മാധ്യമങ്ങള്‍ ബഹിഷ്കരിക്കപ്പെടണമോ?

നിസ്സഹകരണപ്രസ്ഥാനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളക്കമുള്ള ഒരേടാണ്. ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് സ്വദേശി വസ്ത്രങ്ങളും ഉത്പന്നങ്ങളും ഉപയോഗിച്ചുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ വലിയൊരു മുന്നേറ്റമാണ് ഇന്ത്യന്‍ ജനത നടത്തിയത്. പക്ഷേ ചൗരിചൗരാ സംഭവത്തെത്തുടര്‍ന്ന് നിസ്സഹകരണപ്രസ്ഥാനവും പരാജയപ്പെടുകയായിരുന്നു എന്നതിന് ചരിത്രം തന്നെ സാക്ഷി.

ബഹിഷ്കരണം എന്ന ആശയം ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ പിന്നെയും അവതരിപ്പിക്കപ്പെടുകയാണ്. സഭക്കെതിരെയും സന്ന്യാസത്തിനെതിരെയും ചിലപ്പോഴെല്ലാം കൂദാശകള്‍ക്ക് എതിരായിപ്പോലും മാധ്യമങ്ങള്‍ നടത്തിയ അപക്വവും തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമായ പരാമര്‍ശങ്ങളും പരിപാടികളുമാണ് ഇതിന് കാരണമായിത്തീരുന്നത്. മാധ്യമങ്ങളെ ബഹിഷ്കരിക്കുന്നതും അവയ്ക്കെതിരെ കണ്ണടയ്ക്കുന്നതും എത്രമാത്രം ഫലപ്രദമായിരിക്കും? ഇതിനുമുന്‍പും മാധ്യമങ്ങള്‍ സഭാപഠനങ്ങളെ എതിര്‍ക്കുകയും കൂദാശകളെ നിന്ദിക്കുകയും ചെയ്തിട്ടുണ്ട്. സഭാധികാരികളുടെയും സഭാ തനായരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഉരുത്തിരിഞ്ഞ പ്രതിവിധികള്‍ക്ക് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇന്നും മാധ്യമങ്ങള്‍ വര്‍ദ്ധിതവീര്യത്തോടെ സഭയെ ആക്രമിക്കുന്നു. ആ അവസ്ഥയ്ക്ക് കാര്യമായ ഒരു മാറ്റം ഉണ്ടാകാന്‍ ഇടയില്ല. സഭയുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധവും എതിര്‍പ്പും വലിയ മാറ്റമൊന്നും വരുത്തുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും വിപരീതഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ചിലപ്പോഴെല്ലാം സഭാംഗങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം, അത്തരം പരിപാടികള്‍ക്കും മാധ്യമങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കും വലിയ പ്രചാരം ലഭിക്കാനും അതുവഴി കൂടുതല്‍ ശ്രദ്ധ ലഭിക്കാനും ഇടവരുത്തുകയാണ് ചെയ്തത്. സഭയുടെ ചിലവില്‍ ഒരു പരസ്യം ലഭിച്ച അവസ്ഥ.

ഇന്നത്തെ മാധ്യമങ്ങള്‍ സത്യത്തേക്കാള്‍ അധികമായി ഉദ്വേഗജനകവും പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നതുമായ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുന്നു എന്നുള്ളത് നിസ്തര്‍ക്കമാണ്. വാര്‍ത്തകളുടെ തലക്കെട്ടുകളുമായി വാര്‍ത്തക്കുള്ള ബന്ധം ഇന്ന് കുറഞ്ഞുവരുന്നു. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍ക്കായുള്ള പരക്കം പാച്ചില്‍ പലപ്പോഴും അവരെ കൊണ്ടുചെന്നെത്തിക്കുന്നത് അര്‍ദ്ധസത്യങ്ങളിലേക്കും അവാസ്തവികമായ വിവരങ്ങളിലേക്കുമാണ്. അവയുടെ സംപ്രേക്ഷണം തങ്ങളുടെ മാധ്യമങ്ങളുടെ 'മൂല്യം' ഉയര്‍ത്തുമെന്നതിനാല്‍ പലപ്പോഴും പല വാര്‍ത്തകളുടെയും നിജസ്ഥിതി അറിയാനോ അറിഞ്ഞാല്‍തന്നെ അവ വേണ്ടവിധം ശ്രോതാക്കളെ അറിയിക്കുവാനോ മാധ്യമങ്ങള്‍ ശ്രമിക്കാറില്ല.

ഇതിന് പരിധിയില്‍ കൂടുതല്‍ മാധ്യമങ്ങളെ പഴിചാരാനാവില്ല. കാരണം അവര്‍ ശ്രോതാക്കളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞു അത് സാധിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ ഇത്തരത്തിലുള്ള വാര്‍ത്തകളുടെ കാരണം, അവ കാണാനും ചര്‍ച്ച ചെയ്യാനും വിവാദമാക്കാനും പലരും താത്പര്യപ്പെടുന്നു എന്നുള്ളതാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെങ്കില്‍ നാം ശ്രോതാക്കളുടെ നിലവാരം ഉയര്‍ത്തുക തന്നെ വേണം. ആരോഗ്യകരമായ ഒരു മാധ്യമവിദ്യാഭ്യാസം ലഭ്യമാക്കുക എന്നുള്ളതാണ് ഏറ്റവും കരണീയം. ഇനിയുള്ള കാലങ്ങളില്‍ മീഡിയയുടെ സ്വാധീനം വര്‍ദ്ധിക്കുകയേ ഉള്ളൂ. നമുക്കാര്‍ക്കും അതില്‍ നിന്ന് ഒളിച്ചോടാനാകില്ല. അതു കൊണ്ട് ലഭിക്കുന്ന അറിവുകളും വിവരങ്ങളും സത്യമാണോ എന്ന് തിരിച്ചറിയാനും ഓരോ മാധ്യമങ്ങളെയും അവരുടെ താത്പര്യങ്ങളെയും മനസ്സിലാക്കാനും ഒരു നല്ല മാധ്യമ അവബോധം സഭാമക്കള്‍ക്ക് നല്‍കുക എന്നുള്ളതാണ് അഭികാമ്യം.

"മാധ്യമലോകത്ത് മനുഷ്യജീവിതത്തിന്‍റെ അന്തസിന് ചേരുന്ന വിധത്തിലും പൊതുനന്മയെ ബഹുമാനിച്ചു കൊണ്ടും എങ്ങനെ ജീവിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കാനായി ക്രൈസ്തവ സമൂഹം വിളിക്കപ്പെട്ടിരിക്കുന്നു" എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ, 2015-ല്‍ ലോകവാര്‍ത്താവിനിമയ ദിനത്തില്‍ നല്‍കിയ സന്ദേശം ഇനിയുള്ള കാലങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായി മാധ്യമങ്ങളെ സമീപിക്കേണ്ടതിന്‍റെ ആവശ്യകതയെ ലക്ഷ്യംവയ്ക്കുന്നുണ്ട്. പാപ്പാ തുടരുന്നു "കുറെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നതിനേക്കാള്‍ ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി, എങ്ങനെ പരസ്പരം സംസാരിക്കാന്‍ വീണ്ടും പഠിക്കാം എന്നതാണ്."

സഭ തരിശാണെന്നും വിശ്വാസം വഴി സംലഭ്യമായ നന്മകള്‍ പങ്കുവയ്ക്കുന്നതില്‍ അവള്‍ക്ക് വീഴ്ചവന്നുവെന്നും ചിന്തിക്കുന്ന, അത് നിരാശയായി ഉള്ളില്‍ പേറുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഈ സമൂഹത്തിന് സാക്ഷ്യത്തിലൂന്നിയ ജീവിതമാണാവശ്യം. ഈ നിരാശകളെ മാറ്റിയെടുക്കുന്നതിനും, സഭ ഇന്നും ജീവന്‍റെ നീര്‍ച്ചാലാണെന്ന് തിരിച്ചറിയുന്നതിനും മാധ്യമങ്ങളിലെ ശക്തമായ ക്രൈസ്തവ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണ്. ബഹിഷ്കരണങ്ങള്‍, ഊരുവിലക്കുകള്‍ എന്നിവയെക്കാളും മാധ്യമലോകത്ത് ഫലപ്രദമാവുക ക്രിയാത്മകമായ പ്രതികരണങ്ങളും ശക്തമായ ക്രൈസ്തവ ചൈതന്യത്തിലൂന്നിയ ഇടപെടലുകളുമാണ്. സത്യത്തില്‍ ഊന്നിയ, നീതി ഉറപ്പാക്കുന്ന, നിഷ്പക്ഷമായ, സ്ഥിരതയുള്ള ക്രൈസ്തവ സാന്നിധ്യങ്ങള്‍ മാധ്യമലോകത്ത് ഉണ്ട് എന്ന് ഉറപ്പുവരുത്താന്‍ സഭയ്ക്ക് സാധിക്കുന്നതിലാണ് നമ്മുടെ വിജയം.

ഒരു പൊതുജനസമ്പര്‍ക്ക സ്ഥാപനമെന്ന നിലയില്‍ സഭയ്ക്ക് മതഭേദമെന്ന്യേ എല്ലാതരത്തിലുമുള്ള ജനങ്ങളോട് സംവദിക്കേണ്ടതായി വരാറുണ്ട്. അങ്ങനെയുള്ള അവസരങ്ങള്‍ സൂക്ഷ്മമായി ഉപയോഗിക്കാന്‍ കഴിവുള്ളവരെ അക്കാര്യങ്ങള്‍ ഏല്പിക്കേണ്ടതാണ്. അതൊരു കലയാണ്, അതിനെ നിപുണതയുള്ളവര്‍ കൈകാര്യം ചെയ്യട്ടെ. മാധ്യങ്ങളെ ശത്രുക്കളായി കാണുന്നതും അവരോട് സുതാര്യതയില്ലാതെ പെരുമാറുന്നതും പഴഞ്ചന്‍ രീതികളാണ്. സമൂഹത്തിലെ മാധ്യമങ്ങളുടെ ശക്തമായ പങ്കിനെക്കുറിച്ച് നാം കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. മാധ്യമങ്ങളുമായി ഒരു സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുകയും അവര്‍ക്ക് ലഭ്യമാക്കേണ്ട വിവരങ്ങള്‍ യഥാസമയം നല്‍കുകയും വേണം. മാധ്യമങ്ങള്‍ തേടിപ്പിടിക്കുന്ന അര്‍ദ്ധസത്യങ്ങളെക്കാള്‍, സഭ നേരിട്ട് നല്‍കുന്ന സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കാന്‍ ഇടവരുത്തുക.

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മാത്രം നല്‍കട്ടെ. അവയെക്കുറിച്ചുള്ള വീക്ഷണങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നടത്തപ്പെടുവാന്‍ ക്രൈസ്തവവും സഭാത്മകവുമായ ഫോറങ്ങള്‍ ഉണ്ടാകട്ടെ. കാര്യങ്ങളെ അപഗ്രഥിക്കാനും ക്രിസ്തീയ വീക്ഷണത്തില്‍ അവതരിപ്പിക്കാനും സഭയില്‍ ഇടങ്ങളുണ്ടായാല്‍ മറ്റിടങ്ങളിലെ സ്വാധീനം വളരെയേറെ കുറയുവാന്‍ അതിടയാക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org