അവ മരങ്ങളെ പോലെയിരിക്കുന്നു (മര്‍ക്കോ. 8:24)

അവ മരങ്ങളെ പോലെയിരിക്കുന്നു (മര്‍ക്കോ. 8:24)

മര്‍ക്കോസിന്‍റെ സുവിശേഷം എട്ടാം അദ്ധ്യാ യം 22 മുതലുള്ള വാക്യങ്ങള്‍ അന്ധനു കാഴ്ച നല്കുന്ന ഭാഗമാണ്. ഏറെ വിചിന്തനങ്ങളും വ്യാഖ്യാനങ്ങളും ഈ ബൈബിള്‍ ഭാഗത്തെ ആസ്പദമാക്കി പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ലാസറിനെ ഉയിര്‍പ്പിച്ചപ്പോഴും അഞ്ചപ്പംകൊണ്ടു അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയപ്പോഴുമെല്ലാം ഒരു വാക്കു മാത്രം ഉരുവിട്ടുകൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന യേശു എന്തുകൊണ്ട് അന്ധനെ സുഖപ്പെടുത്താന്‍ വിവിധങ്ങളായ മാനങ്ങളിലൂടെ കടന്നുപോകുന്നുവെന്നു പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്.

വിശ്വാസവുമായി ബന്ധപ്പെട്ടാണ് ഈ ഭാഗത്തെ വ്യാഖ്യാനിക്കാറുള്ളത്. ഒരു മനുഷ്യന്‍റെ വിശ്വാസജീവിതത്തില്‍ കാണുന്ന അവിശ്വാസം, അല്പവിശ്വാസം, അന്ധവിശ്വാസം, വിശ്വാസം തുടങ്ങിയവയുടെയെല്ലാം വിവിധ ഭാവങ്ങള്‍ ഈ അത്ഭുതത്തില്‍ വിശദീകരിച്ചു കാണാറുണ്ട്. "ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, അവ മരങ്ങളെപ്പോലെയിരിക്കുന്നു." അന്ധനായ മനുഷ്യന്‍ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, അവരെ മനുഷ്യരായി കാണാന്‍ സാധിക്കുന്നില്ല. അവര്‍ മരങ്ങളെപ്പോലെയിരിക്കുന്നു. എന്തുകൊണ്ടാണു മനുഷ്യരെ മനുഷ്യരായി കാണാനാവാത്തത് എന്നു ചോദിച്ചാല്‍ അഥവാ എന്തുകൊണ്ട് അവ മരങ്ങളെപ്പോലെയിരിക്കുന്നുവെന്നു പറഞ്ഞാല്‍ ഒരുവനു തന്‍റെ വിശ്വാസത്തെ അതിന്‍റേതായ ആഴത്തിലും രൂപഭാവത്തിലും കാണാന്‍ സാധിക്കുന്നില്ല എന്നതാണ്. ഒരുപാട് അവിശ്വാസികളെ നാം കണ്ടിട്ടുണ്ട്. ആഴമായ വിശ്വാസത്തില്‍ ജീവിക്കുന്നവരെയും നാം കണ്ടുമുട്ടാറുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വിഭാഗമാണ് അന്ധവിശ്വാസികള്‍. പക്ഷെ, യഥാര്‍ത്ഥമായ വിശ്വാസത്തെ കാണിച്ചുകൊടുക്കാന്‍ സാധിക്കാത്തവരാണവര്‍. ഇതിനൊരു ഉദാഹരണം പറയാം. എന്‍റെ ദേവാലയത്തില്‍ എല്ലാ ദിവസവും മുടങ്ങാതെ ദിവ്യബലിക്കു വരുന്ന ഒരു വിശ്വാസിയുണ്ട്. രാവിലെ 5.30-ന് ആരാധന തുടങ്ങുന്ന സമയത്ത് അയാള്‍ പള്ളിയിലെത്തും. വി. കുര്‍ബാനയില്‍ പങ്കെടുത്തു തിരികെ പോകും. വളരെ വ്യസനത്തോടെ ഒരിക്കല്‍ അയാള്‍ എന്‍റെ അടുക്കല്‍ വന്നു. കാരണം ഒരു ദിവസം അയാള്‍ എത്തിയപ്പോള്‍ ദിവ്യബലി ആരംഭിച്ചുകഴിഞ്ഞിരുന്നു. ദിവ്യബലിക്കെത്താന്‍ വൈകിയതാണ് അയാളെ വിഷമിപ്പിക്കുന്നത്. താമസിച്ചു വന്നതു പ്രശ്നമാക്കേണ്ട എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ അതല്ല വിഷയം; അയാള്‍ ഒരു പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ ചെന്നപ്പോള്‍ അവരുടെ കുടുംബത്തില്‍ തലമുറകളുടെ ശാപമുണ്ടെന്നും ആ ശാപം തീര്‍ക്കാന്‍ ഒരു ഗ്രിഗ്രിഗോറിയന്‍ കുര്‍ബാന (30 ദിവസം തുടര്‍ച്ചയായി കുര്‍ബാന ചൊല്ലിക്കുന്ന രീതി) അര്‍പ്പിക്കണം എന്നും നിര്‍ദ്ദേശിച്ചിരുന്നു. അതിനു സാമ്പത്തികസ്ഥിയില്ലെങ്കില്‍ ഏഴു മാസം മുടങ്ങാതെ വി. കുര്‍ബാനയുടെ ആരംഭം മുതല്‍ അവസാനംവരെ ഒരേ അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന ബലിയില്‍ പങ്കെടുക്കണമത്രേ. വി. ബലിയില്‍ പങ്കെടുക്കുന്നതിനിടയില്‍ മൂന്നാം മാസത്തില്‍ ഒരു ദിവസമാണ് അയാള്‍ വൈകി എത്തിയത്.

ഈ പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ നിന്നു നിഷ്കര്‍ഷിച്ചിട്ടുള്ളതനുസരിച്ച് ഒരു ദിവസം വൈകിപ്പോയാല്‍ വീണ്ടും ആരംഭം മുതല്‍ വി. ബലിയില്‍ പങ്കെടുക്കണം. അയാളെ ഞാന്‍ ആശ്വസിപ്പിച്ചു. താങ്കള്‍ വിശ്വാസപൂര്‍വം ബലിയില്‍ സംബന്ധിക്കുന്നു എന്നതിനപ്പുറം ഒന്നും നോക്കേണ്ടതില്ല എന്നു പറഞ്ഞു. പക്ഷേ, പ്രാര്‍ത്ഥനാഗ്രൂപ്പുകാര്‍ അതു സമ്മതിക്കുന്നില്ല. അയാളുടെ മൂന്നു മാസം വെറുതെ പോയി. അയാള്‍ വീണ്ടും ബലിയര്‍പ്പണത്തില്‍ ആരംഭം മുതല്‍ പങ്കാളിയാകുന്നു – തലമുറകളായുള്ള ശാപം മാറിക്കിട്ടാന്‍!! സാമ്പത്തികലാഭത്തിനുവേണ്ടിയോ എന്തെങ്കിലും നേട്ടത്തിനുവേണ്ടിയോ ആണ് ഈ പ്രാര്‍ത്ഥനാകേന്ദ്രം ഇത്തരത്തില്‍ ദിവ്യബലിയര്‍പ്പണത്തിനു നിഷ്കര്‍ഷിച്ചത് എന്നു ഞാന്‍ കരുതുന്നില്ല.

പക്ഷെ, കാരുണ്യവാനായ ദൈവത്തിന്‍റെ മുഖം കാണിച്ചുകൊടുക്കേണ്ട അവസരങ്ങളില്‍ ഇതുപോലുള്ള വികൃതമായ രൂപഭാവങ്ങള്‍ കൊടുക്കുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസം പകര്‍ന്നു നല്കാന്‍ നമുക്കു സാധിക്കാതെ വരുന്നില്ലേ? മനുഷ്യരെ കാണുമ്പോള്‍ മരങ്ങളെപ്പോലെയിരിക്കുന്നു എന്ന തലത്തിലേക്കാണ് ഇങ്ങനെയുള്ളവര്‍ ആളുകളെ നയിക്കുന്നത്.

അവിശ്വാസിയായിരിക്കുക എന്നുപറഞ്ഞാല്‍ വിശ്വാസത്തെപ്പറ്റി യാതൊരു അറിവുമില്ലാത്ത അവസ്ഥയാണ്. വിശ്വാസത്തെ അറിഞ്ഞിട്ടും അതു കൃത്യതയോടെ പങ്കുവച്ചു കൊടുക്കുവാനും കൃത്യതയോടെ സ്വീകരിക്കുവാനും സാധിക്കുക എന്നതാണു പരമപ്രധാനം. നമ്മുടെ വിശ്വാസജീവിതത്തില്‍ നാം പരിചയപ്പെടുന്ന കരുണാമയനായ ദൈവത്തെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അവതരിപ്പിക്കുക എന്നതാണത്. അവിടെ വികലമായ ചില നേര്‍ച്ചകാഴ്ചകളും വിശ്വാസമില്ലാത്ത ചില നീക്കുപോക്കുകളും പറഞ്ഞു ഒരാളെക്കൊണ്ടു പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ 'ചുടുചോറ്' വാരിക്കുന്നത് അയാളുടെ ജീവിതപ്രശ്നങ്ങളെക്കൊണ്ടു നാം മുതലെടുക്കുന്നതുപോലെയാകും. ആഴമായ വിശ്വാസജീവിതത്തിന്‍റെ വഴികളിലേക്കു നമ്മളെ കൊണ്ടു ചെല്ലുന്ന യേശുക്രിസ്തുവുമായി നമ്മെ അടുപ്പിക്കാന്‍ കഴിവുള്ളതാകണം യഥാര്‍ത്ഥ വിശ്വാസം.

പേടിപ്പെടുത്തുന്ന ഒരു ദൈവമല്ല, നമ്മുടെ ദൈവം. നേര്‍ച്ചകാഴ്ചകളിലൂടെ സമീപസ്ഥനാകുന്ന ഒരു ദൈവവുമല്ല അവിടുന്ന്. അവന്‍റെ മുമ്പില്‍ നിന്നുകൊണ്ട് "കര്‍ത്താവേ പാപിയായ എന്നില്‍ കനിയണമേ" എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ എന്നും ഉപവസിക്കുകയും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ഭക്തകര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ഫരിസേയനേക്കാള്‍ നീതീകരിക്കപ്പെട്ട ചുങ്കക്കാരനെ കാണിച്ചുതന്ന ദൈവമാണ് വിശ്വാസത്തിലേക്കു നമ്മെ ക്ഷണിക്കുന്നത് എന്നു നമുക്കു മറക്കാതിരിക്കാം. അവനുമായിട്ടുള്ള അടുക്കലിനായി ഏതു തരത്തിലുള്ള നേര്‍ച്ചകാഴ്ചകളും ഭക്താനുഷ്ഠാനങ്ങളും നടത്തുന്നത് ഒരു കുറവല്ല. പക്ഷേ, അതു മനുഷ്യനെ ഭീതിപ്പെടുത്തുന്നതും അവനെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നതുമായാല്‍ ഒരുപക്ഷേ, നമ്മള്‍ കാണുന്നതു യഥാര്‍ത്ഥ വിശ്വാസമായിരിക്കണമെന്നില്ല. നമ്മള്‍ മനുഷ്യനെ കാണുന്നു. പക്ഷേ, അതു മരങ്ങളെപ്പോലെയിരിക്കുന്നു എന്നര്‍ത്ഥം. അതിനാല്‍ കാരുണ്യാവാനായ ദൈവത്തിന്‍റെ മുമ്പില്‍ മുട്ടുകള്‍ മടക്കി പാപിയായ എന്‍റെ മേല്‍ കനിയണമെന്ന് ഇരുകൈകളും ഉയര്‍ത്തി ആഴമായി പ്രാര്‍ത്ഥിച്ചുകൊണ്ടു യഥാര്‍ത്ഥമായ വിശ്വാസത്തിലേക്കു കടന്നുവരാന്‍ കൃപ നല്കണമേയെന്ന് ആത്മാര്‍ത്ഥമായി നമുക്കു പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org