ങളില്‍ കയറിപ്പറ്റാനോ സാധിക്കാതിരുന്ന കാലം. പൊട്ടിയ ചെരുപ്പും കീറിയ ഉടുപ്പും ഒക്കെ വീണ്ടും തുന്നിക്കെട്ടി സ്കൂളില്‍ പോയിരുന്ന കാലം. ആദ്യകുര്‍ബാനക്ക് മുതിര്‍ന്ന സഹോദരങ്ങളുടെ വസ്ത്രങ്ങള്‍ തന്നെ വീണ്ടും അലക്കി സൂക്ഷിച്ചു ഉപയോഗിച്ചിരുന്നവര്‍.

ദാരിദ്ര്യമോ സാമ്പത്തിക ക്ലേശമോ ഭക്ഷണത്തിന്‍റെ കുറവോ മാറാന്‍ വസ്ത്രങ്ങളുടെ കുറവോ അദ്ധ്വാനമോ കഷ്ടപ്പാടോ ഒന്നും ഇല്ലാതിരുന്നിട്ടും എന്തിനാണ് നമ്മുടെ പുതു തലമുറ തൊട്ടാവാടികള്‍ ആയിത്തീരുന്നത്? മുഖവും മനസ്സും ശരീരവും തളര്‍ന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങോട്ടാണ് പിന്‍വാങ്ങുന്നത്?

എന്‍റെ മകന് കിട്ടുന്ന സൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഒരു IAS കാരന്‍ ആയേനെ എന്നു പരിതപിക്കുന്ന ഒരു കോളേജ് അധ്യാപകന്‍റെ വാക്കുകള്‍ മനസ്സില്‍ ഉണ്ട്. എല്ലാ സൗകര്യങ്ങളും ചുറ്റും ഉണ്ടായിട്ടും കുന്നുകൂടുന്ന സപ്ലികളിലും ചുറ്റിക്കറങ്ങലിലും ടിക് ടോകിലും പെട്ടുപോകുന്ന നമ്മുടെ പുതുതലമുറ. നല്ലൊരു ജോലിയോ ശമ്പളമോ വിവാഹബന്ധമോ ഇല്ലാതെ നമ്മുടെ യുവജനങ്ങള്‍.

എവിടെയാണ് നമുക്ക് പിഴച്ചത്? ദൈവം കനിഞ്ഞുനല്‍കിയ സിദ്ധികളും, ഓരോ ദിവസവും ലഭിക്കുന്ന സമയവും കൃത്യതയോടെ ഉപയോഗിച്ചാല്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ആര്‍ക്കാണ് സപ്ലി എഴുതേണ്ടി വരിക? പുതു തലമുറയില്‍ ആര്‍ക്കാണ് ജോലിയില്ലാതെ അലഞ്ഞു നടക്കേണ്ടിവരിക? ദൈവം നല്‍കുന്ന ഏറ്റവും വിലപിടിച്ച സമ്മാനം സമയം തന്നെയാണ്. അത് ഫലപ്രദമായി ഉപയോഗിക്കാനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നമ്മുടെ വീടുകളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട സമയം എന്നേ കടന്നുപോയി!

തൊട്ടാവാടികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും അലഞ്ഞുതിരിയുന്ന യുവതയുടെ എണ്ണമേറുമ്പോഴും പ്രതികൂലസാഹചര്യങ്ങളില്‍ നിന്ന് മുതിര്‍ന്ന തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും ആകാത്ത വിധത്തില്‍ വളര്‍ച്ചയുടെ, നേട്ടങ്ങളുടെ പടി ചവിട്ടുന്ന ന്യൂജനറേഷനും നമുക്കിടയില്‍ ഉണ്ട് എന്ന് സമ്മതിക്കാതെ തരമില്ല. ഈ ദിവസങ്ങളില്‍ ചില കസിന്‍പിള്ളേരുടെയും ചില കൂട്ടുകാരുടെയും ഒക്കെ വളര്‍ച്ചയും കരസ്ഥമാക്കുന്ന വിജയങ്ങളും കണ്ടു അമ്പരന്നു പോയി. ആരും സഹായിക്കാനും സപ്പോര്‍ട്ട് ചെയ്യാനും ഇല്ലെങ്കിലും മനസ്സ് പതറാതെ വിചാരിച്ചതിനപ്പുറത്ത് നേട്ടം കൊയ്യുന്ന വിജയശില്പികള്‍.

അയല്‍പക്കത്തെ കുട്ടിയുമായി കമ്പയര്‍ ചെയ്യാനല്ല, പഴി പറയാനുമല്ല, നിനക്ക് സ്വന്തമായി വെട്ടി തുറക്കേണ്ട ജീവിതവഴികള്‍ ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്താനെങ്കിലും നമ്മുടെ മാതാപിതാക്കള്‍ ഇനിയെങ്കിലും ചങ്കൂറ്റം കാണിക്കണം. ടീനേജ്കാരെ ഇപ്പോഴും ഒക്കത്തിരുത്തി ആണ് വളര്‍ത്തുന്നത് എങ്കില്‍ തനിയേ നടക്കാന്‍ പ്രേരിപ്പിക്കണം. അധ്വാനിച്ച് ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്ന മനുഷ്യരുടെ ഉദാഹരണങ്ങള്‍ അവര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കണം. ഇടയ്ക്കിടെ ഒപ്പമിരുന്ന് അവരുടെ വളര്‍ച്ചയെ അനുഭാവ പൂര്‍വം വിലയിരുത്തണം.

എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഉണ്ട്, എന്‍റെ സിദ്ധികള്‍ കൊണ്ട് ഞാന്‍ എത്തിപ്പെടേണ്ട സ്വപ്നങ്ങള്‍ ഉണ്ട് എന്ന് മനസ്സില്‍ കെടാതെ സൂക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും വാട്സ്ആപ്പ് സ്റ്റാറ്റസിലോ ഫേസ്ബുക്കിലോ നിരാശയുടെ, മൂഡോഫിന്‍റെ ഉദ്ധരണികള്‍ ഇടേണ്ട ആവശ്യം വരില്ല എന്നാണ് എന്‍റെ ഒരു വിചാരം. അതുകൊണ്ട് നമ്മുടെ കുട്ടികള്‍ ഒക്കെയും ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ. യുവഞരമ്പുകളില്‍ ഉത്സാഹത്തിന്‍റെയും പ്രതീക്ഷയുടെയും കഠിനാധ്വാനത്തിന്‍റെയും ചോര തിളക്കട്ടെ. വെറുതെ സ്ക്രീനില്‍ നോക്കിയിരിക്കുന്ന പാവകളായി നമ്മുടെ കുഞ്ഞുങ്ങള്‍ മാറാതിരിക്കട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org