ഓഗസ്റ്റും ഓക്സിജനും

ഓഗസ്റ്റും ഓക്സിജനും

"ഓഗസ്റ്റ് ഈസ് ദ ക്രുവലെസ്റ്റ് മന്ത്" എന്ന് ഇതുവരെ ആരും എഴുതിക്കണ്ടിട്ടില്ല. ഭാരതസ്വാതന്ത്ര്യത്തിന്‍റെ പുണ്യമാസത്തെ അങ്ങനെ പരാമര്‍ശിക്കുന്നതില്‍ അനൗചിത്യമുണ്ടെന്നതിലും തര്‍ക്കമില്ല. പക്ഷേ, സ്വാതന്ത്ര്യത്തിനു ജീവവായു കുറയുന്ന കാലമാണിതെന്ന് പലരും ചിന്തിച്ചുപോകുന്നുണ്ടെന്നതു സത്യമാണ്. ശ്വാസംമുട്ടല്‍ വര്‍ദ്ധിച്ചുവരുകയാണ്!

ഭൂമിയില്‍ ഹൈഡ്രജനും ഹീലിയത്തിനുംശേഷം അളവ് ഏറ്റവും കൂടുതലുള്ള മൂലകമാണ് ഓക്സിജന്‍ എന്നു പണ്ട് പഠിച്ചത് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു. എന്നിട്ടും ജപ്പാന്‍ജ്വരം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഓഗസ്റ്റില്‍ അതു ലഭിച്ചില്ല!

എല്ലാ വര്‍ഷവും ഓഗസ്റ്റുമാസത്തില്‍ സംഭവിക്കാറുള്ളതുപോലെതന്നെയാണ് ഇപ്രാവശ്യവും എന്ന ലളിതവത്കരണശ്രമം അത്ര ഗുണപ്രദമായില്ലെന്നു മാത്രമല്ല, ദോഷകരമായിത്തീരുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഓഗസ്റ്റുമാസത്തിലല്ലേ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് എന്ന മറുചോദ്യം സ്വാഭാവികം. എന്തുകൊണ്ട് പാവപ്പെട്ടവരുടെ കുഞ്ഞുങ്ങള്‍മാത്രം ഇതുപോലെ കൂട്ടത്തോടെ മരിക്കുന്നു എന്ന ശിവസേനയുടെ ചോദ്യവും ഉത്തരം കിട്ടാതെ അലയുന്നു.

സ്വാതന്ത്ര്യത്തിന്‍റെ പ്രാണവായു വല്ലാതെ കുറഞ്ഞുപോകുന്നതിന്‍റെ ഒരു ബിംബമായിത്തീരുകയാണ് പശുവിന് ആംബുലന്‍സ് ഏര്‍പ്പെടുത്തിയ യോഗീമുഖ്യന്‍റെ സ്വന്തം നിയോജകമണ്ഡലമായ ഗോരഖ്പൂര്‍.

ഭരണനേതൃത്വത്തിനു വിടുപണിചെയ്യുന്ന മജിസ്ട്രേറ്റുമാരുടെയും ദേശീയമാധ്യമങ്ങളുടെയും എണ്ണം കൂടിവരുന്ന കാലമാണിതെന്നതും 'നവഭാരത'ത്തിലെ ജനാധിപത്യവിശ്വാസികളെ വല്ലാതെ ശ്വാസംമുട്ടിക്കുന്ന കാര്യമാണ്. ഓക്സിജന്‍ ലഭിക്കാതെയല്ല ശിശുക്കള്‍ മരിച്ചതെന്ന് കാര്യമായ അന്വേഷണമൊന്നും കൂടാതെ തിടുക്കത്തില്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞതുകൊണ്ടുതന്നെ ആ വാദം അവിശ്വസനീയമായിത്തീര്‍ന്നു. പാര്‍ലമെന്‍റില്‍ 13 വര്‍ഷത്തിനിടയില്‍ 20 പ്രാവശ്യം ഈ വിഷയം ഉന്നയിച്ച യോഗിയുടെ കൃത്യമായ ഇടപെടലുകളെ വാനോളം പുകഴ്ത്താന്‍ തത്രപ്പെടുന്ന ചില ഇംഗ്ളീഷ് മാധ്യമങ്ങളാകട്ടെ, പ്രാണവായുവിന്‍റെ അപര്യാപ്തതയെ സംബന്ധിച്ച് ബി.ആര്‍.ഡി. അധികൃതര്‍ മുഖ്യനായ യോഗിയുടെ ഭരണകൂടത്തിനു മൂന്നുവട്ടം കത്തുകൊടുത്തെന്ന സത്യം തമസ്കരിക്കാന്‍ ശ്രമിക്കുന്ന കാഴ്ച അങ്ങേയറ്റം ലജ്ജാകരമാണ്.

ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജിന്‍റെ ഭരണസാരഥ്യം വഹിച്ചിരുന്നവരുടെയും കുഞ്ഞുങ്ങളെ പരിചരിച്ചിരുന്ന ഡോക്ടര്‍മാരുടെയും മാതാപിതാക്കളുടെയും വെളിപ്പെടുത്തല്‍ തന്നെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശ്വസനീയം. കുഞ്ഞുങ്ങളുടെ ചികിത്സാവിഷയത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയവര്‍ക്കെതിരേയുള്ള ശിക്ഷാനടപടികള്‍ സത്യത്തെ ഭയക്കുന്ന ഗവണ്‍മെന്‍റിന്‍റെ ശ്വാസംമുട്ടലാണു വെളിവാക്കുന്നത്.

ഓഗസ്റ്റിലെ ചില പ്രതികരണങ്ങളും നമ്മെ ശ്വാസം മുട്ടിക്കാന്‍ പോന്നതാണ്. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥലത്തു പാഞ്ഞെത്തി. ദില്ലിയില്‍നിന്ന് പുറ്റിങ്ങലേക്കുള്ള ദൂരം 2,833 കി.മീ. ആണെന്നോര്‍ക്കണം. എന്നാല്‍ വെറും 823 കി.മീ. മാത്രം അകലെയുള്ള ഗോരഖ്പൂരിലേക്ക് അദ്ദേഹം പോയിക്കണ്ടില്ല. എന്താണാവോ? ഏതായാലും, സ്ഥിതിഗതികള്‍ പ്രധാനന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നതുതന്നെ ഭാഗ്യം! തിരുവനന്തപുരത്ത് ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്‍റെ പിറ്റേന്നുതന്നെ കേരളത്തില്‍ ഓടിപ്പാഞ്ഞെത്തിയ ആഭ്യന്തരനെയോ ആരോഗ്യനെപ്പോലുമോ അവിടെ കണ്ടില്ല. ഇത്തരം സംഭവം ആദ്യത്തേതൊന്നുമല്ലല്ലോ എന്നു പ്രഖ്യാപിച്ച് വിഷയത്തെ നിസ്സാരവത്കരിക്കാന്‍ 'ഷാജീ' നടത്തിയ ശ്രമം വല്ലാതെ പരിഹാസ്യമായി.

75 കുഞ്ഞുങ്ങള്‍ മരിച്ചയവസരത്തിലും യോഗീമുഖ്യന്‍റെ മുഖ്യവിഷയം മറ്റൊന്നായിരുന്നു. പോലീസ് സേന ഗംഭീരമായി ശ്രീകൃഷ്ണജന്മാഷ്ടമി കൊണ്ടാടണമെന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യന്‍ തുനിഞ്ഞുകളഞ്ഞു. അതില്‍ തകരാറൊന്നുമില്ലെന്നു സ്ഥാപിക്കാന്‍ പ്രസ്താവനയിറക്കിയ 'ഷാജീ' ക്കും നാവുളുക്കി. ശ്രീകൃഷ്ണജന്മാഷ്ടമി സ്വാതന്ത്ര്യദിനംപോലെ പ്രധാനപ്പെട്ടതാണെന്നും രാജ്യം മുഴുവനുമെന്നപോലെ ഉത്തര്‍പ്രദേശിലും അതു കൊണ്ടാടണമെന്നും മൊഴിഞ്ഞ ദേശീയാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു: "അതൊരു ഗവണ്മെന്‍റുത്സവമല്ല." ഇതെല്ലാം കേള്‍ക്കു മ്പോള്‍ സാമാന്യപൗരന് ഒരു കണ്‍ഫ്യൂഷന്‍ – പിന്നെന്തിന്, അത് ആഘോഷിക്കാന്‍ മുഖ്യാഭ്യന്തരന്‍ പോലീസിനു കല്പന നല്കണം? അതും, പ്രാണവായു കിട്ടാതെ കണ്ണടഞ്ഞ ഉണ്ണിക്കണ്ണന്മാരുടെ ചിതയടങ്ങുംമുമ്പ്!

യോഗീമുഖ്യന്‍ ആഭ്യന്തരം വെടിയണമെന്ന് ഉപമുഖ്യന്‍ ആവശ്യപ്പെട്ടതാണ് ഇത് എഴുതുമ്പോളുള്ള അവസാനത്തെ സംഭവവികാസം.

സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്ന കാള്‍ വില്‍ഹെം ഷീലിയാണ് ഓക്സിജന്‍ എന്ന മൂലകം ആദ്യമായി കണ്ടെത്തിയത്. കത്താന്‍ സഹായിക്കുന്നതിനാല്‍ 'അഗ്നിവായു' (fire air) എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. ജന്തുജീവന് അത്യന്താപേക്ഷിതമാണെന്നതിനാല്‍ അന്ത്വാന്‍ ലാവോയ്സിയര്‍ അതിനെ 'ജീവവായു' (vital air) എന്നും വിളിച്ചു.

ഇപ്പോഴാകട്ടെ, ഉണ്ണിക്കണ്ണന്മാരുടെ ജീവവായു ഒരു പാര്‍ട്ടിയുടെതന്നെ അഗ്നിവായുവായി പരിണമിക്കുന്ന കാഴ്ചയാണു നാം കാണുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org