കലിപ്പും കാരണവും

കലിപ്പും കാരണവും

ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവസഭകള്‍, പ്രത്യേകിച്ച് കത്തോലിക്കാസഭ, എന്തിനും ഏതിനും പ്രതിക്കൂട്ടിലാക്കപ്പെടുന്ന കാഴ്ചയാണുള്ളത്. വിദ്യാഭ്യാസ കച്ചവടക്കാരായി സഭയെ ചിത്രീകരിക്കുന്നതില്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വിജയിച്ചു കഴിഞ്ഞു. ആരോഗ്യപരിചരണരംഗത്ത് ഏറ്റവും ചെലവു ചുരുങ്ങിയതും ഗുണമേന്മയുള്ളതുമായ ചികിത്സ നല്കാന്‍ സഭ നടത്തുന്ന ആശുപത്രികള്‍ക്കു കഴിഞ്ഞിട്ടും ഈ മേഖലയിലെ ഏതു വിഷയത്തിലും സഭയെ പ്രതിസ്ഥാനത്തു നിറുത്താനാണ് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും താത്പര്യം. ഒരു തീവ്രവാദ സംഘടന നടത്തിയ കൈവെട്ടുകേസിലും ഏവരും ചേര്‍ന്ന് പ്രതിയാക്കിയത് സഭയെയായിരുന്നു. മതസ്പര്‍ദ്ധ വളരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഒരു മാനേജ്മെന്‍റ് നടത്തിയ ഇടപെടലിനെയാണ് ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനിച്ചതെന്ന് ഓര്‍ക്കണം. കേരളത്തില്‍ ന്യൂനപക്ഷരാഷ്ട്രീയമെന്നാല്‍ മുസ്ലീംലീഗുരാഷ്ട്രീയം മാത്രമാണെന്നിരിക്കേ, രാഷ്ട്രീയമായ പഴികളേല്ക്കാനും വിധിക്കപ്പെട്ടിരിക്കുന്നത് സഭയാണ്.

ഓഖി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ ഒരു ജനതതിക്കു വേണ്ടി നിലകൊണ്ട കേരളസഭയെ കാരണമൊന്നും കൂടാതെ, വര്‍ഗീയതയുടെ വിചിത്രവാദവുമായി ക്രൂശിക്കാനെത്തിയ ടി.വി. അവതാരങ്ങളെയും അവതാരകരെയും കേരളസമൂഹം ഈയിടെ കണ്ടു! 60 വര്‍ഷങ്ങളായി തീര്‍ത്ഥാടനകേന്ദ്രമാണ് ബോണക്കാട് എന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ച്, ആ വിഷയം കൈയേറ്റശ്രമമായി പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാനാണ് പലര്‍ക്കും താത്പര്യം. ഭൂമിവില്പന വിവാദം ഊതിവീര്‍പ്പിക്കാനുള്ള കഠിനപരിശ്രമങ്ങള്‍ക്ക് ഇനിയും വിരാമമായില്ല.

1. മൂല്യങ്ങളിലും ആദര്‍ശങ്ങളിലും സഭയ്ക്കുള്ള ആധികാരികതയും സുസമ്മതിയും ആണ് ഏറെ പേരെയും സഭയ്ക്കെതിരേ തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്നു തോന്നുന്നു. മൂല്യങ്ങളുടെ മേഖലയില്‍ സഭയ്ക്ക് അല്പം പോലും മങ്ങലേല്ക്കരുതെന്നു ചിന്തിച്ച് ഭാവാത്മക വിമര്‍ശനവുമായി വരുന്ന ചിലരുണ്ട്. മൂല്യങ്ങളോടു പുലബന്ധമില്ലാത്ത മറ്റു ചിലരാകട്ടെ, മൂല്യങ്ങളെ തകര്‍ക്കാന്‍ വേണ്ടിമാത്രമാണ് സഭയെ വിമര്‍ശിക്കുന്നത്.

2. സഭയുടെ മുഖമായി പൗരോഹിത്യം നിലകൊള്ളുന്നതാകണം മറ്റൊരു കാരണം. സഭയില്‍ അല്മായ നേതൃത്വത്തിനു തീരെ ദൃശ്യതയില്ല എന്നതു വാസ്തവമാണ്. പൊതുവേദികളില്‍ സഭയുടെ മുഖത്തിന് അല്മായസൗന്ദര്യമുണ്ടാകേണ്ട കാലം അതിക്രമിച്ചില്ലേ?

3. തികഞ്ഞ അന്യായം നടത്തുന്ന ഏതാനും ചില കത്തോലിക്കാസ്ഥാപനങ്ങള്‍ മുഴുവന്‍ സഭയ്ക്കും സമ്മാനിക്കുന്ന ദുഷ്പേരും ഇതിനു പിന്നിലുണ്ടാകാം. അടിസ്ഥാനപരമായ ദരിദ്രാഭിമുഖ്യം സഭാസ്ഥാപനങ്ങള്‍ക്കു നഷ്ടപ്പെടുന്നതും സമൂഹത്തിലെ ക്രീമിലെയറിന് പ്രത്യേക പരിഗണന അവയില്‍ ലഭിക്കുന്നു എന്ന തോന്നലും സഭാവിരുദ്ധ നിലപാടിന് പലരെയും പ്രചോദിപ്പിക്കുന്നുണ്ടാവാം.

4. സഭ നടത്തുന്ന പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും കെട്ടുറപ്പും തലയെടുപ്പും മറ്റുള്ളവരില്‍ ഉണര്‍ത്തുന്ന അസൂയയും കാരണമായിരിക്കാം.

5. സഭയെ ചാരി മുതലെടുപ്പു നടത്താനുള്ള ചില നിഗൂഢ ശക്തികളുടെ ശ്രമവും ഇവിടെയുണ്ടെന്നു കരുതാതിരിക്കാനാവില്ല. നഴ്സസ് സമരം ഇതിനു വ്യക്തമായ തെളിവാണ്. ഒരു പ്രത്യേക സമുദായത്തിലെ ആശുപത്രികളിലൊന്നും ഒരു പ്രശ്നവുമുണ്ടായില്ല എന്നത് ഓര്‍ക്കേണ്ടതാണ്.

6. രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മേഖലകളില്‍ ശോഭിക്കുന്ന കത്തോലിക്കര്‍ക്കുപോലും സഭയോടു പ്രതിപത്തിയോ ഹൃദയബന്ധമോ ഇല്ലാത്തത് എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യവും സുപ്രധാനമാണ്.

7. കത്തോലിക്കര്‍ പൊതുവേ നിരുപദ്രവകാരികളും കടുത്തനിലപാടുകള്‍ സ്വീകരിക്കാത്തവരുമാണെന്ന ചിന്ത പൊതുസമൂഹത്തിനുണ്ട്. ക്രൈസ്തവരെ പ്രകോപിപ്പിച്ചാല്‍ ആര്‍ക്കും ഒരു നഷ്ടവും വരാനില്ല എന്നതു സത്യമാണുതാനും.

എങ്കില്‍, ദൈവത്തോടുള്ള വിശ്വസ്തതയ്ക്കും അര്‍ത്ഥപൂര്‍ണമായ സഭാസ്തിത്വത്തിനുംവേണ്ടി അടിയന്തിരമായി ഉണ്ടാകേണ്ട ശൈലീമാറ്റം എന്ത്?

* സഭ എന്നാല്‍ ദൈവജനമാണെന്ന വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനം കേരളസഭ സ്വന്തമാക്കണം.

* വിശ്വാസകാര്യങ്ങളില്‍ പൗരോഹിത്യത്തിന്‍റെ നേതൃത്വം ആവശ്യമാണെങ്കിലും സാമൂഹിക-സാംസ്കാരിക-മാധ്യമ മേഖലകളില്‍ വിശ്വാസബോധ്യങ്ങളും മതേതരകാഴ്ചപ്പാടുകളും ഒരുപോലെ സമന്വയിക്കുന്ന അല്മായ നേതാക്കളെ മുന്നണിയില്‍ നിറുത്തണം.

* ഉത്തുംഗദേവാലയങ്ങളും സ്ഥാപനങ്ങളും ബാഹ്യമോടികളും ഇനി വേണ്ടെന്നു വയ്ക്കണം. ഒരു മരപ്പണിക്കാരന്‍റെ നാമം ധരിക്കുന്ന സഭ കൂടുതല്‍ ദരിദ്രയാകാനും കൂടുതല്‍ ദരിദ്രരെ ഉദ്ധരിക്കാനും തയ്യാറാകണം.

* നമുക്കു സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും ഇനി ആവശ്യമില്ല. പത്തു വര്‍ഷത്തിനകം ഈ രണ്ടു മേഖലകളില്‍നിന്നും സഭ പിന്‍വലിയണം.

* ചേരികളും സര്‍ക്കാരാശുപത്രികളും സര്‍ക്കാര്‍ സ്കൂളുകളും പാവപ്പെട്ടവനു നീതിലഭ്യമാക്കലും ലഹരിവിരുദ്ധബോധവത്കരണവും കുറ്റകൃത്യ വിരുദ്ധ ബോധവത്കരണവും പരിസ്ഥിതിസംരക്ഷണവും മാലിന്യസംസ്കരണവുമെല്ലാം നമ്മുടെ പ്രേഷിതശുശ്രൂഷകളുടെ അഭിനവപാതകളാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org