Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> വികാരജീവികള്‍

വികാരജീവികള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

‘മനുഷ്യന്‍ യുക്തിസഹനായ ഒരു മൃഗമാണ്’ (rational animal). ക്രിസ്തുവിനുമുമ്പ് നാലാം നൂറ്റാണ്ടിലെ ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടലിന്‍റെ ഒരു പ്രയോഗം ക്രിസ്തുവിനുശേഷം ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ ചിന്തകനായിരുന്ന സിസറോ ലത്തീന്‍ ഭാഷയിലേക്ക് മൊഴി മാറ്റിയപ്പോള്‍ ഉരുത്തിരിഞ്ഞ വിശേഷണമാണിത്. മനുഷ്യര്‍ യുക്തിസഹമായി ജീവിക്കുന്നവരാണെന്നത് അര്‍ദ്ധസത്യം മാത്രമാണ്. യുക്തിഭദ്രമായി മാത്രം തീരുമാനങ്ങള്‍ എടുക്കുന്നവരല്ല നമ്മള്‍. ഭാഗികമായി വികാരജീവികള്‍ കൂടെയാണ് മനുഷ്യര്‍. ഉദാഹരണത്തിന്, സിഗരറ്റ് വലിച്ചാല്‍ ക്യാന്‍സര്‍വന്ന് ജീവിതം പുകഞ്ഞുപോകും എന്നു സിഗരറ്റുപാക്കറ്റില്‍ എഴുതിവച്ചിട്ടുണ്ട്. അതു ശരിയാണെന്ന് അറിയാവുന്ന യുക്തിസഹനായ മനുഷ്യന്‍ സിഗരറ്റ് വലിക്കാന്‍ ഒരുമ്പെടില്ല. എന്നാല്‍ അതല്ലല്ലോ സ്ഥിതി. ഉപയോഗവസ്തുക്കള്‍ പരമാവധി ഉപയോഗിച്ച് മുതലാക്കുക എന്നതാണ് സാമ്പത്തികയുക്തി. എന്നാല്‍ നാം വാങ്ങുന്ന തുണിത്തരങ്ങളും ചെരുപ്പും, എന്തിനേറെ വീടുവരെ പരമാവധി ഉപയോഗിക്കുന്നവര്‍ കുറവായിരിക്കും. പഴയതുമാറ്റി പുതിയതു വാങ്ങുന്നത് യുക്തിയേക്കാള്‍ കൂടുതലായി പലതരം വികാരങ്ങള്‍ നമ്മില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്.

മറ്റുള്ളവരോട് കോപിച്ചാല്‍ ഞാന്‍ മോശക്കാരനാകും; എന്‍റെ സാമൂഹികവിലയിടിയും എന്ന അറിവ് യുക്തിബോധത്തിന്‍റേതാണ്. എന്നാലും ഞാന്‍ കോപിച്ചു പോകുന്നത് യുക്തിയെ കീഴടക്കുന്ന കോപവികാരം ഉള്ളില്‍ തിളച്ചുമറിയുന്നതുകൊണ്ടാണ്. യുക്തിമാത്രം നമ്മെ ഭരിച്ചിരുന്നെങ്കില്‍ ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ നാം ചിരിച്ചുമറിഞ്ഞേനെ. രോഗം ഉടനെ മാറുമല്ലോ എന്നോര്‍ക്കുമ്പോള്‍ ചിരിക്കാതെങ്ങനെ? പക്ഷേ, സൂചി കയറ്റുമ്പോള്‍ മുഖം കോട്ടുന്നത് നാം വേദനയറിയുന്ന വികാരജീവികളായതുകൊണ്ടാണ്. മനുഷ്യര്‍ വികാര ജീവികള്‍കൂടിയാണെന്ന തിരിച്ചറിവ് നമ്മുടെ ജിവിതം സുന്ദരമാക്കാന്‍ അത്യന്താപേക്ഷിതമാണ്. നമ്മുടെ ബന്ധങ്ങളില്‍ ഈ തിരിച്ചറിവ് പ്രസക്തമാകുന്ന നാലു തലങ്ങള്‍ സൂചിപ്പിക്കുന്നു.

ഒന്ന്, വികാരജീവികള്‍കൂടിയായതുകൊണ്ട് മനുഷ്യര്‍ വൈകാരികശ്രദ്ധ അര്‍ഹിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കുക എന്നു പറഞ്ഞാല്‍ യുക്തിപരമായി വേണ്ടതുകൊടുക്കുക എന്നു മാത്രമല്ല അര്‍ഥം; വൈകാരികശ്രദ്ധയും നല്കണം. അരിയും സാരിയും വാങ്ങിക്കൊടുക്കുന്നതുകൊണ്ട് ഭര്‍ത്താവ് ഭാര്യയോടുള്ള സ്നേഹത്തിന്‍റെ കടമ പൂര്‍ത്തിയാക്കുന്നില്ല. കരുതല്‍, വാത്സല്യം, പരിഗണന തുടങ്ങിയ വൈകാരിക ആവശ്യങ്ങള്‍ കൂടെ പരിഗണിക്കുമ്പോഴേ സ്നേഹപ്രമാണം പൂര്‍ത്തിയാക്കപ്പെടുന്നുള്ളൂ.

രണ്ട്, ആരെയെങ്കിലും സ്വാധീനിക്കണമെങ്കിലോ മറ്റുള്ളവരില്‍ മാറ്റംവരുത്തണമെങ്കിലോ അവരുടെ വൈകാരികവശം നന്നായി പരിഗണിക്കണം. എല്ലാവരെയും വൈകാരികമായി തൃപ്തിപ്പെടുത്താന്‍ ഒട്ടും എളുപ്പമല്ല. എന്നാലും ഈ രംഗത്ത് വലിയ ശ്രദ്ധ ആവശ്യമുണ്ട്. മറച്ചുപിടിക്കുന്ന വികാരങ്ങളെക്കൂടെ മാനിക്കുന്നതാണ് ശ്രേഷ്ഠമായ പെരുമാറ്റം. പള്ളിയില്‍നിന്ന് വിനോദയാത്രയ്ക്കുള്ള അറിയിപ്പുവന്നു. ഭര്‍ത്താവ് ഔദാര്യത്തോടെ ഭാര്യയോട് പറയുന്നു, നീയും പൊക്കോ. ഞാനെങ്ങും പോകുന്നില്ല എന്ന എടുത്തടിച്ച മറുപടി കിട്ടുന്നു. അതു കേട്ടിട്ട്, എന്നാ വേണ്ടാ എന്നു പറയുന്ന ഭര്‍ത്താവ് വൈകാരികശ്രദ്ധയില്ലാത്ത ആളാകാനാണ് കൂടുതല്‍ സാധ്യത. ഞാനെങ്ങും പോകുന്നില്ല എന്നതിന്‍റെ അര്‍ഥം എനിക്ക് പോകാന്‍ താത്പര്യമില്ല എന്നല്ല; ഞാന്‍ പോകണമെങ്കില്‍ വേറെ ചില കാര്യങ്ങള്‍ ശരിയാകാനുണ്ട്; നിങ്ങളത് ശരിയാക്കുമോ എന്നായിരിക്കും മിക്കപ്പോഴും അര്‍ഥം. അക്കാര്യങ്ങള്‍ ഏതൊക്കെ എന്നത് ഓരോ ബന്ധത്തിലും കുടുംബത്തിലും വ്യത്യാസപ്പെട്ടിരിക്കും.

മൂന്ന്, നമ്മോട് മല്ലടിക്കുന്നവരില്‍ മഹാഭൂരിപക്ഷവും വൈകാരികമായ യുദ്ധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. യുക്തിസഹമായ കാരണങ്ങളുടെ പേരില്‍മാത്രം നമ്മോടു എതിര്‍പ്പു പ്രകടിപ്പിക്കുന്നവര്‍ കുറവായിരിക്കും. ഇവിടെ ഒന്നും ശരിയല്ല എന്നു പരാതി പറയുന്നയാള്‍ ആ സമൂഹത്തില്‍ തനിക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല എന്നു പറയാതെ പറയുകയാണ്. ഇതൊരു നശിച്ച വീടാണെന്ന് പ്രലപിക്കുന്നയാള്‍ ആരും തന്നെ സ്നേഹിക്കുന്നില്ല എന്നു പരാതിപ്പെടുകയാണ്. അതുകൊണ്ടാണ് പല പ്രശ്നങ്ങളും പറഞ്ഞുവരുമ്പോള്‍ നിസാരങ്ങളായി അവസാനിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കണക്കുകള്‍ അവതരിപ്പിച്ചതുകൊണ്ടോ യുക്തിസഹമായ കഥകള്‍ പറഞ്ഞതുകൊണ്ടോ മാത്രമായില്ല; എതിരാളികളുടെ വൈകാരികപരാതികളും പരിഗണിക്കേണ്ടതുണ്ട്.

നാല്, മനുഷ്യര്‍ വികാരജീവികളാണെന്ന തിരിച്ചറിവ് മറ്റുള്ളവരുടെ വികാരങ്ങളെ അന്യായമായി മുറിപ്പെടുത്താനോ അവരെ വൈകാരിക കളികള്‍ക്ക് (emotional games) വിധേയമാക്കാനോ നാം ഉപയോഗിക്കരുത്. ഉദാഹരണത്തിന്, സ്വന്തം പ്രായത്തെക്കുറിച്ച് ബദ്ധശ്രദ്ധനായ ഒരാളോട്, ഒന്നു പനിച്ചുകഴിഞ്ഞപ്പോഴേക്കും പത്തു വയസു കുറഞ്ഞപോലെ തോന്നും എന്നു പറയുന്നു എന്നു സങ്കല്പിക്കുക. പനിപിടിച്ച് കോലംതിരിഞ്ഞെങ്കിലും അയാളൊന്ന് വെറുതെ സന്തോഷിക്കട്ടെ എന്നു കരുതി ഇങ്ങനെ പറയുന്നത് വൈകാരികമായ കളിയാണ്.

ഇക്കാര്യങ്ങളെല്ലാം എപ്പോഴും പൂര്‍ണ്ണമായി മാനിക്കാന്‍ പറ്റിയില്ലെങ്കിലും നാം ഇടപെടുന്നത് വ്യക്തികളോടു മാത്രമല്ല, അവരുടെ വികാരങ്ങളോടുമാണെന്ന തിരിച്ചറിവ് നമുക്ക് എപ്പോഴും ആവശ്യമുണ്ട്; ചിലപ്പോഴാകട്ടെ, തൊട്ടാല്‍പൊട്ടും വികാരഭാണ്ഡങ്ങളോടാണെന്നും നാം കരുതലോടെ അറിയണം.

Leave a Comment

*
*