Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> പിരിവുകളാല്‍ പൊറുതി മുട്ടുന്ന സഭ

പിരിവുകളാല്‍ പൊറുതി മുട്ടുന്ന സഭ

ഫാ. ജിമ്മി പൂച്ചക്കാട്ട്

ദേവാലയനിര്‍മാണത്തിനു വേണ്ടി പിരിവു നടത്തിക്കൊണ്ടിരിക്കുന്ന ഒരു നാട്ടുപട്ടക്കാരന്‍റെ കുറിപ്പാണിത്. പിരിവുകള്‍ സഭയുടെ തേജസ്സ് കെടുത്തുന്നുണ്ടോ എന്ന ഭയമാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ സഭയില്‍ യാതൊരുതരം സംഭാവനകളോ പിരിവുകളോ പാടില്ല എന്ന ഭ്രാന്തമായ ജല്പനമാണ് ഇവിടെ എന്നു തെറ്റിദ്ധരിക്കുകയുമരുത്. അവരുടെ സമൃദ്ധിയില്‍ നിന്നു നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിനു നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍ നിന്ന് അവരുടെ കുറവു നികത്തണമെന്ന (2 കൊറി. 8:14) വിശുദ്ധ പൗലോസിന്‍റെ വിശദീകരണവും മറ്റും എന്നും സഭയില്‍ നിലനിന്നിരുന്ന പങ്കുവയ്ക്കലിന്‍റെ മനോഭാവത്തെ എടുത്തു കാട്ടുന്നതാണ്. നമ്മുടെ സഭ ഇന്നു മുന്നോട്ടു പോകുന്നതും എന്നും നിലനില്ക്കുന്നതും വിശ്വാസസമൂഹത്തിന്‍റെ പങ്കുവയ്ക്കലിലൂടെയും കൂടിയാണ് എന്ന് ആര്‍ക്കാണറിയാത്തത്. കേരളസഭയില്‍ ഇന്നു കാണുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വിശ്വാസസമൂഹം ആത്മാര്‍ത്ഥതയോടെ സഹകരിക്കുന്നുണ്ട്. ഇനിയും സഹകരിക്കുകയും ചെയ്യും. എന്നാല്‍ നമ്മുടെ പ്രധാന ലക്ഷ്യം പിരിവാണ് എന്നു തോന്നത്തക്കതരത്തില്‍ കാര്യങ്ങള്‍ തകിടം മറിയുന്നുണ്ടോ എന്നു ചിന്തിക്കേണ്ടതാണ്.

ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഒരു ഞായറാഴ്ച ഒരു രൂപതയിലെ ഒരു പള്ളിയില്‍ പ്രത്യേക ക്ഷണിതാവായി എത്തി, ബലിയര്‍പ്പിക്കാനായി. അറിയിപ്പു സമയത്ത് അച്ചനെത്തി കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.

1. കഴിഞ്ഞ ആഴ്ചത്തെ ഞായറാഴ്ച സ്തോത്രക്കാഴ്ച ഇത്രയുമാണ്.

2. ഈ ആഴ്ച പിരിഞ്ഞുകിട്ടിയ പള്ളിപണി സംഭാവന.

3. വൈദികനിധിയിലേക്കുള്ള ഫണ്ടിനായി രൂപതയില്‍നിന്നു തരുന്ന കവറുകള്‍ യൂണിറ്റു ഭാരവാഹികള്‍ വഴി വീട്ടിലെത്തിക്കും. അതില്‍ പണമിട്ട് അടുത്ത ഞായറാഴ്ച തിരികെ ഏല്പിക്കുക.

4. ഇടവകയില്‍ കിഡ്നിരോഗബാധിതനായ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇന്ന ആള്‍ക്കുവേണ്ടി പിരിവു നല്കുക.

5. നമ്മുടെ യുവജനസംഘടന ഇറക്കുന്ന സംഭാവനാകൂപ്പണുകളുമായി വേദപാഠകുട്ടികള്‍ നിങ്ങളുടെ അടുക്കല്‍ വരും. സഹകരിക്കണം. കഴിഞ്ഞ വര്‍ഷം ആരും അത്ര കാര്യമായി സഹകരിച്ചില്ല എന്നു പരാതിയുണ്ട്.

ഇങ്ങനെ പോകുന്നു അറിയിപ്പു വിവരണം. ഇതില്‍ ആദ്യത്തെ രണ്ടെണ്ണത്തിന്‍റെ സുതാര്യത മാനിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഈയുള്ളവന്‍ മനസ്സില്‍ കരുതിയ ഒന്നു രണ്ട് അറിയിപ്പുകളുണ്ടായിരുന്നു. അവയൊന്നും ഇതില്‍ ഉണ്ടായിരുന്നില്ല.

1. അടുത്ത ചൊവ്വാഴ്ച സഭയില്‍ 15 നോമ്പ് ആരംഭിക്കുകയാണ്.

2. അടുത്ത വെള്ളിയാഴ്ച വൈദികരുടെ മദ്ധ്യസ്ഥനായ ജോണ്‍ മരിയ വിയാനിയുടെ തിരുനാളാണ്. നമ്മുടെ ഇടവകയില്‍ സേവനം ചെയ്ത വൈദികര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം.

3. അടുത്ത വെള്ളിയാഴ്ച ആദ്യവെള്ളിയാഴ്ച യാണ്.

ഇടവകയെന്ന കൂട്ടായ്മയുടെ – സഭയുടെ ഓരോ പ്രഖ്യാപനത്തിലും അവളുടെ മനസ്സ് എങ്ങോട്ടു തിരിഞ്ഞിരിക്കുന്നു എന്നു വ്യക്തമാവും. “നിന്‍റെ നിക്ഷേപം എവിടെയോ അവിടെ നിന്‍റെ ഹൃദയവും.” സഭയുടെ മനസ്സ് എന്നും വിശ്വാസസമൂഹത്തെ ഒന്നടങ്കം വിശുദ്ധിയിലേക്കു നയിക്കുക എന്നതാണെന്ന് അവളുടെ ഓരോ പ്രഖ്യാപനത്തിലും വ്യക്തമായിരിക്കണം. കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയോ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുകയോ ആണ് സഭയുടെ പ്രഥമ ലക്ഷ്യമെന്നു പ്രസ്താവനകള്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ വഴിയും തോന്നിപ്പോയാല്‍ അത് അപകടമാണ്. ജനങ്ങള്‍ സഹിക്കുന്നു അഥവാ വകവച്ചുതരുന്നു എന്നത് അവര്‍ സര്‍വാത്മനാ സ്വീകരിക്കുന്നു എന്ന് കരുതുന്നത് വലിയ ഭോഷത്തമാണ് എന്നു തിരിച്ചറിയേണ്ടതുണ്ട്.

ഒരു വാക്കുപോലും നിര്‍ബന്ധിക്കാതെ പള്ളിയില്‍ നിന്നു വിളിച്ചുപറയാതെ വ്യക്തിപരമായി നല്കിയ കത്തിന്‍റെ വെളിച്ചത്തില്‍ ഒരു പള്ളിപണിക്കാവശ്യമായ മുഴുവന്‍ പണവും നല്കാമെന്ന് ഉറപ്പു നല്കിയ ഇടവക ജനത്തോടൊപ്പമാണ് എന്‍റെ പ്രവര്‍ത്തനം. തീര്‍ച്ചയായും ഇനിയും ആവശ്യമുള്ളതു ചോദിക്കണം. പൗലോസ് അപ്പസ്തോലന്‍ പറയുന്നതാണു കാര്യം “എനിക്കു മുമ്പേ നിങ്ങളുടെ അടുത്തു വന്നു നിങ്ങള്‍ വാഗ്ദാനം ചെയ്ത ഉദാരമായ സംഭാവന മുന്‍കൂട്ടി സജ്ജമാക്കാന്‍ സഹോദരന്മാരെ പ്രേരിപ്പിക്കുക ആവശ്യമാണെന്നു ഞാന്‍ കരുതി. അങ്ങനെ ആ സംഭാവന ഞങ്ങളുടെ നിര്‍ബന്ധം മൂലമല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടാണു ശേഖിച്ചതെന്നു വ്യക്തമാകട്ടെ” (2 കൊറി. 9:5). ഇത്തരത്തില്‍ കാര്യങ്ങളെ വിലയിരുത്തി പ്രവര്‍ത്തിക്കുന്ന അനവധി അനവധി അജപാലകരുണ്ട് എന്നത് അഭിമാനകരമാണ്.

Comments

One thought on “പിരിവുകളാല്‍ പൊറുതി മുട്ടുന്ന സഭ”

  1. Sebastian says:

    Praise the lord..peace be with you
    If possible please send to all parish in kerala and read it in between holy mass and all the lay people think about this along with the leaders who guide us to our home(heaven)
    With prayers and love
    Seby&family

Leave a Comment

*
*