|^| Home -> Pangthi -> കാലവും കണ്ണാടിയും -> അന്യം നില്‍ക്കുന്ന ആദരവുകള്‍

അന്യം നില്‍ക്കുന്ന ആദരവുകള്‍

ഫാ. ജിമ്മി പൂച്ചക്കാട്ട്

ഗ്രാന്‍റ്പാരന്‍റ്സ് ഡേ ആഘോഷിക്കുമ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പിലെ ഒരു അനുഭവം ഓര്‍ക്കുന്നു. ഏഴാം ക്ലാസ്സുകാരന്‍ മീറ്റിംഗില്‍ പ്രസംഗിക്കുന്നു. വിഷയം ഗ്രാന്‍റ് പാരന്‍റ്സ് ഡേ തന്നെ. സാഹചര്യം ഗ്രാന്‍റ് പാരന്‍റ്സ് ഡേ തന്നെയും. മനോഹരമായ പ്രസംഗം. കാരണവന്മാരെ പരിഗണിക്കേണ്ടതിന്‍റെ, ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യങ്ങള്‍ നാലഞ്ചുമിനിറ്റുകൊണ്ട് മനോഹരമായി അവതരിപ്പിച്ചു.

രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞിട്ടുണ്ടാകും. ഫാമിലി യൂണിറ്റ് പ്രസിഡന്‍റിന്‍റെ ആവശ്യപ്രകാരം യൂണിറ്റിലെ നാലഞ്ചുപേര്‍ക്ക് വിശുദ്ധ കുര്‍ബാന നല്കാന്‍ പോയി. ഒരു വീട്ടില്‍ ചെന്നപ്പോള്‍ പ്രസംഗിച്ച പയ്യന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു. അത് അവന്‍റെ വീടാണ്. അമ്മാമ്മക്കാണ് കുമ്പസാരിപ്പിച്ച് കുര്‍ബാന കൊടുക്കേണ്ടത്. നേരെ അമ്മാമ്മയുടെ മുറിയിലേക്ക്. ദുര്‍ഗന്ധം വമിക്കുന്നു. അസഹനീയമായ ഒരു സാഹചര്യം. യൂണിറ്റു പ്രസിഡന്‍റിന്‍റെ താല്പര്യപ്രകാരമുള്ള കര്‍മ്മമാണ് കുര്‍ബാന നല്കല്‍ എന്ന് വ്യക്തമായി. ഏകമകന്‍ പ്രായമായപ്പോള്‍ – വിവാഹിതനായപ്പോള്‍ – വിധവയായ അമ്മയെ തള്ളിപ്പറയുന്നതിന്‍റെ കാഴ്ചകള്‍ വേദനാജനകമാണ്. ആ അമ്മയുടെ കണ്ണുനീരിന് തീക്കനലിന്‍റെ ശക്തിയുണ്ട് എന്ന് ആര്‍ക്കാണ് അറിവില്ലാത്തത്.

ആഗോള തലത്തിലും സഭാതലത്തിലും കുടുംബത്തിലെ കാരണവന്മാരെ അനുസ്മരിക്കുന്ന സമയങ്ങളായതുകൊണ്ടാണ് ഇത് വിചിന്തനവിഷയമാക്കിയത്. എല്ലാവരും അപ്പനെയോ അപ്പാപ്പനെയും അമ്മയെയോ അമ്മാമ്മയെയോ നോക്കണം, പരിരക്ഷിക്കണം എന്നു മാത്രം പറയാനല്ല ഇതെഴുതുന്നത്. മറിച്ച് കാരണവന്മാരെ ബഹുമാനിക്കുക എന്ന വലിയ ‘കള്‍ച്ചര്‍’ നമ്മുടെ സ്വന്തമാണ്. അത് നമ്മുടെ ഇളംതലമുറയ്ക്ക് പങ്കുവച്ചുകൊടുക്കാന്‍ ഇന്നത്തെ യുവമാതാപിതാക്കള്‍ക്കു കഴിയുന്നുണ്ടോ എന്നു ശ്രദ്ധിക്കേണ്ടതുണ്ട്. കയ്യിലുള്ള പണത്തിന്‍റെ ബലത്തില്‍ ആരെയെങ്കിലുമൊക്കെ ജോലിക്കു നിറുത്തി മാതാപിതാക്കളെ ശുശ്രൂഷിക്കുന്നവര്‍ ഈ കുറിപ്പിന്‍റെ ആരംഭത്തില്‍ സൂചിപ്പിച്ചവരെക്കാള്‍ ഭേദമാവാം. എന്നാല്‍ തങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പമായിരിക്കാനും അവരെ ശുശ്രൂഷിക്കാനും അവസരമുണ്ടാകുമ്പോഴാണ് നമ്മുടെ പാരമ്പര്യം പങ്കുവയ്ക്കുന്നവരായി നാം മാറുന്നത്. മനോഹരമായ വീട്ടിലെ അമ്മാമ്മയുടെ താമസം അല്പം പരിതാപകരം തന്നെയാണ്!!

കര്‍മ്മങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ചായ റെഡി. ദിവസങ്ങള്‍ക്കു മുമ്പുള്ള പ്രസംഗത്തെപ്പറ്റി അഭിനന്ദിച്ചു പറഞ്ഞു. അമ്മ എഴുതികൊടുത്തതാണത്രേ!!! ഇത്രയും കാര്യങ്ങളറിയാവുന്ന അമ്മയ്ക്ക് സ്വന്തം അമ്മയുടെ/അമ്മായിഅമ്മയുടെ മുറി ഒന്നു വൃത്തിയാക്കിയെങ്കിലും സൂക്ഷിക്കാന്‍ ആവാത്തതെന്ത് ഇങ്ങനെയാണ് മുറി സൂക്ഷിക്കുന്നതെങ്കില്‍ അവര്‍ക്കു ഭക്ഷണം നല്കുന്നതും പരിചരിക്കുന്നതും ചിന്തിക്കാവുന്നതേയുള്ളൂ.

മേല്‍പ്പറഞ്ഞ സംഭവം ഒരു ആഗോളപ്രതിഭാസമായി അവതരിപ്പിക്കാനാവില്ല എന്ന് പല അനുഭവങ്ങളും വ്യക്തമാക്കുന്നുണ്ട്. വീട്ടിലെ കാരണവന്മാരെ അര്‍ഹിക്കുന്നതിലും ഉപരിയായ ആദരവോടെ കാണുന്ന നിരവധി ഉദാഹരണങ്ങള്‍ ഇവിടെ വിവരിക്കാനാവും. മക്കള്‍ പൊന്നുപോലെ നോക്കുന്നു എന്ന് ആവര്‍ത്തിച്ചു പറയുന്ന മാതാപിതാക്കളെയും ഓര്‍ക്കുന്നു. എന്നാല്‍ വിരുദ്ധ കാഴ്ചകളുടെ എണ്ണം കൂടിവരുന്നുണ്ടോ എന്നു സംശയിക്കണം. അമ്മയുടെ ആത്മാവും ജീവനും സ്വപ്നമായിരുന്ന അവരെ സ്നേഹത്തോടെ പരിരക്ഷിക്കാനാവശ്യമായതെല്ലാം ചെയ്യുക എന്നതുപോലെ തന്നെ പ്രധാനമാണ് പങ്കുവയ്ക്കപ്പെടുന്ന പാരമ്പര്യവും. നിങ്ങളും (മാതാപിതാക്കള്‍) പ്രായമാകുമ്പോള്‍ പരിപാലിക്കപ്പെടേണ്ടവരും സ്നേഹിക്കപ്പെടേണ്ടവരുമാണ് എന്ന് നിങ്ങളുടെ മക്കള്‍ക്ക് അറിയാം എന്ന് ഇന്നുതന്നെ ഉറപ്പുവരുത്തിക്കൊള്ളുക. നമ്മുടെ നാടിന്‍റെ സുസ്ഥിതിക്കും കുടുംബത്തിന്‍റെ സംതുലിതാവസ്ഥയ്ക്കും ഇത് ഏറെ ആവശ്യമാണ്.

Leave a Comment

*
*