Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> നീതിനടത്തിപ്പിലെ ധര്‍മ്മസങ്കടങ്ങള്‍

നീതിനടത്തിപ്പിലെ ധര്‍മ്മസങ്കടങ്ങള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

തെറ്റുകാരനോട് കരുണ കാണിക്കുന്നതിനേക്കാളും ചിലപ്പോള്‍ ദുഷ്കരമാണ് ദൈവംപോലും കുറ്റംപറയാത്ത രീതിയില്‍ നീതി നടപ്പാക്കുന്നത്. അതിനാല്‍ ശരിക്കുള്ള നീതിമാന്മാര്‍ക്ക് നീതിനടത്തിപ്പില്‍ ആത്മസംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത എപ്പോഴുമുണ്ട്. നീതിമാനായ യൗസേപ്പിതാവുപോലും ധര്‍മ്മസങ്കടത്തില്‍ പെട്ടുപോയിട്ടുണ്ട്. അതിനാലാണ് വിവാഹത്തിനുമുമ്പേ ഗര്‍ഭിണിയായി കാണപ്പെട്ട മറിയത്തെ ന്യായപ്രമാണത്തിന്‍റെ കല്ലേറിനു വിട്ടുകൊടുക്കാതെ രഹസ്യത്തില്‍ ഉപേക്ഷിച്ച് രംഗംവിടാന്‍ അദ്ദേഹം ആലോചിച്ചു പോയത് (മത്താ 1:19). മൂല്യലംഘനത്തിന്‍റെ വ്യാപ്തിയേറുന്നതിനനുസരിച്ച് നീതിനടപ്പാക്കലിന്‍റെ സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിക്കും.

വിചാരണക്കൊടുവില്‍ പ്രതിയെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നു എന്ന് കരുതുക. നീതി നടപ്പായി എന്നു നീതിപീഠവും വാദിഭാഗവും വിചാരിക്കും. സാങ്കേതികമായി അത് ശരിയുമാണ്. ഈ നീതി നിര്‍വഹണത്തോടെ ശിക്ഷിക്കപ്പെട്ട പ്രതിയുടെ കുടുംബം നിരാലംബമായി എന്നും കരുതുക. ഈ നീതിനടത്തിപ്പിന്‍റെ തീരാബാധ്യതയായി തകരുന്ന കുടുംബം മാറും. ഇത്തരം പരിണിതഫലങ്ങള്‍ ഒഴിവാക്കാനാവത്തതാണെന്നതു സത്യമാണ്. കുറ്റം ചെയ്യുന്നതിനു മുമ്പ് ഇതൊക്കെ ഓര്‍ക്കണമായിരുന്നു എന്നു പറഞ്ഞ് നമുക്ക് ഈ വിഷയം അവസാനിപ്പിക്കാം. പക്ഷേ, ഇത് നമ്മെ ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്. എത്ര ന്യായമായ നീതിനിര്‍വഹണവും മറ്റു തിന്മകള്‍ ഉത്പാദിപ്പിക്കാം എന്ന പാഠം. സമഗ്രമായ നീതിനടത്തിപ്പ് അതീവ പ്രയാസമേറിയതാണ്. ബന്ധപ്പെട്ട എല്ലാവരുടെയും അവകാശങ്ങള്‍ മാനിച്ചും കൂടുതല്‍ തിന്മകള്‍ ഉണ്ടാകാതെയും നീതി നിര്‍വഹിക്കല്‍ എളുപ്പമല്ലാത്തതുകൊണ്ടാകണം ദൈവം അത് അന്ത്യകാലത്തേക്ക് മാറ്റി വച്ചിരിക്കുന്നത്. കളയോടൊപ്പം വിളയും പറിഞ്ഞു പോരാനുള്ള സാധ്യത ഈശോ മുന്നില്‍ കണ്ടിട്ടുണ്ടല്ലോ. കര്‍ത്താവിന്‍റെ നീതി അവന്‍റെ കാരുണ്യമായി മാറുന്ന ഒരു തലമാണ് അവന്‍ അനുവദിക്കുന്ന കാലവിളംബം.

അനീതിക്കെതിരെയുള്ള പ്രതികരണങ്ങള്‍ ആരംഭിക്കുന്നത് ധാര്‍മ്മികരോഷത്തില്‍നിന്നാണ്. തിന്മയില്‍ പങ്കില്ലാത്ത ആര്‍ക്കും ഈ രോഷമുണ്ടാകുന്നത് സ്വഭാവികമാണ്. പക്ഷേ, അനീതിക്കെതിരെയുള്ള പടയൊരുക്കത്തില്‍ കോപതാപങ്ങള്‍ കടന്നുവരാതെ നോക്കേണ്ടതും ആവശ്യമാണ്. “മനുഷ്യരുടെ ക്രോധം ദൈവത്തിന്‍റെ നീതിയെ ത്വരിതപ്പെടുത്തുന്നില്ല” (യാക്കോ 1:20) എന്ന വചനം ഓര്‍ക്കണം. മകന്‍റെ കുസൃതികൊണ്ട് പൊറുതിമുട്ടി അപ്പന്‍ അവനു രണ്ടടി കൊടുക്കുന്നു എന്നു കരുതുക. പക്ഷേ, മുന്‍കോപിയായ അപ്പനാണ് ശിക്ഷിക്കുന്നതെങ്കില്‍ മകനു രണ്ടിനു പകരം നാലെണ്ണം കിട്ടും. അധികമായി വീണ രണ്ടെണ്ണം വികാര വിക്ഷോഭം വരുത്തിവയ്ക്കുന്ന അന്യായമാണ്. നീതി നടത്തിപ്പില്‍ വികാരം മുന്നില്‍ കയറി കളിച്ചാല്‍ അഴിമതി വിരുദ്ധര്‍ക്കിടയില്‍ത്തന്നെ ഭിന്നതയുണ്ടാകും. അപ്പോഴാണ് “പടയാളികള്‍ പരസ്പരം തട്ടിവീഴുന്നു” എന്ന ജറമിയാ പ്രവചനം (ജറ. 46:12) പ്രസക്തമാകുന്നത്.

അനീതിക്കെതിരെയുള്ള പടപ്പുറപ്പാടില്‍ സാധിക്കുന്നിടത്തോളം മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഉത്തരത്തിലുള്ളത് കഷ്ടപ്പെട്ട് സ്വന്തമാക്കുന്നതിനിടയില്‍ കക്ഷത്തില്‍ സുരക്ഷിതമായിരുന്നത് നഷ്ടപ്പെട്ടുകൂടാ. പുതിയ സിമിത്തേരി പണിയാന്‍ എല്ലാവരും സംഭാവന കൊടുക്കാന്‍ തീരുമാനമായി. എന്നാല്‍ അതു കൊടുക്കാതെ നടക്കുന്ന വിരുതനെക്കൊണ്ട് അതു കൊടുപ്പിക്കണം എന്നും അടുത്ത തീരുമാനമായി. പക്ഷേ അതിനിടയില്‍ ഈ വിഷയത്തെച്ചൊല്ലി ഇടവകസമൂഹം രണ്ടു കഷണമായാലോ? ഒരാടിനു മൂക്കുകയറിട്ടപ്പോഴേക്കും കൂട്ടില്‍ കിടന്ന പത്തെണ്ണം പുറത്തുചാടിയപോലിരിക്കും കാര്യങ്ങള്‍. ഈ ആടിനു മൂക്കുകയര്‍ വേണോ അതോ വെറുംകയര്‍ മതിയോ എന്നതില്‍ തുടങ്ങുന്നതാണ് തര്‍ക്കം.

അനീതിക്കെതിരെയുള്ള പോരാട്ടത്തിനു ഒരു പ്രാര്‍ത്ഥനയുടെ ശുദ്ധിയുണ്ടാകണം; നിരന്തരപ്രാര്‍ഥനയുടെ നിര്‍ബന്ധബുദ്ധിയും വേണം. അനീതിക്കെതിരെയുള്ള പോരാട്ടങ്ങളെ ആത്മീയമായി സമീപിക്കുന്നില്ലെങ്കില്‍ അത് വിപ്ലവമായും വെറും കലഹമായും കലാശിക്കും. കാരണം, വിശുദ്ധമായ ജാഗ്രതയില്ലെങ്കില്‍ നാനാതരം തിന്മകള്‍ക്ക് ഒളിത്താവളമായി മാറും എല്ലാ പോരാട്ടങ്ങളും. നീതിക്കുവേണ്ടിയുള്ള നിലപാടുകളെ ഈശോ താരതമ്യപ്പെടുത്തുന്നത് വിശപ്പിനോടും ദാഹത്തോടുമാണ് (മത്താ 5:6). ജൈവപ്രക്രിയ പോലെ സ്വാഭാവികമായി നമ്മില്‍ ഉണരേണ്ടതാണിത് എന്ന അര്‍ഥവും ഇതിനുണ്ട്.

നീതിക്കുവേണ്ടി നിലപാടെടുക്കുന്നവര്‍ വിപ്ലവകാരികള്‍ എന്നും ഒത്തുതീര്‍പ്പുകള്‍കൊണ്ട് അനീതിയെ അവഗണിച്ചുകളയുന്നവര്‍ പുണ്യവാന്മാര്‍ എന്നും വിളിക്കപ്പെടുന്ന ദുര്യോഗം എക്കാലത്തുമുണ്ട്. നീതികേടുകള്‍ ന്യായീകരിക്കുന്നതും എന്തെങ്കിലുമാകട്ടെ എന്ന മട്ടില്‍ അവഗണിക്കുന്നതും ക്രിസ്തീയമല്ല. ക്ഷമ, കാരുണ്യം, വിട്ടുവീഴ്ച, ദയ എന്നീ പുണ്യങ്ങള്‍ ഒരു ഭാഗത്തും നീതി, ന്യായം, ഔചിത്യം, അവകാശബോധം എന്നീ പുണ്യങ്ങള്‍ മറുഭാഗത്തും അണിനിരക്കുന്ന പോരാട്ടങ്ങളുണ്ട്. അപ്പോള്‍ ആരു മധ്യസ്ഥനാകും? ഒരാള്‍ക്കേ അതിനു സാധിക്കൂ. സത്യത്തിനു മാത്രം. സത്യം വ്യക്തിരൂപമാര്‍ന്നാല്‍ അതിനെ ക്രിസ്തു എന്നും വിളിക്കാം. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍നിന്ന് ക്രിസ്തു ഇറങ്ങിപ്പോകാതെ നോക്കുകയാണ് പരമപ്രധാനം. കാരണം, അനീതിയുടെ വിളയാട്ടങ്ങളില്‍ ക്രിസ്തുവിന്‍റെ നിഴല്‍പോലുമുണ്ടാവില്ല; നീതിക്കുവേണ്ടിയുള്ള പരിശ്രമങ്ങളിലും ക്രിസ്തുവില്ലാതെ വരുന്നത് നിര്‍ഭാഗ്യകരമാണ്.

Leave a Comment

*
*