വെളിപാടുവേലിയേറ്റങ്ങളില്‍ മുങ്ങിച്ചാകുന്നവര്‍

വെളിപാടുവേലിയേറ്റങ്ങളില്‍ മുങ്ങിച്ചാകുന്നവര്‍

അവശിഷ്ടസഭ (Remnant church) എന്നൊരു രഹസ്യസഭ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള ഉദ്യമം ശുദ്ധമാന കത്തോലിക്കര്‍ എന്നു പൊതുവേ കരുതപ്പെടുന്ന ചിലര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ചില തത്പരകക്ഷികള്‍ ആഗോളതലത്തില്‍ നടത്തുന്ന ഗൂഢാലോചന ചിന്ത തൊടാതെ വിഴുങ്ങുന്നതിന്‍റെ ഫലമാണിത്. കൃത്യമായി പറഞ്ഞാല്‍, മരിയ ഡിവൈന്‍ മേഴ്സി എന്ന് ഒളിപ്പേരുള്ള ഒരു അയര്‍ലണ്ടുകാരിയുടെ 'വ്യക്തിഗത' വെളിപാടുകളുടെയും ദൈവശാസ്ത്രത്തില്‍ ഉന്നതബിരുദമുള്ള കെല്ലി ബോറിങ്ങ് എന്ന മനുഷ്യന്‍റെ തല തിരിഞ്ഞ വാദങ്ങളുടെയും പൊള്ളത്തരങ്ങള്‍ വിവേചിച്ചറിയാന്‍ തക്ക വിശ്വാസകൃപയും യുക്തിവെളിച്ചവും പഠനമനസ്സും ഇല്ലാതെ പോകുന്നതാണ് ഇത്തരം ദുരന്തങ്ങള്‍ക്കു കാരണം. ഫ്രാന്‍സിസ് പാപ്പായ്ക്കെതിരേ ചരടുവലിക്കുന്ന ചില ഉന്നതരും ഇതു മറയാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നു കേള്‍ക്കുന്നു. ബുക്ക് ഓഫ് ട്രൂത്ത്, യുഗാന്ത്യവും രണ്ടാം വരവും, അടയാളം ക്രൂശിതന്‍റെ ദര്‍ശനം എന്നീ ഗ്രന്ഥങ്ങള്‍ കൈരളിക്കു വച്ചുനീട്ടുന്ന ഈ അസംബന്ധത്തിനു പ്രധാന കാരണം സ്വകാര്യ വെളിപാടുകളെക്കുറിച്ചുള്ള അജ്ഞതയാണ്.

വെളിപാട് ക്രിസ്തുവില്‍ പൂര്‍ണമാണെങ്കിലും ഈ സത്യത്തിന്‍റെ പൂര്‍ണമായ ധാരണയിലേക്ക് പരിശുദ്ധാത്മാവ് സഭയെ നിരന്തരം നയിച്ചുകൊണ്ടാണിരിക്കുന്നത് (യോഹ. 14:26; 16:13; ഇഇഇ, 66). ഇത്തരത്തില്‍ സഭയെ പരിശുദ്ധാത്മാവു നയിക്കുന്ന മൂന്നു മാര്‍ഗങ്ങളെക്കുറിച്ച് ദേയീ വെര്‍ബും 8-ാം ഖണ്ഡികയില്‍ പ്രതിപാദിച്ചിരിക്കുന്നു: (1) വിശ്വാസികളുടെ മനന-പഠനങ്ങളിലൂടെ; (2) ആഴമായ ആത്മീയാനുഭവങ്ങളിലൂടെ; (3) സഭയിലെ പ്രബോധനാധികാരത്തിന്‍റെ പ്രയോഗത്തിലൂടെ.

വിശ്വാസികള്‍ക്കുണ്ടാകുന്ന ആത്മീയാനുഭവങ്ങള്‍ സമ്മാനിക്കുന്ന വ്യക്തിഗത വെളിപാടുകള്‍ക്ക് ക്രിസ്തുവിന്‍റെ ആത്യന്തിക വെളിപാടിനോട് ഒന്നും കൂട്ടിച്ചേര്‍ക്കാനോ അതിനെ പൂര്‍ണമാക്കാനോ കഴിയില്ല (CCC, 67). എന്നാല്‍, ക്രിസ്തുവിന്‍റെ വെളിപാടിനെ കൂടുതല്‍ നന്നായി ഗ്രഹിക്കാനും ചരിത്രത്തിലെ പ്രത്യേക ദശാസന്ധികളില്‍ ഫലപ്രദമായി ജീവിക്കാനും അത് വിശ്വാസികള്‍ക്കു സഹായമേകും. പക്ഷേ ഇതു സംഭവിക്കുന്നത് സഭയുടെ പ്രബോധനാധികാരത്തോടുള്ള വിധേയത്വത്തിന്‍കീഴില്‍ മാത്രമാണ്. കാരണം, സത്യത്തിന്‍റെ ദാനം (കാരിസം ഓഫ് ട്രൂത്ത്) സഭയുടെ പ്രബോധനാധികാരത്തിനാണുള്ളത് (ദേയീ വെര്‍ബും 8).

അതുകൊണ്ടുതന്നെ മാര്‍പാപ്പയെയോ മെത്രാനെയോ തള്ളിപ്പറയുന്നവര്‍ വിശ്വസനീയമെന്ന് ഏവര്‍ക്കും തോന്നുന്ന ഏതെല്ലാം പ്രവചനങ്ങളും അദ്ഭുതങ്ങളും നടത്തിയാലും അവയെല്ലാം ഇരുട്ടിന്‍റെ ആത്മാവിന്‍റെ പ്രവൃത്തികള്‍ മാത്രമായിരിക്കും. "നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല" എന്ന് യേശു പറയുമെന്ന് മത്തായി സുവിശേഷകന്‍ (7:23) വ്യക്തമാക്കിയിരിക്കുന്നത് യേശുവിന്‍റെ നാമത്തില്‍ പ്രവചിച്ചവരെയും പിശാചുക്കളെ പുറത്താക്കുകയും നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തതെന്ന് അവകാശപ്പെടുന്നവരെ കുറിച്ചാണെന്നു മറക്കരുത്.

സ്വകാര്യവെളിപാട് പുത്തന്‍ ആത്മീയ ഊന്നലുകള്‍ പരിചയപ്പെടുത്തുകയോ (ഉദാ. തിരുഹൃദയഭക്തി, ദൈവത്തിന്‍റെ കരുണ) ഭക്താഭ്യാസങ്ങളുടെ പുതിയ രൂപങ്ങള്‍ (ഉദാ. കരുണക്കൊന്ത) അവതരിപ്പിക്കുകയോ പഴയ രൂപങ്ങള്‍ ആഴപ്പെടുത്തുകയോ (ഉദാ. ജപമാലയിലെ പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍) ചെയ്യാം. ഇത്തരത്തില്‍ സ്വകാര്യവെളിപാടുകള്‍ക്കുള്ള പ്രവാചകദൗത്യത്തെ വെര്‍ബും ദോമിനി 14-ാം ഖണ്ഡിക ഏറെ ഭാവാത്മകമായി പരാമര്‍ശിക്കുന്നു.

വ്യക്തിഗതവെളിപാടുകളെ സഭ സമീപിക്കുന്നതും സമീപിക്കേണ്ടതും സംശയദൃഷ്ടിയോടെയാണ്. 1 തെസ്സ. 5:19-21 ഇക്കാര്യത്തില്‍ സഭയ്ക്ക് വ്യക്തമായ മാര്‍ഗദര്‍ശനം നല്കുന്നു: "ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്. പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍. എല്ലാത്തരം തിന്മയിലുംനിന്ന് അകന്നുനില്ക്കുകയും ചെയ്യുവിന്‍." കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 67-ാം ഖണ്ഡികയിലും ബെനഡിക്ട് പാപ്പായുടെ കര്‍ത്താവിന്‍റെ വചനം എന്ന സിനഡനന്തര അപ്പസ്തോലികാഹ്വാനം 14-ാം ഖണ്ഡികയിലും ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 2012-ല്‍ വിശ്വാസതിരുസംഘം വ്യക്തിഗത വെളിപാടുകളെ സംബന്ധിച്ച ഒരു മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്.

സഭാചരിത്രത്തില്‍ അനേകം വ്യക്തിഗതവെളിപാടുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് സഭ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സഭ ഏതെങ്കിലും വ്യക്തിഗതവെളിപാടിനെ അംഗീകരിച്ചാല്‍ അതിന്‍റെയര്‍ത്ഥം വിശ്വാസത്തിനും ധാര്‍മ്മികതയ്ക്കും വിരുദ്ധമായ ഒന്നും അതിലില്ലെന്നും അതു പ്രചരിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്നും വിശ്വാസികള്‍ അതു വിവേകത്തോടെ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നുംമാത്രമാണ്. പൊതുവെളിപാട് എല്ലാ ക്രൈസ്തവരും നിര്‍ബന്ധമായും വിശ്വസിക്കേണ്ടവയാണ്. എന്നാല്‍, വ്യക്തിഗതവെളിപാടുകള്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും ഒരാളും കടപ്പെട്ടിട്ടില്ല.

ഇന്ന് ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും മലവെള്ളപ്പാച്ചിലില്‍ പല ക്രൈസ്തവരും ഒഴുകിപ്പോകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ വര്‍ഷത്തെ നോമ്പുകാല സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ വ്യാജപ്രവാചകന്മാരെക്കുറിച്ചും യുഗാന്തസൂചനകളെക്കുറിച്ചും സഭാമക്കളെ പ്രബോധിപ്പിക്കാന്‍ നിര്‍ബന്ധിതനായിട്ടുള്ളത്. പാപ്പ കുറിക്കുന്നു: "നുണയുടെ പിതാവായ പിശാച് (യോഹ. 8:44) എപ്പോഴും തിന്മയെ നന്മയായും തെറ്റിനെ സത്യമായും കാണിച്ച് മനുഷ്യഹൃദയത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. അതുകൊണ്ടാണ് ഈ വ്യാജപ്രവാചകരുടെ നുണകള്‍ക്ക് ഇരയാകുന്നുണ്ടോയെന്ന് ഹൃദയം പരിശോധിച്ചറിയാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്."

ലോകം കണ്ട മിസ്റ്റിക്കുകളില്‍ അഗ്രഗണ്യനായ കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ 'ആത്മീയാര്‍ത്തി' എന്നു വിശേഷിപ്പിച്ച അവസ്ഥയ്ക്ക് അനേകര്‍ വശംവദരാകുന്ന കാഴ്ച കേരളത്തില്‍ ഇന്നു സര്‍വസാധാരണമായിരിക്കുന്നു. വ്യക്തിഗത ദര്‍ശനങ്ങള്‍ക്കും വെളിപാടുകള്‍ക്കും അനാവശ്യവും അപകടകരവുമായ ഊന്നല്‍ കേരളസഭയില്‍ ഉണ്ട് എന്നതു നിസ്തര്‍ക്കമാണ്. കര്‍മലമല കയറ്റം എന്ന ഗ്രന്ഥത്തില്‍ കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ കുറിച്ചിരിക്കുന്നു: "ക്രിസ്തുവില്‍ പൂര്‍ണമായി നോട്ടം ഉറപ്പിക്കാതെയും മറ്റേതെങ്കിലും പുതുമയ്ക്കായുള്ള ആഗ്രഹത്തോടെ ജീവിച്ചുകൊണ്ടും ദൈവത്തെ ചോദ്യം ചെയ്യുകയോ ദര്‍ശനങ്ങളോ വെളിപാടുകളോ ആഗ്രഹിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും വിഡ്ഢിത്തം നിറഞ്ഞ പെരുമാറ്റംകൊണ്ടു മാത്രമല്ല, ദൈവത്തെ ദ്രോഹിക്കുന്നതുകൊണ്ടും കുറ്റക്കാരനാകും."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org