സ്വാതന്ത്ര്യത്തിന്‍റെ ഗ്രഹണകാലം

സ്വാതന്ത്ര്യത്തിന്‍റെ ഗ്രഹണകാലം

ഭാരതം സ്വാതന്ത്ര്യത്തിന്‍റെ സപ്തതി നിറവിലാണ്. സ്വാതന്ത്ര്യാനന്തര ഭാരതം കിതച്ചും കുതിച്ചും ലോകത്തെ വന്‍ശക്തികളിലൊന്നായി മാറിക്കഴിഞ്ഞു. ഐക്യ രാഷ്ട്രസഭയിലെ സ്ഥിരാംഗത്വം ഇന്ത്യയ്ക്കു നിഷേധിക്കപ്പെടുന്നത് അനര്‍ഹതമൂലമല്ല അസൂയമൂലമാണെന്ന് അറിയാത്തവര്‍ ആരുമില്ല. സ്ഥിരാംഗങ്ങളെക്കാള്‍ സ്ഥിരതയുള്ള ജനാധിപത്യവും സ്ഥിരതയുള്ള വികസനവും സ്ഥിരതയുള്ള ആള്‍ബലവും ഈ രാജ്യത്തിനുണ്ടെന്നതാണ് മറ്റുള്ളവരെ അലോസരരാക്കുന്നത്. കോളനി ഭരണകാലത്തെ കൊടിയ ചൂഷണത്തില്‍ നാടുകടത്തപ്പെട്ടത് കോഹിന്നൂര്‍ രത്നം മാത്രമല്ല രാജ്യത്തിന്‍റെ സര്‍വൈശ്വര്യങ്ങളുമാണ്.

നിശ്ചയദാര്‍ഢ്യം കൊണ്ടും പൊലിയാത്ത സ്വപ്നങ്ങള്‍ നെഞ്ചിലേറ്റിയും ഏഴു പതിറ്റാണ്ടുകൊണ്ട് ഒരു ജനതയ്ക്കു നേടിയെടുക്കാവുന്നതിന്‍റെ പൂര്‍ണ്ണതയാണ് ആധുനികഭാരതം. കേവലം മൂന്നുകൊല്ലം കൊണ്ടാണ് ഭാരതമുണ്ടായതെന്ന അഭിനവ കുഴലൂത്തുകാരുടെ വിണ്‍വാക്കുകള്‍ മറക്കാം. ഗാന്ധിജിയുടെ മലപോലെ ഉറച്ച മൂല്യങ്ങളും നെഹ്രുവിന്‍റെ കടലുപോലെ വിശാലമായ ദേശീയബോധവും ഗാന്ധികുടുംബത്തിന്‍റെ ക്രാന്തദര്‍ശനങ്ങളും കോടാനുകോടി ഭാരതീയരുടെ കരളുറപ്പുമാണ് ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയത്. സര്‍വ്വ നേട്ടങ്ങളും സ്വന്തം പേരില്‍ എഴുതിക്കാന്‍ വ്യഗ്രതപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞുമാരുടെ എണ്ണം പെരുകുന്ന നാളുകളില്‍ സ്വാതന്ത്ര്യത്തിന്‍റെ നക്ഷത്രശോഭയ്ക്ക് മങ്ങലേല്‍ക്കുകയാണ്.

ഭാരതമെന്ന മഹത്തായ രാജ്യം അതിന്‍റെ സനാതന മൂല്യങ്ങളിലാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. പ്രസ്തുതമൂല്യങ്ങളില്‍ ഏതെങ്കിലുമൊന്ന് തകര്‍ക്കുകയോ പുനര്‍നിര്‍വചിക്കുകയോ പോലും ചെയ്താല്‍ ഈ നാടിന്‍റെ മഹത്ത്വം അസ്മതിച്ചു പോകും. ഈ രാജ്യത്തിന്‍റെ ഏറ്റവും മഹത്തായ മൂല്യം നാനാത്വത്തിലെ ഏകത്വം മുഖമുദ്രയാക്കിയ ദേശീയബോധമാണ്. വ്യത്യസ്ത ഭാഷയും മതവും ജാതിയും സംസ്കാരവും വര്‍ണ്ണവുമുള്ളവന്‍ ഒരേ സ്വരത്തിലും വികാരത്തിലും ത്രിവര്‍ണ്ണ പതാകയെ നമസ്കരിക്കുന്നു. ഇത് ഇന്ത്യയുടെ അതുല്യമായ ഏകാന്ത വൈശിഷ്ട്യമാണ്. എന്നാല്‍ ഇന്ന് ദേശീയത പുനര്‍നിര്‍വചിക്കപ്പെടുന്നു എന്നത് ദുഃഖകരമാണ്. ഇന്ത്യന്‍ ദേശീയത എന്നത് ഹിന്ദു ദേശീയതയായും പാകിസ്ഥാനു ബദലായി ഭാരതം ഹിന്ദുസ്ഥാനായും പുനര്‍നിര്‍വചിക്കപ്പെടുന്നു. ഗാന്ധിജി മരണംവരെ എതിര്‍ത്ത ജനസംഘത്തിന്‍റെ (സംഘപരിവാറിന്‍റെ) ആശയമാണ് ഇന്ന് പിന്‍വാതിലിലൂടെ പ്രതിഷ്ഠിക്കപ്പെടുന്നത്. ഭാരതം ഹിന്ദുസ്ഥാനാണെന്നും ഭാരത മാതാവിനെ ദേവിയായി വന്ദിക്കാത്തവര്‍ പാകിസ്ഥാനില്‍ പോകണമെന്നും വാദിച്ച സംഘപരിവാറിന്‍റെ കുലപതിയായ സവാര്‍ക്കറുടെ ദേശീയത ഗാന്ധിജിയുടെ ദേശീയതയെ ഗളഹസ്തം ചെയ്യുന്ന ഗതികേടിലൂടെയാണ് സ്വാതന്ത്ര്യത്തിന്‍റെ സപ്തതി വര്‍ഷത്തില്‍ ഭാരതം കടന്നുപോകുന്നത്. ദേശീയപതാകയെയും ഭരണഘടനയെയും തള്ളിക്കളഞ്ഞവരാണ് ഈ ദേശീയതയ്ക്കുവേണ്ടി വാദിച്ചത് എന്ന സത്യം ഉള്‍ക്കിടിലത്തോടെ ഓരോ ഭാരതീയനും ഓര്‍ക്കേണ്ടതാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന ദേശീയവാദം ഭാരതം എന്ന മഹത്തായ രാജ്യത്തിനു തീരാക്കളങ്കമാണ്.

ഭാരതം പുലര്‍ത്തിയ മഹത്തായ മറ്റൊരു മൂല്യം മതവിശ്വാസത്തെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു എന്നതാണ്. നിയമനിര്‍മ്മാണ സഭകളും ഉദ്യോഗവൃന്ദവും കോടതികളും ഒരുപോലെ മതാതീതമായി നിലകൊണ്ടിരുന്നു. എന്നാല്‍ വര്‍ഗ്ഗീയവിഷം ഇളക്കി മതസ്പര്‍ദ്ധ വോട്ടുതേടാനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രമായി രാഷ്ട്രീയ കക്ഷികള്‍ കരുതുന്നു. മുഖ്യമന്ത്രിക്കസേരകള്‍ സ്വാമിമാര്‍ക്കും സ്വാമിനിമാര്‍ക്കും കയ്യെത്തുന്ന ദൂരത്തായി. ഭൂരിപക്ഷമതത്തിന്‍റെ വിശ്വാസം ഏറ്റുപറയാത്തവനെ തെരുവില്‍ പേപ്പട്ടിയെക്കാളും ഹീനമായി അടിച്ചുകൊല്ലുന്ന അവസ്ഥയുണ്ടാകുന്നു. ന്യൂനപക്ഷങ്ങള്‍ രാജ്യംവിട്ടു പൊയ്കൊള്ളാന്‍ ഭരണഘടനാ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍പോലും അക്രോശിക്കുന്നു. പശുഭക്തി പരസ്യമായി പ്രഖ്യാപിക്കുന്ന ജഡ്ജിമാര്‍ കോടതികളില്‍ നിറയുന്നു. ഭരണഘടന വേദങ്ങള്‍ക്കു വഴിമാറുന്നു. ഇത്തരം ഗതികേടുകള്‍ പാകിസ്ഥാനിലെ സ്ഥിരം കാഴ്ചകളായിരുന്നു. മുസ്ലീങ്ങളല്ലാത്തവരെ ഹീനമായി കൈകാര്യം ചെയ്ത പാകിസ്ഥാന്‍റെ ആത്മാവ് ഭാരതത്തെ വിഴുങ്ങാന്‍ അനുവദിക്കരുത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാഴ്ചപ്പാടുകളിലെ അകലം കുറയുന്നത് ജനാധിപത്യത്തിന്‍റെ ശോഷണമാണ്.

ഭാരതത്തെ ഒന്നിപ്പിച്ചുനിര്‍ത്തുന്നതില്‍ രാജനീതി പുലര്‍ത്തിയ രാഷ്ട്രീയനേതാക്കളുടെ പങ്ക് അവിസ്മരണീയമാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തിയ നിയമനിര്‍മ്മാണ സഭകള്‍ നിയന്ത്രിച്ചിരുന്നത് 95 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായമായിരുന്നു എന്നറിയുമ്പോഴാണ് ഈ രാജനീതിയുടെ മഹത്ത്വം മനസ്സിലാക്കാനാകുന്നത്. എന്നാല്‍, ന്യൂനപക്ഷത്തെ ശത്രുരാജ്യത്തിലെ പൗരന്മാരെപ്പോലെ കരുതി നിയമനിര്‍മ്മാണം നടക്കുമ്പോള്‍ നേതൃത്വത്തില്‍വന്ന മാറ്റത്തിന്‍റെ ഭീകരത ന്യൂനപക്ഷങ്ങള്‍ക്കു മാത്രമല്ല ജനാധിപത്യത്തിനുതന്നെ ഭീതിയുണര്‍ത്തുന്നതാണ്.

ഭാരതം എന്ന മഹത്തായ രാജ്യത്തിന് ഇത്തരം ഗ്രഹണകാലങ്ങളെ അതിജീവിക്കാന്‍ അനിതര സാധാരണമായ കരുത്തുണ്ട്. അടിയന്തരാവസ്ഥയെ അതിജീവിച്ച രാജ്യത്തിന് ഇപ്പോഴുള്ള അന്ധകാരങ്ങളെയും അതിജീവിക്കാന്‍ കഴിയും. ചൂട്ടുകത്തിച്ചാല്‍ കടല്‍ വെള്ളം തിളയ്ക്കാത്തതുപോലെ ഭാരതത്തെ വര്‍ഗ്ഗീയതയില്‍ തിളപ്പിക്കാന്‍ കേവലം ചില ക്ഷുദ്രശക്തികള്‍ക്കു കഴിയാതിരിക്കട്ടെ. ഗ്രഹണം മാറി കാറൊഴിഞ്ഞു പുറത്തുവരുന്ന സൂര്യനെപ്പോലെ മലകളുള്ള കാലത്തോളം ഈ മഹത്തായ രാജ്യവും അതിന്‍റെ മൂല്യങ്ങളും നിലനില്‍ക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org