സന്യാസത്തിനു വില പറയുന്നവര്‍

Published on

ഒരു സന്യാസവ്രത വാഗ്ദാനത്തിന്‍റെ 50-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തതിനുശേഷമാണ് ഈ കുറിപ്പെഴുതാനിരിക്കുന്നത്. 26 സന്യാസിനിമാര്‍ തങ്ങള്‍ സന്യാസവ്രതം സ്വീകരിച്ചതിന്‍റെ 50-ാം വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കുന്ന ചടങ്ങിലാണു സംബന്ധിച്ചത്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ആ സന്തോഷത്തില്‍ പങ്കുചേരുവാനും ഇട വന്നപ്പോള്‍ എനിക്കു തോന്നി, ദൈവമേ എത്ര വലിയ ജീവിതശൈലിയില്‍ എത്ര സന്തോഷത്തോടെ ഇവര്‍ ഇന്നും ജീവിക്കുന്നുവെന്ന്. അവിടെ ഒരു പ്രോവിന്‍സായി നിന്നു സന്യാസം സ്വീകരിച്ച ജൂബിലി ആഘോഷിക്കുന്ന അമ്പതിലേറെ സിസ്റ്റേഴ്സ് വേറെയും സന്നിഹിതരായിരുന്നു.ആയിരക്കണക്കിനു സന്ന്യാസിസന്യാസിനിമാര്‍ തങ്ങളുടെ ജീവിതം മുഴുവന്‍ യേശുക്രിസ്തുവെന്ന സത്യദൈവത്തിന്‍റെ മുമ്പില്‍ സമ്പൂര്‍ണമായും സമര്‍പ്പിച്ചുകൊണ്ടു ജീവിതത്തെ ഏറെ സന്തോഷത്തോടെ ക്രമീകരിക്കുന്ന കാഴ്ച എത്ര മനോഹരമാണ്.

എന്നാല്‍ ഇന്ന് ആനന്ദത്തോടെ ജീവിക്കുന്ന ഈ സന്യാസജീവിതത്തെ എത്ര പേര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്? സന്യാസജീവിതത്തെ വികൃതമായി വ്യാഖ്യാനിക്കാനും വളച്ചൊടിച്ചു വിശദീകരിക്കാനുമെല്ലാം പലരും ശ്രമിക്കുന്നത് ഈ കാലഘട്ടത്തില്‍ നമ്മള്‍ കാണുന്നുണ്ട്. ഇതിനു കാരണമായി വിരലിലെണ്ണാവുന്ന ചില സംഭവങ്ങളുടെ വെളിച്ചത്തില്‍ സന്ന്യാസത്തെപ്പറ്റി യാതൊരു അറിവുമില്ലാത്തവര്‍ ആ ജീവിതശൈലിയെ വ്യാഖ്യാനിക്കുന്ന അഥവാ ദുര്‍വ്യാഖ്യാനിക്കുന്ന രംഗങ്ങള്‍ കാണുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇതുപോലെ സന്യാസം സ്വീകരിച്ച മറ്റൊരു വ്യക്തിയെപ്പറ്റി അവരുടെ പ്രോവിന്‍സിന്‍റെ അധികാരിയായ ഒരു സന്യാസിനി എന്നോടു സംസാരിക്കുകയുണ്ടായി. അവര്‍ക്ക് ഈ ജീവിതശൈലിയില്‍ തുടരാന്‍ ബുദ്ധിമുട്ടുള്ളതുപോലെ അധികാരികള്‍ക്കു തോന്നുന്നു. കാരണം ഓരോ സന്യാസസഭയ്ക്കും അതിന്‍റേതായ നിയമങ്ങളും ചട്ടക്കൂടുകളുമുണ്ട്. ഓരോ സന്യാസസഭയും നിയതമായ മാര്‍ഗരേഖകളോടുകൂടിയാണു മുന്നോട്ടുപോകുന്നത്. ഈ മാര്‍ഗരേഖകളെല്ലാം ജീവിതാവസാനംവരെ പാലിച്ചുകൊള്ളാമെന്ന് ഏറ്റുപറഞ്ഞ് ഓരോ വ്യക്തിയും സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് അധികാരികള്‍ക്കു നല്കിയാണ് ഈ ജീവിതം സ്വീകരിക്കുന്നത്.

മുകളില്‍ സൂചിപ്പിച്ച കേസില്‍ അധികൃതര്‍ വിശദീകരണം ചോദിച്ചപ്പോള്‍ അവര്‍ നല്കിയ മറുപടി വളരെ വിചിത്രമായിരുന്നു. അവര്‍ക്ക് അമ്പതു ലക്ഷം രൂപയും പത്തു സെന്‍റ് സ്ഥലവും ഒരു വീടും സ്വന്തമായി നല്കാമെങ്കില്‍ അവര്‍ ഈ സന്യാസസഭയില്‍ നിന്നു മാറിപ്പോകാനും സന്യാസം ഉപേക്ഷിക്കാനും തയ്യാറാണ് എന്നാണവര്‍ പറഞ്ഞത്. ഈ മറുപടിക്ക് എന്ത് ഉത്തരം നല്കിയെന്നു ചോദിക്കാതെതന്നെ ഞാന്‍ പെട്ടെന്ന് അവരോടു പറഞ്ഞു: "നിങ്ങളുടെ കൈവശം പണമുണ്ടെങ്കില്‍ എത്ര യും വേഗം ആ പണം കൊടുത്ത് ആ സിസ്റ്ററിനെ സഭാസമൂഹത്തില്‍നിന്നു മാറ്റിനിര്‍ത്തുക." കാരണം അവര്‍ സന്യാസത്തിനു വിലപറഞ്ഞവരാണ്. സന്യാസം എന്നു പറയുന്നത് ഒരിക്കലും വിലയിടാവുന്ന ഒരു സംഗതിയല്ല.

എന്താണു സന്യാസം? ജീവിതത്തിന്‍റെ യുവത്വത്തില്‍ തീരുമാനമെടുക്കേണ്ട സമയത്ത് ഈ ലോകത്തിലെ ഏതു സ്വാതന്ത്ര്യത്തേക്കാളും വലിയ സ്വാതന്ത്ര്യം നീയാണ് എന്ന് ഏറ്റുപറഞ്ഞുകൊണ്ടു യേശുക്രിസ്തുവിന്‍റെ പിന്നാലെ കടന്നുപോകുന്നതാണു സന്യാസം. അതുതന്നെയാണു സന്യാസത്തിന്‍റെ അനുസരണമെന്ന വ്രതം. ഈ ലോകത്തിലെ മറ്റ് ഏതു സമ്പത്തിനേക്കാളും വലുതാണു യേശുക്രിസ്തുവെന്ന സമ്പത്ത് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണു സന്യാസത്തിലെ ദാരിദ്ര്യമെന്ന വ്രതം. ഈ ലോകത്തിലെ മറ്റേതു സുഖത്തേക്കാളും വലുതാണു യേശുക്രിസ്തുവിനെ അനുധാവനം ചെയ്യുമ്പോള്‍, അവനെ ആശ്ലേഷിക്കുമ്പോള്‍ എനിക്കു ലഭിക്കുന്ന സ്നേഹവും സുഖവും എന്ന് ഏറ്റുപറയുന്നതാണു സന്യാസ ത്തിന്‍റെ ബ്രഹ്മചര്യം.

ഇങ്ങനെ ഈ ലോകത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യവും ഏറ്റവും വലിയ സമ്പത്തും ഏറ്റവും വലിയ സുഖവും യേശുക്രിസ്തുവാണ് എന്ന് ഏറ്റുപറയുന്ന ആയിരക്കണക്കിനു സന്യാസിനി സന്യാസിമാര്‍ വിശുദ്ധരായി ജീവിക്കുന്നത് കത്തോലിക്കാസഭയുടെ സമ്പത്താണ്. അതിനിടയില്‍ ആരെങ്കിലും സന്യാസത്തിനു വില പറയുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ സന്യാസ സമര്‍പ്പണ ജീവിതത്തിന് യോഗ്യരല്ല. അവരെ സ്നേഹത്തോടുകൂടി അവര്‍ ആഗ്രഹിക്കുന്ന ജീവിതശൈലിയിലേക്കു തിരിച്ചുവിടുകയാണു ചെയ്യേണ്ടത്.

ഇവിടെ സന്യാസത്തെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളോ സാമൂഹ്യപ്രവര്‍ത്തകരോ ഒക്കെ ഉണ്ടാകാം. അവരെല്ലാം ഒന്ന് ഓര്‍മിക്കണം. സന്യാസം എന്നത് ഒരു ജീവിതശൈലിയാണ്. ഓരോ വ്യക്തിയും സ്വന്തമായി എടുക്കുന്ന ഒരു തീരുമാനമാണ്. ആ തീരുമാനത്തില്‍ ഉറച്ചുനില്ക്കുന്ന, സന്തോഷത്തോടെ വര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകളുള്ള ഈ സമൂഹത്തില്‍ സന്യാസത്തിനു വില പറയുന്ന ഒന്നോ രണ്ടോ പേരെ മുന്നില്‍ നിര്‍ത്തിയിട്ടു മറ്റുള്ളവരെയെല്ലാം മോശക്കാരാക്കുകയും എല്ലാവരും സന്യാസത്തിനു വില പറയുന്നവരും അസംതൃപ്തരുമാണെന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന ശൈലി പ്രതിഷേധാര്‍ഹമാണ്.

യേശുക്രിസ്തുവിനോടൊപ്പമുള്ള ഒരു ജീവിതശൈലിയാണു സന്യാസം എന്നു മനസ്സിലാക്കാത്തവര്‍ തീര്‍ച്ചയായും ഈ ജീവിതശൈലിയില്‍ നിന്ന് അകന്നുപോകട്ടെ. ദൈവം ആഗ്രഹിക്കുന്നവര്‍ മാത്രമാണ് ഇതിനോടു സഹകരിക്കേണ്ടത്. ഇതു ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയമല്ല. പൗലോസ് അപ്പസ്തോലന്‍റെ ഭാഷയില്‍ ലോകത്തിന്‍റെ മുമ്പില്‍ ഈ സന്യാസം ഭോഷത്തമാണ്. ഈ കുരിശിന്‍റെ ഭോഷത്തമാണു സന്യാസവസ്ത്രധാരികള്‍ ഈ ലോകത്തില്‍ പ്രഘോഷിക്കുന്നത്, സംസാരിക്കുന്നത്. അതിനിടയില്‍ സന്യാസത്തിനു വില പറയുന്നവരെ മാത്രം മുന്നില്‍ നിര്‍ത്തി സന്യാസത്തിന്‍റെ മാഹാത്മ്യം കെടുത്തുന്ന എല്ലാ ചിന്തകളും ചര്‍ച്ചകളും നിസ്സാരവത്കരിച്ചു തള്ളിക്കളയാന്‍ സഭാസമൂഹത്തിനു കഴിയട്ടെ…

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org