മുമ്പേ വിശുദ്ധീകരിക്കപ്പെടുക

ഡിസംബര്‍ 8 പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവ തിരുനാള്‍ തിരുസഭ ആഘോഷിക്കുകയാണ്. 19-ാം നൂറ്റാണ്ടില്‍ കൃത്യമായി പറഞ്ഞാല്‍ 1854-ലാണ് 9-ാം പിയൂസ് മാര്‍പാപ്പ മാതാവിന്‍റെ അമലോത്ഭവത്തെ ഒരു വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നത്. പരിശുദ്ധ അമ്മയുടെ ഒരുപാടു തിരുനാളുകള്‍ ആഘോഷിക്കുന്നുണ്ട്. അവയെല്ലാം പരിശുദ്ധ മാതാവിനോടുള്ള നമ്മുടെ സ്നേഹത്തിന്‍റെയും ആദരവിന്‍റെയും അടയാളമാണ്. നാലു കാര്യങ്ങള്‍ പരിശുദ്ധ അമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടു വിശ്വാസത്തിന്‍റെ ഭാഗമായിത്തന്നെ ഓരോ കത്തോലിക്കനും സ്വീകരിക്കേണ്ടതുണ്ട്. അവള്‍ നിത്യകന്യകയാണ്, അവള്‍ ദൈവമാതാവാണ്, അവള്‍ അമലോത്ഭവയാണ്, അവള്‍ സ്വര്‍ഗാരോപിതയാണ് എന്നീ സത്യങ്ങളാണ് അവ. ഇതു കൃത്യതയോടുകൂടി നമ്മള്‍ പാലിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നുള്ളതാണു സഭയുടെ പ്രത്യേകത. ഇവിടെ നമ്മള്‍ ആഘോഷിക്കുന്ന അമലോത്ഭവതിരുനാള്‍ ആദ്യം സൂചിപ്പിച്ചതുപോലെ 1854-ലാണ് വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെടുന്നതെങ്കിലും ഏതാണ്ട് നാലാം നൂറ്റാണ്ടു മുതല്‍ തന്നെ ഇതിനെപ്പറ്റിയുള്ള ചില വിശദീകരണങ്ങള്‍ കാണാം. ഗ്രിഗറി നസിയാന്‍സന്‍ എന്ന സഭാപിതാവാണു നാലാം നൂറ്റാണ്ടില്‍ മാതാവിന്‍റെ അമലോത്ഭവവുമായി ബന്ധപ്പെട്ട് അവള്‍ മുമ്പേ വിശുദ്ധീകരിക്കപ്പെട്ടവളാണ് (She is pre purified) എന്ന ഒരു തത്ത്വം മുന്നോട്ടുവയ്ക്കുന്നത്. എന്താണ് ഈ മുമ്പേ വിശുദ്ധീകരിക്കപ്പെടല്‍? ഡോഗ്മ അവതരിപ്പിക്കുമ്പോള്‍ ഒമ്പതാം പിയൂസ് മാര്‍പാപ്പ പറയുന്നത്, മാതാവ് അമലോത്ഭവയാണെന്ന് പ്രഖ്യാപിക്കുന്നതിന്‍റെ കാരണം അതു യേശുക്രിസ്തുവിന്‍റെ രക്ഷാകരപദ്ധതിയുടെ ഭാഗമായി അവന്‍റെ ജനനത്തിനുവേണ്ടി പ്രത്യേകം ഒരുക്കപ്പെടുകയായിരുന്നു മറിയം എന്നാണ്. അല്ലെങ്കില്‍ അവള്‍ വിശുദ്ധീകരിച്ചു പാപമില്ലാതെ ജനിക്കപ്പെട്ടതു യേശുവിന്‍റെ രക്ഷാകരകര്‍മങ്ങളുടെ ഭാഗമായിട്ടായിരുന്നു.

മുകളില്‍ പറഞ്ഞ മറ്റു മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെടെ നാലു വിശ്വാസസത്യങ്ങളിലൂടെയും സംഭവിക്കുന്നതു യേശുക്രിസ്തുവുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ ഒരു മരിയശാസ്ത്രം അവതരിപ്പിക്കുമ്പോള്‍ ക്രിസ്തുശാസ്ത്രത്തില്‍ നിന്നു കടന്നുവരുന്നതാണ് എന്നര്‍ത്ഥം. നമ്മള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്രമാത്രമേയുള്ളൂ: അമലോത്ഭവത്തെ മുന്‍കൂട്ടിയുള്ള ശുദ്ധീകരണമായി ഗ്രിഗറി നസിയാന്‍സന്‍ പറയുന്നതുപോലെ നമ്മിലും ഈ ഒരു അമലോത്ഭവത്തിന്‍റെ മനോഭാവം കടന്നുവരുന്നതു നല്ലതാണ്.

ഒരു ദേവാലയത്തില്‍ വി. കുര്‍ബാനയ്ക്കായി നമ്മള്‍ കടന്നുവരുമ്പോള്‍ നമ്മള്‍ പറയുന്നതു നാം pre purified ആയിരിക്കണമെന്നാണ്. എന്താണത്? വി. കുര്‍ബാനയില്‍ സംബന്ധിക്കുന്നതിനുള്ള കൃത്യമായ ഒരുക്കവും മനസ്സിന്‍റെ തുറവിയുമാണത്. വി. കുര്‍ബാന അര്‍പ്പണം കാല്‍വരിമലയില്‍ ഈശോ രക്തം ചിന്തി അര്‍പ്പിച്ച ബലിയുടെ രക്തം ചിന്താതെയുള്ള പുനഃവതരണമാണെങ്കില്‍ അത് അര്‍പ്പിക്കാനണയുന്നവന്‍ ഒരു മണിക്കൂറെങ്കിലും ഉപവസിച്ചു പ്രാര്‍ത്ഥിച്ച് ഒരുക്കത്തോടെ ദേവാലയത്തിലേക്കു കടന്നുവരണം. അപ്പോഴാണ് ആ വിശുദ്ധ കുര്‍ബാന അവനെ സംബന്ധിച്ചിടത്തോളം ഒരു ആത്മീയതയുടെ ആഘോഷമായി മാറുക. ആ അര്‍ത്ഥത്തില്‍ നമ്മളെല്ലാവരും മുമ്പേ വിശുദ്ധീകരിക്കപ്പെട്ടു വേണം സഭയുടെ കര്‍മങ്ങളിലേക്കു കടന്നുപോകാന്‍.

കുമ്പസാരവേദിയിലേക്കു കടന്നുവരുന്നവന്‍ തന്‍റെ പാപങ്ങളുമായിട്ടാണു കടന്നുവരുന്നതെങ്കിലും ദൈവമേ ഞാന്‍ പാപിയാണ് എന്ന വലിയ അവബോധവുമായിട്ട് കുമ്പസാരവേദിയെ സമീപിക്കുന്നതിനെയാണ് മുമ്പേ വിശുദ്ധീകരിക്കപ്പെടുക എന്നു പറയുന്നത്. ഇന്നു നമ്മള്‍ കാണുന്ന കുമ്പസാരങ്ങളില്‍ അര്‍ത്ഥവത്തായതും അനുഭവവേദ്യമായതും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതുമായ കുമ്പസാരം ഏതെന്നു ചോദിച്ചാല്‍ ജീവിതത്തിന്‍റെ പാപപങ്കിലമായ അവസ്ഥകളെ ഹൃദയത്തില്‍ പേറി പശ്ചാത്താപത്തോടെ കടന്നുവരുന്ന കുമ്പസാരങ്ങളാണ്.

ചുരുക്കത്തില്‍ നമ്മളില്‍ ഒരു മുമ്പേ വിശുദ്ധീകരണം സംഭവിക്കേണ്ടതുണ്ട്. ഇടവകയിലോ രൂപതയിലോ സഭാസമൂഹത്തിലോ നാട്ടിലോ എവിടെയുമാകട്ടെ നമ്മള്‍ ഒരുമിച്ചുകൂടുമ്പോള്‍ ജീവിതത്തിന്‍റെ വിവിധങ്ങളായ കാര്യങ്ങളില്‍ നമ്മള്‍ ഇടപെടുമ്പോഴെല്ലാം ഈ മുമ്പേ വിശുദ്ധീകരണം നമ്മില്‍ സംജാതമാക്കണം. അവിടെ ഒരു പക്ഷേ, കള്ളത്തരത്തിനും മോശമായ കാര്യങ്ങള്‍ക്കുള്ള കാല്‍വയ്പിനും മറ്റുള്ളവരെപ്പറ്റിയുള്ള അപവാദം പറച്ചിലിനും ഒന്നും സാധിക്കാതെ വരികയോ അതിനൊന്നും സ്ഥാനമില്ലാതെ വരികയോ ചെയ്യുന്നത് ഈ മുമ്പേ വിശുദ്ധീകരണം സാധിക്കാത്തതുകൊണ്ടാണ്.

അമലോത്ഭവം നമുക്കു മുന്നില്‍ വയ്ക്കുന്നത് ഈ മുമ്പേ വിശുദ്ധീകരണത്തിന്‍റെ ഭാഗമാണ്. അമലോത്ഭവതിരുനാള്‍ ആഘോഷിക്കുമ്പോള്‍ ഓരോ മനുഷ്യനോടും ഓരോ ക്രൈസ്തവനോടും ഓരോ കത്തോലിക്കനോടും സഭ ആവശ്യപ്പെടുന്നതു മറിയത്തിന്‍റെ മാതൃക ഈയൊരു വിശുദ്ധീകരണത്തില്‍ സ്വീകരിക്കുക എന്നാണ്. നമ്മള്‍ ഒരു ദിവസത്തിന്‍റെ ആദ്യാവസാനം വരെ ഏര്‍പ്പെടുന്ന ഓരോ കാര്യവും ദൈവത്താല്‍ കാലേകൂട്ടി വിശുദ്ധീകരിക്കപ്പെടണമേയെന്നു നാം പ്രാര്‍ത്ഥിക്കണം, അതിനുവേണ്ടി പരിശ്രമിക്കണം. അപ്പോള്‍ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അര്‍ത്ഥമുണ്ടാകും. നമ്മള്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ദൈവികത അനുഭവിക്കാനാകും. ഞാന്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കു ജീവിതത്തില്‍ ഫലങ്ങള്‍ പുറപ്പെടുവിക്കാനാകും. ജീവിതത്തിന്‍റെ ഓരോ നിമിഷവും മുമ്പേ വിശുദ്ധീകരിക്കപ്പെട്ടവരായി മുന്നോട്ടു പോകാന്‍ പരി. അമ്മയുടെ അനുഗ്രഹമാണു നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്. അമലോത്ഭവം നമ്മുടെ മുന്നില്‍ വയ്ക്കേണ്ടതു മാതാവിന്‍റെ മഹത്ത്വം എന്നതോടൊപ്പംതന്നെ മാതാവിലൂടെ എനിക്ക് വലിയ കാര്യങ്ങള്‍ സംഭവിക്കേണ്ടതുണ്ട് എന്ന വലിയ വിശുദ്ധീകരണത്തിന്‍റെ ആത്മീയപാതയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org