നഴ്സിംഗ് സമരത്തിലെ ചിന്താധാരകള്‍

നഴ്സിംഗ് സമരത്തിലെ ചിന്താധാരകള്‍

കേരളത്തിലെ പൊതുസമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നഴ്സിംഗ് സമരവുമായി ബന്ധപ്പെട്ട് ഏതാനും കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്. സമരം ചെയ്ത നഴ്സുമാര്‍, അവരുടെ ആവശ്യങ്ങള്‍, അതിലെ ന്യായ- അന്യായങ്ങള്‍, ഈ ആവശ്യവുമായി കടന്നുവന്ന സംഘടനകള്‍, അവരുടെ പ്രതികരണങ്ങള്‍, ആവശ്യം നിവര്‍ത്തിച്ചു കൊടുക്കേണ്ട മാനേജുമെന്‍റുകള്‍, അവരുടെ ആവലാതികള്‍ ഇതെല്ലാം കൂടിയതായിരുന്നു നഴ്സിംഗ് സമരം. എന്നാല്‍ മേല്‍പ്പറഞ്ഞ ഒരു കാര്യവും ഈ കുറിപ്പിന്‍റെ വിഷയമല്ല. ചുരുക്കത്തില്‍ നഴ്സിംഗ് സമരമോ അതിന്‍റെ നടത്തിപ്പോ അല്ല നേരിട്ടുള്ള പ്രതിപാദ്യ വിഷയം. കേരളത്തിലെ സാമാന്യ ജനങ്ങളെല്ലാവരും തന്നെ ചിന്തിച്ചിരുന്നതുപോലെ നമ്മുടെ നഴ്സുമാര്‍ക്ക് എങ്ങനെയും ശമ്പളം വര്‍ദ്ധിച്ചു കിട്ടണം എന്നൊരാഗ്രഹം ഉണ്ടായിരുന്നെന്നു മാത്രം.

ഈ സമരദിനങ്ങളിലും അതിനു മുമ്പും ഏതാണ്ട് ആഴ്ചകളോളം സഭ പ്രതിക്കൂട്ടിലായിരുന്നു. നഴ്സുമാര്‍ക്ക് ശമ്പളം നല്കാത്ത ഏറ്റവും മോശക്കാര്‍ സഭയുടെ ആശുപത്രികളാണ് എന്നുള്ള രീതിയില്‍ വ്യാഖ്യാനങ്ങളുണ്ടായി. സുപ്രീംകോടതി പറഞ്ഞ രീതിയില്‍ ശമ്പളം നല്കിയിരുന്നില്ലെങ്കിലും, മറ്റു മാനേജുമെന്‍റുകള്‍ നല്കിയതിനേക്കാള്‍ വളരെ കൂടുതല്‍ ഈ സമയത്തു തന്നെ സഭയുടെ ആശുപത്രികള്‍ നല്കുന്നുണ്ടായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. അത് സമരത്തിലുണ്ടായിരുന്നവര്‍ തന്നെ സമ്മതിക്കുകയും ചെയ്തു. സമയാസമയങ്ങളിലുള്ള വര്‍ദ്ധന സഭാ ആശുപത്രികളിലും ഉണ്ടായില്ല എന്നതും വസ്തുതയാണ്. എന്നാല്‍ ആ സമയത്തും സഭ നല്കുന്ന രീതിയും ക്രമവും കൃത്യമായി അവതരിപ്പിക്കാനോ അതിന്‍റെ വ്യത്യാസങ്ങള്‍ വ്യക്തതയോടെ ജനങ്ങളെ അറിയിക്കാനോ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളോ അവരുടെ കൂട്ടായ്മയോ തയ്യാറായില്ല എന്നത് അത്ഭുതമായി തോന്നി. വേണ്ട എന്നു വയ്ക്കാന്‍ അവരുടേതായ കാരണങ്ങളുമുണ്ടാകാം. നഴ്സുമാരുടെ സമരം ന്യായമാണ് എന്ന് അഭിവന്ദ്യ സൂസൈപാക്യം പിതാവിന്‍റെ പ്രസ്താവന, ഉള്ള ശമ്പളം പറയുന്നതിനേക്കാള്‍ കുറച്ചുകൂടി നല്കാനാവുക എന്നതാണു ലക്ഷ്യം എന്നത് സുവ്യക്തമായിരുന്നു. പുതുക്കിയ നിരക്ക് ഗവണ്‍മെന്‍റ്  പ്രസ്താവിച്ചതിനു ശേഷമുള്ള പ്രസ്താവനകളോ പത്രക്കുറിപ്പുകളോ ജനം എന്തു മാത്രം മുഖവിലക്കെടുത്തു എന്നത് മറ്റൊരു കാര്യം.

തൃശൂരില്‍ ആദ്യമായി സമരം നടക്കുമ്പോള്‍ അവിടു ത്തെ 44 പ്രൈവറ്റ് ആശുപത്രികളില്‍ നാലെണ്ണം മാത്രമാണ് കത്തോലിക്കാ മാനേജുമെന്‍റുകളുടേതുള്ളതെന്നും അതില്‍ ഒരു ആശുപത്രിയെപറ്റി മാത്രമാണ് സമരക്കാര്‍ക്കു പോലും പരാതിയുണ്ടായിരുന്നത് എന്നതും കൃത്യതയോടെ ധരിപ്പിക്കാന്‍ സാധിക്കാതെ പോയി. ഇതേപ്പറ്റിയുള്ള ചര്‍ച്ചകളും മറ്റും നടക്കുമ്പോള്‍ ആശുപത്രി മുതലാളിയുടെ സ്ഥാനത്ത് സഭയുടെ പ്രതിനിധി പ്രത്യക്ഷപ്പെട്ട് എല്ലാവര്‍ക്കും വേണ്ടി സംസാരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായപ്പോള്‍, ശമ്പളം നല്കാത്ത ആശുപത്രികളെല്ലാം സഭയുടേതാണ് എന്ന് ജനം തെറ്റിദ്ധരിച്ചു. അതിന് ആരെ കുറ്റം പറയാനാവും? ആതുര സേവനം കൊണ്ട് കൊള്ളലാഭമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന എല്ലാവരും അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ച് വിജയം കണ്ടു.

എന്തുകൊണ്ട് ഇതുണ്ടായി എന്നു ചോദിച്ചാല്‍ പ്രൈവറ്റ് ആശുപത്രികളുടെ കൂട്ടായ്മകളിലും അവയുടെ ഫെഡറേഷനുകളിലും സഭയുടെ സ്ഥാപനങ്ങള്‍ ഭാഗമാകുകയും അതിന്‍റെ നേതൃസ്ഥാനംവരെ അലങ്കരിക്കുകയും ചെയ്തത്, വിഴുങ്ങാനും തുപ്പാനും വയ്യാത്ത അവസ്ഥയില്‍ കാര്യങ്ങളെ കൊണ്ടെത്തിച്ചു. കത്തോലിക്കാ സഭ ആതുരശുശ്രൂഷ നടത്തുന്നതിന് സാമൂഹ്യ സേവനം, മനുഷ്യനന്മ എന്ന ലക്ഷ്യമേയുളളൂ… അതു മാത്രമേ ഉണ്ടാകാവൂ. എന്നാല്‍ സ്വകാര്യ വ്യക്തികളും, അവരുടെ കൂട്ടായ്മകളും നടത്തുന്ന ആശുപത്രികള്‍ക്ക് ലാഭം എന്നൊരു ലക്ഷ്യമുണ്ട്. വ്യത്യസ്തമായ രണ്ടു ലക്ഷ്യങ്ങളോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്ക് എങ്ങനെ ഒരേ കൂട്ടായ്മയായിരിക്കാനാവും. ഒന്നുകില്‍ സഭ 'ലാഭം/നഷ്ടം' എന്ന വ്യവസായ കണക്കുകൂട്ടലുകളിലേക്കു നീങ്ങണം. അല്ലെങ്കില്‍ മറ്റുള്ളവര്‍ ശുശ്രൂഷ മാത്രം എന്ന ആശയത്തിലേക്കു കടന്നുവരണം. ഇതില്‍ ഏതാണു സംഭവിച്ചത് എന്ന് ഊഹിക്കാവുന്നതും നോക്കിക്കാണാവുന്നതുമേ ഉള്ളൂ. അതുകൊണ്ടുതന്നെ രണ്ടു ലക്ഷ്യങ്ങളുമായിപ്പോകുന്നവര്‍ ഒന്നുചേര്‍ന്ന് ഒരു ക്രൈസ്തവസാക്ഷ്യം സാധ്യമോ എന്നു ചിന്തിക്കണം.

പരസ്യബോര്‍ഡുകളും, ആശുപത്രിയിലേക്കുള്ള കിലോമീറ്റര്‍ അകലങ്ങളുമൊക്കെ സ്ഥാപിച്ച് രോഗികളെ ചാക്കിട്ടു പിടിക്കുന്നവര്‍ ഒരു ഫെഡറേഷനാകട്ടെ, നാട്ടിലെ സാധാരണക്കാരന് പത്തു രൂപ ബില്ലു കുറച്ചു നല്കുന്ന തരത്തില്‍ ക്രൈസ്തവ ആതുരശുശ്രൂഷ തുടരുന്നവര്‍ അവരുടെ മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കട്ടെ. രണ്ടും കൂടി ഒന്നിച്ചാല്‍ മൂല്യങ്ങള്‍ ബലികൊടുക്കേണ്ടി വരും.

ഈ നഴ്സിങ് സമരവേദിയില്‍ സഭ മുതലാളിമാരുടെ ഭാഗത്തായിപ്പോയോ!!! സഭയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മങ്ങലേറ്റോ??? 1891-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ നല്കിയ 'റേരും നൊവാരും' തുടങ്ങിയുള്ള സഭാ പ്രബോധനങ്ങള്‍ മുതല്‍, ജോലിക്കാര്‍ക്കു കൃത്യമായ വേതനം നല്കണമെന്നും, ചാരിറ്റിയുടെ പേരില്‍ അവരുടെ ശമ്പളം കുറക്കരുത് എന്നും 2017 ജൂലൈ 3-ന് ആഹ്വാനം ചെയ്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്‍റെ വാക്കുകള്‍ വരെ ഫലം കാണാതെ പോയോ എന്ന് സഭാ സ്നേഹികള്‍ ചിന്തിക്കണം.

ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സഭയെ തകര്‍ക്കാന്‍ ശ്രമിച്ചവരുടെ കളിയാണ് കണ്ടതെന്നും എല്ലാം പറയുന്നവരുണ്ട്. ശരിയായിരിക്കാം അവരുടെ ഗൂഢാലോചനയ്ക്കു പിന്നില്‍ നമ്മള്‍പെട്ടുപോയോ എന്നാണു ചിന്തിക്കേണ്ടത്. ക്രൈസ്തവ ആശുപത്രികളെ, പ്രത്യേകമായി ചെറിയ ആശുപത്രികളെ പൂട്ടിക്കുക എന്ന ഗൂഢതന്ത്രമാണ് ഇതിനു പിന്നിലെന്നും പറയുന്നുണ്ട്. ഈശോ പറയുന്നു: നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങി നിന്നു കൊണ്ടു പറയണം. നിങ്ങളുടെ നഗരത്തില്‍ നിന്നു ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ തട്ടിക്കളയുന്നു (ലൂക്കാ 10:10-11). 2017-ന് പറ്റിയ അജപാലന മേഖലകള്‍ നമുക്കായി തുറക്കപ്പെടട്ടെ. ആഴമായി അപഗ്രഥിച്ച് വിചിന്തനം ചെയ്ത് തീരുമാനങ്ങളെടുക്കാന്‍ ഇതൊരു പാഠമാകട്ടെ എന്നു മാത്രം പറയുന്നു.

സഭയ്ക്കും സഭാ നേതൃത്വത്തിനുമെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ വടി ശരിയായി, അതിശയോക്തിയോടെ ഉപയോഗിക്കാന്‍ ശ്രമിച്ച സഭാ വിരുദ്ധരെയും, സഭാ സ്നേഹികളെന്ന പൊയ്മുഖം വച്ചിരിക്കുന്ന യഥാര്‍ത്ഥ സഭാ വിരുദ്ധരെയും സോഷ്യല്‍ മീഡിയയിലെല്ലാം കാണാനിടയായി. അത് മറ്റൊരു വലിയ വിഷയമാണ്. ഇതിന്‍റെയെല്ലാം പേരില്‍ ആശുപത്രി മാനേജ്മെന്‍റും സഭാ നേതൃത്വവും ആവശ്യത്തിലധികം അക്രമിക്കപ്പെട്ടു. ഒന്നു മാത്രം ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും (മത്തായി 5:12).

സാമൂഹ്യപ്രതിബദ്ധതയും, തൊഴിലാളി സ്നേഹവും മുഖമുദ്രയാക്കിയ സഭയുടെ സല്‍പ്പേര് കളങ്കപ്പെടുത്തുന്നതാരായാലും സഭാ സംവിധാനവും, സഭാ നേതൃത്വവും ഇടപെട്ട് നേര്‍വഴിക്കു നയിച്ചില്ലെങ്കില്‍ കണ്ണടച്ചാല്‍ ഇരുട്ടാകും എന്നു പറയുന്ന ഭോഷന്മാരുടെകൂടെ നമ്മളും എണ്ണപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org