സഭയുടെ മാതാവും സഭയുടേതല്ലാത്ത മാതാവും

സഭയുടെ മാതാവും സഭയുടേതല്ലാത്ത മാതാവും

റോമന്‍ ആരാധനക്രമത്തില്‍ 'മാതെര്‍ എക്ലേസിയേ' എന്നൊരു തിരുനാള്‍കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ആരാധനയ്ക്കായുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍റെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ ആണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. പെന്തക്കുസ്താ ഞായറാഴ്ചയ്ക്കുശേഷം വരുന്ന തിങ്കളാഴ്ചയായിരിക്കും ഈ തിരുനാള്‍.

ഇത്തരമൊരു തിരുനാള്‍ ലത്തീന്‍ ആരാധനക്രമത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെടുന്നത് ഇക്കാലഘട്ടത്തില്‍ പലതുകൊണ്ടും ശ്രദ്ധേയമാണ്.

1) യഥാര്‍ത്ഥ മരിയഭക്തി വളരാന്‍ ഈ തിരുനാള്‍ ഇടയാക്കും എന്ന പ്രതീക്ഷയാണ് ഫ്രാന്‍സിസ് പാപ്പായ്ക്കുള്ളത്. യഥാര്‍ത്ഥമല്ലാത്ത മരിയഭക്തി പെരുക്കുന്ന കാലമാണിത്. മറിയത്തിന്‍റെ പേരില്‍ ഇന്ന് പല കോണുകളില്‍നിന്നും ഉയര്‍ന്നുവരുന്ന തെറ്റായ പ്രബോധനങ്ങളെ പ്രതിരോധിക്കാനുള്ളതാണ് 'സഭയുടെ മാതാവിന്‍റെ' തിരുനാള്‍. മരിയ ഡിവൈന്‍ മേഴ്സി വെളിപാടുകളെക്കുറിച്ച് ഈ കോളത്തില്‍ കഴിഞ്ഞമാസം ഞാന്‍ എഴുതിയിരുന്നത് ഓര്‍മിക്കുമല്ലോ. നമ്മുടെ കൊച്ചു കേരളത്തില്‍പോലും കര്‍ണാട്ടിക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും നിഷിദ്ധമാണെന്നു വെളിപ്പെടുത്തുന്ന മാതാവ് 'പ്രത്യക്ഷപ്പെട്ടു' കൊണ്ടിരിക്കുന്നു! ശാരീരികാഭ്യാസങ്ങളായ യോഗയും കളരിപ്പയറ്റും കരാട്ടേയും ജൂഡോയും അനുവദിക്കാത്ത, ആരതിയും നിലവിളക്കും ഭയപ്പെടുന്ന, സ്ത്രീകള്‍ പൊട്ടുതൊടുന്നത് ഇഷ്ടമില്ലാത്ത, ആയുര്‍വേദ ഔഷധങ്ങളും ഒറ്റമൂലിയും വെറുക്കുന്ന, ഞായറാഴ്ച ടിവി കാണല്‍ നിരോധിക്കുന്ന, ഗുരുദക്ഷിണ വിലക്കുന്ന, പൂര്‍വികാത്മാക്കളുടെ പാപസ്വാധീനം കാരണം ഭക്തര്‍ക്ക് അനുഗ്രഹം നല്കാന്‍ കഴിയാത്ത (ഡോ. ജോഷി ജോസഫ്, ദൈവകരുണയും ദൈവകരുണയുടെ മാതാവും ദൈവകരുണയുടെ സന്ദേശങ്ങളും) മാതാവിന്‍റെ പിന്നിലെ സംസ്കാര വിരുദ്ധതയും സഭാവിരുദ്ധതയും കേരളസഭ തിരിച്ചറിയണം. തൊടുപുഴ മറ്റൊരു ഡബ്ലിന്‍ ആകാതിരിക്കാന്‍ ബന്ധപ്പെട്ട സഭാധികാരികള്‍ ജാഗ്രത പാലിക്കണം.

2) "ഇതാ നിന്‍റെ അമ്മ" (യോഹ 19,27) എന്ന ക്രൂശിതന്‍റെ വാക്കുകളെ സംബന്ധിച്ച സവിശേഷ ശ്രദ്ധയുടെയും കൃത്യമായ ധാരണയുടെയും ഫലമാണ് ഈ തിരുനാള്‍. പെന്തക്കുസ്തായുടെ പിറ്റേന്ന് ഇത് ആചരിക്കുന്നത് സമുചിതംതന്നെ. പരിശുദ്ധാത്മാവില്‍നിന്ന് ഓരോ മനുഷ്യനുമുണ്ടാകേണ്ട വീണ്ടും ജനനത്തിന്‍റെ (യോഹ. 3:35) മാതൃത്വമാണ് മറിയത്തിന്‍റേത് എന്ന ബൈബിള്‍ സത്യം ഈ ആചരണം വിളിച്ചോതുന്നുണ്ട്. പരിശുദ്ധാത്മാവില്‍നിന്ന് പരിശുദ്ധമറിയത്തിന്‍റെ ഉദരത്തിലാണ് യേശു ഉരുവായത്. അതേ പ്രക്രിയതന്നെയാണ് ആത്മാവില്‍നിന്നു ജനിക്കാനായി ഓരോ മനുഷ്യനുവേണ്ടിയും ദൈവം പദ്ധതിയിട്ടിരിക്കുന്നത്. എലിസബത്തിന്‍റെ ഉദരത്തില്‍വച്ച് സ്നാപകഭ്രൂണത്തിനുപോലും ആത്മനിറവുണ്ടായത് മറിയത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു. "അവന്‍ അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ പൂരിതനാകും" എന്ന മാലാഖയുടെ പ്രവചനം (ലൂക്കാ 1:15) പൂര്‍ത്തിയായ നിമിഷം! എലിസബത്തും മറിയത്തിന്‍റെ അഭിവാദനമാത്രയില്‍ പരിശുദ്ധാത്മാവിനാല്‍ പൂരിതയായി. അപ്പസ്തോലന്മാരുടെ വീണ്ടും ജനനത്തിന്‍റെ പെന്തക്കുസ്തായും സംഭവിച്ചത് മറിയത്തിന്‍റെ സാന്നിദ്ധ്യത്തില്‍ത്തന്നെയായിരുന്നല്ലോ. ചുരുക്കിപ്പറഞ്ഞാല്‍, പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയും യേശുവിന്‍റെ മാതാവുമാണ് സഭയുടെ മാതാവ്. മറിയത്തിന്‍റെ സഭാമാതൃത്വത്തെക്കുറിച്ചുള്ള സൂചനകള്‍ പഴയനിയമത്തില്‍പോലും സൂക്ഷ്മദൃഷ്ടികള്‍ക്ക് കണ്ടെത്താനാകും. സിയോനോട് "എന്‍റെ ഉറവകള്‍ നിന്നിലാണ്" എന്നു പറയാന്‍ തിടുക്കംകൂട്ടുന്ന രാജ്യങ്ങളും ജനതകളും കഥാപാത്രങ്ങളായുള്ള 87-ാം സങ്കീര്‍ത്തനം "ഇതാ നിന്‍റെ അമ്മ" എന്ന പുതിയനിയമ വാക്യത്തിന്‍റെ അതിസുന്ദരമായ പ്രവചനമായും നിഴല്‍ക്കാഴ്ചയായും ഗ്രഹിക്കാവുന്നതാണ്.

3) രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിതെളിച്ച പ്രയോഗമാണ് 'സഭയുടെ മാതാവ്' എന്ന മരിയന്‍ അഭിധാനം. ബെനഡിക്ട് 14-ാമന്‍, ലിയോ 13-ാമന്‍ എന്നീ പാപ്പാമാര്‍ ഉപയോഗിച്ചിട്ടുള്ള ഈ പ്രയോഗത്തോട് വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത പലര്‍ക്കും അനുഭാവമില്ലായിരുന്നെങ്കിലും വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പ 1964 നവംബര്‍ 21-ന് തന്‍റെ പ്രത്യേക അധികാരമുപയോഗിച്ച് കൗണ്‍സിലിന്‍റെ മൂന്നാം സെഷന്‍റെ അന്ത്യത്തില്‍ മറിയത്തെ സഭയുടെ മാതാവായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും "ദൈവമാതാവിന്‍റെ ഏറ്റവും മൃദുലമായ ഈ അഭിധാനത്താല്‍ എല്ലാ ക്രൈസ്തവരും മറിയത്തെ ബഹുമാനിക്കുകയും വിളിച്ചപേക്ഷിക്കുകയും ചെയ്യണം" എന്ന് വ്യക്തമാക്കുകയും ചെയ്തു.

4) സഭയുടെ മാതൃസ്ഥാനവും ഈ തിരുനാള്‍ ഊട്ടിയുറപ്പിക്കുമെന്ന് പാപ്പാ പ്രതീക്ഷിക്കുന്നു. മൂന്നാം നൂറ്റാണ്ടില്‍ത്തന്നെ കാര്‍ത്തേജിലെ വി. സിപ്രിയാന്‍ ഉരുവിട്ട അതിപ്രസിദ്ധമായ വാക്യം ഓര്‍മിക്കാം: "സഭ നിനക്കു മാതാവായി ഇല്ലെങ്കില്‍ ദൈവം നിനക്കു പിതാവായി ഉണ്ടാകാന്‍ സാധ്യമല്ല." കാല്‍വിനെപ്പോലും സ്വാധീനിച്ച വാക്യമാണത്. സഭയുടെ ഈ മാതൃസ്ഥാനം സഭാമക്കളുടെ മനസ്സില്‍ ഇനിയും സുദൃഢമാകേണ്ടതുണ്ട്. ഇതിന്‍റെ അഭാവം തെളിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്.

പ്രതിസന്ധികള്‍ സഭയ്ക്കു പുത്തരിയല്ല. പാപികളുടെ കൂട്ടായ്മയായ പരിശുദ്ധ സഭ നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും മറിയത്തിന്‍റെ മാതൃസംരക്ഷണത്തില്‍ അതിജീവിക്കാന്‍ സഭയ്ക്കു സാധിക്കും.

ചില പ്രായോഗികനിര്‍ദേശങ്ങള്‍: സഭയുടെ ഗര്‍ഭപാത്രമായ മാമ്മോദീസാതൊട്ടിയുടെ മരിയന്‍മാനം പഠനവിധേയമാക്കാവുന്നതാണ്. മാമ്മോദീസസംബന്ധിയായ ആഴമായ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. സഭയെ മാതാവും ഗുരുനാഥയുമായി അവതരിപ്പിച്ച ജോണ്‍ 23-ാമന്‍ പാപ്പായുടെ മാതെര്‍ എത് മജിസ്ത്ര എന്ന എന്‍സിക്ലിക്കലിന്‍റെ പഠനവും ഈയവസരത്തില്‍ സമുചിതമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org