മോടി കെടുത്തിയ മാറ്റങ്ങള്‍

മോടി കെടുത്തിയ മാറ്റങ്ങള്‍

കടുത്ത സംഘപരിവാറുകാരെപ്പോലും അമ്പരപ്പിച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് 4 വര്‍ഷം തികയുകയാണ്. വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പ് വര്‍ഷത്തിലേയ്ക്ക് രാജ്യം പ്രവേശിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മോദി പറഞ്ഞ വിദേശ കള്ളപ്പണത്തിന്‍റെ ഓഹരിയായി 15 ലക്ഷം ഓരോ ഇന്ത്യക്കാരനും കിട്ടിയില്ല എന്ന സ്ഥിരം ആക്ഷേപത്തില്‍ വലിയ കഴമ്പൊന്നുമില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് ഇലക്ഷന് അപ്പുറം പ്രാധാന്യം മുന്‍ സര്‍ക്കാരുകളും കൊടുത്തിട്ടില്ല എന്നതിനാല്‍ ഈ വിഷയത്തില്‍ മോദിയെ കുറ്റപ്പെടുത്തുന്നതില്‍ കഥയില്ല. ഇന്ദിരാഗാന്ധിക്കുശേഷം കരുത്തുറ്റ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വം രാജ്യത്ത് ഉണ്ടായി എന്നതും ലോക നേതാക്കളുമായി ഹൃദ്യമായ ബന്ധം സൂക്ഷിച്ചു എന്നതും മോദി ഭരണത്തിന്‍റെ നേട്ടങ്ങള്‍ തന്നെയാണ്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ ഹിമാലയന്‍ അബദ്ധങ്ങളെ ഭരണത്തിലെ പരിചയക്കുറവായി കരുതി ഭാരതീയര്‍ ക്ഷമിക്കാന്‍ മാത്രം വ്യക്തിപ്രാഭവം നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. സംഘപരിവാറിന്‍റെ പശുവിവാദത്തിലും മോദിയെ നേരിട്ടു കുറ്റപ്പെടുത്താന്‍ കാരണങ്ങളൊന്നുമില്ല.

എന്നാല്‍, നരേന്ദ്ര മോദിയുടെ ഭരണത്തെ ആശങ്കയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന അടിസ്ഥാനപരമായ ചില പ്രശ്നങ്ങളുണ്ട്. ഈ ഭരണം ഇതേരീതിയില്‍ തുടര്‍ന്നാല്‍ സ്വതന്ത്രഭാരതം 70 കൊല്ലംകൊണ്ടു നേടിയ പലതും വിലയില്ലാതാകുമെന്ന് ആശങ്കപ്പെടാന്‍ ന്യായങ്ങളുണ്ട്.

ഒന്നാമതായി, സാധാരണക്കാരനെ മറന്ന് കോര്‍പ്പറേറ്റുകള്‍ക്കു ദാസ്യവേല നടത്തിയ ഭരണമാണ് മോദിയുടെ ഭരണകാലമെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്. ലളിത് മോദി മുതല്‍ നീരവ് മോദിവരെ രാജ്യത്തു തീവെട്ടിക്കൊള്ള നടത്തിയവര്‍ വിദേശരാജ്യങ്ങളില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ വിലസുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. മോദി ഭരണത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണമാണ് ഉയര്‍ന്നത്. രാജ്യത്തിന്‍റെ സമ്പത്തിന്‍റെ 73% കയ്യാളുന്നത് ഒരു ശതമാനം സമ്പന്നരാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ വെറും 12 മുതലാളിമാര്‍ ഇന്ത്യയുടെ സമ്പത്തിന്‍റെ 60% കയ്യടക്കിയിരിക്കുന്നു എന്ന കണക്ക് ഭീതിജനകമാണ്. ഓക്സിഫാം എന്ന ഇക്കണോമിക് ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച് മോദി ഭരണകാലം കോര്‍പ്പറേറ്റുകളുടെ സുവര്‍ണ്ണകാലമായിരുന്നു. കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം 7.5 ലക്ഷം കോടിയായി ഉയര്‍ന്നു. പെട്രോളിയത്തിന്‍റെ വിലയിടിവിന്‍റെ ആനുകൂല്യം സാധാരണക്കാരനു നല്‍കാതെ പിടിച്ചുപറിച്ചെടുത്ത സര്‍ക്കാര്‍ പ്രസ്തുത പണം മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒഴുക്കി കിട്ടാക്കടമാക്കി എഴുതിത്തള്ളുന്നു എന്നത് അഴിമതിയുടെ മൂര്‍ത്തരൂപം തന്നെയാണ്. കേവലം എണ്‍പതിനായിരം കോടി രൂപയുണ്ടെങ്കില്‍ രാജ്യത്തെ മുഴുവന്‍ ചെറുകിട കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളാമെന്ന് തിരിച്ചറിയുമ്പോഴാണ് ഭരണകൂടത്തിന്‍റെ ക്രൂരത വ്യക്തമാകുന്നത്. സമ്പത്ത് ഏതാനും പേരില്‍ കുമിഞ്ഞുകൂടുന്നത് രാജ്യത്ത് വരാനിരിക്കുന്ന സാമ്പത്തിക സുനാമിയുടെ ലക്ഷണമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

രണ്ടാമതായി, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19-ല്‍ ഉറപ്പുനല്‍കുന്ന ആവിഷ്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഭരണഘടനയുടെ കാവലാളുകളായ ഭരണകൂടം കുറ്റകരമായ മൗനം ദീക്ഷിച്ചു എന്നത് മോദിഭരണത്തിലാകെ ഇരുള്‍ പടര്‍ത്തുന്നുണ്ട്. പത്രസ്വാത ന്ത്ര്യം വിലയിരുത്തുന്ന കണക്കില്‍ (World Press Freedom Index) മോദിയുടെ ഇന്ത്യ 136-ാം സ്ഥാനത്താണ് എന്നത് ഇന്ത്യാക്കാര്‍ അറിയേണ്ട കാര്യംതന്നെയാണ്. ഭരണകൂടത്തിന് കുഴലൂതാത്തവരെല്ലാം രാജ്യദ്രോഹികളോ, മാവോയിസ്റ്റുകളോ, പാക്കിസ്ഥാന്‍ അനുകൂലികളോ ആയി ചാപ്പ കുത്തപ്പെട്ട് തുറങ്കിലടയ്ക്കപ്പെടുന്നു എന്നത് ദുഃഖകരമാണ്. ഉമര്‍ ഖാലിദും, കനിഷ്കുമാറും, പ്രണബ് റോയിയും, ഗൗരി ലങ്കേഷുമുള്‍പ്പടെ ദൃഷ്ടാന്തങ്ങള്‍ നൂറുകവിയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമവ്യവസ്ഥിതികള്‍ക്ക് വെളിയില്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് ന്യൂനപക്ഷങ്ങളെയും ദളിതരെയും ഇല്ലായ്മ ചെയ്തപ്പോഴും രാജനീതി മറന്ന ഭരണകൂടം ബോധപൂര്‍വ്വം ഉറക്കം നടിക്കുകയായിരുന്നു. ക്രമസമാധാന പാലനം വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളില്‍നിന്ന് ഭൂരിപക്ഷ സമുദായത്തിലെ തീവ്രവാദികളുടെ കൈകളിലേക്ക് എത്തിപ്പെട്ടു എന്നത് തിരുത്താന്‍ ഏറെ പ്രയാസകരമായ തെറ്റാണ്.

മൂന്നാമതായി, ഭരണകൂടത്തെ വിലയിരുത്തുകയും തിരുത്തുകയും ചെയ്യേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ ഭരണകൂടത്തിന്‍റെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റി എന്ന അപരാധം ജനാധിപത്യത്തിന്‍റെ ഉദകക്രിയയാണ്. പരമോന്നത നീതിപീഠം നീതി മറന്നതില്‍ പ്രതിഷേധിച്ച ന്യായാധിപന്മാരുടെ പ്രതികരണങ്ങള്‍ ഈ ദുരന്തത്തിന്‍റെ ആഴം വ്യക്തമാക്കുന്നുണ്ട്. നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തേണ്ട ഇലക്ഷന്‍ കമ്മീഷനും ബാലറ്റു മെഷീനുകളും സാധാരണക്കാരില്‍പ്പോലും വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയത് ദൂരവ്യാപക ദുരന്തഫലങ്ങള്‍ ഉളവാക്കും.

നാലാമതായി, വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് അന്താരാഷ്ട്ര മാനം നല്‍കുന്നതിനും മോദി ഭരണകാലം ഇടവരുത്തി. ചേരിചേരാനയം കുഴിച്ചുമൂടി അമേരിക്കന്‍ പക്ഷത്തു ബോധപൂര്‍വ്വം നിലയുറപ്പിച്ചപ്പോള്‍ അയല്‍പക്ക ബന്ധങ്ങള്‍ അസ്തമിക്കുന്നത് ഭാരതം അറിയാതെപോയി. അതിര്‍ത്തിപ്രശ്നം എന്നത് കാശ്മീരിലെ പാക്ക് നുഴഞ്ഞുകയറ്റം എന്ന നിലവിട്ട് ചൈനയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന്‍റെ വക്കിലായി. ഇന്ത്യയുടെ മറ്റൊരു സംസ്ഥാനംപോലെ സാഹോദര്യത്തിലായിരുന്ന നേപ്പാളും ശ്രീലങ്കയും മാലിദ്വീപും ഇന്ത്യയെ വിട്ട് ചൈനീസ് ചേരിയിലെത്തി. അകലങ്ങളിലെ അതികായനോടുള്ള അതിരുവിട്ട പ്രണയം അയല്‍പക്കത്തെ ബന്ധുക്കളെ പിണക്കിയത് മേഖലയിലെ ഇന്ത്യയുടെ മേല്‍ക്കോയ്മയെ ചോദ്യചിഹ്നത്തിലാക്കി.

ചുരുക്കത്തില്‍ മോദീഭരണത്തെ വര്‍ഗ്ഗീയതയുടെ പുകമറയില്‍നിന്ന് മാറ്റിനിര്‍ത്തി മാറ്റുനോക്കിയാലും കരുത്തുറ്റതൊന്നും ശേഷിക്കുന്നില്ല എന്ന് വ്യക്തമാകും. 2019-ലെ തെരഞ്ഞെടുപ്പില്‍ മതേതര ചിന്താഗതിക്കാര്‍ ഒരുമിക്കുന്നില്ലെങ്കില്‍ മറ്റൊരു തെരഞ്ഞെടുപ്പ് 2024-ല്‍ ഉണ്ടാകുമോയെന്നുപോലും ഉറപ്പിക്കാനാവില്ല. ചൈനയിലും റഷ്യയിലും സംഭവിച്ചതുപോലെ ഭരണഘടന തിരുത്തി ആജീവനാന്തം ഭരണം കയ്യാളുന്ന സാഹചര്യം സംജാതമാകാം. മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയല്ല സാമ്പത്തിക ചൂഷണം അനുഭവിക്കുന്ന മഹാഭൂരിപക്ഷത്തിനുവേണ്ടിയാണ് മഹാസഖ്യം രൂപപ്പെടേണ്ടത്. ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ ജാഗ്രതയും പാര്‍ട്ടിനേതാക്കളില്‍ വെളിവും വേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org