വിശുദ്ധി സമര്‍പ്പിതര്‍ക്ക് സംവരണം ചെയ്യപ്പെട്ടതോ?

ആധ്യാത്മീക ജീവിതത്തിന്‍റെ പരിപൂര്‍ണ്ണത സന്ന്യാസ പൗരോഹിത്യ ജീവിതങ്ങളിലാണ് സാധ്യമായിട്ടുള്ളതെന്ന ചിന്ത കത്തോലിക്കാ സഭയില്‍ കാലങ്ങളായി നിലനിന്നിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രാമാണിക രേഖയായ 'ജനതകളുടെ പ്രകാശത്തിലെ' (Lumen Gentium) അഞ്ചാം അദ്ധ്യായം ഈ ചിന്താധാരയെ തിരുത്തിയെഴുതി. മാമോദീസായിലൂടെ സഭയില്‍ അംഗങ്ങളായ എല്ലാവരും, അവര്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥകള്‍ എന്തുതന്നെയായാലും, ഒരേ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്ന് പ്രാമാണിക രേഖ അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

സഭാപഠനങ്ങളില്‍ നല്ലൊരു പങ്കും രൂപപ്പെട്ടത് വി. അഗസ്റ്റിന്‍റെയും അദ്ദേഹത്തിന്‍റെ പഠനങ്ങളില്‍ ആകൃഷ്ടനായിരുന്ന വി. തോമസ് അക്വിനാസിന്‍റെയും ആശയങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. വ്യക്തിജീവിതത്തിന്‍റെ സ്വാധീനത്താല്‍ അഗസ്റ്റിനും, സമൂഹപശ്ചാത്തലങ്ങളുടെയും സ്വാധീനത്തില്‍ അക്വീനാസും ക്രൈസ്തവജീവിതത്തിന്‍റെ പരിപൂര്‍ണ്ണത പൗരോഹിത്യത്തിലും സമര്‍പ്പണ ജീവിതത്തിലുമാണ് ദര്‍ശിച്ചത്. മധ്യകാലഘട്ടം വരെ ഈ ചിന്താധാര ശക്തമായിരുന്നു എന്നുവേണം അനുമാനിക്കാന്‍. പതിനേഴാം നൂറ്റാണ്ടില്‍ വി. ഫ്രാന്‍സീസ് സാലസ് എഴുതിയ 'ഭക്തജീവിതപ്രവേശിക' എന്ന കൃതിയില്‍ എല്ലാ ക്രിസ്ത്യാനികളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരാണെന്നത് അദ്ദേഹം പഠിപ്പിക്കുന്നുണ്ട്. പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനമായ കാസ്റ്റി കൊണൂബിയില്‍ (Casti Connubii 1930) എല്ലാ ജീവിതാവസ്ഥയിലുമുള്ള എല്ലാവര്‍ക്കും വിശുദ്ധിയുടെ ഏറ്റവും മകുടോദാഹണമായ ക്രിസ്തുവിനെ അനുകരിക്കാന്‍ കഴിയുമെന്നും അതിനായി പരിശ്രമിക്കണമെന്നും പറയുന്നുണ്ട് (n. 23).

ഏതായാലും സഭയിലെ കാതലായ മാറ്റങ്ങള്‍ക്ക് കാരണമായ വത്തിക്കാന്‍ കൗണ്‍സില്‍ തന്നെ അന്നുവരെ ഉണ്ടായിരുന്ന ആശയങ്ങളുടെ ന്യൂനത പരിഹരിക്കുകയും 'എല്ലാവരും' സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി നീങ്ങുന്ന തീര്‍ത്ഥാടകരാണെന്ന് സംശയലേശമെന്ന്യേ വ്യക്തമാക്കുകയും ചെയ്തു. എങ്കിലും ഭാരത സഭയെ സംബന്ധിച്ചിടത്തോളം ഇനിയും ഇത് വേണ്ടവിധത്തില്‍ സ്വാംശീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴും വിശുദ്ധി സന്യസ്തര്‍ക്കും വൈദീകര്‍ക്കും മാത്രമായി സംവരണം ചെയ്യപ്പെടുന്നതായി കാണപ്പെടുന്നുണ്ട്.

അല്മായരിലും സമര്‍പ്പിതരിലും ഇതിനു പ്രത്യാഘാതങ്ങളുണ്ട്. അല്മായര്‍ വിശുദ്ധരാവുക എന്നത് തങ്ങള്‍ക്കുള്ളതല്ല എന്നും അത് തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍ക്ക് വേണ്ടി മാത്രമാണുള്ളതെന്നും കരുതി, സഭ മുമ്പോട്ട് വയ്ക്കുന്ന അദ്ധ്യാത്മീക ജീവിതദര്‍ശനങ്ങളില്‍ കാര്യമായ ഭാഗഭാഗിത്വമില്ലാതെ മാറി നില്‍ക്കാന്‍ ഇടവരുന്നു. തങ്ങളുടെ അദ്ധ്യാത്മീകജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കോ വളര്‍ച്ചക്കോ ശ്രമിക്കാതെ 'ഇതൊക്കെ മതി' എന്ന ചിന്തയില്‍ അവര്‍ തുടരുന്നു. അവര്‍ക്കുണ്ടാകുന്ന കുറവുകളെയും വീഴ്ചകളെയും നിസ്സാരമായി കാണാനും വിശുദ്ധി അപ്രാപ്യമെന്ന തെറ്റായ ആശയത്തിലേക്ക് കടക്കാനും ഇതുമൂലം ഇട വരുന്നു.

സമര്‍പ്പിത ജീവിതങ്ങളെ അല്മായര്‍ വളരെ ശ്രേഷ്ഠമായി കാണുകയും വളരെ ഉയര്‍ന്ന പരിഗണനയും ബഹുമാനവും നല്‍കാനും ശ്രദ്ധിക്കാറുണ്ട്. ചിലപ്പോഴെങ്കിലും തങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത അദ്ധ്യാത്മീക ഉത്തുംഗങ്ങളില്‍ വ്യാപരിക്കുന്ന 'സൂപ്പര്‍മാന്‍' ആയി സമര്‍പ്പിതരെ കാണാന്‍ ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ അല്മായര്‍ക്ക് സമര്‍പ്പിതരുടെ വീഴ്ചകളെ മാനുഷീക വീഴ്ചകളായി കാണാന്‍ കഴിയാതെ വരുന്നു. ചിലപ്പോള്‍ അവരുടെ വീഴ്ചകളെ അംഗീകരിക്കാതെ അനാവശ്യമായ പ്രതിരോധത്തിനും ന്യായീകരണത്തിനും ശ്രമിച്ച് സമൂഹമധ്യത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നു. വീഴ്ചകളെക്കുറിച്ച് യുക്തിപരമായ വിശകലനത്തിന് പോലും ശ്രമിക്കാതെ അതെല്ലാം നിസ്സാരവത്കരിക്കപ്പെടുന്നു.

സമര്‍പ്പിതര്‍ സാധാരണക്കാരായ മനുഷ്യരാണെന്നും അവര്‍ക്കും മാനുഷീകമായ തെറ്റുകള്‍ സംഭവിക്കുമെന്നും അതുകൊണ്ടുതന്നെ അവരുടെ വീഴ്ചയിലോ ഉയര്‍ച്ചയിലോ അസാധാരണമായ യാതൊന്നും ഇല്ലെന്നും അല്മായര്‍ മനസ്സിലാക്കണം. സമര്‍പ്പിതരുടെ പരിശീലന കാലഘട്ടം അവര്‍ക്ക് പുതിയ തലച്ചോറോ ഹൃദയമോ നല്‍കുന്നില്ല. അവര്‍ക്ക് ലഭിച്ച കഴിവുകള്‍ തേച്ചുമിനുക്കാനും അറിവുകള്‍ സമ്പാദിക്കാനും കൃപകളില്‍ വളരാനുമാണ് ആ സമയം ഉപയോഗിക്കപ്പെടുന്നത്. കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കാനും അദ്ധ്യാത്മികമായി വളരാനും അവസരങ്ങള്‍ കിട്ടുന്ന സമര്‍പ്പിതരുടെ വീഴ്ചകള്‍, ഇതിനെല്ലാം സാധ്യതകള്‍ കുറവായ അല്മായരുടെ കുറവുകളുമായി താരതമ്യപ്പെടുത്താനാവില്ലെന്നത് വിസ്മരിക്കുന്നില്ല.

സമര്‍പ്പിത ജീവിതത്തെ ഏറ്റവും ഉദാത്തമായ വിളിയായി വികലമായി ചിത്രീകരിക്കുമ്പോഴും, അതുമാത്രമാണ് വിശുദ്ധിയിലേക്കുള്ള വാതിലെന്ന് തെറ്റായി പഠിപ്പിക്കുമ്പോഴും സന്യസ്തര്‍ക്കും വൈദീകര്‍ക്കും തങ്ങള്‍ എന്തോ അമാനുഷികമായ വ്യക്തിത്വങ്ങളായോ മറ്റുള്ളവരില്‍ നിന്ന് ഉയര്‍ന്നവരായോ ഒക്കെ തോന്നിയേക്കാം. അവരുടെ കുറവുകളെ യഥാവിധം തുറന്നു പറയുവാനോ അംഗീകരിക്കുവാനോ അതിനുവേണ്ട പ്രതിവിധികള്‍ ആരായാനോ അവര്‍ വൈമുഖ്യം കാണിച്ചേക്കാം.

ചിലപ്പോഴെങ്കിലും സമര്‍പ്പണ ജീവിതത്തിന്‍റെ ബാഹ്യമായ ആകര്‍ഷണങ്ങളില്‍ കുടുങ്ങി വിളിയില്ലാത്തവരും അതില്‍ പ്രവേശിക്കാനായി പരിശ്രമിക്കാന്‍ ഇത് ഇടവരുത്തും. തങ്ങള്‍ക്ക് സമര്‍പ്പണ ജീവിതത്തിലേക്ക് വിളിയില്ല എന്ന് തിരിച്ചറിഞ്ഞവര്‍ തിരികെ പോകാതിരിക്കാനും അതില്‍ തുടരാനും കൂടി ഇതുമൂലം സാധ്യതയുണ്ട്. ഇതെല്ലാം സമര്‍പ്പണജീവിതത്തിന്‍റെ മഹത്വവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയ പുതിയ ആശയങ്ങള്‍ സഭയില്‍ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്. 2004-ല്‍ വിശുദ്ധരുടെ പട്ടികയില്‍ ഇടം നേടിയ ജിയന്നയും, 2015-ല്‍ വി. കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ലൂയിസ്, സെലി മാര്‍ട്ടിന്‍ ദമ്പതികളും ഈ മാറ്റത്തിന്‍റെ ഉദാഹരണങ്ങളാണ്. കഴിഞ്ഞ കാലങ്ങളില്‍ ക്രൈസ്തവ ആധ്യാത്മീകതയുടെ പൂര്‍ണ്ണതയായി അല്മായരുടെ ജീവിതാവസ്ഥകളെ കാണാതിരുന്നതും അവരെക്കുറിച്ചുള്ള നാമകരണ നടപടികളോ ജീവിത വിശുദ്ധിയുടെ സാക്ഷ്യങ്ങളോ നല്‍കാന്‍ ഒരു സഭാ സമൂഹം ഇല്ലാതിരുന്നതും, ബന്ധപ്പെട്ട അധികാരികളോ കുടുംബാംഗങ്ങളോ അതിനെക്കുറിച്ച് താല്പര്യപ്പെടാതിരുന്നതും സന്ന്യാസപൗരോഹിത്ത്യേതര വിളിയില്‍ വിശുദ്ധ ജീവിതം നയിച്ചവരെ ലോകം അറിയാതിരിക്കാന്‍ പ്രേരകമായി എന്ന് ഊഹിക്കുന്നവരുണ്ട്.

ഏകസ്ഥജീവിതം കൂടുതല്‍ സ്വാതന്ത്ര്യവും സമയവും നല്‍കുമ്പോള്‍ സന്ന്യാസം കൂടുതല്‍ സംരക്ഷണവും ശിക്ഷണവും ഉറപ്പാക്കുന്നു. വിവാഹജീവിതം കുടുംബജീവിതത്തിന്‍റെ സന്തോഷങ്ങള്‍ സമ്മാനിക്കുമ്പോള്‍ പൗരോഹിത്യജീവിതം ദൈവത്തേയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന ചാലകമാകുന്നു. ഇവയെല്ലാം ഒരേ പൂന്തോട്ടത്തിലെ വിവിധങ്ങളായ പൂച്ചെടികള്‍ പോലെ മനോഹരവും വൈവിധ്യം നിറഞ്ഞതുമാണ്. അതേസമയം ഇതെല്ലാം ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്.

എല്ലാ മനുഷ്യരുടെയും അടിസ്ഥാനപരവും നൈസര്‍ഗ്ഗികവുമായ വിളി സ്നേഹിക്കുക എന്നുള്ളതാണെന്ന് ജോണ്‍ പോള്‍ പാപ്പാ (Familiaris Consortio 1981) പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ സ്നേഹം സാധ്യമാക്കുന്ന എല്ലാ ജീവിതാന്തസുകളും ഒരുപോലെ ശ്രേഷ്ഠമാണ്. ഏതെങ്കിലും ഒരു ജീവിതാവസ്ഥയെ ഉയര്‍ത്തിക്കാണിക്കുന്നതും മറ്റൊന്നിനെ ഇകഴ്ത്തുന്നതും നീതീകരിക്കാനാവില്ല. എല്ലാ വിളികള്‍ക്കും അവയുടേതായ ബുദ്ധിമുട്ടുകളും ആകര്‍ഷണങ്ങളും ഉണ്ട്. എല്ലാ ജീവിതാവസ്ഥകളും വെല്ലു വിളികള്‍ നിറഞ്ഞതാണ്. ഏതെങ്കിലും അതില്‍തന്നെ കൂടുതല്‍ എളുപ്പമുള്ളതോ കാഠിന്യമേറിയതോ അല്ല.

എല്ലാവരും ഒരേ പിതാവിന്‍റെ മക്കളാണെന്നും ആരും ആരെക്കാളും ചെറുതോ വലുതോ അല്ലെന്നും 'എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണെന്നും' ഭൂമിയില്‍ ദൈവത്തെ മഹത്വപ്പെടുത്തുക എന്നത് എല്ലാവരുടെയും കടമയാണെന്നും ഓര്‍ത്തിരിക്കേണ്ടത് അനിവാര്യമാണ്. 'നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍" (മത്താ 5:48) എന്ന വചനം നമുക്ക് മാര്‍ഗ്ഗദീപമായിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org