|^| Home -> Pangthi -> കാലവും കണ്ണാടിയും -> കൊറോണയും സമൂഹവും പിന്നെ ഞാനും

കൊറോണയും സമൂഹവും പിന്നെ ഞാനും

Sathyadeepam

ഫാ. അജോ രാമച്ചനാട്ട്

എവിടെയോ വായിച്ച ഓര്‍മ്മയാണ്. ‘വക്കീലായിട്ടും, എന്തു കൊണ്ടാണ് സ്യൂട്ടും കോട്ടും ഉപേക്ഷിച്ച് അര്‍ദ്ധനഗ്നനായി നടക്കുന്നത്?’ എന്ന് ഗാന്ധിയോട് ആരോ ഒരാള്‍ ചോദിച്ചത്രേ. മറുപടി ഇങ്ങനെയായിരുന്നു ‘ഇന്ത്യയിലെ ഓരോ പൗരനും എല്ലാ ദിവസവും ഒരു ചപ്പാത്തിയും ഒരു നുള്ള് ഉപ്പും മുടക്കമില്ലാതെ കഴിക്കാന്‍ ലഭിക്കുന്നതു വരെ എന്‍റെ ദാരിദ്ര്യവ്രതം ഞാന്‍ തുടരും.’ വിദേശത്ത് പഠനം കഴിഞ്ഞിറങ്ങിയ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍നിന്ന് ഇന്ത്യാ മഹാരാജ്യത്തിന്‍റെ രാഷ്ട്രപിതാവ് എന്ന നിലയിലേക്ക് ആ മനുഷ്യന്‍ ഉയര്‍ന്നത് ഈ ഒരു സാമൂഹികാവബോധം കൊണ്ടാണ്, സാമൂഹിക പ്രതിബദ്ധത കൊണ്ടാണ്.

കൊറോണ എന്ന മഹാവിപത്തിനെ അതിജീവിക്കാനുള്ള പെടാപ്പാടില്‍ ആണല്ലോ നാമെല്ലാവരും. കത്തോലിക്കാ സഭയുടെ ആശുപത്രികളും സ്ഥാപനങ്ങളും ഹോസ്റ്റലുകളുമെല്ലാം കൊറോണ ജാഗ്രതയ്ക്ക് വേണ്ടി വിട്ടു കൊടുക്കാം എന്ന സഭയുടെ പ്രഖ്യാപനം വായിച്ചു. ആ തീരുമാനത്തെ അനുമോദിച്ചുകൊണ്ടും അനുകൂലിച്ചു കൊണ്ടും ഒരുപാടു പേര് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നതും കണ്ടു. ഒരു കാര്യം സത്യമാണ്, വ്യക്തിയായാലും മതമായാലും സമൂഹമായാലും സാമൂഹികപ്രതിബദ്ധത ഉള്ളവര്‍ക്കേ നിലനില്‍ക്കാനാവൂ. ചുറ്റുപാടുകളോട് കടപ്പാട് ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കേ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ ആകൂ. മത-രാഷ്ട്രീയഭേദമെന്യേ അനേകര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ കൊറോണാ പരിചരണത്തിനായി മുന്നോട്ടുവരുന്നതും കണ്ടു. നമ്മുടെ സമൂഹത്തിന് ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ജീവന്‍ വയ്ക്കുകയാണ്. പ്രളയത്തിനുശേഷം വീണ്ടും കേരളത്തില്‍ ഒരു സമൂഹനിര്‍മ്മിതി നടക്കുകയാണ്. ഒരു മനസ്സും ഒരു ഹൃദയവും ഒരു ലക്ഷ്യവും ഉള്ള ഒറ്റക്കെട്ടായ ഒരു സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മിതി.

അല്‍ബേനിയയിലെ ആഗ്നസ് കല്‍ക്കട്ടയിലെ പാവങ്ങളുടെ അമ്മയായത് സമൂഹത്തോടുള്ള ഒരു കടപ്പാട് കൊണ്ടാണ്. ഔഷ് വിറ്റ്സിലെ തടങ്കല്‍ പാളയത്തില്‍ പകരക്കാരനായി മരണം വരിക്കാന്‍ മാക്സിമില്യന്‍ കോള്‍ബെയ്ക്ക് പ്രചോദനം നല്‍കിയതും ഈ സാമൂഹിക പ്രതിബദ്ധത കൊണ്ടാണ്. മൊളോക്കോ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട രോഗികള്‍ എങ്ങനെയെങ്കിലും മരിച്ചോട്ടെ എന്ന് ലോകം ചിന്തിച്ചപ്പോള്‍, അവര്‍ക്ക് വേണ്ട രോഗശുശ്രൂഷയും ആത്മീയസഹായവും നല്‍കാന്‍ വേണ്ടിയാണ് ഫാ. ഡാമിയന്‍ കപ്പല്‍ കയറിയത്. നമ്മുടെ പ്രിയ സഹോദരി റാണി മരിയ ജീവന്‍ വെടിഞ്ഞതും ഒരു സമൂഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നല്ലോ.

വിദേശ നാടുകളില്‍ ജോലിക്കുപോയ ആതുരശുശ്രൂഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ കൂടപ്പിറപ്പുകളെയും സഹോദരങ്ങളെയും ശ്രദ്ധിച്ചോ? വിളിക്കുമ്പോഴും മെസ്സേജുകള്‍ കൈമാറുമ്പോഴും, ‘റിസ്ക് അല്ലേ, പുറത്ത് പോകേണ്ട. വീട്ടില്‍ കയറി ഇരിക്ക്’ എന്നൊക്കെ പറയാന്‍ നമ്മുടെ നാവു പൊന്തുന്നുണ്ട്. പക്ഷേ പറ്റുന്നില്ല. എന്താ കാരണം? വേദനിക്കുന്ന രോഗികളെ ഓര്‍ത്ത്, മരണത്തോടു മല്ലിടുന്ന മനുഷ്യരെ ഓര്‍ത്ത് അവരുടെ ഉള്ളിലെ മദര്‍ തെരേസയും ഗാന്ധിജിയും ഡാമിയനും കോള്‍ബെയും വിശ്രമമില്ലാത്ത ജോലിയിലാണ്!

ഒരു യുദ്ധത്തിന് പോകുന്ന പട്ടാളക്കാരെക്കാളും സമര്‍പ്പണ മനോഭാവമാണ് ഈ മനുഷ്യ രൂപം പൂണ്ട മാലാഖമാര്‍ക്ക്. പ്രിയരേ, നിങ്ങളെ ഓര്‍ത്ത് നിങ്ങളുടെ സന്‍മനസ്സിനെ ഓര്‍ത്ത് ലോക മനഃസാക്ഷിയുടെ മുഴുവന്‍ നമോവാകം.

പ്രളയത്തില്‍ നാം ഒന്നിച്ച് കൈകോര്‍ത്തത് പോലെ വീണ്ടും മതവും ജാതിയും നിറവും യോഗ്യതയും ഒക്കെ മാറ്റിവെച്ച് നമ്മള്‍ ഒന്നാകേണ്ട പരീക്ഷണദിവസങ്ങള്‍ ആണിത്. പോരാത്തതിന് രോഗഭീഷണി ചുറ്റുമുണ്ട് താനും. എങ്കിലും നസ്രായന്‍ കത്തിച്ചു വെച്ചിട്ടു പോയ ആ നല്ല ശമറായന്‍റെ ഭാരമേറിയ ഉത്തരവാദിത്വം നമുക്കെങ്ങനെ മറക്കാനാവും? നിങ്ങള്‍ ഭൂമിയുടെ ഉപ്പും ലോകത്തിനു പ്രകാശവുമാണ് എന്ന വചനം എങ്ങനെ അവഗണിക്കാനാകും?

കൊറോണക്കാലം ഉള്ളിലെ തല സ്നേഹത്തിന്‍റെ അഗ്നിയെ ജ്വലിപ്പിക്കട്ടെ.

അപരന്‍റെ ജീവന്‍ എന്‍റെ ഉത്തരവാദിത്വമാണെന്ന് ബോധ്യമുള്ള ഒരു വിശ്വാസസമൂഹം ഈ മണ്ണില്‍ ഉയര്‍ന്നു വരട്ടെ.

അതിജീവനത്തിനായി നമുക്ക് കൈകോര്‍ക്കാം!

Leave a Comment

*
*