ദൈവത്തെ മുന്‍നിര്‍ത്തിയുള്ള വര്‍ത്തമാനങ്ങള്‍!

സംഭാഷണത്തിന്‍റെ പ്രാധാന്യം ഗര്‍ഭസ്ഥശിശുവും അമ്മ ഹൃദയവും തുടങ്ങി അന്താരാഷ്ട്ര ബന്ധങ്ങള്‍വരെ നീളുന്നുണ്ട്. കാതോടുകാതോരം നടക്കുന്ന പ്രണയമര്‍മ്മരങ്ങള്‍ തുടങ്ങി ദൈവശാസ്ത്രം നൂലിഴ തെറ്റാതെ നടത്തുന്ന മതാന്തരസംഭാഷണങ്ങള്‍ വരെ നമുക്ക് പരിചിതമാണ്. എന്നാല്‍ രണ്ടുപേര്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമോ ഭാവപ്പകര്‍ച്ചയോ ഉണ്ടാകുമ്പോള്‍ സംഭാഷണത്തിന്‍റെ പ്രാധാന്യം അധികരിക്കുന്നു. നാം നടത്തുന്ന സംഭാഷണങ്ങളെല്ലാം ഗുണകരമായി വിജയിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ സംഭാഷണം നടത്താന്‍പോയി ഒന്നാന്തരം കലഹമുണ്ടാക്കി മടങ്ങുന്നവരുമുണ്ട്. മണിക്കൂറുകള്‍ സംഭാഷണം നടത്തി ഒരു ഫലവുമില്ലാതെ തിരിച്ചുവരുന്നവരുമുണ്ട്. തര്‍ക്കരംഗങ്ങളില്‍ എങ്ങനെ ഒരു മികച്ച സംഭാഷണക്കാരനാകാം എന്ന് ആരെയും പഠിപ്പിക്കാനാവില്ല. കാരണം, നല്ലൊരു പരിധിവരെ ഇക്കാര്യം നമ്മുടെ എതിര്‍കക്ഷിയെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും സംവാദങ്ങളും സംഭാഷണങ്ങളും ചെവികൊടുക്കേണ്ട ഒരു തലം വിശുദ്ധ ബൈബിള്‍ അവതരിപ്പിക്കുന്നുണ്ട്.

സംഭാഷണം കേന്ദ്രപ്രമേയമായി വരുന്നതാണ് ബൈബിളിലെ ജോബിന്‍റെ പുസ്തകം. അവിടെ എല്ലാം വര്‍ത്തമാനമയമാണ്. ആദ്യം ദൈവവും സാത്താനും തമ്മിലാണ് സംഭാഷണം (1:6-12; 2:1-7). ജോബ് കഷ്ടതകളിലേക്ക് പതിച്ചപ്പോള്‍ അവനും ഭാര്യയും തമ്മിലായി വര്‍ത്തമാനങ്ങള്‍ (2:9-10). പിന്നീട് ജോബും ചങ്ങാതിമാരും തമ്മില്‍ നീണ്ട സംഭാഷണങ്ങള്‍ നടന്നു (3:1-37:24). ജോബിന്‍റെ അവകാശവാദങ്ങളും അവന്‍ അനുഭവിക്കുന്ന ഗതികേടുകളുമായിരുന്നു അവരുടെ തര്‍ക്ക വിഷയം. ഒടുവില്‍ ദൈവം മിണ്ടാനെത്തി; ആദ്യം ജോബിനോടും പിന്നെ അവന്‍റെ ചങ്ങാതിമാരോടും (38:1-42:8).

ദൈവം ഇടപെടുന്ന സംഭാഷണം രണ്ട് തരത്തില്‍ ശ്രദ്ധേയമാണ്. ഒന്ന്, നിഷ്ക്കളങ്കര്‍ എന്തു കൊണ്ട് സഹിക്കുന്നു എന്ന അഴിയാച്ചോദ്യത്തിനു ദൈവം കൃത്യമായ ഉത്തരം നല്കുന്നില്ല. പരോക്ഷമായി ദൈവം പറഞ്ഞുവയ്ക്കുന്നു, നിങ്ങളുടെ ഈ തര്‍ക്കം അസ്ഥാനത്താണ്. ദൈവം കൃത്യമായ ഉത്തരം കൊടുക്കാത്തത് മനുഷ്യരുടെ ചോദ്യം തെറ്റായിപ്പോകുമ്പോഴാണ്. രണ്ടാമതായി, ദൈവം ജോബിനെ അഭിനന്ദിക്കുന്നു, കാരണം, അവന്‍ മാത്രമേ ദൈവത്തെ ഈ ദീര്‍ഘസംഭാഷണത്തില്‍ പങ്കാളിയാക്കിയുള്ളൂ.

ജോബിന്‍റെ പുസ്തകത്തിലെ സംഭാഷണപരമ്പരയില്‍നിന്ന് നാം മനസ്സിലാക്കുന്ന പ്രധാന പാഠമെന്താണ്? ദൈവത്തെക്കുറിച്ചുള്ള സംഭാഷണങ്ങളില്‍നിന്ന് ദൈവത്തോടുള്ള സംഭാഷണം എന്ന പരിണാമം നമ്മുടെ വര്‍ത്തമാനങ്ങളില്‍ ആവശ്യമാണ്; ദൈവവും സഭയും ദൈവശാസ്ത്രവും ദൈവജനവും പ്രമേയങ്ങളാകുന്ന സംഭാഷണങ്ങളില്‍ പ്രത്യേകിച്ചും. അല്ലെങ്കില്‍ തര്‍ക്കവിതര്‍ക്കങ്ങളുടെ നീളന്‍ചുഴികളില്‍ ചുറ്റിക്കറങ്ങി യാതൊരു ഫലവുമില്ലാതെ സംഭാഷണങ്ങള്‍ ഒടുങ്ങും. നമ്മുടെ വര്‍ത്തമാനങ്ങള്‍ക്ക് സംവാദമെന്നോ സര്‍ഗസല്ലാപമെന്നോ ഉശിരന്‍ പേരുകള്‍ കൊടുത്താലും ദൈവത്തെ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ അവ മികച്ച ഫലം തരുകയില്ല.

നമ്മുടെ എല്ലാ സംഭാഷണങ്ങളും നേരിട്ട് ദൈവത്തെ അഭിസംബോധന ചെയ്യണമെന്നില്ല. പക്ഷേ, നമ്മുടെ സംസാരത്തിന്‍റെ നിര്‍ണ്ണായകമായ പരാമര്‍ശബിന്ധു ദൈവമാകണം. നമ്മുടെ വര്‍ത്തമാനങ്ങളില്‍ പ്രത്യേകിച്ച് തര്‍ക്ക വിഷയം വര്‍ത്തമാനമാകുമ്പോള്‍ ദൈവത്തെ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ആ സ്ഥാനത്ത് മറ്റുള്ളവ സംഭാഷണങ്ങളുടെ കേന്ദ്ര ബിന്ദുവാകും. അങ്ങനെ വരുമ്പോള്‍, ചിലപ്പോള്‍ അവനവന്‍ തന്നെയാകും പരാമര്‍ശവിഷയം. അപ്പോഴാണ് സ്വന്തം നെഞ്ചില്‍ കൈവച്ചുകൊണ്ട് ഒരുവന്‍ ഇങ്ങനെ സംഭാഷണം അവസാനിപ്പിക്കുന്നത്, ഈ കെഡി പൗലോസ് ആരാണെന്ന് നീ അറിയാന്‍ പോകുന്നതേയുള്ളൂ. ചിലപ്പോള്‍ കോടതിയാകും ദൈവസ്ഥാനത്ത്. അപ്പോള്‍ വര്‍ത്തമാനം ഇങ്ങനെ അവസാനിക്കും: എന്‍റെയും നിന്‍റെയും വിധി കോടതി തീരുമാനിക്കും.

ആഭാസവാക്കുകളും തെറിപ്പദങ്ങളും ക്രോധവികാരങ്ങളും തുള്ളിത്തുളുമ്പുന്ന വര്‍ത്തമാനങ്ങള്‍ ദൈവത്തെ ആട്ടിയോടിക്കുന്നവയാണ്. അവ തീരാത്ത കലഹത്തിലും തര്‍ക്കങ്ങളിലും ഒടുങ്ങുന്നതില്‍ അതിശയമില്ല. ദൈവസ്പര്‍ശമില്ലാത്ത വര്‍ത്തമാനങ്ങള്‍ വാക്കുകള്‍കൊണ്ടുള്ള നിറയൊഴിക്കലായി അതിവേഗം മാറും. ദൈവത്തെ മുന്നില്‍ കാണാതെ വര്‍ത്തമാനം പറയാനിറങ്ങുന്ന കുടുംബങ്ങളിലും സമൂഹങ്ങളിലും സംഭാഷണം അവസാനിക്കുകയും വാക്കുകളുടെ കൂട്ടപ്പൊരിച്ചിലോ ഏകാംഗപ്രസംഗമോ ആരംഭിക്കുകയും ചെയ്യും. ദൈവത്തെ മുന്‍നിര്‍ത്തിയുള്ള സംഭാഷണങ്ങള്‍ക്ക് മുഖാമുഖ വര്‍ത്തമാനങ്ങളില്‍ മാത്രമല്ല, മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളിലും പ്രാധാന്യമുണ്ട്. ഒരു ക്രിസ്ത്യാനിയുടെ മാധ്യമ ഇടപെടലുകള്‍ വ്യതിരിക്തമാകുന്നത് ഒന്നാമതായി ഇക്കാര്യത്തിലാകണം; അതായത്, ദൈവത്തെ മുന്‍നിര്‍ത്തിയുള്ള വര്‍ത്തമാനങ്ങള്‍ എന്ന നിലയില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org