Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> കലിപ്പും കാരണവും

കലിപ്പും കാരണവും

ഫാ. ജോഷി മയ്യാറ്റില്‍

ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവസഭകള്‍, പ്രത്യേകിച്ച് കത്തോലിക്കാസഭ, എന്തിനും ഏതിനും പ്രതിക്കൂട്ടിലാക്കപ്പെടുന്ന കാഴ്ചയാണുള്ളത്. വിദ്യാഭ്യാസ കച്ചവടക്കാരായി സഭയെ ചിത്രീകരിക്കുന്നതില്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വിജയിച്ചു കഴിഞ്ഞു. ആരോഗ്യപരിചരണരംഗത്ത് ഏറ്റവും ചെലവു ചുരുങ്ങിയതും ഗുണമേന്മയുള്ളതുമായ ചികിത്സ നല്കാന്‍ സഭ നടത്തുന്ന ആശുപത്രികള്‍ക്കു കഴിഞ്ഞിട്ടും ഈ മേഖലയിലെ ഏതു വിഷയത്തിലും സഭയെ പ്രതിസ്ഥാനത്തു നിറുത്താനാണ് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും താത്പര്യം. ഒരു തീവ്രവാദ സംഘടന നടത്തിയ കൈവെട്ടുകേസിലും ഏവരും ചേര്‍ന്ന് പ്രതിയാക്കിയത് സഭയെയായിരുന്നു. മതസ്പര്‍ദ്ധ വളരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഒരു മാനേജ്മെന്‍റ് നടത്തിയ ഇടപെടലിനെയാണ് ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനിച്ചതെന്ന് ഓര്‍ക്കണം. കേരളത്തില്‍ ന്യൂനപക്ഷരാഷ്ട്രീയമെന്നാല്‍ മുസ്ലീംലീഗുരാഷ്ട്രീയം മാത്രമാണെന്നിരിക്കേ, രാഷ്ട്രീയമായ പഴികളേല്ക്കാനും വിധിക്കപ്പെട്ടിരിക്കുന്നത് സഭയാണ്.

ഓഖി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ ഒരു ജനതതിക്കു വേണ്ടി നിലകൊണ്ട കേരളസഭയെ കാരണമൊന്നും കൂടാതെ, വര്‍ഗീയതയുടെ വിചിത്രവാദവുമായി ക്രൂശിക്കാനെത്തിയ ടി.വി. അവതാരങ്ങളെയും അവതാരകരെയും കേരളസമൂഹം ഈയിടെ കണ്ടു! 60 വര്‍ഷങ്ങളായി തീര്‍ത്ഥാടനകേന്ദ്രമാണ് ബോണക്കാട് എന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ച്, ആ വിഷയം കൈയേറ്റശ്രമമായി പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാനാണ് പലര്‍ക്കും താത്പര്യം. ഭൂമിവില്പന വിവാദം ഊതിവീര്‍പ്പിക്കാനുള്ള കഠിനപരിശ്രമങ്ങള്‍ക്ക് ഇനിയും വിരാമമായില്ല.

1. മൂല്യങ്ങളിലും ആദര്‍ശങ്ങളിലും സഭയ്ക്കുള്ള ആധികാരികതയും സുസമ്മതിയും ആണ് ഏറെ പേരെയും സഭയ്ക്കെതിരേ തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്നു തോന്നുന്നു. മൂല്യങ്ങളുടെ മേഖലയില്‍ സഭയ്ക്ക് അല്പം പോലും മങ്ങലേല്ക്കരുതെന്നു ചിന്തിച്ച് ഭാവാത്മക വിമര്‍ശനവുമായി വരുന്ന ചിലരുണ്ട്. മൂല്യങ്ങളോടു പുലബന്ധമില്ലാത്ത മറ്റു ചിലരാകട്ടെ, മൂല്യങ്ങളെ തകര്‍ക്കാന്‍ വേണ്ടിമാത്രമാണ് സഭയെ വിമര്‍ശിക്കുന്നത്.

2. സഭയുടെ മുഖമായി പൗരോഹിത്യം നിലകൊള്ളുന്നതാകണം മറ്റൊരു കാരണം. സഭയില്‍ അല്മായ നേതൃത്വത്തിനു തീരെ ദൃശ്യതയില്ല എന്നതു വാസ്തവമാണ്. പൊതുവേദികളില്‍ സഭയുടെ മുഖത്തിന് അല്മായസൗന്ദര്യമുണ്ടാകേണ്ട കാലം അതിക്രമിച്ചില്ലേ?

3. തികഞ്ഞ അന്യായം നടത്തുന്ന ഏതാനും ചില കത്തോലിക്കാസ്ഥാപനങ്ങള്‍ മുഴുവന്‍ സഭയ്ക്കും സമ്മാനിക്കുന്ന ദുഷ്പേരും ഇതിനു പിന്നിലുണ്ടാകാം. അടിസ്ഥാനപരമായ ദരിദ്രാഭിമുഖ്യം സഭാസ്ഥാപനങ്ങള്‍ക്കു നഷ്ടപ്പെടുന്നതും സമൂഹത്തിലെ ക്രീമിലെയറിന് പ്രത്യേക പരിഗണന അവയില്‍ ലഭിക്കുന്നു എന്ന തോന്നലും സഭാവിരുദ്ധ നിലപാടിന് പലരെയും പ്രചോദിപ്പിക്കുന്നുണ്ടാവാം.

4. സഭ നടത്തുന്ന പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും കെട്ടുറപ്പും തലയെടുപ്പും മറ്റുള്ളവരില്‍ ഉണര്‍ത്തുന്ന അസൂയയും കാരണമായിരിക്കാം.

5. സഭയെ ചാരി മുതലെടുപ്പു നടത്താനുള്ള ചില നിഗൂഢ ശക്തികളുടെ ശ്രമവും ഇവിടെയുണ്ടെന്നു കരുതാതിരിക്കാനാവില്ല. നഴ്സസ് സമരം ഇതിനു വ്യക്തമായ തെളിവാണ്. ഒരു പ്രത്യേക സമുദായത്തിലെ ആശുപത്രികളിലൊന്നും ഒരു പ്രശ്നവുമുണ്ടായില്ല എന്നത് ഓര്‍ക്കേണ്ടതാണ്.

6. രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മേഖലകളില്‍ ശോഭിക്കുന്ന കത്തോലിക്കര്‍ക്കുപോലും സഭയോടു പ്രതിപത്തിയോ ഹൃദയബന്ധമോ ഇല്ലാത്തത് എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യവും സുപ്രധാനമാണ്.

7. കത്തോലിക്കര്‍ പൊതുവേ നിരുപദ്രവകാരികളും കടുത്തനിലപാടുകള്‍ സ്വീകരിക്കാത്തവരുമാണെന്ന ചിന്ത പൊതുസമൂഹത്തിനുണ്ട്. ക്രൈസ്തവരെ പ്രകോപിപ്പിച്ചാല്‍ ആര്‍ക്കും ഒരു നഷ്ടവും വരാനില്ല എന്നതു സത്യമാണുതാനും.

എങ്കില്‍, ദൈവത്തോടുള്ള വിശ്വസ്തതയ്ക്കും അര്‍ത്ഥപൂര്‍ണമായ സഭാസ്തിത്വത്തിനുംവേണ്ടി അടിയന്തിരമായി ഉണ്ടാകേണ്ട ശൈലീമാറ്റം എന്ത്?

* സഭ എന്നാല്‍ ദൈവജനമാണെന്ന വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനം കേരളസഭ സ്വന്തമാക്കണം.

* വിശ്വാസകാര്യങ്ങളില്‍ പൗരോഹിത്യത്തിന്‍റെ നേതൃത്വം ആവശ്യമാണെങ്കിലും സാമൂഹിക-സാംസ്കാരിക-മാധ്യമ മേഖലകളില്‍ വിശ്വാസബോധ്യങ്ങളും മതേതരകാഴ്ചപ്പാടുകളും ഒരുപോലെ സമന്വയിക്കുന്ന അല്മായ നേതാക്കളെ മുന്നണിയില്‍ നിറുത്തണം.

* ഉത്തുംഗദേവാലയങ്ങളും സ്ഥാപനങ്ങളും ബാഹ്യമോടികളും ഇനി വേണ്ടെന്നു വയ്ക്കണം. ഒരു മരപ്പണിക്കാരന്‍റെ നാമം ധരിക്കുന്ന സഭ കൂടുതല്‍ ദരിദ്രയാകാനും കൂടുതല്‍ ദരിദ്രരെ ഉദ്ധരിക്കാനും തയ്യാറാകണം.

* നമുക്കു സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും ഇനി ആവശ്യമില്ല. പത്തു വര്‍ഷത്തിനകം ഈ രണ്ടു മേഖലകളില്‍നിന്നും സഭ പിന്‍വലിയണം.

* ചേരികളും സര്‍ക്കാരാശുപത്രികളും സര്‍ക്കാര്‍ സ്കൂളുകളും പാവപ്പെട്ടവനു നീതിലഭ്യമാക്കലും ലഹരിവിരുദ്ധബോധവത്കരണവും കുറ്റകൃത്യ വിരുദ്ധ ബോധവത്കരണവും പരിസ്ഥിതിസംരക്ഷണവും മാലിന്യസംസ്കരണവുമെല്ലാം നമ്മുടെ പ്രേഷിതശുശ്രൂഷകളുടെ അഭിനവപാതകളാകണം.

Comments

3 thoughts on “കലിപ്പും കാരണവും”

 1. Naturelover says:

  വെള്ളയടിച്ച കുഴിമാടങ്ങളാകുന്ന, പുരോഹിത വർഗ്ഗമെ, ദൈവം ഇല്ല എന്നു വിചാരിച്ചു നിങ്ങൾ അഹങ്കരിക്കേണ്ട. ശരിയാണ്,  ഈജിപ്തിലെ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ, ശത്രു സൈന്യത്തിലെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ സകല സ്ത്രീകളെയും,  കൊന്നൊടുക്കുവാൻ Joshua യോട് കൽപ്പിച്ച, ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്തു, സ്വന്തം ജനമായ ഇസ്രായേൽ ജനത്തെ കാത്തുപോന്ന, അബ്രഹാമിന്റെയും യാക്കോബിന്റെയും മോശയുടെയും, ഇസഹാക്കിൻറെയും, ഒരു ദൈവം ഇല്ല. ആ ദൈവത്തെ പറ്റി തന്നെയാണ്,  മുഹമ്മദും പറഞ്ഞത്.  ഒരു ക്രൂരനായ ന്യായാധിപനെ പോലെ, നിങ്ങൾ മനസ്സിലാക്കിയിരിക്കുന്ന, ആ ദൈവം.

  പക്ഷേ നിങ്ങൾ ഒന്ന് ഓർത്തു കൊള്ളുക, ജീസസ് ക്രൈസ്റ്റ് പറഞ്ഞ, പെറ്റമ്മയെക്കാൾ,  കൂടുതൽ നിങ്ങളെ സ്നേഹിക്കുന്ന, ഒരു  സ്വർഗസ്ഥനായ പിതാവ് ഉണ്ടെന്നുള്ള കാര്യം നിങ്ങൾ മറക്കേണ്ട. നിങ്ങളുടെ ജഡിഹാസ ശക്തികളോടുള്ള മോഹങ്ങളും, കാപട്യം നിറഞ്ഞ പ്രവർത്തികളും കണ്ട്, നിസ്സഹായൻ ആയിരിക്കുന്ന, ആ പിതാവ് ആരാണെന്നും, എന്താണെന്നും, നിങ്ങൾക്ക് അറിയില്ലെങ്കിലും, ആ പിതാവിനെ അന്വേഷിക്കുന്നവർ, ആ പിതാവിനെ കണ്ടെത്തുകയും, ആ പിതാവിന്റെ സ്നേഹവും, സംരക്ഷണവും ജീവിതത്തിലുടനീളം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതിലൊരാളാണ് ഈ എളിയവനായ ഞാനും.

  സഭയിലെ ഇടയന്മാർ ആത്മാർത്ഥതയില്ലാത്ത വരും, അവിശ്വസ്തർ, ആകുകയും, അവരുടെ നോട്ടം, ആടുകളുടെ ക്ഷേമത്തിൽ നിന്നും മാറി ആടുകളുടെ, അകിടിലേക്കാകുകയും, ചെയ്തപ്പോൾ, യൂറോപ്പിലെയും അമേരിക്കയിലെയും, ലക്ഷക്കണക്കിന് ആടുകൾ ഓടി രക്ഷപ്പെട്ടു. അവർക്ക് മനസിലായി, ഇത് പാലു മാത്രമല്ലാ, മറിച്ച്, രക്തവും, ഊറ്റി കുടിക്കുവാനുള്ള   പോക്കാണെന്ന്. ഇപ്പോൾ ഉള്ളത്, ലാറ്റിൻ ആമേരിക്കൻ, ഏഷഽൻ, ആഫ്രിക്കൻ, ഭൂഖണ്ഡങ്ങളിലെ, കുറേ ദരിദ്ര രാജ്യങ്ങളിലെ ആടുകൾ മാത്രം.

  ഇപ്പോൾ, നിങ്ങളുടെ ലൗകിക സുഖത്തിനുവേണ്ടി തെറ്റായ വഴിയിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന, ഈ പാവപ്പെട്ട രാജ്യങ്ങളിലെ, ആടുകൾ 150, 200 വർഷങ്ങൾ കഴിയുമ്പോൾ, അവരുടെ സാമൂഹിക, സാമ്പത്തിക, വ്യവസ്ഥിതികളിൽ മാറ്റം വന്നു കഴിയുമ്പോൾ, അവരും നിങ്ങളെ വിട്ടു പോകും.

  അങ്ങനെ, ഒരുപക്ഷേ, നിങ്ങൾ കാരണവും, അവരുടെ അറിവില്ലായ്മ നിമിത്തവും, തെറ്റായ വഴികളിലൂടെ, നടന്ന് ഈ ലോകത്തിൽ അവർ  നാശത്തിൽ ചെന്ന് പെട്ടാലും,  അവർ മരണശേഷം, അവരുടെ സ്വർഗ്ഗസ്ഥനായ പിതാവിൻറെ വാസസ്ഥലത്തിൽ  എത്തിപ്പെട്ടെക്കാം. പക്ഷേ നിങ്ങൾക്ക്, ആ സൗഭാഗ്യം സ്വപ്നത്തിൽ പോലും ചിന്തിക്കാൻ സാധിക്കില്ല.

 2. jose says:

  രണ്ടും മൂന്നും അഭിപ്രായങ്ങള്‍ കലക്കി.
  മറ്റു ചിലതുകൂടിയുണ്ട്.
  1.പളളികള്‍ തോറും കൊന്നു കൊലവിളിച്ചു നടത്തുന്ന പിരിവുകള്‍
  2. പിരിവിനെക്കുറിച്ചു പറയാനല്ലാതെ വാ തുറക്കാത്ത വെെദികര്‍
  3.കുടുംബജീവിതത്തിന്റെ വിശുദ്ധീകരണം പ്രസംഗങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയ അച്ചന്‍മാര്‍.
  4.ജീവിതഗന്ധിയല്ലാത്ത കുര്‍ബാന പ്രസംഗങ്ങള്‍
  5.ഇടവക ജനങ്ങളെ വരച്ചവരയില്‍ നിര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന മെത്രാന്‍മാരും അതു ശിരസ്സാ വഹിക്കുന്ന അജപാലകരും.
  6.ജീവിതസാക്ഷ്യങ്ങളെക്കാള്‍ ഷോകള്‍ക്കു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.
  7.ജനങ്ങളിലേക്ക് ഇറങ്ങിവരാന്‍ മടിക്കുന്ന വെെദികര്‍.
  8.നാെവേനകളും ധ്യാനങ്ങളിലും പ്രതിമകളെ മുന്‍നിര്‍ത്തിയുളള ആരാധനകളിലും രമിക്കുന്ന അജപാലകരും ഇടയന്‍മാരും.
  9.ക്രിസ്തുവിനെയും വിശുദ്ധന്‍മാരെയും മറന്ന് അവരുടെ മാര്‍ക്കറ്റിങ് മാത്രം നടക്കുന്നു.
  10. സഭയുടെ സ്ഥാപനങ്ങളുടെ നിലവാരമില്ലായ്മ. അതു കൂട്ടാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല.

 3. Mathew says:

  ദെെവം തിരഞ്ഞെടുത്തവരല്ല ഇപ്പോള്‍ വെെദികരാകുന്നത്. മറ്റു പല ലക്ഷ്യങ്ങളും മുന്നില്‍ക്കണ്ട് വെെദികവൃത്തിയില്‍ എത്തപ്പെടുന്നവരാണ് ഇന്നത്തെ അച്ചന്‍മാരില്‍ ഭൂരിഭാഗവും.

  മുഖത്ത് (പ്രവൃത്തിയിലും) സാത്വികഭാവമോ ചെെതന്യമോ ഉളള അച്ചന്‍മാരെ ഇപ്പോള്‍ കാണാനില്ല. ക്രൗര്യവും ധാര്‍ഷ്ഠ്യവുമാണ് എല്ലാവരുടെയും മുഖത്ത് നിറഞ്ഞു നില്‍ക്കുന്നത്.

Leave a Comment

*
*