ജനാധിപത്യത്തെ ഭയപ്പെടുന്നവര്‍

ജനാധിപത്യത്തെ ഭയപ്പെടുന്നവര്‍

ജനാധിപത്യത്തെ ഭയപ്പെടുന്നവരുടെ നാടായി നമ്മുടെ രാജ്യം മാറാന്‍ തുടങ്ങിയോ? ജനാധിപത്യത്തിന്‍റെ കാവലാളും നടത്തിപ്പുകാരുമായ ഇലക്ഷന്‍ കമ്മീഷന്‍ നടത്തിവന്ന നിഷ്പക്ഷമായ തെരഞ്ഞെടുപ്പു നടപടികളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ അനുസ്യൂതം മുന്നോട്ടു നയിച്ചിരുന്നത്. ഭരണകക്ഷിക്ക് അനുകൂലമായി തിരഞ്ഞെടുപ്പു തീയതികള്‍ ക്രമീകരിക്കുന്നു എന്ന ആരോപണവും വോട്ടിംഗ് മെഷീനില്‍ തന്നെ കൃത്രിമത്വം നടക്കുന്നു എന്ന ആരോപണവും ശക്തിപ്പെടുമ്പോള്‍ സാമാന്യജനത്തിന്‍റെ മനസ്സില്‍ സംശയങ്ങള്‍ ബലപ്പെടുന്നുണ്ട്. സീസറിന്‍റെ ഭാര്യയെക്കാള്‍ ചാരിത്രശുദ്ധി ഇലക്ഷന്‍ കമ്മീഷനുണ്ടാകണം.

സ്വതന്ത്രമായി ചിന്തിക്കാന്‍ അവകാശമുള്ളവരും ചിന്തയുടെ ഫലങ്ങളെ പരസ്യമായി പ്രകടിപ്പിക്കാന്‍ അവസരമുള്ളവരുമായ ജനതയാണ് ജനാധിപത്യത്തിന്‍റെ മറ്റൊരു കരുത്ത്. ചിന്തയെയും അതിന്‍റെ പ്രകാശനത്തെയും മൂക്കുകയറിട്ടു നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന അധികാരി അപകടകാരിയായ ഏകാധിപതിയാണെന്ന് ബാറൂക് സ്പിനോഡാ പതിനേഴാം നൂറ്റാണ്ടില്‍ പറഞ്ഞു വച്ചത് ഏറെ പ്രസക്തമാണ്. രാജ്യരക്ഷയെയും ആഭ്യന്തരസമാധാനത്തെയും ധാര്‍മ്മികതയെയും അപകടപ്പെടുത്തുന്ന ആവിഷ്കാരങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യത്തിനുള്ള അവകാശത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ ഭേദഗതി (art. 19.2). ഈ ഭേദഗതിയിലൂടെയാണ് ആര്‍.എസ്.എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറും കമ്യൂണിസ്റ്റ് മുഖപത്രമായ ക്രോസ്റോഡ്സും നിരോധിച്ചുകൊണ്ട് നെഹ്റു ഉത്തരവിട്ടത്.

കമ്മ്യൂണിസ്റ്റുകാരുടെ ചൈനാസ്തുതിപ്പും സംഘപരിവാറിന്‍റെ വര്‍ഗ്ഗീയ വിഷപ്പുകയും നിയന്ത്രിക്കാന്‍ കൊണ്ടുവന്ന നിയമമാണ് (art. 19.2) ഇന്നു ദുരുപയോഗം ചെയ്യപ്പെടുന്നത്. സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക വചനങ്ങള്‍ എന്ന ഗ്രന്ഥം ഇറാന്‍പോലും നിരോധിക്കും മുമ്പേ ഇന്ത്യയില്‍ നിരോധിക്കാന്‍ (1988) രാജീവ് ഗാന്ധി ഉപയോഗിച്ചതും ഇതേ നിയമമാണ്. കമ്മ്യൂണിസ്റ്റുകാരായിരുന്നിട്ടും ജ്യോതിബാസുവും ബുദ്ധദേവും ബംഗാളില്‍ തസ്ലീമ നസ്രിന്‍റെ പുസ്തകം നിരോധിച്ചതും ഇതേ നിയമത്തിന്‍റെ പിന്‍ബലത്തിലാണ്. ആവിഷ്കാരസ്വാതന്ത്ര്യം വോട്ടുബാങ്കു രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കപ്പെട്ടതിന്‍റെ പരിണത ഫലമായിരുന്നു ഈ നിരോധനങ്ങള്‍. തമിഴന്‍റെ അവകാശത്തെക്കുറിച്ച് കേട്ടാല്‍ ഹാലിളകുന്ന കരുണാനിധിയും ജയലളിതയുമുണ്ടായിരുന്നിട്ടും സംഘപരിവാറിന്‍റെ ഭീഷണിയില്‍ പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തേണ്ടി വന്നപ്പോള്‍ ആരും പ്രതികരിച്ചില്ല. എഴുത്തുകാരന്‍റെ അവകാശത്തെക്കാള്‍ ജാതി സമവാക്യങ്ങള്‍ തെറ്റാതെ നോക്കാനാണ് അവര്‍ ശ്രമിച്ചത്. ഹിന്ദുദേവതകളുടെ പടം വരച്ച കുറ്റത്തിന് സംഘപരിവാറിന്‍റെ ഭീഷണി ഭയന്ന് രാജ്യം വിടേണ്ടിവന്ന വിഖ്യാതചിത്രകാരന്‍ എം.എഫ്. ഹുസൈന് ഭാരതരത്നം നല്‍കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റിനും ധൈര്യമുണ്ടായില്ല. 2011-ല്‍ ഖത്തറില്‍ വച്ച് ആ വിഖ്യാതകലാകാരന്‍ പരദേശിയായി മരണമടഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട് എന്നു പറയാനാണ് ഇത്രയും ചരിത്രം കുറിച്ചത്.

എന്നാല്‍, ഇന്ന് സ്ഥിതി കൂടുതല്‍ അപകടകരമാണ്. ഭരണകൂടത്തിനു സ്തുതിപാടാത്തവര്‍ വായടച്ചേ പറ്റൂ എന്ന നിര്‍ബന്ധബുദ്ധി ശക്തി പ്രാപിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ടി.വി. ചാനലുകളിലൊന്നായ എന്‍.ഡി.ടിവിയെയും സ്ഥാപകനായ പ്രണോയ് റോയിയെയും സി.ബി.ഐ റെയ്ഡിലൂടെ നിശബ്ദനാക്കാന്‍ നടത്തിയ ശ്രമം ജനാധിപത്യത്തിനു ലജ്ജാകരമാണ്. സര്‍ക്കാറിനെ പിന്തുണയ്ക്കാത്തവര്‍ അരാജകവാദികളും ദേശവിരുദ്ധരുമാണെന്ന നിലപാടില്‍ ജനാധിപത്യത്തിന്‍റെ മരണമണി മുഴങ്ങുന്നുണ്ട്. ദേശവിരുദ്ധത എന്ന പദം തന്നെ ഒരു സംഘപരിവാര്‍ സൃഷ്ടിയാണ്. സര്‍ക്കാരിനെ പിന്തുണയ്ക്കാത്ത പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ വക പരസ്യം നല്‍കില്ല എന്ന ഭീഷണി പത്രസ്ഥാപനങ്ങള്‍ക്കു തീര്‍ക്കുന്ന അസ്ഥിത്വ പ്രതിസന്ധി ചെറുതല്ല. നിലനില്‍ക്കാനുള്ള വ്യഗ്രതയില്‍ കുഴലൂതാന്‍ നട്ടെല്ലുള്ളവരും നിര്‍ബന്ധിതരാകുന്ന ഗതികേടാണ് രൂപപ്പെട്ടു വരുന്നത്. ഇത് ജനാധിപത്യത്തിനു നിരക്കാത്ത നിലപാടാണ്.

അഭിപ്രായസ്വാതന്ത്ര്യത്തില്‍ മോദിയുടെ ഇന്ത്യ ലോകരാജ്യങ്ങളില്‍ 137-ാം സ്ഥാനത്താണെന്ന കണക്ക് (world press freedom index, 2017 ) നമ്മെ ഇരുത്തി ചിന്തിപ്പിക്കണം. കാശ്മീരിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ സര്‍ക്കാരിനേ അനുവാദമുള്ളൂ. സ്വന്തമായി റിപ്പോര്‍ട്ടു ചെയ്ത കാശ്മീരി റീഡര്‍ അടച്ചു പൂട്ടി. 54 മാധ്യമ പ്രവര്‍ത്തകര്‍ക്ക് 2017-ല്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ഗൗരിലങ്കേഷ് ഉള്‍പ്പെടെ 4 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തത് സംഘപരിവാറിന്‍റെ എതിര്‍പ്പു മൂലമാണെന്ന് അന്തര്‍ദ്ദേശീയ ആംനസ്റ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണകൂടത്തിന്‍റെ മൗനസമ്മതമില്ലാതെ ഇത്ര വ്യാപകമായ അഴിഞ്ഞാട്ടം സംഭവിക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ആവിഷ്കാരസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ തല നിയന്ത്രണങ്ങളേക്കാള്‍ സംഘപരിവാര്‍ നിയന്ത്രണങ്ങളുണ്ടാകുന്നു. സിനിമകളുടെ റീലിസിന് സെന്‍സര്‍ ബോര്‍ഡിന്‍റെ അംഗീകാരത്തിനപ്പുറത്ത് മറ്റു പലരുടെയും അംഗീകാരം ആവശ്യമാണെന്നു വരുന്നതും അപകടകരമാണ്.

നാളിതുവരെ ഷാരൂഖ്ഖാനും അമീര്‍ഖാനും കമലഹാസനും അവരുടെ അഭിനയശേഷിയുടെ പേരില്‍ അഭിനന്ദിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ന് അവരെ മതത്തിന്‍റെ ലേബലൊട്ടിച്ചു കാണാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. തമിഴ്നടന്‍ വിജയ്യുടെ മുഴുവന്‍ പേര് ജോസഫ് വിജയ് എന്നാണെന്നും മലയാള സംവിധായകന്‍ കമലിന്‍റെ പേര് കമാലുദ്ദീന്‍ എന്നാണെന്നും ഓര്‍മ്മിപ്പിക്കാന്‍ പൂര്‍വ്വാദൃശ്യമായ ഔത്സുക്യം വര്‍ദ്ധിച്ചു വരുന്നത് ജനാധിപത്യം അപകടത്തിലാണെന്നതിന്‍റെ സൂചനയാണ്. വസ്തുനിഷ്ഠവും മതനിരപേക്ഷവുമായ ജനാധിപത്യത്തെ ഭരണകൂടം ഭയപ്പെടുന്നുണ്ടോ എന്ന സംശയമാണ് ബലപ്പെടുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയപ്പെടുകയും കൂച്ചുവിലങ്ങിടുകയും ചെയ്ത മധ്യകാല യൂറോപ്യന്‍ ചരിത്രത്തെ ഇരുണ്ടയുഗം എന്നാണ് ചരിത്രം വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ഇരുണ്ടയുഗം നീളാതെയും കൂടുതല്‍ ഇരുളാതെയും കഴിയാന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org