Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> മൊബൈല്‍ മര്യാദകള്‍

മൊബൈല്‍ മര്യാദകള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

ഇക്കാലത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് മൊബൈല്‍ഫോണുകള്‍. ഫോണില്ലാതെ ജീവിതം പ്രായേണ അസാധ്യമാകുന്ന സാഹചര്യമാണിന്ന്. കാരണം, ഒരു വിളിയുപകരണം മാത്രമല്ല മൊബൈല്‍ഫോണുകള്‍. ഇന്‍റര്‍നെറ്റോടുകൂടിയ ഫോണ്‍ എല്ലാ സൈബര്‍സൗകര്യങ്ങളും കൈപ്പിടിയിലാക്കിതരുന്നുണ്ട്. അതുകൊണ്ടുതന്നെ മൊബൈല്‍ഫോണ്‍ അനേകംപേരെ സംബന്ധിച്ച് അവരുടെ ശരീരഭാഗംപോലെയാണ്. കുളിക്കുമ്പോഴെങ്കിലും ശരീരത്തില്‍നിന്ന് അതൊന്ന് ഊരിമാറ്റിയിരുന്നെങ്കില്‍ എന്നു മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാനില്ല. ഈ ഉപകരണം എത്തിച്ചുതരുന്ന സൗകര്യങ്ങള്‍ അനവധിയാണ്. ഇതിന്‍റെ ദോഷഫലങ്ങളാകട്ടെ ഉപയോഗരീതിയെ ആശ്രയിച്ചിരിക്കുന്നു. സമൂഹജീവിതത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നാം ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. അവയെ നമുക്ക് മൊബൈല്‍മര്യാദകള്‍ എന്ന് എളുപ്പത്തില്‍ വിളിക്കാം. അവയില്‍ ചിലതാണ് താഴെ കൊടുക്കുന്നത്.

1. മൊബൈല്‍ ഫോണ്‍ അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കുന്നത് അവനവനോട് കാണിക്കേണ്ട മര്യാദയാണ്. അല്ലെങ്കില്‍ അടുത്തുള്ള വ്യക്തികളെയും സമൂഹത്തെയും ഒഴിവാക്കി നാം സൈബര്‍ മാളത്തില്‍ ഒളിക്കും. വ്യക്തികള്‍ക്കു പകരക്കാരനായി ഫോണ്‍ മാറുന്നത് വ്യക്തിത്വവൈകല്യമാണ്. ഫോണിന്‍റെ അമിത ഉപയോഗം ഫോണ്‍ അടിമത്തം ഉണ്ടാക്കും. ഉദാഹരണത്തിന്, അടിയന്തിരവിഷയങ്ങളൊന്നും ഇല്ലാത്തപ്പോഴും വിശുദ്ധ കുര്‍ബാന കഴിഞ്ഞ നിമിഷംതന്നെ കോള്‍ലിസ്റ്റ് പരിശോധിക്കുന്നയാള്‍ സൈബര്‍ അടിമയാണെന്നു കരുതാം.

2. ഫോണില്‍ പേരില്ലാത്ത ഒരാളെ വിളിക്കുമ്പോള്‍ സ്വയം പരിചയപ്പെടുത്തണം. അതിനുപകരം, എന്നെ മനസിലായോ, ഈ സ്വരം മറന്നോ എന്നൊക്കെ ചോദിച്ച് ശബ്ദപരീക്ഷണങ്ങള്‍ നടത്തുന്നത് മര്യാദകേടാണ്; വെറുപ്പിക്കലുമാണ്.

3. ഫോണിലൂടെ കുറഞ്ഞ സ്വരത്തിലേ സംസാരിക്കാവൂ. മറുതലയ്ക്കുള്ളയാള്‍ കേട്ടാല്‍ മതി; നാട്ടുകാരെ മുഴുവന്‍ കേള്‍പ്പിക്കരുത്. പൊതുസ്ഥലത്തിരുന്നു ഫോണിലൂടെ വിസ്തരിക്കുന്നത് സംസ്കാരമില്ലായ്മയാണ്.

4. ഒരു കൂട്ടത്തിലോ ഗ്രൂപ്പിലോ ഇരിക്കുമ്പോള്‍ ഫോണ്‍ വന്നാല്‍, മാറിനിന്നുവേണം സംസാരിക്കാന്‍. മറ്റുള്ളവരെ മാനിക്കുന്നതിന്‍റെ അടയാളമാണിത്.

5. ഭക്ഷണമേശയില്‍ ഫോണ്‍ കൊണ്ടുവരരുത്; ഉപയോഗിക്കുകയുമരുത്.

6. പൊതുപരിപാടികള്‍ നടക്കുമ്പോള്‍ സ്റ്റേജിലിരുന്ന് ഫോണ്‍ ഉപയോഗിക്കരുത്. മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ നെറ്റില്‍ പരതിക്കൊണ്ടിരിക്കുന്നത് മര്യാദകേടാണ്.

7. ആദരം അര്‍ഹിക്കുന്ന എല്ലാ ഇടങ്ങളിലും ഫോണ്‍ നിശബ്ദമാക്കിയിടേണ്ടതുണ്ട്. ഉദാഹരണത്തിന്, ദേവാലയത്തില്‍, പൊതുചടങ്ങുകളില്‍, ആശുപത്രിയില്‍, ഒരു വിശിഷ്ടവ്യക്തിയെ സന്ദര്‍ശിക്കുമ്പോള്‍, മുഖാമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം.

8. ആരുടെയും ഫോട്ടോ അനുവാദമില്ലാതെ എടുത്തുകൂടാ. കുട്ടികളെ മൊബൈല്‍ ഫോണില്‍ പകര്‍ത്തണമെങ്കില്‍ രക്ഷാകര്‍ത്താക്കളുടെ അനുവാദം ആവശ്യമാണ്. അനുവാദമില്ലാതെ ഫോട്ടൊയെടുക്കുന്നത് നിയമ വിരുദ്ധവുമാണ്.

9. മൊബൈല്‍ഫോണില്‍ മറ്റുള്ളവര്‍ അയച്ചു തരുന്ന സന്ദേശങ്ങള്‍ വകതിരിവുകൂടാതെ സകലര്‍ക്കും അയച്ചുകൊടുക്കുന്നത് സാമാന്യമര്യാദയ്ക്ക് വിരുദ്ധമാണ്. തിന്മനിറഞ്ഞ സന്ദേശം നാം അയക്കാതിരിക്കുമ്പോള്‍ അതിന്‍റെ ഒരു വ്യാപനസിര നാം മുറിച്ചുവിടുകയാണ്. വാട്ട്സപ്പിലും മറ്റും ദിനംപ്രതി അയയ്ക്കുന്ന കൂട്ട ഗുഡ്മോര്‍ണിംഗ് സന്ദേശങ്ങള്‍ ഒരുതരം സൈബര്‍ ഇടിച്ചുകയറ്റമാണ്. ദിവസവും മൂന്നുനേരം ഭക്ഷണത്തിനുമുമ്പ് എന്ന കണക്കിലുള്ള മൊബൈല്‍സ്നേഹപ്രകടനങ്ങള്‍ അതു പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കുമാത്രം അയച്ചു കൊടുത്താല്‍ മതി.

10. മര്യാദയുടെ തലങ്ങള്‍ ലംഘിക്കപ്പെടുന്നതിനപ്പുറം, മൊബൈല്‍ഫോണ്‍ പാപത്തിനുള്ള ഉപകരണമാകാം. അസത്യം പ്രചരിപ്പിക്കാനും കാലുഷ്യം പരത്താനും പരദൂഷണം നടത്താനും അശ്ലീലചിത്രങ്ങള്‍ അയയ്ക്കാനും ആസ്വദിക്കാനും വ്യക്തിഹത്യ നടത്താനും ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉപവി, നീതി, ശുദ്ധത, പരസ്നേഹം എന്നീ പുണ്യങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട്. ഇതിനുപകരം, ഫോണുപയോഗംവഴി ദൈവസ്നേഹവും പരസ്നേഹവും സുവിശേഷവും വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ കൈയിലിരിക്കുന്നത് ദൈവാനുഗ്രഹത്തിന്‍റെ ഉപകരണമായി മാറും.

Leave a Comment

*
*