മനുഷ്യനു മാര്‍ക്കറ്റ് വിലയിട്ടാല്‍!

ഫാ. അജോ രാമച്ചനാട്ട്

Data Genetics എന്നൊരു പുതിയ പഠനമേഖലയുണ്ട്. ജീവികളിലെ അടിസ്ഥാനകണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ജനിതകവിവരങ്ങള്‍ ആസ്പദമാക്കിയുള്ള പഠനമാണിത്. നിക്ക്ബെറി എന്നൊരാള്‍ നടത്തിയ രസകരമായ പഠനം മനുഷ്യശരീരത്തിന് എത്ര വിലയിടാം? എന്നതായിരുന്നു. ഒരു മനുഷ്യന്‍റെ ശരീരം അനേകം മൂലകങ്ങളാലും രാസപദാര്‍ത്ഥങ്ങളാലുമാണല്ലോ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം അവയെല്ലാം വിശദമായി കണ്ടെത്തി. ഒരു ശരാശരി മനുഷ്യ ശരീരത്തിലെ ഓരോ രാസപദാര്‍ത്ഥങ്ങളുടെയും പേരും അളവും ഓരോന്നിന്‍റെയും ഇപ്പോഴുള്ള വിലയും കണ്ടെത്തി ഒരു ലിസ്റ്റ് ഉണ്ടാക്കി. ഓരോന്നിന്‍റെയും തൂക്കവും വിലയും കണക്കു കൂട്ടി, ഒരു മനുഷ്യന്‍റെ ആകെ വിലയും കണ്ടെത്തി. എത്രയാണെന്നോ? 160 ഡോളര്‍. ഏകദേശം 11,500 രൂപ!

അമ്പോ, തൂക്കിവിറ്റാല്‍ വെറും 11,000 രൂപ മാത്രമുള്ള ഒരു മാംസക്കഷണത്തിന്‍റെ പേരാണ് മനുഷ്യന്‍. അത്രേയുള്ളൂ, നമ്മള്‍!!

മനുഷ്യനേക്കാളും വില വരുമത്രേ ഭൂരിഭാഗം ജീവികള്‍ക്കും. വായിച്ചുതുടങ്ങിയപ്പോള്‍ ഇത്രനാള്‍ ഉണ്ടായിരുന്ന ധാരണകള്‍ പലതും പാടെ പൊളിഞ്ഞു പോയി..! ഏതായാലും ഇതൊരു രസകരമായ അറിവായി തോന്നി.

ഈ 11,500 രൂപയുള്ള സാധനം പൊതിയാനാണ് നമ്മള്‍ 25,000 ന്‍റെ സാരി വാങ്ങുന്നത്! അതിലും വലിയ വിലയ്ക്ക് ബ്യൂട്ടിപാര്‍ലറില്‍ കയറ്റി ഇറക്കുന്നത്! പത്തിരട്ടി വിലയുള്ള വാഹനം വാങ്ങിയത്! സ്വര്‍ണവും ഡയമണ്ടും തൂക്കി നമ്മള്‍ decoration നടത്തുന്നത്! പലരോടും യുദ്ധം ചെയ്ത് നമ്മള്‍ ജയിക്കാന്‍ നോക്കുന്നത്!

സത്യമാണ്, നമ്മള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് കയ്യും കണക്കുമില്ല! 11,500 അല്ല നമ്മുടെ value എന്ന് നമുക്കറിയാം. എന്തുകൊണ്ടാണ്? ഇതിന്‍റെ ഉള്ളില്‍ ദൈവത്തിന്‍റെ ശ്വാസം ഉള്ളതു കൊണ്ടാണത്… ദൈവത്തിന്‍റെ ആലയമായത് കൊണ്ടാണത്… ദൈവം നയിക്കുന്നതുകൊണ്ടാണത്… ദൈവ കരുണ കൊണ്ട് മാത്രമാണത്..!

എന്നിട്ടും, നമ്മള്‍ യോനായെപ്പോലെയാണ്? നിനിവേയില്‍ ചെന്ന യോനയുടെ കാര്യം വളരെ രസകരമാണ്. 'യോനായ്ക്കു തണലും ആശ്വാസവും നല്കുന്നതിന് ദൈവമായ കര്‍ത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു. പിറ്റേന്നു പ്രഭാതത്തില്‍ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ള കിഴക്കന്‍ കാറ്റിനെ നിയോഗിച്ചു. തലയില്‍ സൂര്യന്‍റെ ചൂടേറ്റ് യോനാ തളര്‍ന്നു. മരിക്കാന്‍ ആഗ്രഹിച്ചു കൊണ്ട് അവന്‍ പറഞ്ഞു: ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്.

ദൈവം യോനായോടു ചോദിച്ചു: ആ ചെടിയെച്ചൊല്ലി കോപിക്കാന്‍ നിനക്കെന്തു കാര്യം? അവന്‍ പറഞ്ഞു: കോപിക്കാന്‍ എനിക്കു കാര്യമുണ്ട്, മരണംവരെ കോപിക്കാന്‍.
കര്‍ത്താവ് പറഞ്ഞു: ഈ ചെടി ഒരു രാത്രികൊണ്ട് വളരുകയും അടുത്ത രാത്രി നശിക്കുകയും ചെയ്തു. നീ അതിന്‍റെ വളര്‍ച്ചയ്ക്കു വേണ്ടി അധ്വാനിച്ചിട്ടില്ല (യോനാ 4: 6-10).
എല്ലാം എനിക്ക് വേണ്ടിയാണെന്ന്… ഭൂമി കറങ്ങുന്നത് എനിക്ക് ചുറ്റുമാണെന്ന്… ഞാനാണ് എല്ലാമെന്ന്… അല്ലെങ്കില്‍ ഞാന്‍ ദേഷ്യപ്പെടുമെന്ന്… ഞാന്‍ വിചാരിക്കുമ്പോലെ നടന്നില്ലെങ്കില്‍ ഞാന്‍ കോപംകൊണ്ട് വിറയ്ക്കുമെന്ന്…! ഞാന്‍ എല്ലാം തച്ചുടയ്ക്കുമെന്ന്!

നമ്മുടെ നിസ്സാരതകളെ നമ്മള്‍ എന്നാണ് ഇനി തിരിച്ചറിയുക? വലിയ നേട്ടങ്ങള്‍ക്ക് നടുവില്‍നിന്ന് അഭിമാനിക്കുമ്പോഴും, ഞാന്‍ ഈ പ്രപഞ്ചത്തില്‍ ഒരു പുഴുവാണ് എന്ന് ബോധം വരാന്‍ ഇനിയും എത്ര നാളെടുക്കും? വാക്കു കൊണ്ടും കാര്‍ക്കശ്യം കൊണ്ടും സോഷ്യല്‍ മീഡിയ കൊണ്ടും, തോല്‍പ്പിച്ചും വെട്ടിനിരത്തിയും നമ്മള്‍ എങ്ങോട്ടാണ്?

മനുഷ്യാ, നീ നിന്നെത്തന്നെ ആദ്യം അറിയുക എന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞത് അത്ര വെറുതെയല്ല. സുഹൃത്തേ, ദൈവകൃപയെ മാറ്റി നിര്‍ത്തിയാല്‍പിന്നെ, ഞാന്‍ വെറും മണ്‍കൂനയാണെന്ന് തിരിച്ചറിയും വരെ നമ്മള്‍ നമ്മുടെ പല മണ്ടത്തരങ്ങളും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും, പലതും നമ്മള്‍ ആഘോഷിച്ചുകൊണ്ടേയിരിക്കും!

അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ചിലരെയൊക്കെ നമ്മള്‍ വിശുദ്ധരെന്നും, മഹാന്മാരെന്നുമൊക്കെ വിളിക്കുന്നത്. ഒരാള്‍ ഈ ഭൂമിയില്‍ വലിയവന്‍ ആകുന്നത് ജീവിതത്തോടും സഹജീവികളോടും സമൂഹത്തോടും അയാള്‍ പുലര്‍ത്തുന്ന നിലപാടുകളുടെയും ആദര്‍ശങ്ങളുടെയും അടിസ്ഥാനത്തിലാണ്. ജീവിതത്തില്‍ നിലപാടുകള്‍ പുലര്‍ത്താനാവാത്തവര്‍ എത്ര ഉന്നതസ്ഥാനത്ത് എത്തിയാലും ജീവിതത്തിന് എന്താണ് അര്‍ത്ഥം ഉള്ളത്?

കണ്ണാടിക്കു മുന്‍പില്‍ ചെന്ന് നില്ക്കണം. നന്നായി ഒന്ന് നോക്കിയിട്ട് ആ സിനിമാ ഡയലോഗ് പറയണം. 'അല്ല, താന്‍ ആരുവാ?'

നമ്മുടെ ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍, 'ദൈവമേ, ഞാന്‍ എന്തൊരു തോല്‍വിയാണ്' എന്നുള്ള തിരിച്ചറിവ് തന്നെയാണ് ഏറ്റവും വലിയ അറിവ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org